ചെരിപ്പുകുത്തിയും ചെകുത്താനും

90

റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍
ചെക്കോവിന്റെ കഥ
ദാരിദ്ര്യത്താല്‍ കഷ്ടപ്പെടുന്നവന്റെ മുന്നില്‍ വലിയ സൗഭാഗ്യങ്ങളുടെ ഓഫറുമായി ചെകുത്താന്‍ വന്നു നിന്നാല്‍ എന്തു സംഭവിക്കും? പ്രത്യേകിച്ച്, അയാള്‍ ധനികനാകാന്‍ ഉള്ളിലൊരു മോഹം കൊണ്ടു നടക്കുന്നവന്‍ ആണെങ്കില്‍? ആ കഥ പറയുകയാണ് മഹാനായ റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോവ് ദ ഷൂമേക്കര്‍ ആന്‍ഡ് ദ ഡെവിള്‍ എന്ന വിഖ്യാത കഥയില്‍. ചരിത്രത്തിലെ ഏറ്റവും മഹാന്മാരായ കഥാകൃത്തുക്കളുടെ പട്ടികയിലാണ് ചെക്കോവിന്റെ സ്ഥാനം.
അതൊരു ക്രിസ്മസ് തലേരാവായിരുന്നു. അടുപ്പിനിരികില്‍ മരിയ തളര്‍ന്നുറങ്ങിക്കഴിഞ്ഞിരുന്നു. പാരഫിന്‍ മെഴുകെല്ലാം ഉരുകിത്തീര്‍ന്ന് വിളക്ക് കരിന്തിരി കത്തി. ചെരിപ്പുകുത്തി ഫയദോര്‍ നിലോവ് പിന്നെയും തന്റെ പണി തുടര്‍ന്നു കൊണ്ടിരുന്നു. പതിവുള്ള പോലെ തെരുവിലേക്കിറങ്ങി കറങ്ങി നടക്കാന്‍ അയാള്‍ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല, കൊളോക്കോണി തെരുവിലെ ഒരു ഇടപാടുകാരന്‍ ഒരു ബൂട്ട് നന്നാക്കാന്‍ ഏല്‍പിച്ചിട്ട് രണ്ടാഴ്ചയായി. സാധനം ശരിയാക്കി കിട്ടാത്തതില്‍ കലി കൊണ്ട് കക്ഷി വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഒരു ദിവസം കൂടി സമയം തന്നിരിക്കുന്നു. നാളെ പുലരിക്കു മുമ്പ് കൊടുത്തില്ലെങ്കില്‍ എന്തും സംഭവിക്കാം!
ഇത് കുറ്റവാളികളുടേതു പോലുള്ള നശിച്ച ജീവിതമാണല്ലോ! ഫയദോര്‍ നിലോവ് നിരാശയോടെ പിറുപിറുത്തു. ചില മനുഷ്യര്‍ സുഖമായുറങ്ങുകയും മറ്റു ചിലര്‍ ആഹ്ലാദിച്ചുല്ലസിക്കുകയും ചെയ്യുന്ന ഈ രാവില്‍ താന്‍ മാത്രമിങ്ങനെ പണിയെടുത്ത്… ഒരിറക്ക് മദ്യം കഴിച്ച് ഉറക്കത്തെ വീണ്ടും അകറ്റി നിര്‍ത്തി ഫയദോര്‍ തന്റെ തലവിധിയെ പഴിച്ചു. തന്റെ ഇടപാടുകാരെല്ലാം ജീവിതം ആസ്വദിക്കുമ്പോള്‍ തനിക്കു മാത്രം ഇങ്ങനെ ജീവിതയാതന എന്തു കൊണ്ട്?
ഫയദോറിന് തന്റെ ഇടപാടുകാരോടെല്ലാം വെറുപ്പ് തോന്നി. പ്രത്യേകിച്ച് കൊളോക്കോണി തെരുവില്‍ താമസിക്കുന്ന ആ നീലക്കണ്ണടക്കാരനോട്. മഞ്ഞ നിറവും നീണ്ട മുടിയുമുള്ള അയാള്‍ക്ക് എപ്പോഴും ഒരു വിഷാദഭാവമായിരുന്നു. പോരാത്തതിന് വായില്‍ കൊള്ളാത്ത ഒരു ജര്‍മന്‍ പേരും! അയാളുടെ പാദത്തിന്റെ അളവെടുക്കാന്‍ ചെന്നപ്പോള്‍ അയാള്‍ ഒരു ഉരലില്‍ എന്തൊക്കെയോ വസ്തുക്കള്‍ ഇട്ട് ചതയ്ക്കുകയായിരുന്നു. സുപ്രഭാതം ആശംസിക്കാന്‍ തുടങ്ങിയപ്പോള്‍ ഉരലില്‍ നിന്ന് തീയാളി. ഗന്ധകത്തിന്റെയും കരിഞ്ഞ പക്ഷിത്തൂവലിന്റെയും മണം അവിടമാകെ നിറഞ്ഞു. ഇളംചുവപ്പ് നിറമുള്ള പുക ആ മുറിയിലാകെ വ്യാപിച്ചു. ദൈവത്തെ ഭയപ്പെടുന്നവരൊന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യില്ല എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടാണ് അന്ന് ഫയദോര്‍ മടങ്ങിയത്.
മദ്യക്കുപ്പി കാലിയായിരിക്കുന്നു. ക്ഷീണം തോന്നിയപ്പോള്‍ ഫയദോര്‍ തന്റെ കാല്‍ പൊക്കി മേശമേല്‍ വച്ച് പിന്നിലേക്ക് ചാഞ്ഞു. അയാള്‍ സകല പണക്കാരെയും ശപിച്ചു. എല്ലാ ധനികരും പാവപ്പെട്ടവരായി പോയിരുന്നെങ്കില്‍! അവരുടെ ഭവനങ്ങളും നോട്ടുകെട്ടുകളും നശിച്ചു പോയിരുന്നെങ്കില്‍! പണക്കാര്‍ പാവപ്പെട്ടവരായി തീരുകയും ചെരിപ്പുകുത്തിയായ താന്‍ പണക്കാരനായി മാറുകയും ചെയ്യുന്ന മധുരക്കിനാവില്‍ അയാള്‍ അലിഞ്ഞു പോയി.
പെട്ടെന്നാണ് ഫയദോര്‍ ബൂട്ടിന്റെ കാര്യം ഓര്‍ത്തത്. പണി കഴിഞ്ഞല്ലോ. അയാള്‍ ബൂട്ട് ഒരു ചുവന്ന തുവാലയില്‍ പൊതിഞ്ഞെടുത്ത് കൊളോക്കോണി തെരുവിലേക്ക് വച്ചടിച്ചു. സൂചിമുന പോലെ ദേഹത്തു തറയ്ക്കുന്ന മഞ്ഞു പെയ്യുന്ന തണുത്ത രാവ്. വഴുതുന്ന വഴി. തെരുവിലാകെ പാരഫിന്‍ മെഴുകിന്റെ ഗന്ധം. ഫയദോറിന് ചുമ വന്നു. ഒരു കൈയില്‍ ഉപ്പിട്ടുണക്കിയ പന്നിത്തുടയും മറുകൈയില്‍ വോഡ്കയുമായി ധനികര്‍ വാഹനങ്ങളില്‍ തലങ്ങും വിലങ്ങും പാഞ്ഞു. തല പുറത്തേക്കിട്ടു നോക്കിയ യുവധനികകള്‍ ഫയദോറിനെ കണ്ട് പുച്ഛച്ചിരിയോടെ വിളിച്ചു പറഞ്ഞു: തെരുവു തെണ്ടി! പിച്ചക്കാരന്‍!
വിദ്യാര്‍ത്ഥികളും ഓഫിസര്‍മാരും കച്ചവടക്കാരും അയാളുടെ പിന്നാലെ നടന്ന് ഫയദോറിനെ പരിഹസിച്ചു കൊണ്ടിരുന്നു. മദ്യപാനി! അവിശ്വാസിയായ ചെരിപ്പുകുത്തി! പിച്ചക്കാരന്‍! അവര്‍ കൂകിയാര്‍ത്തു.

ഇവയെല്ലാം ഫയദോര്‍ മൗനമായി സഹിച്ചു. പക്ഷേ, വാര്‍സോക്കാരന്‍ കുസ്മാ ലെബ്യോഡ്കിന്‍ എന്ന ചെരുപ്പുകുത്തി വന്ന് തന്നെ അപമാനിക്കും വിധം സംസാരിച്ചത് ഫയദോറിന് സഹിക്കാനായില്ല. കുസ്മാ സമൂഹത്തില്‍ സ്ഥാനം നേടിയെടുത്ത സാമാന്യം ധനികനായ ചെരിപ്പുകുത്തിയാണ്. അയാള്‍ക്ക് പണക്കാരിയായ ഒരു ഭാര്യയും സഹായിക്കാന്‍ കീഴുദ്യോഗസ്ഥരുമുണ്ട്. ആക്ഷേപം സഹിക്കവയ്യാതെ ഫയദോര്‍ കുസ്മയെ ഓടിച്ചിട്ടു. ഓടിയോടി അയാള്‍ കൊളോക്കോണി തെരുവിലെത്തി. അവിടെയാണ് തന്റെ ഇടപാടുകാരന്‍ പാര്‍ക്കുന്നത്. ബൂട്ടുമായി ആ വീട്ടില്‍ ചെന്ന ഫയദോര്‍ നന്നാക്കിയ ബൂട്ട് ഇട്ടു നോക്കാനായി നീലക്കണ്ണടക്കാരന്റെ പഴയ ബൂട്ട് വലിച്ചൂരി. അത്ഭുതം. അവിടെ പാദങ്ങള്‍ക്കു പകരം കുതിരയുടേത് പോലുള്ള കുളമ്പ്!
പേടിച്ച്, കുരിശ് വരച്ച്, ഒറ്റയോട്ടം വച്ചു കൊടുക്കുയായിരുന്നു ഫയദോര്‍ ശരിക്കും ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ തന്നെ ധനികനാക്കാന്‍ കഴിവുള്ള ചെകുത്താന്റെ മുന്നില്‍ ചെന്നു പെട്ടിട്ട് ആ അവസരം മുതലാക്കാതിരിക്കുന്നത് ശരിയല്ല എന്ന് ചിന്തിച്ച് തന്റെ ആഗ്രഹം ഫയദോര്‍ പിശാചിനോട് തുറന്നു പറഞ്ഞു. ചെറുപ്പകാലം മുതല്‍ താന്‍ സഹിക്കുന്ന അപകര്‍ഷത, ദാരിദ്ര്യം, ധനികരില്‍ നിന്നുളള അവഹേളനം… എല്ലാം. ഫയദോറിനെ ധനികനാക്കാം എന്ന് ചെകുത്താന്‍ സമ്മതിച്ചു. ഒരേയൊരു ഉപാധിയില്‍. ഫയദോറിന്റെ ആത്മാവ് പിശാചിന് തീറെഴുതി കൊടുക്കണം!
ബൂട്ട് നന്നാക്കാന്‍ ഏല്‍പിച്ചപ്പോള്‍ താന്‍ മുന്‍കൂര്‍ പണം വാങ്ങിയില്ലല്ലോ. അതിനാല്‍ ആദ്യം കാര്യം നടന്നിട്ട് പിന്നെ കൂലി എന്നായി ഫയദോര്‍. ചെകുത്താന്‍ ചിരിച്ചു കൊണ്ട് അത് സമ്മതിച്ചു. പെട്ടെന്ന് ചെകുത്താന്റെ മാന്ത്രിക ഉരലില്‍ നിന്ന് തീയാളി. ഗന്ധകത്തിന്റെയും കരിഞ്ഞ പക്ഷിത്തൂവലിന്റെയും ഗന്ധം. ഇളംചുവപ്പ് പുക. പുക മാഞ്ഞപ്പോള്‍ ഫയദോര്‍ അമ്പരന്നു. അയാള്‍ പഴയ ചെരിപ്പുകുത്തി ഫയദോറല്ല, ധനികനായ പുതിയ ഫയദോര്‍! ചുറ്റിനും സേവകര്‍ മൃഷ്ടാന്നഭോജനം വിളമ്പിക്കൊണ്ട് ആജ്ഞാനുവര്‍ത്തികളായി നിന്നു. ഒന്നിനു പിറകെ ഒന്നായി ഇഷ്ടമുള്ള ഭക്ഷണമെല്ലാം ഫയദോര്‍ ഭുജിച്ചു. വയര്‍ നിറഞ്ഞു കഴിഞ്ഞപ്പോള്‍ നീലക്കണ്ണടക്കാരന്‍ സാത്താന്‍ പ്രത്യക്ഷപ്പെട്ടു. മതിയായോ ഫയദോര്‍? അയാള്‍ ചോദിച്ചു. മൂക്കു മുട്ടെ തിന്ന് ആകെ അസ്വസ്ഥനായിരുന്ന ഫയദോറിന് പെട്ടെന്ന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. വയര്‍ അധികം നിറയുന്നത് അത്ര നല്ല കാര്യമല്ല എന്ന അയാള്‍ ഓര്‍ത്തു.
തന്റെ ഇടംകാലില്‍ കിടക്കുന്ന ബൂട്ടിലേക്ക് നോക്കി, ആരാണത് ഉണ്ടാക്കിയതെന്ന് ഫയദോര്‍ തിരക്കി. കുസ്മ ലെബ്യോഡ്കിന്‍ എന്ന് സേവകന്‍ മറുപടി പറഞ്ഞു. അയാളെ ഉടനെ ഹാജരാക്കാന്‍ ഫയദോര്‍ ഉത്തരവിട്ടു. ലെബ്യോഡ്കിന്‍ മുന്നിലെത്തി. പണിക്ക് കൂലി ചോദിച്ച ലെബ്യോഡ്കിന് നല്ലൊരു ആട്ട് വച്ചു കൊടുത്ത് ഫയദോര്‍ പകരം വീട്ടി. തുടര്‍ന്ന് ഫയദോര്‍ പണം എണ്ണാന്‍ തുടങ്ങി. എണ്ണും തോറും പോര, പോര… എന്ന് അയാള്‍ക്കു തോന്നി. വൈകുന്നേരമായപ്പോള്‍, പഴയ ഭാര്യ മരിയക്കു പകരം മേനിയഴകുള്ളൊരു സുന്ദരിയെ ചെകുത്താന്‍ ഫയദോറിന് ഭാര്യയായി നല്‍കി. ഭാര്യയോടൊത്ത് രമിച്ചും മൃഷ്ടാന്നം ഭുജിച്ചും ഫയദോര്‍ സായാഹ്നം കൊണ്ടാടി.
എന്നാല്‍ രാത്രി പട്ടുമെത്തയില്‍ ഉറങ്ങാന്‍ കിടന്ന ഫയദോറിന് ഉറക്കം വന്നില്ല. നമ്മുടെ പണം ഏതെങ്കിലും കള്ളന്‍മാര്‍ വന്ന് മോഷ്ടിച്ചാലോ, നീ മെഴുകുതിരി തെളിച്ചു ചെന്ന് പണമെല്ലാം അവിടെയുണ്ടോ എന്ന് നോക്കൂ! എന്നയാള്‍ ഭാര്യയോട് പറഞ്ഞു. രാത്രി അയാള്‍ക്ക് ഒരു പോള കണ്ണടയ്ക്കാന്‍ ആയില്ല.
പിറ്റേന്ന് പള്ളിയില്‍ തിരുക്കര്‍മങ്ങള്‍ക്കായി എത്തിയപ്പോള്‍ അവിടെ ധനികര്‍ക്കും ദരിദ്രര്‍ക്കും വേര്‍തിരിവൊന്നുമില്ലെന്ന് ഫയദോര്‍ കണ്ടു. പണ്ട് പ്രാര്‍ത്ഥിച്ചിരുന്നതു പോലെ, ‘ദൈവമേ! പാപിയായ എന്നില്‍ കനിയണമേ!’ എന്നു തന്നെയാണ് അയാള്‍ അന്നും പ്രാര്‍ത്ഥിച്ചത്. ദരിദ്രനായിരുന്നപ്പോള്‍ ഉണ്ടായിരുന്നതില്‍ നിന്ന് ഇതിലെന്താണ് വ്യത്യാസം എന്ന് അയാള്‍ ഓര്‍മിച്ചു. താന്‍ മരിച്ചാല്‍ തന്നെ സ്വര്‍ണത്തിലോ വജ്രത്തിലോ അല്ല സംസ്‌കരിക്കാന്‍ പോകുന്നത്. പാവപ്പെട്ടവരെ സംസ്‌കരിക്കുന്ന അതേ കറുത്ത മണ്ണില്‍. ചെരിപ്പുകുത്തികളെ പോലെ അതേ വിറകില്‍ താന്‍ എരിഞ്ഞു പോകും. ഇതെല്ലാം ഓര്‍ത്ത് ഫയദോര്‍ വ്യാകുലപ്പെട്ടു. പ്രാര്‍ത്ഥിക്കേണ്ട നേരത്ത് അയാള്‍ തന്റെ പണപ്പെട്ടിയെ കുറിച്ചും കള്ളന്‍മാരെ കുറിച്ചും തകര്‍ന്ന തന്റെ ആത്മാവിനെ കുറിച്ചും പലവിചാരങ്ങളില്‍ മുഴുകി.
മനം തകര്‍ന്നു പള്ളിയില്‍ നിന്നിറങ്ങിയ ഫയദോര്‍ അല്‍പം ആശ്വാസത്തിനു വേണ്ടി പണ്ട് ചെയ്തിരുന്നതു പോലെ തെരുവില്‍ നിന്ന് ഉറക്കെ പാടാന്‍ തുടങ്ങി. താങ്കളെ പോലൊരു മാന്യന്‍ തെരുവില്‍ നിന്ന് ഇങ്ങനെ പാടരുത് എന്നൊരു മുന്നറിയിപ്പുമായി ഒരു പോലീസുകാരന്‍ എത്തി. ഫയദോര്‍ അപ്പോള്‍ ഒരു വേലിയില്‍ ചാരി നിന്നു. ‘അങ്ങയുടെ രോമക്കുപ്പായം കേടാകും. അവിടെ ചാരി നില്‍ക്കാതെ’ എന്നായി അത് കണ്ട ഒരു കുശവന്‍. ഫയദോര്‍ ഉടനെ ഒരു കടയില്‍ കയറി അവിടെ കണ്ട ഏറ്റവും മികച്ച സംഗീതോപകരണം വാങ്ങിച്ചു. അതു വായിച്ചു കൊണ്ട് അയാള്‍ തെരുവിലൂടെ നടന്നു. ‘ഇതാ ഒരു മാന്യന്‍ ചെരിപ്പുകുത്തിയെ പോലെ കോമാളിത്തരം കാട്ടുന്നു!’ എന്ന് വഴിപോക്കര്‍ പരിഹസിച്ചു. ‘പ്രഭോ, തെരുവില്‍ നിന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ഏതെങ്കിലും മദ്യശാലയില്‍ പോയി വായിക്കൂ!’ എന്നുപദേശവുമായ ഒരു പോലീസുകാരന്‍ എത്തി. അപ്പോഴേക്കും കുറേ ഭിക്ഷക്കാര്‍ ഭിക്ഷ യാചിച്ചു കൊണ്ട് ഫയദോറിന്റെ പിന്നാലെ കൂടി. പണ്ടൊന്നും ഒരു പിച്ചക്കാരനും തന്നെ തിരിഞ്ഞു നോക്കിയിരുന്നില്ല എന്ന് ഫയദോര്‍ ഓര്‍ത്തു.
വീട്ടില്‍ എത്തിയപ്പോള്‍ അയാളുടെ പുതിയ ഭാര്യ പച്ച ബ്ലൗസും ചുവപ്പ് സ്‌കര്‍ട്ടും ധരിച്ചൊരുങ്ങി അയാളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഭാര്യയെ കണ്ടപ്പോള്‍ ഉല്ലാസമനസ്‌കായി അവളുടെ പുറത്തൊന്ന് തട്ടാന്‍ ഫയദോര്‍ കൈ ഉയര്‍ത്തി. ഭാര്യയ്ക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല. അവള്‍ കുപിതയായി. ‘നിങ്ങളെന്താ ഒരു മാതിരി കൃഷിപ്പണിക്കാരെ പോലെ പെരുമാറുന്നേ? മാന്യസ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങള്‍ക്കറിഞ്ഞു കൂട!’ അവള്‍ ചീറി.
‘ഇതെന്തൊരു ജീവിതം! പാട്ടു പാടിക്കൂട! അത് ചെയ്തു കൂട! ഇത് ചെയ്തു കൂട! ത്ഫൂ!’ ഫയദോര്‍ നിരാശയോടെ വിലപിച്ചു. അപ്പോഴേക്കും നീലക്കണ്ണട വച്ച ചെകുത്താന്‍ എത്തി. ‘ഞാന്‍ എന്റെ ഭാഗം ചെയ്തു കഴിഞ്ഞു. ഇനി എനിക്ക് നിന്റെ ആത്മാവിനെ താ!’ എന്ന് ചെകുത്താന്‍ ആവശ്യപ്പെട്ടു. പിശാചുക്കള്‍ അയാളെ നരകത്തിലേക്ക് വലിച്ചിഴച്ചു. പാരഫിന്‍മണമുള്ള നരകം! ചീത്ത വിളിക്കുന്ന പിശാചുക്കള്‍!
ഫയദോര്‍ പെട്ടെന്ന് കണ്ണു തുറന്നു. അതെല്ലാമൊരു സ്വപ്‌നമായിരുന്നു. മുന്നില്‍ കോപിഷ്ഠനായി നില്‍ക്കുന്നുണ്ട്, നീലക്കണ്ണടക്കാന്‍ ഇടപാടുകാരന്‍. ‘രണ്ടാഴ്ചയായി നിങ്ങള്‍ എന്റെ ബൂട്ടു നന്നാക്കാന്‍ തുടങ്ങിയിട്ട്! എവിടെ എന്റെ ബൂട്ട്?’ അയാള്‍ ആക്രോശിച്ചു.
ഫയദോര്‍ അതിവേഗത്തില്‍ ബൂട്ട് തുന്നാന്‍ ആരംഭിച്ചു. കൊളോക്കോണി തെരുവിലെ ഇടപാടുകാരന്റെ കോപം തെല്ലൊന്ന് അടങ്ങിയപ്പോള്‍ ഫയദോര്‍ പതുക്കെ ചോദിച്ചു: ‘സാര്‍, എന്താണ് അങ്ങയുടെ ജോലി?’
‘ഞാന്‍ പൂത്തിരിയും പടക്കവും ഉണ്ടാക്കുന്നവനാണ്. ഒരു കരിമരുന്നു പ്രയോഗക്കാരന്‍.’
പ്രഭാത പ്രാര്‍ത്ഥനയ്ക്ക് മണിയടിച്ചു. ഫയദോര്‍ ബൂട്ട് നന്നാക്കി നീലക്കണ്ണടക്കാരന് കൊടുത്തു. കൂലിയും വാങ്ങി, പള്ളിയിലേക്ക് തിരിച്ചു.
വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. കച്ചവടക്കാരും മാന്യവനിതകളും ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം തെരുവുകളിലൂടെ നീങ്ങി. ഇപ്പോള്‍ ഫയദോറിന് ആരോടും അസൂയ തോന്നിയില്ല. ധനികരും ദരിദ്രരും യഥാര്‍ത്ഥത്തില്‍ ഒരേ വിധിയുമായി നീങ്ങുന്നവരാണെന്ന് അയാള്‍ക്ക് മനസ്സിലായിരുന്നു. മുന്തിയ വാഹനങ്ങളില്‍ പായുന്നവരും തെരുവില്‍ പാട്ടു പാടുന്നവരും എത്തേണ്ടത് ഒരേ ശവക്കല്ലറയില്‍. ആത്മാവിനെ ചെകുത്താന് കൊടുക്കാന്‍ മാത്രം വിലയുള്ളതായി ഒന്നുമില്ല ഈ ലോകത്തില്‍ എന്ന ഉത്തമബോധ്യത്തോടെ ഫയദോര്‍ പള്ളിയിലേക്ക് നടന്നു.

You might also like

Leave A Reply

Your email address will not be published.