കോപം ആര്‍ക്കും വേണ്ടാത്ത സമ്മാനം

145

ഒരിക്കല്‍ ബുദ്ധന്‍ ഒരു ഗ്രാമത്തിലൂടെ നടന്നുപോകുകയായിരുന്നു. പെട്ടെന്ന് ഒരു യുവാവ് അദ്ദേഹത്തിന്റെ മുമ്പില്‍ ചാടിവീണുകൊണ്ട് അദ്ദേഹത്തെ പ്രകോപിപ്പിക്കുവാന്‍ തുടങ്ങി. മറ്റുള്ളവരെ പഠിപ്പിക്കാന്‍ നീയാരാണ്. നീ വെറും മൂഢനും തട്ടിപ്പുകാരനാണ് എന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ ആക്ഷേപിച്ചു. ഇതൊക്കെ കേട്ടിട്ടും ബുദ്ധന്‍ ശാന്തത കൈവെടിഞ്ഞില്ല. അല്‍പനേരം മൗനമായി നിന്ന ശേഷം ബുദ്ധന്‍ കോപാക്രാന്തനായ ആ യുവാവിനോട് ചോദിച്ചു. താങ്കള്‍ ഒരു വ്യക്തിക്ക് ഒരു സമ്മാനം കൊടുക്കുന്നുവെന്നിരിക്കട്ടെ, ആ വ്യക്തി അത് സ്വീകരിക്കാതെ നിരസിച്ചാല്‍ ആ സമ്മാനം ആരുടേതായിരിക്കും? ആ സമ്മാനം എന്റേതുതന്നെയായിരിക്കും യുവാവ് ഒട്ടും ആലോചിക്കാതെ മറുപടി നല്‍കി. ബുദ്ധന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു താങ്കള്‍ പറഞ്ഞത് തീര്‍ത്തും ശരിയാണ്. താങ്കളുടെ കോപവും അതുപോലെയാണ്. നീ എന്നോട് ദ്വേഷ്യപ്പെട്ടപ്പോള്‍ എനിക്ക് ഒരു പ്രശ്‌നവും തോന്നിയില്ല, ഞാന്‍ അത് സ്വീകരിച്ചില്ല. നിന്റെ കോപം നിന്നിലേയ്ക്ക് തന്നെ മടങ്ങിവന്നു. ഇപ്പോള്‍ അത് നിന്റേതുമാത്രമാണ്.

കോപിച്ചപ്പോള്‍ നീ തന്നെയാണ് അസന്തുഷ്ടനായത്, ഞാനല്ല. ഒരാള്‍ മറ്റുള്ളവരോട് കോപിക്കുമ്പോള്‍ സ്വയം മുറിവേല്‍പ്പിക്കുയാണ് ചെയ്യുന്നത്. ബുദ്ധന്റെ മറുപടി കേട്ട് ആ യുവാവ് നിശബ്ദനായിപ്പോയി. ബുദ്ധന്‍ തുടര്‍ന്നു… നീ നിന്നെ തന്നെ മുറിപ്പെടുത്താതിരിക്കാന്‍ നിന്റെ ദ്വേഷ്യത്തെ സ്‌നേഹമാക്കി മാറ്റുക. മറ്റുള്ളവരോട് ദേഷ്യപ്പെടുമ്പോള്‍ നീ അസന്തുഷ്ടനായിത്തീരും എന്നാല്‍ നീ മറ്റുള്ളവരെ സ്‌നേഹിക്കുമ്പേള്‍ എല്ലാവരും സന്തുഷ്ടരായിത്തീരും.

You might also like

Leave A Reply

Your email address will not be published.