പ്രദീപിന്റെ സ്വപ്നങ്ങള്‍ക്ക് പാല്‍നിറം

220

പശുക്കളെ വിറ്റ് പലരും സോഫ്റ്റ് വെയര്‍ പഠിക്കുമ്പോള്‍ സോഫ്റ്റ് വെയര്‍ ബിസിനിസിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച പ്രദീപ്‌ സുഭാഷ് എന്ന ചെറുപ്പക്കാരന്‍ അതെല്ലാം ഉപേക്ഷിച്ച് ഗോക്കളുടെ പിന്നാലെ പോയി.
ഇന്ന് ഇന്ത്യയുടെ വിവിധപ്രദേശങ്ങളില്‍ ഡയറിഫാമുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നപ്രോജക്ടുകളുടെ ഗുരുവാണ് അദേഹം. ഒറീസ, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെല്ലാം ഇദേഹത്തിന്റെ പ്രോജക്ട് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. മറ്റാരും നെയ്യാത്ത സ്വപ്നങ്ങള്‍ കൂടുകെട്ടിയ യുവാവിനെ പരിചയപ്പെടുക…

പുറമേയ്ക്ക് നോക്കുമ്പോള്‍ തികച്ചുംസാധാരണമായൊരു ദിവസമായിരുന്നു അത്. പക്ഷേ അസാധാരണമായിട്ടെന്തോ സംഭവിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആ ദിവസമെന്ന് പിന്തിരിഞ്ഞുനോക്കുമ്പോള്‍ പ്രദീപിന് തോന്നുന്നു. കാരണം അത് അങ്ങനെയുള്ള ഒരു ദിവസമായിരുന്നു. അന്നേ ദിവസം ഒരു അമ്മയും കുഞ്ഞും പ്രദീപിന്റെ മുമ്പിലെത്തിയത് ഒരാവശ്യവുമായിട്ടാണ്. ദൈന്യത നിറഞ്ഞ മുഖത്തോടെ അമ്മ പറഞ്ഞു.
”കുഞ്ഞിന് കൊടുക്കാന്‍ ഒരു ഗ്ലാസ് പാല്‍ വേണം.”
കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ പ്രദീപിന്റെ മനസ്സില്‍ പെട്ടെന്ന് മിന്നല്‍പൊലൊരു തെളിച്ചം. മനസില്‍ പാലിനെക്കുറിച്ച് പാലാഴിപോലൊരു ചിന്ത. ആ അമ്മയും കുഞ്ഞും പാലുകുടിച്ച് സന്തോഷത്തോടെ പ്രദീപിനും അദേഹത്തിന്റെ കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞ് ഗയിറ്റ് കടന്നുപോയിട്ടും സുഭാഷിന്റെ മനസില്‍ പാലിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വട്ടമിട്ട് കറങ്ങിക്കൊണ്ടിരുന്നു.
നല്ല പാല്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന സാഹചര്യം മിക്ക മാതാപിതാക്കള്‍ക്കുമില്ല. നഗരങ്ങളിലെ ഏറെപ്പേരും ആശ്രയിക്കുന്നത് പായ്ക്കറ്റ് പാലുകളാണല്ലോ. എന്നാല്‍ അത് നൂറുശതമാനം ശുദ്ധമാണെന്ന് പറയാനും വയ്യ. നഗരങ്ങളിലെ കുടുംബങ്ങള്‍ക്ക് നല്ലപാല്‍ എത്തിച്ചുകൊടുക്കാന്‍ എന്താണ് വഴി? അന്നുരാത്രിയിലും പ്രദീപിന്റെ ചിന്തകള്‍ അതായിരുന്നു.
ഒരുഗ്ലാസ്പാല്‍ ചോദിച്ച് തന്റെ മുമ്പിലെത്തിയ അമ്മയും കുഞ്ഞും ദൈവം നല്‍കിയൊരു സന്ദേശമാണെന്ന് പ്രദീപ് ഇന്നും വിശ്വസിക്കുന്നു. കാരണം അങ്ങനെയൊരു അമ്മയെയും മകനെയും കുറിച്ച് ആരും കണ്ടിട്ടും കേട്ടിട്ടുമില്ലത്രേ.
അന്ന് പ്രദീപിന്റെ തൊഴുത്തില്‍ അഞ്ചു പശുക്കളുണ്ടായിരുന്നു. ഡയറി ഫാം എന്ന രീതിയിലേക്ക് പ്രദീപിന്റെ സ്വപ്‌നങ്ങള്‍ ചിറകുവിരിച്ചു പറക്കാന്‍ തുടങ്ങിയത് ആ സംഭവത്തോടെയായിരുന്നു.
അന്നുവരെ ചെയ്തിരുന്ന സോഫ്റ്റ് വെയര്‍ ബിസിനസും മറ്റും ഉപേക്ഷിച്ച് പ്രദീപ് പരിപൂര്‍ണ്ണമായി ഡയറി ഫാമിലേക്ക് തിരിഞ്ഞു. ഒപ്പമുളളവരെല്ലാം അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. പശുക്കളെ വിറ്റ് പലരും സോഫ്റ്റ് വെയര്‍ പഠിക്കുകയും ബിസിനിസിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുകയും ചെയ്യുമ്പോള്‍ അതെല്ലാം ഉപേക്ഷിച്ച് ആരെങ്കിലും ഗോക്കളുടെ പിന്നാലെ പോകുമോ? പരിഹാസങ്ങളുടെ മുള്‍മുനകള്‍ പിന്നാലെ വന്നുകൊണ്ടിരുന്നു. എന്നാല്‍ പ്രദീപ് തെല്ലും നിരാശനായില്ല. അദേഹം തന്റെ സ്വപ്നങ്ങളുമായി അപ്പോഴേക്കും ബഹുദൂരം മുന്നോട്ട് പോയിരുന്നു.
2014 വരെ ഡയറിഫാം സജീവമായിരുന്നു. എന്നാല്‍ പശുക്കള്‍ക്ക് കുളമ്പുരോഗംപിടിപെട്ടതോടെ അദേഹം തന്റെ ക്ഷീരരംഗത്തെ പ്രവര്‍ത്തനവും കുറെക്കൂടി വ്യാപകമാക്കി. ഇന്ത്യയുടെ വിവിധപ്രദേശങ്ങളില്‍ ഡയറിഫാമുകളുടെ നിര്‍മ്മാണത്തിന് ആവശ്യമായമാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്കുന്നപ്രോജക്ടുകള്‍ക്ക് അദേഹം തുടക്കമിട്ടു. ഒറീസ, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളിലെല്ലാം പ്രദീപന്റെ നേതൃത്വത്തില്‍ ഇത്തരം പ്രോജക്ടുകള്‍ പ്രവര്‍ത്തിക്കുന്നു.

പ്രദീപിന്റെ സ്വപ്നങ്ങള്‍ക്ക് പാല്‍നിറം
ഒട്ടേറെ ചെറുപ്പക്കാര്‍ക്ക് ക്ഷീരവ്യവസായരംഗത്തേക്ക് വരണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പശുക്കള്‍, കൃഷി ഇതെല്ലാം നമ്മുടെ സമൂഹത്തിനിന്ന് താല്പര്യമില്ലാത്ത കാര്യമായി മാറിയിരിക്കുന്നു. പട്ടണത്തിലെ ചെറിയ കടയില്‍ പത്തോ മുന്നൂറോ രൂപ ദിവസക്കൂലിക്ക് സെയില്‍ സ്മാനായി പോകാന്‍ യുവാക്കള്‍ക്ക് താല്പര്യമാണ്. എന്നാല്‍ ഇതിന്റെ അഞ്ചിരട്ടിയിലേറെ ലാഭം കിട്ടുന്ന പശുപരിപാലനത്തെക്കുറിച്ചും ചാ ണകത്തെക്കുറിച്ചുമൊക്കെ കേള്‍ക്കുമ്പോള്‍ അവരുടെ മുഖത്ത് ഓക്കാനത്തിന്റെ ഭാവം.
എന്നാല്‍ ശുദ്ധമായ പശുവിന്‍പാലിനെക്കുറിച്ച് പറയുന്നതുപോലെ തന്നെ പ്രധാനമാണ് സുഭാഷിന് ചാണകത്തെക്കുറിച്ച് പറയുന്നതും.
”പാലെടുക്കാന്‍ ഇന്ന് ക്ഷീരസംഘങ്ങളുണ്ട്. പക്ഷേ ചാണകം ശേഖരിക്കാന്‍ ആളില്ല എന്നതാണ് എല്ലാവരെയും അലട്ടുന്നത്. ചാണകം ഉണക്കി സൂക്ഷിക്കാന്‍ ഏറെപ്പേര്‍ക്കും ബുദ്ധിമുട്ടാണ്. മുമ്പ് പച്ചച്ചാണകം എടുത്തുകൊണ്ടിരുന്ന വലിയൊരു വിഭാഗംപേര്‍ ഇന്ന് ആ തൊഴിലില്‍ നിന്നുതന്നെ മാറിയെന്നതാണ് ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നം. ബയോ ഫെര്‍ട്ടിലൈസര്‍ യൂണിറ്റ്’ എന്റെയൊരു സ്വപ്നമാണ്. ചാണകം ഉണക്കിയെടുക്കാനുള്ള പദ്ധതിയാണ് ഇത്. ഇന്ന് സ്ഥലങ്ങള്‍ കുറഞ്ഞുവരുന്നതുകൊണ്ട് ചാണകം പഴയതുപോലെ ഉണക്കാനും സംഭരിക്കാനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. സംഭരിച്ചുവെക്കാന്‍ പറ്റാത്തവിധമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വേറെ. എന്നാല്‍ ചാണകം ഉണക്കാനുള്ള ചില സംവിധാനങ്ങള്‍ കഴിഞ്ഞ കുറേക്കൊല്ലമായി ഞങ്ങള്‍ കേരളത്തില്‍ ചെയ്തു കൊടുക്കുന്നുണ്ട്.
ഓരോ ക്ഷീര കര്‍ഷകന്റെയും വീട്ടില്‍ ചെന്ന് ഒരു വാഹനത്തില്‍ (ഇതിനെ ശുദ്ധ മലയാളത്തില്‍ ‘ചാണകവണ്ടിയെന്ന്’ വിളിച്ചോളൂ) ചാണകം ശേഖരിക്കും. ഇത് ഒരുമാസത്തിലോ, രണ്ട് മാസത്തിലൊരിക്കലോ പശുവിന്റെ എണ്ണവും ചാണകത്തിന്റെ അളവുമനുസരിച്ചാണ് ശേഖരിക്കുന്നത്. ഇങ്ങനെയെടുക്കുന്ന ചാണകം ഉണക്കിയെടുത്ത് വളമാക്കി മാറ്റി കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കത്തക്കവിധമുള്ള ഒരു പദ്ധതിയും ഉടനെ ആരംഭിക്കുന്നുണ്ട്. അതിന്റെ പ്രാരംഭം പ്രവ ര്‍ത്തനങ്ങളെല്ലാം കഴിഞ്ഞു.
കുറച്ച് കൃഷിസ്ഥലവും പശുവിനെ വളര്‍ത്താന്‍ ആഗ്രഹവുമുള്ള ചില ചെറുപ്പക്കാര്‍ ഇടക്ക് കാണാന്‍ വരാറുണ്ട്. അത്തരം യുവാക്കളുടെ ഊര്‍ജസ്വലത കാണുമ്പോള്‍ വലിയ സന്തോഷം തോന്നും. എന്നാല്‍ പശുക്കളെക്കുറിച്ച് പാരമ്പര്യമായി കിട്ടിയ ചില അറിവുകളല്ലാതെ ശാസ്ത്രീയമായ അറിവുകളൊന്നും അവര്‍ക്കുണ്ടാവില്ല.
പശു എന്താണ് ആഗ്രഹിക്കുന്നതെന്നാണ് അവരോട് വിശദീകരിക്കുന്നത്. അതൊടൊപ്പം പശു -പ്രകൃതി ദത്തമായ ജീവിതത്തിന് ഉതകുന്ന നിക്ഷേപം നടത്തിക്കൊണ്ട് അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചും വിശദീകരിക്കും. ഒരുഫാമില്‍ പല ഇനങ്ങളിലുള്ള പശുക്കള്‍ ഉണ്ടാകും. പ്രസവത്തിനുമുമ്പുള്ള പശുക്കളും അതിനുശേഷവുമുള്ള പശുക്കളും ഉണ്ടാകും. ഓരോ പശുക്കളുടെയും തീറ്റക്രമവും പരിചരണവും വിത്യസ്തമായിരിക്കുമല്ലോ. ഒരു ഫാം ലാഭകരമായി നടത്തുന്നതിന്റെ അടിസ്ഥാനം എന്നുപറയുന്നത് സ്ഥിരമായ ഉത്പാദനം ക്രമീകരിക്കുക എന്നതാണ്. അതിന് വ്യക്തമായ മാനേജ്‌മെന്റ് സമ്പ്രദായങ്ങള്‍ ആവശ്യമാണ്. ഫാം നടത്തുന്നയാള്‍ക്ക് പശു തരുന്ന സൂചനകളും മനസിലാക്കാന്‍ സാധിക്കും. ഇതെല്ലാം ഒരു പ്രോഗ്രസീവായ ഗ്രോത്തിന് അത്യാവശ്യമാണ്. ഈ പറഞ്ഞ കാര്യങ്ങളെല്ലാം ക്ഷീരമേഖലയില്‍ ട്രെയിനിംഗ് ക്ലാസുകളായി നല്‍കാറുണ്ട്.
അവരുടെ താല്പര്യം മനസിലാക്കി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് അവര്‍ക്കുവേണ്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കി പശുവിനെക്കൊണ്ട് വന്ന് ഫാം തുടങ്ങാനുള്ള സൗകര്യങ്ങളും ഞങ്ങള്‍ ചെ യ്തുകൊടുക്കും.

പാഠം ഒന്ന് പശു
പശു കെട്ടിയിട്ട് വളര്‍ത്തേണ്ട മൃഗമല്ലെന്നാണ് പ്രദീപിന്റെ അഭിപ്രായം. അതുപോലെ തന്നെ കോണ്‍ക്രീറ്റില്‍, പ്രത്യേകിച്ച് നനഞ്ഞ കോണ്‍ക്രീറ്റില്‍ നില്‍ക്കാനോ എല്ലാ ദിവസവും കുളിച്ച് കുട്ടപ്പനായി നില്‍ക്കാനോ കാലിത്തീറ്റ തിന്ന് വയറുനിറക്കാനോ ഇഷ്ടപ്പെടുന്ന മൃഗവുമല്ല പശു. ഫൈബറസ് ആയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങളാണ് അതിനിഷ്ടം. ഇന്നുകേരളത്തിലെ മിക്ക സ്ഥലങ്ങളിലും അവര്‍ അനുഭവിക്കുന്ന വെല്ലുവിളി എന്നത് പ്രസവകാലം സുഗമമായി കൊണ്ടുപോകാനായി കഴിയാതെ പോകുന്നു എന്നതാണ്. അതൊടൊപ്പം അകിടുവീക്കം, വാതസംബന്ധമായ രോഗങ്ങള്‍ (എപ്പോഴും കുളിക്കുന്നതും നനഞ്ഞ കോണ്‍ക്രീറ്റില്‍ നില്‍ക്കുന്നതുമായ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍) ഇതൊക്കെ ഉത്പാദനം കുറക്കുന്നതുവഴിയുണ്ടാകുന്ന വെല്ലുവിളികളാണ് മിക്ക ഫാമുകളും അഭിമുഖീകരിക്കുന്നത്. മൂന്നാമത് പരിഷ്‌കൃതാഹാരം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ട പശു, കാലിത്തീറ്റയുടെ അമിതമായി നല്‍കുന്നതുമൂലം തീറ്റച്ചെലവ് അമിതമായി വര്‍ധിക്കുന്നു. ഇതാണ് ഏറ്റവും വലിയ പ്രശ്‌നം. കാലിത്തീറ്റ കേന്ദ്രീകൃതമായ ഫാമിംഗാണ് ഇന്ന് നടക്കുന്നത്. അതാണിന്ന് കര്‍ഷകരെ പഠിപ്പിക്കുന്നത്. അതില്‍നിന്നും വലിയൊരു മാറ്റം നമുക്കാവശ്യമാണ്. ഏതായാലും അതിന്റെ സൂചനകള്‍ നമുക്ക് മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്നുണ്ട്. പലരും ഈ കാഴ്ചപ്പാടില്‍നിന്നും മാറിചിന്തിക്കാന്‍ താല്പര്യം കാട്ടിത്തുടങ്ങി. ഇനി അടുത്തത് പശു കൃത്യസമയത്ത് ഗര്‍ഭധാരണം നടത്തണം. അതല്ലെങ്കില്‍ വലിയ പ്രശ്‌നമാണ്. പശുവിന് ‘ചെന'(ഗര്‍ഭധാരണത്തിന് പറയുന്ന നാട്ടുവാക്ക്) പിടിപ്പിച്ചെടുക്കുക എന്ന് പറയുന്നത് ഒരു വലിയ ഘടകമാണ്. അല്ലെങ്കില്‍ ഇത്പാദനത്തെ ബാധിക്കും. ഇതൊരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ഇതൊക്കെയും വലിയ നഷ്ടത്തിലേ കര്‍ഷനം കൊണ്ടു ചെന്ന് എത്തിക്കൂ. മറ്റൊന്ന് ഈ കഴിഞ്ഞ കുറെ നാളുകളായി ഉണ്ടാകുന്ന പ്രശ്‌നമാണ് ചാണകം കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍.

ഭാവിപ്രതീക്ഷകള്‍
ഫാംസ്റ്റെയറി എന്ന കമ്പനി ക്ഷീരമേഖലയില്‍ ഭംഗിയായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയാം. അതിലെ ഞങ്ങളുടെ സ്വപ്നങ്ങള്‍ എന്ന് പറയുന്നത് ഉടനെ തന്നെയൊരു ഡയറിഫാം വിത്ത് ട്രെയിനിംഗ് സെന്റര്‍ ആളുകള്‍ക്ക് വന്ന് താമസിച്ച് ക്ഷീരമേഖലയെക്കുറിച്ച് വ്യക്തമായ ബോധ്യങ്ങള്‍ കിട്ടാനും അവര്‍ക്ക് പഠിച്ച് മാത്രം ഇതില്‍ പ്രവേശിക്കാനുമുളള സൗകര്യം കൊടുക്കണമെന്നുള്ളത് ഞങ്ങളുടെ അടിയന്തിരമായുള്ളൊരു സ്വപ്നമാണ്. അതൊടൊപ്പം തന്നെ ഇന്നൊരുപാടുകള്‍ ഗള്‍ഫിലുള്ളവരാണെങ്കിലും മറ്റുപല രാജ്യങ്ങളിലുള്ളവരാണെങ്കിലും ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു, ഇവര്‍ക്കെല്ലാം ഈ മേഖലയില്‍ ഇന്‍ വെസ്റ്റ് ചെയ്യാന്‍ താല്പര്യമുണ്ട്. പക്ഷേ ഇവര്‍ക്കെല്ലാം പരിജ്ഞാനക്കുറവുണ്ട്. അപ്പോള്‍ ഒരു ഫാം മാനേജ്‌മെന്റ് കമ്പനിയായി ഭാവിയില്‍ മാറുക എന്നുള്ളത് വലിയൊരു സ്വപ്നമാണ്. സ്ഥലമുള്ളൊരാള്‍ക്ക് ഈ രംഗത്ത് താല്പര്യമുണ്ടെങ്കില്‍ പശുക്കളെ വാങ്ങിയാല്‍ അതിന്റെ ഉത്പാദനവും മറ്റുകാര്യങ്ങളും ഞങ്ങള്‍ ഏറ്റെടുത്ത് പാല്‍ നേരിട്ടെടുക്കുകയും പരിസ്ഥിതിക്ക് ദോഷം വരാത്തവിധം ശുദ്ധമായ പശുവിന്‍പാല്‍ ഫാമുകളില്‍ നിന്ന് വീടുകളിലേക്ക് നേരിട്ടെത്തിക്കുക. ഫാം മാനേജ്‌മെന്റ് കമ്പനിയിലൂടെ പാലിന്റെ ക്വാളിറ്റി പരിശോധിച്ച് നല്ല പാക്കിംഗോടുകൂടി ആളുകളില്‍ എത്തിക്കാനാവും.

യുവതലമുറ ഒരുപാട് പേര് ഇതിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ പ്രധാനമായും നോക്കുന്നത് മാനേജ്‌മെന്റ് പ്രാക്ടീസസ്. അതില്‍ ഒരു പ്രഫഷണലിസം ഉണ്ടോ എന്നതാണ്. അപ്പോള്‍ ഞങ്ങള്‍ പ്രധാനമായും ചെയ്യുന്നത ഒരു ഫാമിലാണെങ്കിലും മാനേജ് ചെയ്യപ്പെടേണ്ട മേഖല ഏതാണെന്നും തൊഴിലാളികള്‍ ചെയ്യേണ്ട മേഖലയേതാണെന്നും വ്യക്തമായ വേര്‍തിരിവോടുകൂടി ഒരു പുതിയൊരു സംരംഭകന് വേര്‍തിരിച്ച് കൊടുക്കുകയാണെങ്കില്‍ അവര്‍ക്ക് എളുപ്പമാണ് ചെയ്യാന്‍. തൊഴിലാളി ചെയ്യേണ്ടത് തൊഴിലാളി ചെയ്യണം. മാനേജ് ചെയ്യേണ്ടയാള്‍ ചെയ്യേണ്ടത് മാനേജരും ചെയ്യണം. ബിസിനസ് ചെയ്യുന്നയാള്‍ എന്ത് ചെയ്യുന്നു എന്ന് കാണിച്ചുകൊടുക്കുന്നതും ഞങ്ങളുടെ ഒരു പ്രവര്‍ത്തനമേഖലയാണ്. അതും ടെക്‌നോളജി കൂടുതലായി കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ യുവതലമുറ യെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ പറ്റും. ഇതാണ് ഞങ്ങള്‍ കാണുന്ന സ്വപ്നം.
എറണാകുളം ജില്ലയിലെ ഇടപ്പള്ളി ആലക്കളത്തില്‍ പ്രദീപിന്റെ സ്വപ്നങ്ങള്‍ക്കെല്ലാം വര്‍ണ്ണപകിട്ട് നില്‍കുന്നത് ഭാര്യ ലീനയാണ്. 1960 കളുടെ അന്ത്യത്തില്‍ കോഴിക്കോട്,പെരുവണ്ണാമൂഴിയില്‍ നിന്ന് ഇടപ്പള്ളിയിലെത്തിയതാണ് ഇവരുടെ കുടുംബം.
ഇന്ന് ആ ദമ്പതികള്‍ക്ക് ഏഴു മക്കള്‍. ഒമ്പതാം ക്ലാസുകാരിയായ മരിയ, എട്ടാംക്ലാസുകാരിയായ സിസിലി, ആറില്‍ പഠിക്കുന്ന ജോസഫും രണ്ടില്‍ പഠിക്കുന്ന അലക്‌സും ഇരട്ടകളായ ജോണും ആന്റണിയും പിന്നെ ഒന്നരവയസുകാരിയായ ക്ലാരയും. വെറും നാല്പത്തിയഞ്ച് വയസുകാരനായ പ്രദീപിന് ഏഴുമക്കള്‍ എന്നു കേള്‍ക്കുമ്പോള്‍ ഒരുപക്ഷേ ചിലരുടെയെങ്കിലും നെറ്റി ചുളിയുന്നുണ്ടാവാം.
വീക്കെന്‍ഡുകളില്‍ അപൂര്‍വ്വമായി മാത്രമേ ഔട്ടിംങിന് പോകാറുള്ളൂവെന്ന് പ്രദീപ് പറയുന്നു. വീട്ടില്‍ സ്വന്തമായി കൃഷിയുണ്ട്. കൃഷിയിടങ്ങളിലും ഈകുടുംബംഒരുമിച്ച് വിളവെടുക്കുന്നു. അതെ ഇവരുടെ കുടുംബം കുട്ടികളെ വളര്‍ത്തുന്ന കാര്യത്തിലും കൃഷിയിലുമെല്ലാം ഒരു സര്‍വ്വകലാശാല തന്നെ…

You might also like

Leave A Reply

Your email address will not be published.