ഉള്‍ക്കാഴ്ചകളുടെ വര്‍ണവൈവിധ്യങ്ങള്‍

വിനു വിന്‍സ്റ്റണ്‍

104

ഇറാനിയന്‍ ചലച്ചിത്രകാരനായ മജീദ് മജീദിയുടെ മികച്ച സിനിമകളില്‍ ഒന്നാണ് 1999 ല്‍ പുറത്തിറങ്ങിയ’കളര്‍ ഓഫ് പാരഡൈസ്.’എട്ടുവയസ്സുകാരനായ അന്ധ ബാലന്‍ മുഹമ്മദിന്റെയും അവന്റെ പിതാവിന്റെയും കഥ പറയുന്ന ഈ ചിത്രം ആരംഭിക്കുമ്പോള്‍ കേന്ദ്രകഥാപാത്രം മുഹമ്മദ് ആണെന്ന് പ്രേക്ഷകര്‍ക്ക് തോന്നുമെങ്കിലും,തുടര്‍ന്ന് കഥ വികസിക്കുമ്പോള്‍ അവന്റെ പിതാവ് റമസാനിയുടെ അന്തര്‍സംഘര്‍ഷങ്ങളിലൂടെയാണ് ചലച്ചിത്രം മുന്നേറുന്നത്. ലളിതവും സുന്ദരവുമാണ് കഥയും ചിത്രീകരണവും എന്നതിനാല്‍ ഏവര്‍ക്കും ഹൃദ്യമായി അനുഭവപ്പെടുന്ന മജീദ് മജീദി സിനിമകളുടെ പതിവ് ശൈലിയാണ് ഈ ചലച്ചിത്രത്തിനുമുള്ളത്. ടെഹ്രാനിലെ അന്ധവിദ്യാര്‍ഥികള്‍ക്കായുള്ള ഒരു സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന മുഹമ്മദും സഹപാഠികളും വെക്കേഷന് സ്വഭവനങ്ങളിലേക്ക് പോകുവാന്‍ ഒരുങ്ങുന്ന അവസാന പ്രവൃത്തിദിവസമാണ് ചലച്ചിത്രം ആരംഭിക്കുന്നത്. തങ്ങളെ കൂട്ടിക്കൊണ്ടുപോകുവാന്‍ വരുന്ന രക്ഷിതാക്കളെയും കാത്ത് മറ്റു കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന മുഹമ്മദ്, എല്ലാവരും പോയിക്കഴിഞ്ഞും സ്‌കൂളില്‍ അവശേഷിക്കുന്നു. എന്തുകൊണ്ടോ അന്ധനായ മകനെ ഒരു ഭാരമായും അവന്റെ അന്ധത അപമാനമായും കരുതിയ അവന്റെ പിതാവ് വളരെ വൈകിയാണ് സ്‌കൂളില്‍ എത്തുന്നത്. മാത്രമല്ല, അവനെ മൂന്നുമാസം നീളുന്ന വെക്കേഷന്‍ ദിവസങ്ങളിലും അവിടെ നിര്‍ത്തുവാനുള്ള മാര്‍ഗം അയാള്‍ അന്വേഷിക്കുന്നു. അവന്റെ അമ്മ മരിച്ചതിനുശേഷമുള്ള പ്രായോഗികബുദ്ധിമുട്ടുകള്‍ അയാള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നില്‍ നിരത്തുന്നുണ്ട്. ഒടുവില്‍ മകനെ കൊണ്ടുപോകുവാന്‍ നിര്‍ബ്ബന്ധിതനായിത്തീര്‍ന്നപ്പോള്‍ ദൂരെയുള്ള ഗ്രാമത്തിലേക്ക് അയാള്‍ അവനെയുംകൊണ്ട് യാത്രതിരിക്കുന്നു.ഒരു വര്‍ഷം കൂടിയുള്ള അവന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്നുപേര്‍ വീട്ടിലുണ്ട്.അവന്റെ രണ്ട് സഹോദരിമാരും പിതൃമാതാവും. അവര്‍ മൂവരും അവനെ ആഴമായി സ്‌നേഹിച്ചിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവന്റെ അമ്മ അവരെ വിട്ടുപോയത്.മുഹമ്മദിന്റെ പിതാവ് മറ്റൊരു വിവാഹത്തിനായി ഒരുങ്ങുന്ന സമയമായിരുന്നു അത്. സ്വന്തം നാട്ടുകാരിയായ ഒരു യുവതിയുടെ മാതാപിതാക്കളെ കണ്ട് സമ്മതം വാങ്ങിക്കഴിഞ്ഞിരുന്ന അയാള്‍, തന്റെ മകന്റെ വിവരങ്ങള്‍ അവരില്‍നിന്ന് മറച്ചുവച്ചിരുന്നു. അവന്റെ അന്ധത ഒരു ദുഃശകുനമായി അവര്‍ കാണുമെന്നുള്ള ഭയമായിരുന്നു കാരണം. അതിനാല്‍ മൂന്നുമാസം നീളുന്ന അവധിക്കാലത്ത് അവനെ ദൂരെ ഒരിടത്ത് എത്തിക്കുന്നതിന് അയാള്‍ പദ്ധതിയൊരുക്കുന്നു.അന്ധനെങ്കിലും വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരന്റെ ശിക്ഷണത്തില്‍ അവനെ ജീവിതത്തില്‍ സ്വയംപര്യാപ്തനാക്കിത്തീര്‍ക്കുവാന്‍ എന്ന വിധത്തില്‍ സ്വന്തം മാതാവിനോട് തന്റെ പദ്ധതി അവതരിപ്പിക്കുന്നെങ്കിലും അവര്‍ക്ക് അയാളുടെ ദുരുദ്ദേശ്യം വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ അമ്മയറിയാതെ അയാള്‍ മുഹമ്മദിനെയുംകൊണ്ട് ആ മരപ്പണിക്കാരന്റെ അടുത്തെത്തുകയും അവന്റെ എതിര്‍പ്പ് വകവയ്ക്കാതെ അവനെ അവിടെ നിര്‍ത്തി മടങ്ങുകയും ചെയ്യുന്നു.അതുവരെയും പ്രസരിപ്പോടെ വീട്ടിലും പരിസരത്തും വ്യാപരിച്ചിരുന്ന ആ വൃദ്ധയ്ക്ക്, താന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്ന പേരക്കുട്ടിയുടെ വിയോഗം താങ്ങാന്‍ കഴിയുന്നില്ല. അവര്‍ വളരെ പെട്ടെന്ന് രോഗിയായി ത്തീരുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്യുന്നു.മാതാവിന്റെ മരണത്തിന്റെ ആഘാതത്തില്‍നിന്ന് മോചിതനാകുന്നതിനുമുമ്പാണ് മറ്റൊരു ദുരന്തവും അയാള്‍ക്ക് സംഭവിക്കുന്നത്. വിവാഹത്തില്‍നിന്നും പിന്മാറിയതായിരുന്നു അത്.
തുടര്‍ന്ന് ഏറെ നിരാശനായ അയാള്‍ മകനെ തിരികെ കൊണ്ടുവരുവാന്‍ പുറപ്പെടുന്നു. തനിക്ക് സംഭവിച്ച ദുര്‍വിധികള്‍ക്കെല്ലാം അവനും കാരണക്കാരനാണെന്ന ചിന്ത അയാളെ അലട്ടുന്നു. എങ്കിലും ഒടുവില്‍ അവനുമായി അയാള്‍ തിരികെ പുറപ്പെടുന്നു. ആ യാത്രയ്ക്കിടയില്‍ ഒരു അപകടവും സംഭവിക്കുന്നു. കുത്തിയൊഴുകുന്ന ഒരു ചെറിയ പുഴയ്ക്ക് കുറുകെയുള്ള പാലത്തിലൂടെ അവര്‍ പോകുമ്പോള്‍ ആ പാലം തകരുകയും, കുതിരയും, കുതിരപ്പുറത്തുണ്ടായിരുന്ന മുഹമ്മദും പുഴയിലേക്ക് പതിക്കുകയും ചെയ്യുന്നു. തുടര്‍ന്നുള്ള നാടകീയമായ ദൃശ്യങ്ങള്‍ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയും മകനെ രക്ഷപെടുത്താന്‍ വെമ്പുന്ന ഒരു പിതാവിന്റെ ചിത്രം വെളിപ്പെടുത്തുന്നുണ്ട്. രണ്ടുപേര്‍ക്കും ജീവന്‍ നഷ്ടമായേക്കാം എന്ന് കാഴ്ചക്കാര്‍ക്ക് തോന്നിയേക്കാവുന്ന വിധത്തില്‍ മലവെള്ളപ്പാച്ചിലിലൂടെ ഒഴുകിപ്പോകുന്ന അവരെ അവസാന സീനില്‍ നാം കാണുന്നത് കാസ്പിയന്‍ കടല്‍ത്തീരത്താണ്. ബോധരഹിതനായിരുന്ന പിതാവ് കണ്ണ് തുറക്കുമ്പോള്‍ ആദ്യം തിരയുന്നത് മകനെയാണ്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അല്‍പം മാറി കരയ്ക്കടിഞ്ഞ മുഹമ്മദിനെ കാണുന്ന അയാള്‍ ഓടിച്ചെന്ന് അവനെ മടിയില്‍ കിടത്തി വിലപിക്കുന്നു. വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്റെ കരം ചലിച്ചുതുടങ്ങുന്ന ദൃശ്യത്തോടെ ചലച്ചിത്രം അവസാനിക്കുന്നു.താല്‍ക്കാലികമായ എല്ലാ സ്വാര്‍ഥ ചിന്തകള്‍ക്കുമപ്പുറം,യഥാര്‍ഥ നന്മയിലേക്കുള്ള പുനര്‍ജന്മം.അതുതന്നെയാണ് കളര്‍ ഓഫ് പാരഡൈസ് എന്ന ഈ ചലച്ചിത്രത്തിന്റെ സന്ദേശവും.രചനയും സംവിധാനവും മജീദ് മജീദി നിര്‍വഹിച്ച ഈ ചലച്ചിത്രത്തില്‍,മുഹമ്മദിന് ജീവന്‍ പകര്‍ന്നത് മോഹ്‌സെന്‍ റമസാനിയാണ്.ഹൊസൈന്‍ മഹ്‌ജോബ്,മുഹമ്മദിന്റെ പിതാവിനെ അനശ്വരനാക്കിയിരിക്കുന്നു.

You might also like

Leave A Reply

Your email address will not be published.