ദൈവത്തിൻ്റെ കരം പതിഞ്ഞ ആ വാര്‍ത്ത

ദേഹം പൊട്ടി മുറവുകളുണ്ടാകുന്ന അപൂര്‍വ്വ രോഗം പിടിപ്പെട്ട് ചികിത്സിക്കാന്‍ പണമില്ലാതെ വേദന കടിച്ചമര്‍ത്തി ജീവിച്ച കണ്ണൂര്‍ സ്വദേശി ആര്യ യുടെ കരളലിയക്കുന്ന കരച്ചില്‍ പുറംലോകത്തെത്തിച്ച എഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ സംഘത്തിലെ ക്യാമറാമാന്‍ വിപിന്‍ മുരളി എഴുതുന്നു

167

കണ്ണൂര്‍ അഴിക്കോടുള്ള ആര്യ താമസിക്കുന്ന വാടക വീട്ടിന്റെ മുകള്‍ നിലയിലേക്കുള്ള പടവുകള്‍ കയറുമ്പോഴേ നീണ്ട കരച്ചില്‍ കേള്‍ക്കാമായിരുന്നു. ഞാനും റിപ്പോര്‍ട്ടര്‍ ധനേഷും മടിച്ചുമടിച്ചാണ് അകത്ത് കയറിയത്. കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അമ്മ ആര്യയുടെ മുറി കാണിച്ചു തന്നു. അതേ നിസഹായത അച്ഛന്റെ മുഖത്തും കാണാമായിരുന്നു. ആദ്യം അകത്ത് കയറിയ ധനേഷ് ഒറ്റ നോട്ടം കൊണ്ടവസാനിപ്പിച്ച് കണ്ണു നിറച്ച് മുറിക്ക് പുറത്തേക്ക് വന്നത് എന്റെ നെഞ്ചിടിപ്പു കൂട്ടി. ധൈര്യം സംഭരിച്ച് ഞാന്‍ ക്യാമറയിലൂടെ ആര്യയേ നോക്കി. വേദനകള്‍ പുളയിച്ച മുറിവുകളില്‍ ഫോക്കസ് കിട്ടാനാകാതെ ക്യാമറക്കൊപ്പം എന്റെ കൈകളും വിറയ്ക്കുന്നുണ്ടായിരുന്നു. ദൈവമേ എന്തൊരു പരീക്ഷണമാണിത്.

കണ്ണൂരിലെ ക്യാമറ കാണാത്ത കാഴ്ചകളുണ്ടോ? ആര്യ പഴന്തുണികണക്കേ ചുരുണ്ട് , തലകുനിച്ച് അമ്മേ എന്നുറക്കേ വിളിച്ച് വാവിട്ടു കരയുകയാണ്. മുറിവിന്റെ വേദന ചെവിയില്‍ തുളച്ചു കയറുന്നതിനിടയില്‍ ഞങ്ങള്‍ കരച്ചിലൊപ്പിയെടുത്തു. ലോകം ആ കരച്ചില്‍ കേള്‍ക്കണം എന്ന് ഞങ്ങള്‍ അപ്പോഴേ ഉറപ്പിച്ചു. അവളുടെ ചോരയൊലിക്കുന്ന വ്രണങ്ങള്‍ ഞങ്ങള്‍ക്ക് പ്രേക്ഷകനെ കാണിക്കാന്‍ ആകുമായിരുന്നില്ല .എത്രയോ വാര്‍ത്തകള്‍ക്ക് പുറകേ ഓടുമ്പോഴും അതിലൊന്നും തോന്നാത്ത എന്തോ ഒന്ന് ഞങ്ങളെ പിടിച്ചു വലിക്കുന്നതായിത്തോന്നി. സെന്‍സേഷനുകളും ബ്രേക്കിങ്ങുകളും തേടിപ്പിടിക്കുക മാത്രമാണ് മാധ്യമ പ്രവര്‍ത്തകരുടെ പണി എന്നാണല്ലോ പൊതുവേയുള്ള പരാതി.
അതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുമോ എന്നുപോലും ഞങ്ങള്‍ക്ക് അറിയുമായിരുന്നില്ല കയ്യിലുണ്ടായിരുന്ന തുച്ഛമായ പണം അമ്മയുടെ കയ്യിലേല്‍പിച്ചപ്പോള്‍ വേണ്ട മോനേ എന്നാണ് ആ പാവം പറഞ്ഞത്. കയ്യില്‍ മുറുക്കെപ്പിടിച്ച് അതേല്‍പ്പിച്ച് ആര്യക്ക് ഫ്‌ളൈയിംഗ് കിസ്സും കൊടുത്ത് ഒക്കെ ശരിയാകും എന്നു പറഞ്ഞ് മടങ്ങുമ്പോള്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നു ആ വാര്‍ത്ത ലോകമലയാളികള്‍ ഏറ്റെടുക്കുമെന്ന് എഡിറ്റിങ്ങ് ടേബിളിലിരുന്ന് പ്രതീഷ് കപ്പോത്ത് എന്ന സഹപ്രവര്‍ത്തകനും കണ്ണു നിറച്ചാണ് ആര്യയുടെ കരച്ചില്‍ വെട്ടിയൊട്ടിച്ചത്. ന്യൂസ് റൂമില്‍ ഇത്തരം കാഴ്ചകള്‍ അപൂര്‍വ്വമാണ്. ഇത് ദൈവത്തിന്റെ കരങ്ങള്‍ പതിഞ്ഞ വാര്‍ത്തയാണെന്ന് ഞങ്ങള്‍ക്ക് തോന്നി.

വാര്‍ത്ത ടെലിക്കാസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നവമാധ്യമങ്ങളില്‍ വൈറലായി വാട്‌സപ്പും ഫെയ്‌സ്ബുക്കും ആര്യയുടെ കരച്ചില്‍ കൊണ്ട് നിറഞ്ഞു. ആ കരച്ചില്‍ ആളുകളുടെ മനസ്സ് പൊള്ളിച്ചു. വാര്‍ത്ത മുഴുവന്‍ കണ്ടു മുഴുമിപ്പികാനാകാതെ കരഞ്ഞുകൊണ്ട് പലരും വിളിച്ചു. മലയാളി ആര്യയെ സ്വന്തം മകളായി അനുജത്തിയായി ഒക്കെ കണ്ട് സഹായവുമായെത്തി. മൂന്നു ദിവസങ്ങള്‍ കണ്ണൂരിലെ ഓഫീസ് ഫോണ്‍ നീര്‍ത്താതെ അടിച്ചു. ഞങ്ങള്‍ പറയാതെ പോയ കാഴ്ചകള്‍ വേറെയുമുണ്ടായിരുന്നു. മുറിവു തേടി എത്തുന്ന ഉറുമ്പുകളെ പേടിച്ച് കട്ടിലിന്റെ കാലുകളെല്ലാം വെള്ളം നിറച്ച സ്റ്റീല്‍ പാത്രങ്ങളിലാണ് ഉണ്ടായിരുന്നത്. വ്രണങ്ങളില്‍ പൊതിഞ്ഞ തുണിക്കഷ്ണങ്ങള്‍ ഇടക്ക് ഒട്ടിപ്പിടിക്കുമ്പോഴാണ് ആര്യ പ്രാണ വേദനയില്‍ കരയുന്നത്.
അമ്മ വന്ന് തുണിക്കിടയിലൂടെ വിരല്‍ കൊണ്ട് തലോടുമ്പോഴാണ് ആര്യക്ക് അല്‍പമെങ്കിലും ശമനം കിട്ടുന്നത്. ക്യാന്‍സറാണെന്ന് കരുതി പത്തിലധികം നടത്തിയ കീമോയും മരുന്നുകളും ആര്യയെ പകുതിയോളം കൊല്ലാതെ കൊന്നിരുന്നു. വെറും മുപ്പതിനായിരം രൂപ ഇല്ലാത്തതുകൊണ്ടാണ് വെല്ലൂരിലെ ചികിത്സ മുടങ്ങിയതും രോഗ നിര്‍ണ്ണയം വൈകിപ്പിച്ചതും. തുടര്‍ന്ന് കണ്ണൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ, കൂറേക്കാലം ചികിത്സ മുടങ്ങി വീട്ടില്‍. മറ്റു ജോലിക്ക് പോകാനാകാതെ എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായനായി അച്ഛന്‍.നാട്ടുകാര്‍ പല തവണ സഹായിച്ചെങ്കിലും അതൊന്നും തുടരെയുള്ള ചികിത്സക്ക് തികയുമായിരുന്നില്ല.
ഏഷ്യാനെറ്റ് വാര്‍ത്ത പുറത്ത് വന്ന് മൂന്നു ദിവസങ്ങള്‍ക്കിപ്പുറം ലോകത്തിന്റെ പല ഭാഗത്തു നിന്നും സഹായമെത്തി. കേരളം ഇതുവരെ കാണാത്ത സോഷ്യല്‍ മീഡിയാ ഇംപാക്ടിന് വാര്‍ത്ത സാക്ഷിയായി. ആര്യയുടെയും അച്ഛന്‍ വല്‍സന്റെയും അക്കൗണ്ടിലെത്തിയത് രണ്ടരകോടിയിലധികം തുകയാണ്, ഇതിനിടെ ചില ചാരിറ്റി പ്രവര്‍ത്തകര്‍ അവരുടെ അക്കൗണ്ടുകളിലേക്ക് പണപ്പിരിവു നടത്തി. അത് ശ്രദ്ധയില്‍ പെട്ട ഞങ്ങള്‍ അതില്‍ ഇടപെടുകയും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അവര്‍ സ്വരുക്കൂട്ടിയ മുഴുവന്‍ തുകയും ആര്യയുടെ വീട്ടിലെത്തിച്ചു.
ഇതിനിടെ വാര്‍ത്തക്കൊപ്പം നല്‍കിയ ആര്യയുടെ അക്കൗണ്ട് സാങ്കേതിക കാരണങ്ങളാല്‍ ഡി ആകടീവ് ആയിരുന്നു. അത് രണ്ട് ദിവസം വൈകിയാണ് ആക്ടീവാക്കിയത്.

ഏറെ സങ്കടകരമായ ഒരു കാര്യം ആര്യയുടെ അച്ഛനെ തേടിയെത്തുന്ന ഫോണ്‍ കോളുകളായിരുന്നു. ഈ ഓട്ടപ്പാച്ചിലിനിടയിലും പലരും വിളിച്ച് അദ്ദേഹത്തിന് ഉപദേശങ്ങളും ശകാരങ്ങളും നല്‍കുകയാരുന്നു. ചിലര്‍ക്ക് വാര്‍ത്ത സത്യമാണോ എന്നറിയാന്‍ ആര്യയുടെ ശബ്ദം കേള്‍ക്കണമത്രേ. ആളുകള്‍ പലവിധമാണല്ലോ. ആവശ്യം ഞങ്ങളുടെ ആയതുകൊണ്ട് ഒക്കേ സഹിക്കുകയാണെന്നാണ് അച്ഛന്‍ ഇതേപ്പറ്റി പറഞ്ഞത്. നിരന്തരം വരുന്ന ഫോണ്‍കോളുകള്‍ കാരണം ഫോണ്‍ ഓഫാകും എന്തിന് ഫോണ്‍ ഓഫാക്കി എന്നുപറഞ്ഞാകും പിന്നീട് ചിലരുടെ ശകാരങ്ങള്‍.
വാര്‍ത്ത വന്ന് നാലു ദിവസം കഴിഞ്ഞാണ് ഞങ്ങള്‍ വീണ്ടും ആര്യയെ കണ്ടത്. നാട്ടുകാര്‍ അവളോടൊപ്പം കൂടെയുണ്ട്. അമ്മക്കും അച്ഛനും ഉണര്‍വ്വ് വന്നിരിക്കുന്നു. ആര്യ ഞങ്ങളെ നോക്കി ചിരിച്ചു. അവള്‍ക്കിഷ്ടമുള്ള ചപ്പാത്തിയും ചിക്കന്‍ കറിയും അമ്മ മുറിവുപറ്റിയ ചുണ്ടുകളില്‍ വച്ചുകൊടുക്കുന്നുണ്ടായിരുന്നു. കലോത്സവത്തിന് കിട്ടിയ സമ്മാനങ്ങളും മറ്റും ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആര്യ സുന്ദരിയായ മിടുക്കി കുട്ടിയായിരുന്നു. ഡാന്‍സും പാട്ടും ഒക്കെ ചെയ്യുമായിരുന്ന ഉത്സാഹിയായ നന്നായി പഠിക്കുമായിരുന്ന അധ്യാപകരുടെ പ്രിയ വിദ്യാര്‍ത്ഥിനി. ആ എനര്‍ജിയാണ് ആര്യയെ ജീവനോടെ പിടിച്ച് നിര്‍ത്തുന്നതെന് അച്ഛന്‍ വല്‍സന്‍ ഒരിക്കല്‍ പറയുകയുണ്ടായി
തുടര്‍ ചികിത്സക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപൊ യതിന് പിറ്റേന്ന് വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി തുടര്‍ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചു. ഏല്ലാവരും ആര്യക്കൊപ്പമുണ്ട്.

ആര്യയുടെ തുടര്‍ ചികിത്സ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ്. രോഗ നിര്‍ണ്ണയത്തിന് കാലതാമസമുണ്ട്. ചില സര്‍ജറികളും അനിവാര്യമാണ്. എന്തുതന്നെയായാലും പണമില്ലാത്തതിന്റെ പേരില്‍ ആര്യക്ക് ഇനി വിദഗ്ദ ചികിത്സ മുടങ്ങില്ല എന്ന് ആശ്വസിക്കാം . ഇപ്പോഴും ആ കരച്ചില്‍ ഞങ്ങളുടെ വാര്‍ത്താ മുറികളില്‍ മുഴങ്ങുന്നതായിത്തോന്നാറുണ്ട്. ആര്യ ചിരിച്ചുകൊണ്ട് പൂര്‍ണ്ണ ആരോഗ്യവ തിയായി തിരിച്ചു വരട്ടെ. ഞങ്ങള്‍ ചെയ്ത വാര്‍ത്ത ഒന്നു കാണൂ എന്നുപറഞ്ഞ് ഞങ്ങള്‍ക്കുതന്നെ പലരും അയച്ചു തരുന്നുണ്ട്. ആ സുമനസ്സുകളോടാണ് സ്‌നേഹം.
സ്വാര്‍ത്ഥത നിറഞ്ഞ ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് പറയുമ്പോളും ആയിരക്കണക്കിന് സാധാരണ മനുഷ്യരാണ് സഹായവുമായെത്തിയത്. കയ്യില്‍ പണമില്ലാതിരുന്നിട്ടും ചിലര്‍ അന്‍പതു രൂപയും നൂറു രൂപയുമൊക്കെ ആര്യക്ക് നല്‍കി. അതെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റിയല്ലോ എന്ന് ചിലര്‍ ആശ്വസിച്ചു. മനുഷ്യത്വം വറ്റാത്ത ആളുകളുണ്ടെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തിയത് ഒരു വാര്‍ത്ത കൊണ്ടാണ്.

You might also like

Leave A Reply

Your email address will not be published.