ചീയമ്പം-73 ആനപ്പന്തിയിലേക്കുള്ള വഴിയിൽ കണ്ട കാഴ്ചകൾ – 03

21

കാപ്പുംചാല്‍ ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ കുഞ്ഞേട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന രാഘവന്റെ വീട്ടില്‍ ഞങ്ങള്‍ എത്തുമ്പോള്‍ അവിടെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ നടക്കുകയായിരുന്നു. അദേഹത്തിന്റെ മക്കളും അയല്‍ക്കാരും ബന്ധുക്കളുമടങ്ങിയ ചെറിയൊരു ആള്‍ക്കൂട്ടം.
ക്ഷീരകര്‍ഷകനാണ് കുഞ്ഞേട്ടന്‍. മാര്‍ച്ച് 12ന് പാലുകൊടുത്ത് വീട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു അദ്ദേഹം. വീടിന് 300 മീറ്റര്‍ അകലെയുളള റോഡില്‍വച്ചാണ് കാട്ടാന അദ്ദേഹത്തെ അക്രമിക്കുന്നത്. കഴുത്തിനും നെഞ്ചിനുമാണ് ആനയുടെ ചവിട്ടേറ്റത്. എടത്തുംകുന്ന് ഭാഗത്തുനിന്നാണ് കാട്ടാന എത്തിയതെന്ന് പനമരം സ്വദേശിയായ സാജന്‍ പറയുന്നു.
വീട്ടില്‍ നിന്ന് പാലുമായി പോകുന്ന കുഞ്ഞേട്ടന്‍ ആറുമൊട്ടം കവലയിലെ ബെന്നിയുടെ കടയില്‍നിന്ന് എന്നും ഒരുചായ കുടിക്കുക പതിവാണ്. പതിവുപോലെ ചായ കുടിക്കാന്‍ കയറിയപ്പോള്‍ കടയിലെ ഗ്യാസ് തീര്‍ന്നതിനാല്‍ ചായ എടുക്കുവാന്‍ വൈകുമെന്ന് മനസിലായി. എന്നാല്‍ വീട്ടിലൊന്ന് പോയി കുറച്ച് കഴിഞ്ഞിറങ്ങാമെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. കുഞ്ഞേട്ടന്റെ മുന്നിലായി മില്‍ക്ക് സൊസൈറ്റിയില്‍ നിന്നും പാലുമായി അയല്‍വാസിയായ വാസുവുണ്ടായിരുന്നു. വാസു വീട്ടിലേക്ക് കയറിയതിന് പിന്നാലെയാണ് വാസുവിന്റെ വീടിന് തൊട്ടുമുന്നിലെ റോഡില്‍ വച്ച് കാട്ടാന കുഞ്ഞേട്ടനെ അക്രമിച്ചത്. ആനയുടെ ചിന്നംവിളി കേട്ടാണ് വാസു വീടിന് പുറത്തേക്കിറങ്ങിവരുന്നത്. ആനപോയി കഴിഞ്ഞ് നോക്കുമ്പോള്‍ ചോരയൊലിപ്പിച്ച് കമിഴ്ന്ന് റോഡില്‍ക്കിടക്കുകയായിരുന്നു കുഞ്ഞേട്ടന്‍.
ആ ദിവസങ്ങളില്‍ കനത്ത മഞ്ഞായിരുന്നു. ഏഴുമണിയായിട്ടും ഇരുട്ട് മാറിയിരുന്നില്ല. അതുകൊണ്ടാകണം ആന തന്റെ തൊട്ടുമുന്നിലെത്തിയിട്ടും കുഞ്ഞേട്ടന്‍ അതിനെ കാണാതെ പോയതെന്ന് നാട്ടുകാര്‍ പറഞ്ഞു. പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ കെ. സുരേഷ്, ബാബു, മനോജ്, വിനീഷ്, അനീഷ് എന്നിവരാണ് മക്കള്‍.
കുഞ്ഞേട്ടനെ കൊലപ്പെടുത്തിയശേഷം സംസ്ഥാന പാതക്കരുകില്‍ കാപ്പുംചാലിലെ കുന്നിന് മുകളില്‍ നിലയുറപ്പിച്ച കൊമ്പന്‍ നാട്ടുകാരില്‍ പിന്നെയും കനത്ത ഭീതി പരത്തി. വിവരം അറിഞ്ഞ് വനപാലകരും പോലീസും സ്ഥലത്തെത്തി. ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തുന്നതിനിടെ ആന പലവട്ടം ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. പലരും ഭാഗ്യത്തിനാണ് അക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചുവനപാലകര്‍ക്കും പരിക്കേറ്റു. തുമ്പികൈകൊണ്ടുള്ള അടിയേറ്റും ഓടിവീണുമാണ് വനപാലകര്‍ക്ക് പരിക്കേറ്റത്. കൊലയാളിയായ ആന പിന്നീട് കൃഷിയിടങ്ങളിലൂടെ ലക്ഷ്യമില്ലാതെ പരക്കം പാഞ്ഞു. ജനങ്ങളോട് കൂട്ടം കൂടി നില്‍ക്കരുതെന്നും വീടിന് പുറത്തിറങ്ങറുതെന്നും നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് 144 പ്രഖ്യാപിച്ചു.
കാട്ടാനകള്‍ നാട്ടിലേക്കിറങ്ങാതിരിക്കാന്‍ പുറത്തിറങ്ങാതിരിക്കാന്‍ വെദ്യുതി വേലി സ്ഥാപിക്കണമെന്ന ആവശ്യം പലകുറി ജനങ്ങള്‍ ഉന്നയിച്ചതാണ്. അപകടവും മരണവുമൊക്കെ ഉണ്ടാകുന്ന ഘട്ടത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകും എന്ന് പറഞ്ഞ് അധികൃതര്‍ ജനങ്ങളെ ശാന്തരാക്കും. ജനം സമാധാനത്തോടെ പിരിയും. എന്നാല്‍ ഇനി അങ്ങനെയൊരു ഉറപ്പ് കിട്ടണമെങ്കില്‍ അടുത്ത അപകടം ഉണ്ടാകണമെന്ന് മാത്രം.
കുരങ്ങുകളുടെയും കാട്ടുപന്നികളും പെരുകിയതുമൂലം യാതൊന്നും കൃഷി ചെയ്ത് വളര്‍ത്താന്‍ സാധിക്കാത്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ വയനാട്ടില്‍ മാത്രമുണ്ട്. മനുഷ്യന്‍ നശിച്ചാലും മൃഗങ്ങള്‍ നശിക്കരുത് എന്ന വികലമായ ചിന്തയുടെ അപകടം അറിയണമെങ്കില്‍ ഈ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലണം.

You might also like

Leave A Reply

Your email address will not be published.