ഉറക്കം തൂങ്ങുന്നവരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍

74

ഉറക്കമില്ലാത്ത രാത്രികളില്‍ ഉണര്‍ന്നിരുന്ന് പുരാണകഥാപാത്രമായ കുംഭകര്‍ണ്ണനെപ്പോലെ ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍, ചിലര്‍ക്ക് ഉറക്കം കൂടെപിറപ്പാണ്. ഓഫീസിലും ബസിലും കാറിലും എവിടെയായാലും അവര്‍ ഉറങ്ങും, ഒന്ന് ഇരുന്നാല്‍ മതി. ചിലപ്പോള്‍ ബസില്‍ നിന്ന് ഉറങ്ങുന്നവരേയും കാണാം. ഉറങ്ങാനായി മാത്രം ഉണരുന്നവരും നിരന്തരം ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. ഉറക്കം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നന്നായി ഒന്ന് ഉറങ്ങിയിട്ട് എത്രകാലമായി എന്ന് നെടുവീര്‍പ്പിടുന്നവരുടെ എണ്ണം കൂടിവരികയാണ് നമ്മുടെ സമൂഹത്തില്‍. ഇന്ത്യയില്‍ 50 വയസിനുമുകളിലുള്ള 5 മുതല്‍ 6 ശതമാനം പേരും കണ്ണടച്ചാല്‍ ഉറക്കപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണത്രെ.

ഉറക്കമില്ലായ്മ ഒരു അന്താരാഷ്ട്ര പ്രശ്‌നം തന്നെയാണ്. ഇംഗ്ലണ്ടിലെ യുണിവേഴ്‌സിറ്റി ഓഫ് വാര്‍വിക് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ ബൃഹത്തായ ഒരു പഠനത്തില്‍ കണ്ടെത്തിയത് ലോകത്തിലെ 20 ശതമാനം ആളുകളും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവരാണന്നത്രെ. 93 ശതമാനം ഇന്ത്യക്കാരും 8 മണിക്കൂര്‍ ഉറക്കമില്ലാത്തവരുടെ പട്ടികയിലുണ്ട്്. അതില്‍ 58 ശതമാനം ആളുകളും പറയുന്നത് ഉറക്കമില്ലായ്മ അവരുടെ ജോലിയെ കാര്യമായി ബാധിക്കുന്നവെന്നാണ്.
നെതര്‍ലാന്‍ഡ്‌സിലെ ജനങ്ങളാണ് ഏറ്റവും കൂടുതല്‍ ഉറങ്ങുന്നവരത്രെ. ഒരാള്‍ക്ക് കുറഞ്ഞത് 8 മണിക്കൂര്‍ സമയം ഉറക്കം ആവശ്യമാണ്. നെതര്‍ലാന്‍ഡ്‌സിലെ ജനങ്ങള്‍ ചുരുങ്ങിയത് 8 മണിക്കൂറും 12 മിനിറ്റും ഉറങ്ങുന്നവരാണ്. സിംഗപ്പൂരിലും ജപ്പാനിലുമുള്ളവരാണ് ഉറക്കത്തില്‍ പിന്നില്‍ 7 മണിക്കൂറും 24 മിനിട്ടുമാണ് അവരുടെ ഉറക്കസമയം.

ഉറക്കം കെടുത്തുന്ന വില്ലന്മാരുടെ പട്ടികയില്‍ മുഖ്യസ്ഥാനം ജോലിസ്ഥലത്തെ ടെന്‍ഷനാണ്. ജീവിതശൈലി, മദ്യപാനം, പുകവലി, അമിതമായ ഭക്ഷണം, കുടുംബബന്ധങ്ങളിലെ അസ്വസ്ഥതകള്‍, അവിഹിതബന്ധങ്ങള്‍ ഇങ്ങനെ ഉറക്കെകെടുത്തുന്ന വില്ലന്മാര്‍ വേറെയും ഉണ്ട്. ഇപ്പോള്‍ ഉറക്കം കവരുന്നതില്‍ മുമ്പന്തിയിലാണ് സോഷ്യല്‍ മീഡിയയും ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളും. അവ തലയ്ക്കരികില്‍ വെക്കാതെ ഉറക്കം വരാത്തവരാണ് ന്യൂജന്മാരിലധികവും.

ആഗോളതലത്തില്‍ ഉറക്കമില്ലായമ വലിയൊരു പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണത്രെ. ഉറക്കം ആരോഗ്യം തകര്‍ക്കുമെന്നു മാത്രമല്ല, ആക്‌സിഡന്റുകള്‍ക്കും തെറ്റായ തീരുമാനങ്ങള്‍ക്കുമൊക്കെ കാരണമാകും. ഡയബറ്റീസ്, അമിത വണ്ണം, ഹൈപ്പര്‍ ടെന്‍ഷന്‍ എന്തിന് കാന്‍സര്‍ പോലും ക്ഷണിക്കപ്പെടാത്ത അതിഥികളായി ഉറക്കമില്ലായ്മയുടെ മറവില്‍ നമ്മുടെ ശരീരത്തില്‍ കയറിപറ്റിയേക്കാം. ഉറക്കം വിലകൊടുത്തുവാങ്ങുന്നവരുടെ എണ്ണം കൂടിവരികയാണത്രെ. നിത്യവും ഉറക്കഗുളിക വാങ്ങിക്കഴിക്കുന്നവര്‍ക്ക് വലിയ വില കൊടുക്കേണ്ടിവന്നേക്കാമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

കുറെ നേരം കിടന്ന് അങ്ങ് ഉറങ്ങിയിട്ടെന്തുകാര്യം എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. നന്നായി ചിന്തിക്കുന്നതിനും പഠിക്കുന്നതിനും നല്ല തീരുമാനങ്ങളെടുക്കുന്നതിനും നല്ലതുപോലെ പ്രതികരിക്കുന്നതിനും നന്നായി ഉറങ്ങിയേ പറ്റൂ. ഉറക്കം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യുമന്‍ സയന്‍സസ് നടത്തിയ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു. ഉറക്കക്കുറവ് തലച്ചോറിലെ ചില ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുമത്രെ. വിഷാദം ആത്മഹത്യാപ്രവണത തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ക്കും ഉറക്കക്കുറവ് കാരണമായേക്കാം.

ഇനിയും ഉറക്കം വരാത്തവര്‍ക്ക് നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ നല്‍കുന്ന ഉപദേശമുണ്ട്: ദിവസവും വ്യായാമം ചെയ്യുക, കൃത്യസമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക, ടെലിവിഷനും മൊബൈലും ബെഡ്‌റൂമില്‍ സ്ഥാനം കൊടുക്കാതിരിക്കുക, ബെഡ്‌റൂം നല്ല ഉറക്കം ലഭിക്കുന്നവിധത്തില്‍ ക്രമീകരിക്കുക. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് മദ്യവും അമിതമായ ഭക്ഷണവും ഒഴിവാക്കുക.
ഇതു വായിച്ചപ്പോഴേക്കും നിങ്ങള്‍ക്ക് ഉറക്കം വരുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാനാണ്.

You might also like

Leave A Reply

Your email address will not be published.