പാതയോരത്തെ നല്ല ചങ്ങാതിമാര്‍

56

‘അവരില്ലായിരുന്നെങ്കില്‍ ഞാനിന്നീ ഭൂമിയിലുണ്ടാകുമായിരുന്നില്ല…അപകടത്തില്‍ തല തകര്‍ന്ന് ചോരയില്‍ കുളിച്ച് നടുറോഡില്‍ കിടന്ന എന്നെ അവരാണ് ആശുപത്രിയിലെത്തിച്ചതും ബില്ലടച്ചതും. അവര്‍ ഒരു നിമിഷം താമസിച്ചിരുന്നെങ്കില്‍….എന്റെ ഭാര്യ, മാതാപിതാക്കള്‍… അവര്‍ക്ക് ഞാനല്ലാതെ മറ്റാരുമില്ല.’
കഴിഞ്ഞ മെയ് മാസത്തില്‍ ഒരു ബൈക്ക് അപകടത്തില്‍ തലയ്ക്ക് മാരകമായി പരുക്കേറ്റ ആലുവ യു.സി കോളജ് സ്വദേശി കെ.എം. സനീഷ് എന്ന യുവാവിന്റെ വാക്കുകളാണിത്. അന്നുതന്നെ ആശുപത്രിയിലെത്തിച്ച ‘ദ റോഡ് ആക്‌സിഡന്റ് സേഫ്റ്റി ആന്റ് കെയര്‍ യൂണിറ്റ്’ പ്രസിഡന്റ് നിഷാദ് പുളിഞ്ചോടന്‍, സെക്രട്ടറി രാജേഷ് കെ. ആര്‍, ട്രഷറര്‍ കനകപറമ്പില്‍ ഗോപാലന്‍ എന്നിവരെപ്പറ്റി പറഞ്ഞപ്പോള്‍ അയാളുടെ കണ്ണുനിറഞ്ഞിരുന്നു.

തെറ്റായ ദിശയില്‍ എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചതായിരുന്നു സനീഷ്. എന്നാല്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ചോരയില്‍ കുളിച്ചുകിടന്ന സനീഷിനെ കണ്ണില്‍ ചോരയുണ്ടെന്ന് നടിച്ചിരുന്നവരാരും കണ്ടില്ല. ഒടുവില്‍, പറവൂര്‍ റോഡില്‍ യു.സി കോളജിനടുത്ത് സെറ്റില്‍മെന്റ് ജംഗ്ഷനില്‍ ഫ്രണ്ട്‌സ് ഓട്ടോഗാരേജ് എന്ന വര്‍ക്ക്‌ഷോപ്പ് നടത്തുന്ന നിഷാദും രാജേഷും സമീപത്തെ പഞ്ചര്‍ക്കടയുടമ ഗോപാലനും ചേര്‍ന്ന് സനീഷിന് ജീവിതത്തിലേക്ക് ലിഫ്റ്റ് നല്‍കി. സനീഷിന്റെ ജീവന്റെ വിലയായി തങ്ങളുടെ വിയര്‍പ്പിന്റെ വില മുഴുവനും കെട്ടിവെച്ചാണ് ആ മനുഷ്യ സ്‌നേഹികള്‍ അന്ന് ആശുപത്രി വിട്ടത്.
ആശുപത്രിവാസത്തിന് ശേഷം നന്ദി പറയാന്‍ വര്‍ക്ക് ഷോപ്പിലെത്തിയപ്പോഴാണ് രണ്ടുമാസം മുന്‍പ് വിവാഹിതനായ അയാള്‍ കുടുംബത്തിന്റെ ഏക അത്താണിയാണെന്നറിയുന്നത്. ‘ഒരു പക്ഷെ അന്ന് ഞങ്ങള്‍ക്കതിനായില്ലായിരുന്നെങ്കില്‍?’ നിഷാദും രാജേഷും സങ്കടത്തോടെ പരസ്പരം നോക്കി. ആശുപത്രിയില്‍ കെട്ടിയ പണം പോലും വാങ്ങാതെയാണ് അന്നവര്‍ സനീഷിനെ തിരിച്ചയച്ചത്, അല്ലെങ്കിലും മനുഷ്യത്വത്തിന്റെ തുലാസില്‍ പണത്തിനല്ലല്ലോ ഭാരം. പറവൂരും പരിസരപ്രദേശത്തുമായി അപകടത്തില്‍പ്പെട്ട അറുപത്തഞ്ചോളം പേരുടെ ജീവനാണ് ഇതുവരെ ‘ദ റോഡ് ആക്‌സിഡന്റ് സേഫ്റ്റി ആന്റ് കെയര്‍ യൂണിറ്റ്’ പ്രവര്‍ത്തകര്‍ രക്ഷിച്ചത്.

ഏതെങ്കിലും അപകടവാര്‍ത്തയറിഞ്ഞാല്‍ പിന്നെ അമാന്തമില്ല. തിരക്കിട്ട ജോലിയുപേക്ഷിച്ച് മൂവര്‍ സംഘം തങ്ങളുടെ ഓട്ടോറിക്ഷയില്‍ സംഭവസ്ഥലത്തെത്തും. ഉടനടി തോട്ടക്കാട്ടുകര ഓട്ടോസ്റ്റാന്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും സമീപത്തെ കടകളിലേക്കും ഗതാഗതം നിയന്ത്രിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ പായും. പിന്നെ അപകടത്തില്‍പ്പെട്ടവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി സമീപമുള്ള ആശുപത്രിയിലേക്ക്.’ദ റോഡ് ആക്‌സിഡന്റ് സേഫ്റ്റി ആന്റ ് കെയര്‍ യൂണിറ്റ്’ പ്രവര്‍ത്തകര്‍ അപകടത്തില്‍പ്പെട്ടവരുമായി വരുന്നു എന്നുകേള്‍ക്കേണ്ട താമസം ‘നജാസ്, ലക്ഷ്മി’ എന്നീ ആശുപത്രികളിലെ ജീവനക്കാര്‍ മികച്ച ചികിത്സ നല്‍കാന്‍ തയാറായി നില്‍ക്കും.
‘ദ റോഡ് ആക്‌സിഡന്റ് സേഫ്റ്റി ആന്റ് കെയര്‍ യൂണിറ്റ് ‘
ഇനിയൊരു ജീവനും റോഡില്‍ പൊലിയരുതെന്നാഗ്രഹിക്കുന്ന മനുഷ്യസ്‌നേഹികളുടെ സംഘടന, ചുരുക്കത്തില്‍ അതാണ് ‘റോഡ് ആക്‌സിഡന്റ് ആന്റ് സേഫ്റ്റി കെയര്‍ യൂണിറ്റ്.’ അംഗങ്ങള്‍ ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരും മറ്റ് തൊഴിലാളികളും. പത്തും അതിനുമേല്‍ വിദ്യാഭ്യാസമുള്ളവരും ഇവരുടെ ഇടയില്‍ നിഷാദും രാജേഷും മാത്രം. തീര്‍ത്തും സാധാരണക്കാരായ ഇവര്‍ ഒരു ചില്ലിക്കാശ് പോലും വാങ്ങാതെയാണ് മറ്റുള്ളവര്‍ക്ക് രക്ഷകരാകുന്നത്. ഇവര്‍ പലപ്പോഴും രോഗക്കിടക്കയിലുള്ളവര്‍ക്ക് നേരെയും കൈ നീട്ടാറുണ്ട്, വാങ്ങാനല്ല കൊടുക്കാനാണെന്ന് മാത്രം. റോഡപകടങ്ങളില്‍പ്പെടുന്നവരെ അതിവേഗം സുരക്ഷിതമായി ആശുപത്രിയിലെത്തിക്കുക. അവര്‍ക്ക് ചികിത്സ ലഭിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്ക് വിദഗ്ദ്ധചികിത്സ ലഭിക്കാന്‍ സ്വന്തം അന്നത്തിന്റെ തുക പോലും നല്‍കാന്‍ ഇവര്‍ തയാര്‍. ആലങ്ങാട് എസ്.ഐ അനില്‍ കുമാറും ‘നജാസ് ആശുപത്രി’യിലെ ഡോ. റിയാദും ഇവര്‍ക്ക് സമ്പൂര്‍ണ്ണ പിന്തുണ നല്‍കുന്നു. കൂടാതെ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും പ്രാഥമിക ശുശ്രൂഷയിലും കൊച്ചിയിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായ റിനൈ മെഡിസിറ്റിയില്‍ നിന്നും ഇവര്‍ പരിശീലനവും നേടിയിട്ടുണ്ട്. ‘ആലുവ പറവൂര്‍ കവല മുതല്‍ മാളികംപീടിക വരെയുള്ള എല്ലാ ആളുകളുടെ കൈയ്യിലും ഞങ്ങളെ ബന്ധപ്പെടാനുള്ള നമ്പറുണ്ട്. അതിനാല്‍ അപകടം നടന്ന ഉടന്‍ ഞങ്ങള്‍ വിവരമറിയും.’ സംഘടനാ സെക്രട്ടറി രജീഷ് പറയുന്നു.

അപകടത്തിലും കടം വേണ്ട…

പണമില്ലാത്തത് മൂലം ആര്‍ക്കും വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ അംഗവൈകല്യം സംഭവിക്കരുതെന്ന് നിഷാദിനും സുഹൃത്തുക്കള്‍ക്കും നിര്‍ബന്ധമുണ്ട്. അതിനാല്‍ അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലാകുന്നവര്‍ക്ക് മികച്ച ചികിത്സ ലഭിക്കാനാവശ്യമായ തുകയും ഇവര്‍ നല്‍കും. ‘കാരണം അപകടത്തില്‍പ്പെട്ടവര്‍ക്ക് ഇന്‍ഷൂറന്‍സ് ക്ലെയിം കിട്ടണമെങ്കില്‍ ചിലപ്പോള്‍ രണ്ടുവര്‍ഷമെടുത്തേക്കും. അതുവരെ ചികിത്സ നീട്ടിവയ്ക്കാനാകില്ലല്ലോ. പല ആശുപത്രികളും അപകടത്തില്‍പ്പെട്ടവര്‍ക്ക് വൈകല്യമുണ്ടാതിരിക്കാന്‍ മികച്ച ചികിത്സ നല്‍കാറു്. തത്ഫലമായി അവയവങ്ങള്‍ക്ക് യാതൊരു വൈകല്യങ്ങളുമില്ലാതെ അവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങാം. പക്ഷെ ഒരു വ്യവസ്ഥ മാത്രം, ചികിത്സാ സമയത്ത് തന്നെ പണം കെട്ടിവെയ്ക്കണം. പണമുള്ളവര്‍ക്ക് ഒരു ചികിത്സ, അതില്ലാത്തവര്‍ക്ക് മറ്റൊരു ചികിത്സ. അത് പാടില്ലല്ലോ അതിനാല്‍ ഞങ്ങളുടെ വിയര്‍പ്പിന്റെ വില അവരുടെ ജീവന്റെ വിലയായി ഞങ്ങള്‍ നല്‍കും. അയാള്‍ സുഖമായതിന് ശേഷം ക്ലെയിം കിട്ടുമ്പോള്‍ തിരിച്ചുതരണമെന്ന് മാത്രം. എന്നാല്‍ മാത്രമല്ലേ നമുക്ക് മറ്റൊരാളെ സഹായിക്കാനാകൂ. ചികിത്സിക്കാന്‍ പണമില്ലാതെ കാലോ കയ്യോ മുറിച്ചുമാറ്റിയ ശേഷം സര്‍ക്കാര്‍ കൃത്രിമ അവയങ്ങള്‍ കൊടുത്തിട്ടെന്തു പ്രയോജനം. അവന്റെ ജീവിതം പോയില്ലേ?’ നിഷാദിന്റെ ചോദ്യത്തിനുള്ളില്‍ ധാര്‍മ്മിക രോഷം പുകയുന്നു. പണമില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നും സര്‍ക്കാരാശുപത്രിയിലേക്ക് മാറ്റിയ യുവാവിന്റെ ജീവന്‍ നഷ്ടപ്പെട്ടതിനും നിഷാദ് സാക്ഷിയാണ്.
വരാപ്പുഴ സ്വദേശിയായ സുഹൃത്തിനാണ് പണമില്ലാത്തതിനാല്‍ ജീവന്‍ നഷ്ടമായത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അയാള്‍. സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകവേയാണ് സഞ്ചരിച്ചിരുന്ന ഓട്ടോ മറിഞ്ഞ് അയാളുടെ മേല്‍ വീണത്. മാരകമായി പരുക്കേറ്റ അയാളെ ആളുകള്‍ ഉടന്‍ സമീപത്തെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അരയ്ക്ക് കീഴ്‌പോട്ടുള്ള ചലനം നഷ്ടപ്പെട്ടിരുന്നു. ചലനം വീണ്ടെടുക്കാനുള്ള ചികിത്സയ്ക്ക് എട്ടുലക്ഷം രൂപയാണ് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ടപ്പോള്‍ രണ്ടര ലക്ഷം രൂപയ്ക്ക് ചികിത്സ ലഭ്യമാണെന്നറിഞ്ഞു. എന്നാല്‍ അവിടെയെത്തിയപ്പോഴേക്കും അയാള്‍ നിശ്ചല ലോകത്തിലേക്ക് മടങ്ങിയിരുന്നു.

രോഗത്തിലുമുണ്ടൊപ്പം

ഭാര്യാ സഹോദരിയുടെ വിവാഹാഘോഷത്തില്‍ പോലും പങ്കെടുക്കാതെ അപരന്റെ
ജീവന് കാവല്‍ നിന്ന അനുഭവവും രാജേഷിനുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആ സംഭവം. അപ്രതീക്ഷിതമായാണ് റോഡില്‍ കുത്തിയിരുന്ന് വയറ് പൊത്തിപ്പിടിച്ച് നിലവിളിക്കുന്ന ഹിന്ദിക്കാരന്‍ മുഫീദ്, രാജേഷിന്റെ കണ്ണിലുടക്കിയത്. ഉടന്‍ ബൈക്കില്‍ കയറ്റി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഹിന്ദിക്കാരനായതിനാലും മറ്റാരും സഹായിക്കാനില്ലാത്തതിനാലും ആശുപത്രിയില്‍ വൈകിട്ട് വരെ രാജേഷയാള്‍ക്ക് കൂട്ടിരുന്നു. അപ്പോഴാണ് അവിടെ തന്നെ നില്‍ക്കണമെന്നും പണം താന്‍ എത്തിക്കാമെന്നും പറഞ്ഞ് നിഷാദിന്റെ വിളിയെത്തുന്നത്. വൈകുന്നേരം ആറുമണിയോട് അയാളെ ഡിസ്ചാര്‍ജ് ചെയ്ത് മുറിയിലെത്തിച്ച ശേഷം തന്റെ നമ്പറും നല്‍കിയാണ് രാജേഷ് മടങ്ങിയത്. പിന്നീട് ഭാര്യയേയും മക്കളെയും കൂട്ടി വിവാഹവീട്ടിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് വേദന കൂടിയെന്ന് പറഞ്ഞ് അയാള്‍ വിളിച്ചത്. പാതിവഴിയെത്തിയ കുടുംബത്തെ മറ്റൊരോട്ടോയില്‍ കയറ്റിയ ശേഷം സ്വന്തം ഓട്ടോയില്‍ രാജേഷ് അയാള്‍ക്കരികിലേക്ക് പാഞ്ഞു. വേദന സഹിക്കവയ്യാതെ ആത്മഹത്യ ചെയ്യാന്‍ തുടങ്ങുന്ന മുഫീദിനെയാണ് അയാള്‍ അവിടെ കണ്ടത്. പെട്ടെന്ന് അയാളെ ആശുപത്രിയിലെത്തിച്ചു.

ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് ഹൃദയാഘാതം മൂലം അവശനായ ജയനെന്ന ആളെ നിഷാദ് കാണുന്നത്. വാഹനം ലഭിക്കാതെ വര്‍ക്ക്‌ഷോപ്പിന് സമീപത്തെ പോസ്റ്റിനടിയിലിരുന്ന് ഞെരങ്ങുകയായിരുന്നയാള്‍. അയാളുടെ അമ്മ റോഡില്‍ നിന്ന് കരഞ്ഞ് സ്വകാര്യവാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. എന്നാല്‍ തക്കസമയത്ത് അയാളെ നിഷാദ് തന്റെ ഓട്ടോയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അന്ന് അയാളെ രക്ഷിക്കാനായതില്‍ ഹൃദയം നിറഞ്ഞാണ് നിഷാദ് മടങ്ങിയത്.

‘നല്ലതിനും ചീത്ത’,പിന്നെ ആത്മഹത്യാശ്രമവും

ബൈക്കില്‍ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ തടികക്കടവ് സ്വദേശി അബ്ദുള്‍ഖാദറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു ആ അസഭ്യവര്‍ഷം. കാല്‍ മുട്ടിന് താഴെ ഒടിഞ്ഞുതൂങ്ങി വേദന കൊണ്ട് പുളഞ്ഞ അയാള്‍ നിഷാദിനേയും സംഘത്തേയും കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ നിഷാദും സുഹൃത്തുക്കളും അയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചു. പിന്നീടൊരു ദിവസം ഇയാളുടെ മകന്‍ പിതാവിനെ രക്ഷിച്ചതിനുള്ള പാരിതോഷികവുമായി ആ മൂവര്‍ സംഘത്തെ കാണാനെത്തി. എന്നാല്‍ തങ്ങള്‍ക്കുള്ള പ്രതിഫലം ദൈവം നല്‍കുമെന്നായിരുന്നു അവരുടെ മറുപടി. അന്ന് കൈകൂപ്പി നന്ദി പറഞ്ഞ ശേഷമാണ് അയാള്‍ മടങ്ങിയത്. ആത്മഹത്യ ചെയ്യാന്‍ പുഴയിലേക്ക് ചാടിയ ആളെ രക്ഷിച്ച ചരിത്രവും നിഷാദിനുണ്ട്. ആലുവയില്‍ നിന്ന് വരുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പാലത്തിനടുത്ത് വലിയ ആള്‍ക്കൂട്ടം. കാര്യമെന്തെന്ന് അന്വേഷിച്ചപ്പോള്‍ ആരോ പുഴയില്‍ ചാടിയെന്ന് ഏതോ മനസാക്ഷിയില്ലാത്തവന്റെ മറുപടി. ഒരാളും ആ മനുഷ്യനെ രക്ഷിക്കാന്‍ തയാറാകുന്നില്ല. പിന്നെയൊന്നും ആലോചിച്ചില്ല, നിഷാദ് പുഴയിലേക്ക് ചാടി. പമ്പ് സെറ്റ് വച്ചിരിക്കുന്നതിന്റെ സമീപമായിരുന്നു അയാള്‍ മുങ്ങിത്താഴ്ന്നിരുന്നത്. അവിടേക്ക് നീന്തിയെത്തിയെ നിഷാദ് അയാളെ പിടിച്ച് കരയടുപ്പിച്ചു. പക്ഷെ പുഴ അപ്പോഴേക്കും രക്തമയമായിരുന്നു. കാലില്‍ കയറിയ കുപ്പിച്ചില്ല് മൂലം രണ്ടുമാസം പണിക്കുപോകാതെ വിശ്രമിക്കേണ്ടിവന്നു നിഷാദിന്. ഈ മനുഷ്യസ്‌നേഹികള്‍ നമ്മോട് വിളിച്ചുപറയുന്നൊരു സത്യമുണ്ട്. കൊടിയുടെ നിറം ഏതായാലും മതമേതായാലും ചോരയുടെ നിറം ചുവപ്പാണ്.വേദനയും ഒരുപോലെ.

You might also like

Leave A Reply

Your email address will not be published.