ഉടച്ചുവാര്‍ത്ത ജീവിതം

48

കുട്ടികള്‍ക്കായുളള സ്‌കൂള്‍-കോളജ് വാഹനങ്ങളൊന്നും വ്യാപകമല്ലാത്ത കാലമായിരുന്നു അത്. ഇരുചക്രവാഹനങ്ങളും ചുരുക്കം. അതിനാല്‍ വൈകുന്നേരം സ്‌കൂള്‍ വിടുമ്പോള്‍ ബസുകാരുടെ ചങ്ക് കത്തും. ഒരു പള്ളിക്കൂടം മൊത്തം കാണും റോഡില്‍. എന്നിട്ടും സ്‌കൂള്‍ കുട്ടികളെ കയറ്റാതെ പോകാന്‍ നിയമമില്ല. തിരക്കിനിടയില്‍ സാമര്‍ഥ്യവും കയ്യൂക്കുമുള്ള കുറെപ്പേര്‍ കയറിപ്പറ്റും. ബാക്കിയുള്ളവര്‍ അടുത്ത ബസിനായി കാത്തുനില്‍ക്കും. എല്ലാ ബസിന്റെയും അവസ്ഥ ഇതുതന്നെ. തിരക്കിലേക്ക് നുഴഞ്ഞ് കയറി കുട്ടികള്‍ എങ്ങനെയും വീടെത്തും.
”ഞങ്ങളന്ന് കയറിയ ബസും നല്ല തിരക്ക് തന്നെയായിരുന്നു. പത്തുനൂറ് പേരെങ്കിലുമുണ്ടാകുമെന്നാണ് തോന്നുന്നത്. കുട്ടികള്‍ കൂടി കയറിയതോടെ ബസ് തിങ്ങി നിറഞ്ഞു. വണ്ടി ഇടക്ക് ബ്രേക്കിടുമ്പോഴൊക്കെ കുട്ടികളില്‍ ചിലര്‍ ആര്‍പ്പുവിളിക്കും. കാരണം ആടിയുലഞ്ഞാണല്ലോ ബസ് മുന്നോട്ട് പോകുന്നത്…”
ഉപ്പുതോട് നടന്ന ബസ് അപകടത്തെക്കുറിച്ച് പറയുമ്പോള്‍ കീരിത്തോട് പുളിമൂട്ടില്‍ രാജന്റെ മനസിലിന്നും അന്നത്തെ ദൃശ്യമുണ്ട്. പാവനാത്മ കോളജില്‍ പ്രീഡ്രിഗ്രിക്ക് പഠിക്കുകയായിരുന്നു രാജനന്ന്. ക്ലാസുകഴിഞ്ഞപ്പോള്‍ തന്നെ രാജനും കൂട്ടുകാരും ബസ് സ്റ്റോപ്പിലേക്ക് ഓടി. തിങ്ങിനിറഞ്ഞ ബസിലൂടെ എങ്ങനെയെങ്കിലും ഉള്ളില്‍ നൂണ്ട് കയറാന്‍ രാജന് നല്ല മിടക്കുണ്ട്. കൂട്ടുകാരില്‍ മിക്കവരും ഡോറിനടുത്ത് നില്‍ക്കുമ്പോഴും രാജന്‍ ഉള്ളില്‍ കടന്നിട്ടുണ്ടാകും. അന്ന് ചാടിക്കയറി പതിവുപോലെ തിങ്ങി ഞെരുങ്ങി ഡോറിനും സീറ്റിനുമിടയില്‍ നില്പുറപ്പിച്ചു. അത് സുരക്ഷിതമായൊരിടമാണ്. ബ്രേക്കിട്ടാലും താഴെപോകുമെന്ന് പേടിക്കണ്ട. ഡോറിനടുത്തുള്ള കമ്പിയിലും മുറുകെ പിടിക്കാം. വഴിയോരക്കാഴ്ചകളും കാണാം. അങ്ങനെ വാഹനം ആടിയുലഞ്ഞ് മുന്നോട്ട് പോയി. എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ല. മണ്‍തിട്ടയിടിഞ്ഞ് അഗാധതയിലേക്ക് മറിയുന്നത് ഇന്നുമോര്‍മ്മയിലുണ്ട്. ഒരുമിന്നല്‍.. വാഹനമൊരു കറക്കം. കൂട്ടനിലവിളി.. പറന്നുപോകുന്ന പച്ചപ്പുകള്‍… മണ്‍കൂമ്പരാങ്ങള്‍…ഇന്നുമതൊക്കെയാണ് തെളിയുന്നത്. എങ്ങനെയോ പുറത്തേക്ക് തെറിച്ച് വീണു. എല്ലായിടത്തും നിലവിളിമാത്രമാണ് ഉയര്‍ന്നിരുന്നത്. ഇതിനിടയില്‍ ചോരയില്‍ കുളിച്ച കുറെപ്പേരെ എടുത്തുകൊണ്ടു പോകുന്ന കാഴ്ചയും കണ്ടു. ആരൊക്കെയോ മരിച്ചുവെന്നും പറയുന്നത് കേട്ടു. ശരീരം മുഴുവന്‍ വേദനയിലാണ്ടു കിടക്കുകയായിരുന്നു ഞാന്‍. എന്റെ കാലിനെന്തോ ഒടിവോ ചതവോ പറ്റിയിട്ടുണ്ടാവും. മറ്റൊന്നും സംഭവിച്ചിട്ടില്ലെന്നാണ് കരുതിയത്. അതിനാല്‍ എന്റെ കൈപിടിക്കാനെത്തിയവരോട് ഞാന്‍ തനിയെ എണീല്‍ക്കാമെന്ന് പറഞ്ഞുനോക്കി. എങ്കിലും അവരെന്നെ എണീല്‍പ്പിച്ചു നടത്താന്‍ നോക്കി.പക്ഷേ, കാര്യങ്ങള്‍ അത്രയൊന്നും എളുപ്പമായിരുന്നില്ല. എഴുന്നേല്‍ക്കാനോ നില്‍ക്കാനോ കഴിയാതെ ശരീരം കുഴഞ്ഞുപോകുന്നു. ഒരുപക്ഷേ, വീഴ്ചയുടെ ആഘാതത്തില്‍ സംഭവിച്ചതാകാം. ആശുപത്രിയിയില്‍നിന്നും ചികിത്സ കഴിയുമ്പോള്‍ എല്ലാം പഴയപടിയാകും. കൂടെയുള്ളവര്‍ ആശ്വസിപ്പിച്ചു. അങ്ങനെയാണ് ഇടുക്കി ജില്ലാ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ അവിടെകൊണ്ടൊന്നും കാര്യങ്ങള്‍ തീര്‍ന്നില്ല. കോട്ടയം മെഡിക്കല്‍ കോളജിലും ചെത്തിപ്പുഴ ആശുപത്രിയിലും ചികിത്സിച്ചു, ഒടുവില്‍ ചക്രക്കസേരയിലേക്ക് വിധി പറിച്ചു നട്ടു.
”ഇതുതന്നെ മഹാ അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. അന്ന് അപകടത്തില്‍ നിന്നും ജീവനോടെ തിരികെ വരാന്‍ കഴിഞ്ഞത് അനുഗ്രമല്ലേ? ഇന്നുമതുകൊണ്ട് എനിക്ക് ജീവിതം ഭാരമായി തോന്നിയിട്ടില്ല…” രാജന്റെ വാക്കുകളില്‍ പ്രത്യാശ മാത്രം.
അച്ഛന്‍ സഹദേവനും അമ്മ സരോജിനിയും എനിക്ക് തുണയായി എപ്പോഴുമുണ്ട്. സഹോദരന്‍ മനോജ് അലുമിനിയം ഫേബ്രിക്കേഷന്റെ ജോലി ചെയ്താണ് കുടുംബം നയിക്കുന്നത്. എങ്കിലും ഇന്നും കുടുംബത്തില്‍ നിന്നും ലഭിക്കുന്ന പിന്തുണയും സ്‌നേഹവും എന്റെ എല്ലാ വേനദകളെയും ഇല്ലാതാക്കുന്നു.
‘ഇടക്കിടക്കുണ്ടാകുന്ന ശാരീരിക വേദനകളും യൂറിനല്‍ ഇന്‍ഫെക്ഷനുമൊക്കെ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. അപ്പോഴെല്ലാം ദൂരെയുള്ള കോലഞ്ചേരി ആശുപത്രിയിലേക്ക് പോകുകയാണ് പതിവ്. ഈയിടെയും മൂത്രത്തില്‍ പഴുപ്പും ശരീത്തിനാകെ വേദനയുമുണ്ടായി. ആശുപത്രിയില്‍ നിന്നും തിരിച്ച് വീട്ടിലെത്തിയപ്പോള്‍ നല്ലൊരു സംഖ്യ ചെലവായി.” രാജന്റെ മുഖത്ത് ഇപ്പോഴും ചിരിമാത്രം.
അപകടമുണ്ടായ നാളില്‍ പലരും സര്‍ക്കാരില്‍ നിന്നും നല്ലൊരു ഫണ്ട് കിട്ടുമെന്നൊക്കെ പറഞ്ഞു. ഞങ്ങളും അങ്ങനെയൊക്കെ പ്രതീക്ഷിച്ചു. എന്നാല്‍ സര്‍ക്കാരില്‍നിന്ന് കിട്ടിയത് ചെറിയൊരു തുക മാത്രമായിരുന്നു. ഇതിനോടകം ചികിത്സക്ക് തന്നെ ലക്ഷക്കണക്കിന് രൂപ ചെലവമായി. ആരോടും പരാതിയും പരിഭവവമില്ല. എല്ലാത്തിനും ഒരു സമയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍..”
പുറത്തേക്ക് വലിയ സഞ്ചാരമൊന്നുമില്ലാത്തയാളാണ് ഞാന്‍. ഇടക്ക് ആശുപത്രിയിലൊന്ന് പോകും. പത്രവും മാസികയും വാട്‌സാപ്പുമൊക്കെയുണ്ട്. ലോകകാര്യങ്ങളെല്ലാം ഇതിലൂടെ അറിയാമല്ലോ..
68 വയസുള്ള അച്ഛനെ ചൂണ്ടിക്കാട്ടി രാജന്‍ തുടര്‍ന്നു.”ഒരു പ്രശ്‌നമുള്ളത് അച്ഛന്റെ കൈകള്‍ക്ക് എന്നെ കോരിയെടുക്കാനുള്ള ശക്തി കുറഞ്ഞു എന്നുള്ളതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അച്ഛനാണ് എന്നെ കോരിയെടുത്ത് വീല്‍ച്ചെയറിലിരുത്തുന്നതും ആശുപത്രിയില്‍ കൊണ്ടുപോകുന്നതുമെല്ലാം. അന്നൊന്നും അച്ഛന് പ്രശ്‌നമില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ കാലം പോവുകയല്ലേ, ശരീരം അച്ഛനെ അനുസരിക്കാതെ വരുന്നു..” മനസിലെ ദുഃഖമെല്ലാം വാക്കിലൊളിപ്പിക്കാന്‍ രാജന്‍ പാടുപെട്ടു.
ചെറിയൊരു വേദനയുണ്ടാകുമ്പോഴും ഞാന്‍ ചിരിക്കുകയേയുള്ളൂ. പുറമേ ഒരിക്കലും കരയാറില്ല. പക്ഷേ എന്റെ മുഖം കാണുമ്പോള്‍ അമ്മക്കറിയാം എന്റെ വേദനകളെന്തെന്ന്. വയറിനുണ്ടാകുന്ന വേദനകള്‍ മൂലം ഞാന്‍ വല്ലാതെ അസ്വസ്ഥനാകും. അപ്പോഴേക്കും ആശുപത്രിയില്‍ പോകാതെ മാര്‍ഗമില്ലെന്നാകും. ഞാന്‍ ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തുന്നതുവരെ അമ്മ വിശ്രമിക്കില്ല. ഈ തിണ്ണയില്‍ മിഴിയടക്കാതിരിക്കും. നൂറ് പ്രാവശ്യം വിളിക്കും. മാതാപിതാക്കളുടെ കരുതലിന്റെ സുഖം എന്നെപ്പോലെ ഇപ്പോള്‍ അനുഭവിക്കുന്ന മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല. എന്താണ് ആവശ്യമെന്ന് അവര്‍ മനസില്‍ തന്നെ ഗ്രഹിച്ചറിയുന്നു. വായിക്കാന്‍ പുസ്തകങ്ങളുണ്ട്. കാണാ ന്‍ ടിവയും. മൊബൈലില്‍ ധാരാളം സ്‌നേഹിതരുണ്ട്. അവരൊക്കെ എന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതൊക്കെയല്ലേ, ഏറ്റവും വലിയ സന്തോഷം. അച്ഛന് തീരെ വയ്യാതെ വരുമ്പോള്‍ സഹായത്തിന് വരുന്നത് പിതൃസഹോദര പുത്രന്‍ സിജുവാണ്. അവന് എന്നെ എടുത്തുകൊണ്ട് പോകാന്‍ വലിയ വിഷമമൊന്നുമില്ല. എന്താവശ്യം പറഞ്ഞാലും അവന്‍ ഉടന്‍ തന്നെ അത് സാധിക്കുകയും ചെയ്യും. സ്‌നേഹിക്കുന്ന ഇവരൊക്കെ എന്റെ ചുറ്റുമുണ്ട് എന്നതല്ലേ പുണ്യം?
ജീവിതം ഉടച്ചുവാര്‍ത്ത ദൈവത്തിന് നന്ദിമാത്രം. രാജനും സുജാതയും പറഞ്ഞത് അങ്ങനെയാണ്. ചെറിയൊരു പ്രതിസന്ധിയില്‍പോലു മനസ് ഇടറുന്നവര്‍ ഇവരുടെ ജീവിതം പാഠപുസ്‌കമാക്കണം.

You might also like

Leave A Reply

Your email address will not be published.