ഓലക്കുടിലിലെ ധനകാര്യമന്ത്രി

104

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കണ്ണിലുണ്ണിയായിരുന്ന പ്രൊഫ. മനോന്മണിയം സുന്ദരം പിള്ളയുടെ ഏകമകനായി പിറന്ന്, അരമനവീടും ആയിരം ഏക്കര്‍ ഭൂസ്വത്തുമായി തിരുവിതാംകൂറില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച് 1916 മുതല്‍ 1966 വരെ പൊതുജീവിതത്തില്‍ നിറഞ്ഞു നിന്ന്, ജീവിതാന്ത്യത്തില്‍ സ്വന്തം ഓലക്കുടില്‍ കെട്ടിമേയാന്‍ പോലും ക്ലേശിച്ച ഒരു ധനമന്ത്രി കേരളത്തില്‍ ജീവിച്ചിരുന്നു. 1948ലും 1952ലും പട്ടം മന്ത്രിസഭയിലും ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയിലും അംഗമായിരുന്ന പി.എസ്. നടരാജപിള്ളയാണ് ഓലക്കുടിലിലെ ആ ധന കാര്യ മന്ത്രി. അദ്ദേഹത്തിന് ചരിത്രം ചാര്‍ത്തിക്കൊടുത്ത ഒരു പേരുണ്ട്, ‘കുടില്‍ നടരാജപിള്ള.’ 1962 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുടില്‍ ചിഹ്നത്തില്‍ മത്സരിച്ചതുകൊണ്ടാണ് ആ പേരുണ്ടായതെന്ന് പറയപ്പെടുന്നു. 400 ഏക്കര്‍ ഭൂമി വിറ്റാണത്രെ അദ്ദേഹം ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും ആദ്യ പരാജയം ഏറ്റുവാങ്ങിയതും.
അവസാനകാലത്ത് അദ്ദേഹം ഡയറിയില്‍ എഴുതി ‘ജീവിതത്തില്‍ ഒരിക്കലും ഞാന്‍ വിശ്രമം അനുഭവിച്ചിട്ടില്ല. എല്ലാ വശങ്ങളിലും ദുഃഖത്തിന്റെ നിഴല്‍ മാത്രം കാണാന്‍ കഴിയുന്നു. അര നൂറ്റാണ്ടുകാലത്തെ ജീവിതത്തിനു ശേഷം ഇന്ന് എന്റെ കുടുംബാംഗങ്ങളുടെ സ്ഥിതി എത്ര ദുഃഖകരമായിരിക്കുന്നു. പാവം എന്റെ കുഞ്ഞുങ്ങള്‍. എന്റെ രാജ്യത്തെ സ്‌നേഹിക്കുവാന്‍ മാത്രമായി ഞാന്‍ ജീവിച്ചു. നീണ്ടകാലത്തെ പൊതുജന സേവനത്തിന് ശേഷം ഇന്ന് ഞാന്‍ എവിടെ നില്‍ക്കുന്നു? എനിക്കിന്ന് സംഘമില്ല. സംഘട നയില്ല. എന്നെ ഇന്നാര്‍ക്കും ആവശ്യമില്ല.’
1957 മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന
ജോസഫ് മുണ്ടശേരി ‘കൊഴിഞ്ഞ ഇലകള്‍’ എന്ന ആത്മകഥയില്‍ നടരാജപിള്ള അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ സംഭവം വിവരിക്കുന്നുണ്ട്. നടരാജപിള്ള പറഞ്ഞു: ‘ഞാന്‍ സ്വന്തം കാര്യം പറയാന്‍ വന്നതാണ്. എന്റെ അച്ഛന്റെ പേരില്‍ പണ്ടൊരു സ്‌കൂള്‍ ഏര്‍പ്പെടുത്തുക ഉണ്ടായി. പിന്നീട് ആ സ്ഥാപനത്തെ സര്‍ക്കാറിലേക്കു വിട്ടുകൊടുത്തു. അദ്ദേഹം സ്‌കൂളിനു വേണ്ടി കൊടുത്ത സ്ഥലം തികയാതെ വന്നതുകൊണ്ട് സ്‌കൂള്‍ അവിടെ പ്രവര്‍ത്തിച്ചില്ല. മറ്റൊരു സ്ഥല
ത്തേക്ക് മാറ്റി. ദാനപത്രത്തില്‍ അവിടെ പ്രവര്‍ത്തിക്കാതെ വന്നാല്‍ ദാതാവിനോ അവകാശികള്‍ക്കോ മടക്കിത്തരണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഈ ദാനപത്രത്തിലെ വ്യവസ്ഥ കാണിച്ച് ഞാന്‍ ഒരു അപേക്ഷ തരാം. പുരയിടം സര്‍ക്കാരില്‍ നിന്നും വിട്ടുകൊടുക്കുകയാണെങ്കില്‍ എനിക്ക് വിറ്റ് അത്യാവശ്യങ്ങള്‍ നടത്താം.’തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കണ്ണിലുണ്ണിയായിരുന്ന പ്രൊഫ. സുന്ദരംപിള്ളയുടെ മകനാണ് പറയുന്നത്. മുണ്ടശേരി അനുസ്മരിച്ചു. പിതാവിന്റെ സ്വത്ത് ഏറെ ഉണ്ടായിരുന്നു. ഒക്കെയും കൈമോശം വന്നു. ശേഷിച്ചത് തിരുവിതാകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സമരക്കാലത്ത് സര്‍ സി.പി. കണ്ടുകെട്ടുകയും ചെയ്തു. രാഷ്ട്രീയത്തിന്റെ പേരില്‍ സര്‍വസ്വപ്‌നവും കളഞ്ഞു കുളിച്ച ആ സ്‌നേഹിതന്റെ ദുഃഖം എനിക്ക് വല്ലാതെ ഉള്ളില്‍ തട്ടി.രണ്ടു മൂന്നു മാസത്തിനുള്ളില്‍ അത് നിറവേറ്റാനായി.’മുണ്ടശേരി ഇടപെട്ടു. സ്ഥലം തിരിച്ചുകൊടുത്തു. അതു വിറ്റ് അദ്ദേഹം മകളുടെ വിവാഹവും നടത്തി. മലയാളികള്‍ മറന്നുതുടങ്ങിയ പഴയചരിത്രം പി.എസ്. നടരാജപിള്ളയുടെ മക്കള്‍ ഓര്‍മിപ്പിക്കുന്നു.ചരിത്രമായി മാറിയ സ്വത്ത് തിരുവനന്തപുരം ലോ കോളേജ് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന 14 ഏക്കര്‍ ഉള്‍പ്പെടെ പേരൂര്‍ക്കടയിലെ നിരവധി പ്രധാന കെട്ടിടങ്ങള്‍ തിരുക്കൊച്ചി സംസ്ഥാനത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന പി.എസ്. നടരാജപിള്ളയുടേതായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരിലായിരുന്നു പി.എസിന്റെ അച്ഛന്‍ നിര്‍മ്മിച്ച ഹാര്‍വിപുരം കൊട്ടാരം എന്ന വീടും അതിനു ചുറ്റുമുള്ള ഭൂമിയും തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പി സര്‍ക്കാറിലേക്ക് കണ്ടു കെട്ടിയത്. പി.എസ് അടക്കമുള്ളവര്‍ പോരാടി നേടിയ സ്വാതന്ത്ര്യവും അതിന്റെ ഫലമായുള്ള ജനാധിപത്യ ഭരണവും വന്നിട്ടും ആ കൊട്ടാരം തിരിച്ചു കൊടുക്കാനോ അദ്ദേഹത്തോട് നീതി കാട്ടാനോ സാധിച്ചില്ല.1967 ലെ ഇം.എം.എസ് മന്ത്രിസഭയുടെ കാലത്ത് അദ്ദേഹത്തിന്റെ വീട്ടുകാര്‍ ഭൂമി തിരികെ ലഭിക്കാന്‍ ശ്രമം നടത്തി. അന്ന് കൃഷി വകു പ്പിന്റെ കൈവശത്തിലായിരുന്നു ഹാര്‍വിപുരം കൊട്ടാരവും ഭൂമിയും. ഗ്രാമസേവകര്‍ക്കുള്ള പരിശീലനം നടത്തിയിരുന്ന അവിടെനിന്നും ഗ്രാമസേവകരെ ഒഴിപ്പിച്ച് സ്ഥലം ലോ അക്കാദമിക്കു കൊടുക്കുവാന്‍ പോകുന്നു എന്നറിഞ്ഞപ്പോഴാണ് വീട്ടുകാര്‍ എത്തിയത്.
‘അക്കാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെയെല്ലാം അമ്മയ്ക്ക് പരിചയമുണ്ടായിരുന്നു. അമ്മ അന്നത്തെ റവന്യു മന്ത്രി ഗൗരിയ
മ്മയെ ചെന്നു കണ്ടു.’ നടരാജപിള്ളയുടെ മകന്‍ വെങ്കിടേശന്‍ പറഞ്ഞു.
രേഖകള്‍ നോക്കിയ ശേഷം ഗൗരിയമ്മ പറഞ്ഞു: ‘അത് റവന്യുഭൂമിയാണ്. കൃഷിവകുപ്പ് ഒരാവശ്യത്തിന് എടുത്തിരിക്കുന്നതാണ്. അവര്‍ക്കു വേണ്ടെങ്കില്‍ വേറെ ആര്‍ക്കും കൊടുക്കാനാവില്ല. തിരിച്ചു റവന്യുവില്‍ വന്നാല്‍ ഞാന്‍ തിരിച്ചു തരാം. എം.എന്നോട് (അന്നത്തെ കൃഷിവകുപ്പ് മന്ത്രി എം.എന്‍ ഗോവിന്ദന്‍ നായര്‍) കൂടി ഒന്നു പറഞ്ഞേര്.’
‘ഞങ്ങള്‍ കണ്ടിരുന്നു.’ അമ്മ പറഞ്ഞു.’എന്തു പറഞ്ഞു?’ ഗൗരിയമ്മ തിരക്കി.
‘ശരിയാക്കാം എന്നു പറഞ്ഞു.”എങ്കില്‍ കിട്ടാന്‍ സാധ്യതയില്ല.’ഗൗരിയമ്മ പറഞ്ഞു.’അന്ന് ഞങ്ങള്‍ക്കു തന്ന മറുപടിയില്‍ ലോഅക്കാദമിക്കു പാട്ടത്തിന് മാത്രമാണ് കൊടുക്കുന്നതെന്നും തിരിച്ചു സര്‍ക്കാര്‍ എടുക്കുമെന്നും പറഞ്ഞിരുന്നു.’ മനോഗതം പോലെ വെങ്കിടേശന്‍ പറഞ്ഞുനിര്‍ത്തി.കാലവും നാട്ടുകാരും മറന്ന ആ കൊട്ടാരവും ചുറ്റുമുള്ള 12 ഏക്കര്‍ ഭൂമിയും, ഒരു പൊതുക്കാര്യത്തിന് എന്ന പേരില്‍ അന്നത്തെ കൃഷിമന്ത്രി എം.എന്‍ ഗോവിന്ദന്‍ നായര്‍ ലോഅക്കാദമി എന്ന സ്ഥാപനത്തിനായി തന്റെ ആശ്രിതനു പാട്ടത്തിന് കൊടുത്തു. പില്‍കാലത്ത് ആ ആശ്രിതന്‍ അത് സ്വന്തമാക്കി.കോളജ് സ്ഥലം സംബന്ധിച്ച സര്‍ക്കാര്‍ രേഖകള്‍ പോലും നശിപ്പിക്കപ്പെട്ടതായി പി.എസ് നടരാജപിള്ളയുടെ മക്കള്‍ പറയുന്നു.

കെട്ടിടംവീടും മന്‍മോഹന്‍ ബംഗ്ലാവും

‘മന്ത്രിയായപ്പോഴും അച്ഛന്‍ ഔദ്യേഗിക വസതിയില്‍ താമസിച്ചില്ല. ആദ്യതവണ വസതിയെ സ്വീകരിച്ചില്ല. രണ്ടാം തവണ മന്‍മോഹന്‍ ബംഗ്ലാവായിരുന്നു ഔദ്യോഗിക വസതി. താമസം വീട്ടില്‍ തന്നെ. ഓഫീസുകള്‍ മന്‍മോഹന്‍ ബംഗ്ലാവിലും. ഞങ്ങളെ അവിടെ കൊണ്ടുപോയിരുന്നെങ്കിലും അവിടെ താമസിക്കുവാന്‍ സമ്മതിച്ചില്ല. ഇത് നമ്മുടെതല്ലന്ന് ഇടയ്ക്കിടെ അച്ഛന്‍ പറയുമായിരുന്നു.’ വെങ്കിടേശന്‍ ഓര്‍ത്തു. ഇവിടെ പേരൂര്‍ക്കടയിലുണ്ടായിരുന്ന ഓലമേഞ്ഞ കെട്ടിടംവീട്ടിലായിരുന്നു താമസം. ആയിരം മടല്‍ ഓല ഉണ്ടെങ്കില്‍ മാത്രം മേയാനാവുന്ന 7000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതായിരുന്നു കെട്ടിടംവീട്. ‘അക്കാലത്ത് രാവിലെ അച്ഛനെകൂട്ടാന്‍ വരുന്ന കാറില്‍ കയറണമെന്ന മോഹത്തോടെ ഉടുത്തൊരുങ്ങി നില്‍ക്കുമായിരുന്നു. പക്ഷേ അച്ഛന്‍ ഗൗനിക്കുക പോലും ചെയ്യാതെ കാറില്‍ കയറിപ്പോവും. സര്‍ക്കാര്‍ വണ്ടി വീട്ടാവശ്യത്തിനല്ല എന്നതായിരുന്നു അച്ഛന്റെ പോളിസി.’ ചെറു ചിരിയോടെ വെങ്കിടേശന്‍ പറഞ്ഞു.
കെട്ടിടം വീട്ടില്‍ എപ്പോഴും അതിഥികള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണവും കൊടുത്തിരുന്നു. അക്കാലത്തെ മിക്കവാറും എല്ലാ നേതാക്കളും വീട്ടില്‍ വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ചിട്ടുമുണ്ട്. എത്രപേര്‍ വരുമെന്ന് നോക്കിയായിരുന്നില്ല വീട്ടില്‍ അരിവെച്ചിരുന്നത്. വരുന്നവര്‍ക്കെല്ലാം ഭക്ഷണം കിട്ടണം എന്ന ലക്ഷ്യത്തിലായിരുന്നു. നടരാജപിള്ളയുടെ മൂത്ത മകന്‍ പ്രൊഫ.സുന്ദരത്തിന്റെ പുത്രന്‍ വരദന്‍ പറഞ്ഞു.

രാജകീയ ബാല്യം

പ്രമുഖ തമിഴ് സാഹിത്യകാരൃനും തത്വചിന്തകനും ചരിത്രകാരനും അധ്യാപകനുമായ മനോന്മണിയം സുന്ദരം പിള്ളയുടെയും ശിവകാമിയമ്മാളിന്റെയും ഏക മകനായി 1891 മാര്‍ച്ച് 10 നാണ് നടരാജപിള്ള ജനിച്ചത്. ആലപ്പുഴയില്‍ ജനിച്ച നടരാജപിള്ളയുടെത് രാജകീയമായ കുട്ടിക്കാലമായിരുന്നു. ഇന്നത്തെ പേരൂര്‍ക്കടയായ മരുതുമൂട്ടില്‍ മഹാരാജാവ് കൊടുത്ത 105 ഏക്കറിലെ കുന്നിന്‍ മുകളില്‍ അച്ഛന്റെ ഗുരുനാഥനായ ഡോ.ഹാര്‍വിയുടെ ഓര്‍മ്മക്കായി പണിത ഹാര്‍വിപുരം കൊട്ടാരത്തിലായിരുന്നു താമസം. അതടക്കം 1000 ഏക്കറായിരുന്നു സുന്ദരംപിള്ളയുടെ സമ്പാദ്യം.1897 ല്‍ സുന്ദരംപിള്ള മരിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം വെല്ലുവിളികളുടേതായി. തിരുവനന്തപുരത്തെ വസ്തുവകകള്‍ സഹോദരന്മാരുടെ അന്വേഷണത്തിന് വിട്ടുകൊടുത്തു. തിരുവന്തപുരം സെന്റ് ജോസഫ്‌സ് സ്‌കുളില്‍
പഠിച്ച് ഉന്നത നിലയില്‍ മെട്രിക്കുലേഷന്‍ പാസായ നടരാജപിള്ള നിയമം പഠിക്കുവാന്‍ ഇംഗ്ലണ്ടിലേക്കു പുറപ്പെട്ടതാണ്.എന്നാല്‍ മദ്രാസില്‍ എത്തിയ മകനെ ശിവകാശി അമ്മാള്‍ തിരിച്ചു വിളിച്ചു. അതോടെ നടരാജപിള്ളയുടെ ഔപചാരിക വിദ്യാഭ്യാസം നിലച്ചു.

ഉത്തരവാദിത്വത്തിന്റെ  നാളുകള്‍

കുടുംബസ്വത്തുക്കള്‍ നോക്കി നടത്തിയ അദ്ദേഹം,
സുന്ദരംപിള്ള ആരംഭിച്ച വഞ്ചി കേസരി എന്ന തമിഴ്
വാരികയും പോപ്പുലര്‍ ഒപ്പിനിയന്‍ എന്ന ഇംഗ്ലീഷ് പത്രവും തുടര്‍ന്നു നടത്തി. കൂപ്പു ബിസിനസ് അടക്കം പല ജോലികളും ചെയ്തു. എല്ലാം വന്‍ സാമ്പത്തിക ബാധ്യതകളാണ് ഉണ്ടാക്കിയത്.മഹാരാജാവ് വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലിയും ഹിന്ദു പത്രാധിപസമിതിയിലേക്ക് ലഭിച്ച ക്ഷണവും അദ്ദേഹം നിരസിച്ചു. ഇതിനിടയിലും പൊതു പ്രവര്‍ത്തനം നടത്തി. നാട്ടുകാര്‍ക്കായി 1908 ല്‍ പേരൂര്‍ക്കടയില്‍ അച്ഛന്റെ പേരില്‍ സുന്ദരം സ്മാരക സ്‌കൂള്‍ ആരം ഭിച്ചു. കേരളവര്‍മ്മ വലിയകോയിതമ്പുരാനായിരുന്നു ഉദ്ഘാടകന്‍. ഹെഡ്മാസ്റ്റര്‍ പട്ടം താണുപിള്ളയും. ഈ സ്‌കൂള്‍ പില്‍ക്കാലത്ത് സര്‍ക്കാറിന് വിട്ടുകൊടുത്തു.
തന്റെ അമ്മാവന്‍ വെങ്കിടാചലം പിള്ളയുടെ മകള്‍
ലക്ഷ്മിയെ 1916ല്‍ വിവാഹം കഴിച്ചു. മനോന്‍മണി,
എന്‍.സുന്ദരം, മനോഹരം അമ്മാള്‍, മഹേശ്വരി അമ്മാള്‍, എന്‍. വെങ്കിടേശന്‍ എന്നിവരായിരുന്നു മക്കള്‍. ലക്ഷ്മി അകാലത്തില്‍ മരിച്ചതോടെ അവരുടെ സഹോദരി കോമളാംബാളിനെ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തില്‍ ആറു മക്കളുണ്ട്. മാലിനി അമ്മാള്‍, മായാവതി അമ്മാള്‍, മാതംഗിനി അമ്മാള്‍, സമ്പത്ത്, മാരാഗിണി, മാധവി.
പഠിക്കാത്ത പണ്ഡിതന്‍ സ്വാതി തിരുനാള്‍ സ്ഥാപിച്ച പബ്ലിക് ലൈബ്രറിയില്‍ നിന്നും എല്ലാത്തരം പുസ്തകങ്ങളും വായിച്ച് അദ്ദേഹം അറിവു സമ്പാദിച്ചു. കുറിപ്പുകള്‍ തയ്യാറാക്കി.സാമ്പത്തിക ശാസ്ത്രത്തിലും നിയമത്തിലും രാഷ്ട്രമീമാംസയിലും എല്ലാം അറിവു നേടി. ലൈബ്രറിയില്‍ വച്ചാണ് പട്ടം താണുപിളളയും നടരാജപിള്ളയും സുഹൃത്തുക്കളാകുന്നത്. പട്ടം അദ്ദേഹത്തിന്റെ രാഷ്ട്രിയ ഗുരുനാഥനായി. പട്ടം പക്ഷേ 1928 ലാണ് നിയമസഭാംഗമാകുന്നത്. എന്നാല്‍ നടരാജപിള്ള 12 വര്‍ഷം മുമ്പേ ജനപ്രതിനിധിയായി. നിയമസഭയില്‍
എല്ലാവര്‍ക്കും ഗുരുവായിരുന്നു അദ്ദേഹം. ‘ബജറ്റ് ചര്‍ച്ചകള്‍ക്കും മറ്റും തയ്യാറെടുക്കുവാന്‍ ഭരണപക്ഷത്തെയും പ്രതി പക്ഷത്തെയും അംഗങ്ങള്‍ ഒന്നുപോലെ അച്ഛനെ കാണാന്‍ വന്നിരുന്നു.’ വെങ്കിടേശന്‍ ഓര്‍മ്മിക്കുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും അദ്ദേഹം ഗുരുതുല്യനായിരുന്നു.

അച്ഛന്‍ ഉപേക്ഷിച്ചത് ഞങ്ങള്‍ക്കും വേണ്ട

അച്ഛന്‍ ഉപേക്ഷിച്ച ഭൂമി തങ്ങള്‍ക്കും വേണ്ട എന്നു തന്നെയാണ് നടരാജ പിള്ളയുടെ മക്കളുടെ നിലപാട്. എങ്കിലും ലോ അക്കാദമിക്ക് വെറുതെ കൊടുത്ത സ്ഥലത്തില്‍ നിന്നും ചരിത്രം ഉറങ്ങുന്ന ഹാര്‍വിപുരം കൊട്ടാരം അടക്കമുള്ള മൂന്ന് ഏക്കറെങ്കിലും സര്‍ക്കാര്‍ തിരിച്ചെടുത്ത് സ്മാരകം ആക്കണം എന്ന് കുടുംബാംഗങ്ങള്‍ സര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുകയാണ്.സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, ശ്രീ നാരായണഗുരു തുടങ്ങിയവര്‍ സുന്ദരംപിള്ളയെ സന്ദര്‍ശിച്ച വീടാണ് ഹാര്‍വിപുരം കൊട്ടാരം.

 

 

You might also like

Leave A Reply

Your email address will not be published.