നാം കാണാതെപോകുന്ന ചില കാഴ്ചകള്‍

ലൂയി മണവാളൻ

153
തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും ഹിന്ദി സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ട ട്വിങ്കിള്‍ ഖന്ന പിന്നീട് കുടുംബജീവിതത്തിലേക്ക് തിരിയുകയായിരുന്നു. കുടുംബജീവിതകാലത്ത് ട്വിങ്കിള്‍ സിനിമയില്‍ അഭിനയിക്കുന്നിനുപകരം ഒരു പ്രമുഖ പത്രത്തിന്റെ ലേഖികയായി മാറി. അവിടെ വലിയ സംഭാവനയൊന്നും ചെയ്യാന്‍ ട്വിങ്കിളിന് കഴിഞ്ഞില്ല.  എന്നാല്‍ സാഹിത്യത്തെയും പത്രപ്രവര്‍ത്തനത്തെയുമൊക്കെ സൂക്ഷ്മതയോടെ മനസ്സിലാക്കി. അതായിരിക്കാം ‘മിസ് ഫണ്ണി ബോണ്‍സ്’ എന്ന പുസ്തകം രചിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. പെന്‍ഗ്വിന്‍ ബുക്‌സ് പബഌഷ് ചെയ്ത ഈ പുസ്തകം ബെസ്റ്റ് സെല്ലര്‍ പട്ടികയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
കടന്നുപോയ ജീവിത ചുറ്റുപാടുകളിലേക്ക്് ഒന്ന് പിന്തിരിഞ്ഞുനോക്കുകയും അത് നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയുമാണ് ട്വിങ്കിള്‍ ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്. കടന്നുപോയ വലിയ സംഭവങ്ങളൊന്നും ട്വിങ്കിളിന് വിഷയമാകുന്നില്ല. ചില ചെറിയ കാര്യങ്ങള്‍ മാത്രം. എന്നാല്‍ അതു വായിക്കുന്നവര്‍ക്ക് വലിയ ചില ഉള്‍ക്കാഴ്ചകള്‍ ഇതുവഴി ലഭിക്കുന്നുണ്ടെന്ന് തീര്‍ച്ച.  നമ്മളെല്ലാം ചിലപ്പോഴെങ്കിലും മറ്റുള്ളവരോട് ഇടപെടുമ്പോഴോ സംസാരിക്കുമ്പോഴോ വിഢ്ഢികളായിപ്പോകുന്നുണ്ട് എന്നാണ് ആദ്യ അധ്യായത്തിലൂടെ എഴുത്തുകാരി പറഞ്ഞുവയ്ക്കുന്നത്. ഒരിക്കല്‍ അവരുടെ ജോലിക്കാരന്‍ ട്വിങ്കിളിന് അവധിക്കുള്ള അപേക്ഷ നല്‍കുന്നു. പക്ഷേ  അയാളുടെ കത്തിലെ പദങ്ങള്‍ക്ക് വലിയ അര്‍ത്ഥവ്യത്യാസമുണ്ട്. അയാള്‍ പറയാന്‍ ആഗ്രഹിച്ചത് സഹോദരിക്കൊരു  അപകടം നേരിട്ടുവെന്നും അവള്‍ ആശുപത്രിയിലാണെന്നുമാണ്. ഇക്കാരണത്താല്‍ മൂന്ന് ദിവസത്തേക്ക് അയാള്‍ക്ക് അവധി വേണമത്രേ.  പക്ഷേ കത്ത് വായിച്ച് ട്വിങ്കിള്‍ പൊട്ടിച്ചിരിച്ചു. കാരണം  അയാള്‍ എഴുതിയതിന്റെ ആശയം ഇങ്ങനെയായിരുന്നു. ”എന്റെ സഹോദരി വളരെ അപകടകാരിയാണ്. എനിക്കുടന്‍ അവളെ കാണണം. മൂന്നു ദിവസത്തേക്ക് അവധി തരിക..”
വാക്കുകളുടെ മാറ്റം ജീവിതത്തെ ത്തന്നെ ഉടച്ചുവാര്‍ക്കുന്നു. നാം പറയുന്നതും മറ്റുള്ളവര്‍ മനസ്സിലാക്കുന്നതും രണ്ടായിരിക്കാം. അതാണ് പല കുടുംബജീവിതത്തിലും പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്, പല രാഷ്ട്രീയ പ്രവര്‍ത്തകരും തമ്മില്‍ കലഹിക്കുന്നത്, പല യുവദമ്പതികളും ചേരാതെ പിരിഞ്ഞുപോകുന്നത്. പല വാക്കുകളും പരസ്പരം മനസ്സിലാക്കാതെ പോകുന്നു. പറഞ്ഞതും മനസ്സിലാക്കിയതും തമ്മിലുള്ള അന്തരംമൂലം ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ എത്രയോ ബന്ധങ്ങള്‍ ശിഥിലമായി പ്പോകുന്നുവെന്ന് ചില ചെറിയ ഉദാഹരണങ്ങളിലൂടെ അവര്‍ വെളിവാക്കുന്നു.
അമ്മയും മകളും തമ്മിലുള്ള ആര്‍ദ്രമായ സ്‌നേഹബന്ധത്തെയാണ് രണ്ടാം അധ്യായത്തില്‍ ട്വിങ്കിള്‍ എടുത്തുകാട്ടുന്നത്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ ജീവിതദൈര്‍ഘ്യമുള്ളതായി ശാസ്ത്രം പറയുന്നത്? അതിന് യഥാര്‍ത്ഥ കാരണം നമ്മള്‍  കൂടുതല്‍ ഉള്ള് തുറക്കുന്നതുകൊണ്ടായിരിക്കുമോ, അതോ പുരുഷന്മാര്‍ സ്ത്രീകളുടെ ഇടതടവില്ലാത്ത പിറുപിറുപ്പുകള്‍ കേട്ടുകേട്ട് നേരത്തെ മരിച്ച് രക്ഷപ്പെടുന്നതുകൊണ്ടായിരിക്കുമോ?ട്വിങ്കിള്‍ നര്‍മ്മം കലര്‍ത്തി ഉന്നയിക്കുന്ന ഈ ചോദ്യം വായനക്കാരന്റെ മര്‍മ്മത്ത് കൊള്ളും.
മരുമകളും അമ്മായിയമ്മയും തമ്മിലുള്ള ബന്ധത്തിന്റെ വൈരുദ്ധ്യങ്ങളും ചിലപ്പോഴുണ്ടാകുന്ന ഇഴയടുപ്പവും ട്വിങ്കിള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നല്ല അമ്മമാര്‍ക്കേ നല്ല അമ്മായിയമ്മയാകാന്‍ കഴിയൂ. നല്ല അമ്മമാരുണ്ടാകുന്നത് നല്ല കുടുംബത്തിലാണ്. കുടുംബത്തിലെ ചില വഴക്കുകളും കശപിശകളുമൊക്കെ കാണുമ്പോള്‍ അവര്‍ ആശ്വസിക്കുന്നു, പാര്‍ലമെന്റിലെ ചില പ്രശ്‌നങ്ങളും ഇതും തമ്മില്‍ കണക്കുകൂട്ടുമ്പോള്‍ കുടുംബം തന്നെ ഭേദം.
ട്വിങ്കിള്‍ വിരല്‍ചൂണ്ടുന്നത് നമ്മുടെ കുടുംബങ്ങളിലേക്കാണ്. നിങ്ങളുടെ ആവശ്യങ്ങളെക്കാള്‍ നിങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതാണ് യഥാര്‍ത്ഥ സ്‌നേഹമെന്ന ദര്‍ശനവും അവര്‍ പങ്കുവയ്ക്കുന്നു. ദൈനംദിന ജീവിതത്തെ സ്വയം വിലയിരുത്തി മുന്നോട്ട് പോകാന്‍ വായനക്കാരനെ ഈ പുസ്തകം സഹായിക്കും.

You might also like

Leave A Reply

Your email address will not be published.