ഈ ഈച്ചയെ അറിയുമോ ?

128

ആധുനിക ചെറുകഥയുടെ അഗ്രഗാമികളിലൊരാളായ കാതറിന്‍ മാന്‍സ്ഫീല്‍ഡിന്റെ ‘ദ ഫ്‌ളൈ’ എന്ന ചെറുകഥ പരിചയപ്പെടാം. ന്യൂസിലണ്ടുകാരിയായ മാന്‍സ്ഫീല്‍ഡിന്റെ സാഹിത്യപ്രവര്‍ത്തനം വികസിച്ചതും ഫലമണിഞ്ഞതും യുകെയില്‍ എത്തിയ ശേഷമാണ്. ജെയിന്‍ ഓസ്റ്റിന് സമാനമായി വ്യക്തിപരായ അനുഭവപ്രപഞ്ചത്തിനുള്ളില്‍ നിന്നു കൊണ്ട് രചനകള്‍ നിര്‍വഹിച്ച മാന്‍സ്ഫീല്‍ഡിന്റെ കാവ്യാത്മകമായ ഗദ്യശൈലി അവരെ ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് പ്രിയങ്കരിയാക്കി.
ബഹുവിധ വ്യാഖ്യാന സാധ്യതകളുമായി ചിറകു വിരിച്ചു നില്‍ക്കുന്ന കഥയാണ് മാന്‍സ്ഫീല്‍ഡിന്റെ ദ ഫ്‌ളൈ (ഈച്ച) . 1922 ല്‍ വിരചിതമായ ഈ കഥയില്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ ദുരന്തപശ്ചാത്തലം ഒരു അടിയൊഴുക്കായി പായുന്നത് സൂക്ഷ്മ ദര്‍ശനത്തില്‍ നമുക്ക് കാണാം. യുദ്ധത്തില്‍ അനാവൃതമാകുന്ന മനുഷ്യന്റെ ക്രൂരതയേയും നിസംഗതയേയുമെല്ലാം അതിസൂക്ഷ്മമെങ്കിലും അതീവ തീവ്രമായ ബിംബങ്ങളാല്‍ മാന്‍സ്ഫീല്‍ഡ് സൂചിപ്പിക്കുന്നുണ്ട്. മനുഷ്യത്വവും ഹൃദയത്തിലെ അലിവും വാര്‍ന്നു പോകുന്ന നമ്മുടെ കാലത്തും ഈ കൃതി പ്രസക്തമാകുന്നത് അതു കൊണ്ടാണ്.
ഫ്‌ളൈ ആരംഭിക്കുന്നത് രണ്ടു വയോധികരുടെ സംഭാഷണങ്ങളിലൂടെയാണ്. വുഡിഫീല്‍ഡ് എന്ന വൃദ്ധനും, അയാള്‍ ബോസ് (യജമാനന്‍) എന്ന് മാത്രം വിളിക്കുന്ന കഥയിലെ കേന്ദ്രകഥാപാത്രവുമായുള്ള സംഭാഷണത്തിലൂടെ. വാര്‍ദ്ധക്യസഹജമായ അവശതകളുമായി ബോസിനെ കാണാന്‍ എത്തിയ വുഡിഫീല്‍ഡ് തന്നേക്കാള്‍ അഞ്ച് വയസ്സ് കൂടുതലുള്ള ബോസ്സിന്റെ ആരോഗ്യവും സുസ്ഥിതിയും കണ്ട് അമ്പരക്കുന്ന വാചകത്തോടെ കഥ ആരംഭിക്കുന്നു. രോഗങ്ങളേറെയുള്ള വുഡിഫീല്‍ഡ് ഒരു വിധത്തില്‍ പറഞ്ഞാല്‍ കരുതലുള്ള ഭാര്യയുടെയും പെണ്‍മക്കളുടെയും സ്‌നേഹത്തടവറയിലാണ്. ആഴ്ചയില്‍ ഒരു ദിവസമേ – ചൊവ്വാഴ്ചകളില്‍ മാത്രം – അയാള്‍ക്ക് വിടിന് പുറത്തു
പോകാനും സുഹൃത്തുക്കളെ കാണാനും അനുവാദമുള്ളൂ!
തന്റെ നവീകരിച്ച ഓഫീസിന്റെ അലങ്കാരങ്ങള്‍ വുഡിഫീല്‍ഡിന് കാട്ടിക്കൊടുക്കുകയാണ് ബോസ്സ്. പുതിയ കാര്‍പ്പെറ്റ്… ഫര്‍ണിച്ചര്‍… ഇലക്ട്രിക് ഹീറ്റിംഗ്… അങ്ങനെ. അതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഫ്രെയിമിട്ടു സൂക്ഷിച്ചിരിക്കുന്ന ഒരു യുവാവിന്റെ ചിത്രത്തെക്കുറിച്ച് യാതൊന്നും സംസാരിക്കാതിരിക്കാന്‍ ബോസ് മനപ്പൂര്‍വം ശ്രമിക്കുകയാണെന്നു തോന്നി.
വുഡിഫീല്‍ഡിന് സംസാരിക്കാനുണ്ടായിരുന്നതും അയാളെ കുറിച്ച് തന്നെ. പക്ഷേ, മനസ്സ് പാകപ്പെടുന്നില്ല. എന്നാല്‍, ബോസ് വച്ചു നീട്ടിയ വിസ്‌കി അയാളുടെ ചേതനയേയും ഓര്‍മയേയും ഉണര്‍ത്തുന്നു. തന്റെ പെണ്‍മക്കള്‍ ആയിടെ ബല്‍ജിയത്തിലേക്ക് നടത്തിയ യാത്രയെക്കുറിച്ച് വിസ്‌കിയുടെ ലഹരിയില്‍ വുഡിഫീല്‍ഡ് വാചാലനാകുന്നു. അവിടെ അവര്‍ ബോസിന്റെ മകനായ റെജിയുടെ ശവകുടീരം സന്ദര്‍ശിച്ചതിനെ കുറിച്ച് പറഞ്ഞ നിമിഷം ബോസ്സിന്റെ മുഖത്ത് ഒരു മിന്നല്‍ പോലെയാണ് ഭാവമാറ്റം സംഭവിച്ചത.് പക്ഷേ വുഡിഫീല്‍ഡ് ശ്രദ്ധിച്ചില്ല. പൂക്കള്‍ വിടര്‍ന്നു നിന്ന ശവകുടീരങ്ങളെക്കുറിച്ചും ശ്മശാനത്തിനു നടുവിലെ വിസ്താരമേറിയ വഴിത്താരകളെക്കുറിച്ചും, ഒരു പാത്രം ജാമിന് ഹോട്ടല്‍ നടത്തിപ്പുകാര്‍ പത്ത് ഫ്രാന്‍ക് വാങ്ങിയതിലെ അനീതിയെ കുറിച്ചുമെല്ലാം വുഡിഫീല്‍ഡ് ആവേശപൂര്‍വം വിവരിച്ചു കൊണ്ടേയിരുന്നു…
വിവരണങ്ങളും വിസ്‌കിയും അവസാനിപ്പിച്ച് വുഡിഫീല്‍ഡ് യാത്ര പറഞ്ഞു പോയതിന് ശേഷം ബോസ് തനിച്ചായി. നെഞ്ചില്‍ കനല്‍ മൂടിക്കിടന്ന ആഴത്തിലുള്ളൊരു മുറിവാണ് വുഡിഫീല്‍ഡിന്റെ വാക്കുകള്‍ ചാരം നീക്കി പുറത്തേക്കിട്ടത്. ആറ് വര്‍ഷം! ആറ് വര്‍ഷം മുമ്പ് യുദ്ധമുഖത്തു വച്ചു കൊല്ലപ്പെട്ട മകന്‍ റെജി! മുറിവിന്റെ പുകച്ചില്‍ അസഹ്യമായപ്പോള്‍ ബോസ് തന്റെ ക്ലെര്‍ക്കിനെ വിളിച്ച് ആജ്ഞ കൊടുത്തു: ‘ഇനി അരമണിക്കൂര്‍ നേരത്തേക്ക് ആരെയും അകത്തേക്ക് കടത്തി വിടരുത്!’
തന്റെ കനത്ത ദേഹം സ്പ്രിംഗ് ചെയറിലേക്ക് ഇറക്കി വച്ച് അയാള്‍ കൈകള്‍ കൊണ്ട് മുഖം മറച്ചിരുന്നു. ഒന്ന് കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍…!
ആറ് വര്‍ഷമായി അയാള്‍ അവനെ കുറിച്ചുള്ള ഓര്‍മകളെ കുഴിച്ചു മൂടിയിട്ട്. ആ മറവിയുടെ മേല്‍ അയാളുടെ ജീവിതം ഒഴുകുകയായിരുന്നു, സ്വച്ഛം! വുഡിഫീല്‍ഡിന്റെ വാക്കുകള്‍ അയാളുടെ നെഞ്ചിനെയാണ് കുത്തിത്തുറന്നത്. മകനേ എന്ന് വിളിച്ച് കരയാന്‍ അയാള്‍ ആശിച്ചു. കണ്ണീരിന്റെ ഒരു മഹാപ്രവാഹത്തിന് ഒരു പക്ഷേ അയാളുടെ ഉള്ളില്‍ ഉറഞ്ഞു കിടക്കുന്ന ദുഃഖത്തിന്റെ ഹിമമേരുക്കളെ കഴുകിക്കളയാന്‍ കഴിഞ്ഞേക്കും. പക്ഷേ കണ്ണീര് വരുന്നില്ല!
മിടുക്കനായിരുന്നു, മകന്‍. എപ്പോഴും പ്രസന്നവദനനായവന്‍. പുഞ്ചിരിക്കുന്നവന്‍. പ്രിയങ്കരന്‍. യുദ്ധത്തിന് മുമ്പുള്ള ഒരു വര്‍ഷം തന്റെ ഓഫീസില്‍ അവന്‍ പരിശീലനത്തിനായി ചെലവഴിച്ച നാളുകളില്‍ അപ്പനും മകനും ഒരുമിച്ചാണ് ഓരോ ദിനവും ആരംഭിച്ചിരുന്നത്. ഒരേ തീവണ്ടിയില്‍ മടങ്ങി വന്നു. മകന്റെ അപ്പന്‍ എന്ന നിലയില്‍ ഏറെ പ്രശംസയും താന്‍ ഏറ്റു വാങ്ങിയ നാളുകള്‍!
അന്നൊരു നാള്‍, ക്ലാര്‍ക്ക് മേസി കൊണ്ടു വന്ന ടെലിഗ്രാം വായിച്ചപ്പോള്‍ സകലതും തകര്‍ന്ന് തന്റെ മേല്‍ പതിക്കുന്നതായി അയാള്‍ക്ക് തോന്നി. അവന്റെ ദാരുണാന്ത്യം കുറിക്കുന്ന വരികള്‍. ആറ് വര്‍ഷം കഴിഞ്ഞു പോയിരിക്കുന്നു! അയാള്‍ തന്റെ മുന്നിലിരിക്കുന്ന റെജിയുടെ ഫോേട്ടായിലേക്ക് നോക്കി. അതിലെ ഗൗരവഭാവം അവന് ചേരുന്നില്ല. ഇങ്ങനെയല്ല അവന്റെ സ്ഥായീഭാവം. അത് പ്രസന്നഭാവമാണ്, അയാള്‍ മനസ്സിലോര്‍ത്തു.
പൊടുന്നനെ അയാള്‍ അത് ശ്രദ്ധിച്ചു: ഒരു ഈച്ച മഷിക്കുപ്പിയില്‍ വീണു പോയിരിക്കുന്നു! ചിറക് അനക്കാനാവാതെ പ്രാണവേദനയാല്‍ അത് നിലവിളിക്കുന്നതു പോലെ അയാള്‍ക്കു തോന്നി. അയാള്‍ ഉടനെ ഒരു പേനയെടുത്ത് മഷിക്കുപ്പിയില്‍ താഴ്ത്തി, ഈച്ചയെ പുറത്തെടുത്ത് ഒരു ഒപ്പുകടലാസില്‍ കുടഞ്ഞിട്ടു. ചിറകില്‍ പറ്റിയിരുന്ന മഷി കുഞ്ഞുകാലുകള്‍ കൊണ്ട് കുടഞ്ഞ് ഈച്ച സ്വയം സ്വതന്ത്രനാകാന്‍ ശ്രമിച്ചു. ചിറകുകള്‍ സ്വതന്ത്രമായപ്പോള്‍ അത് കാല്‍ത്തുമ്പില്‍ ഊന്നി നിന്നു. ഒരു കുഞ്ഞു പൂച്ചയെ പോലെ മുഖം വൃത്തിയാക്കി. അപകടം അവസാനിച്ചല്ലോ എന്ന ആശ്വാസത്തില്‍ അത് സ്വാതന്ത്ര്യത്തിലേക്ക് പറക്കാന്‍ ഒരുങ്ങി നിന്ന നേരം ബോസ്സിന്റെ തലയില്‍ തലതിരിഞ്ഞ ഒരു കുസൃതി തോന്നി. അയാള്‍ പേന വീണ്ടും മഷിക്കുപ്പിയില്‍ ആഴ്ത്തി, ഒരു വലിയ
തുള്ളി മഷി ഈച്ചയുടെ മേല്‍ കുടഞ്ഞിട്ടു!
ഈച്ച എന്തു ചെയ്യാന്‍! ആദ്യം ചെയ്തതിനേക്കാള്‍ പ്രയാസപ്പെട്ട് അത് മഷി നീക്കാന്‍ ബദ്ധപ്പെട്ടു. അതിന്റെ ശ്രമങ്ങളില്‍ ക്ഷീണം വ്യക്തമായിരുന്നു. എങ്കിലും തോറ്റു കൊടുക്കാതെ അത് മഷി നീക്കുക തന്നെ ചെയ്തു. ഇവന്‍ ഒരു കൊച്ചു തെമ്മാടി തന്നെ! എന്ന് മനസ്സില്‍ പറഞ്ഞും അതിന്റെ വീര്യത്തെ അഭിനന്ദിച്ചു അയാള്‍ വീണ്ടും ആ ദ്രോഹം ആവര്‍ത്തിച്ചു. അനക്കുന്നുണ്ട്! കാലുകള്‍ അനക്കുന്നുണ്ട്. അത് കണ്ടപ്പോള്‍ അയാള്‍ക്ക് സമാധാനമായി. പക്ഷേ, ഈച്ച യഥാര്‍ത്ഥത്തില്‍ മൃതപ്രായനായിരുന്നു. എല്ലാ ശക്തിയുമെടുത്ത് അത് മഷി വകഞ്ഞു മാറ്റി സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണം തുടര്‍ന്നു. ഒരു വിധത്തില്‍ മഷിയില്‍ നിന്നു ഈച്ച വിമുക്തനായി എന്ന് കണ്ടപ്പോള്‍ ബോസ് വീണ്ടും പേന മഷിക്കുപ്പിയിലേക്ക് ആഴ്ത്തിയിട്ട് മനസ്സില്‍ പറഞ്ഞു: ‘ഈയൊരൊറ്റത്തവണ കൂടി. അവസാനമായി ഒരു തവണ!’
ആ മഷിത്തുള്ളി തുടച്ചു നീക്കാന്‍ ഈച്ചയില്‍ ജീവന്‍ ബാക്കിയുണ്ടായിരുന്നില്ല! ‘വാ! ശ്രമിക്ക്! പെട്ടെന്ന്!’ എന്നെല്ലാം ബോസ് ആജ്ഞാപിച്ചെങ്കിലും ജീവനറ്റ ഈച്ച നിശ്ചലനായി കിടന്നു. ആ പ്രാണിയുടെ ജഡം പേന കൊണ്ട് തോണ്ടിയെടുത്ത് അയാള്‍ വേസ്റ്റ് ബാസ്‌കറ്റിലേക്ക് എറിഞ്ഞു. പക്ഷേ, ആ നിമിഷത്തില്‍ അയാള്‍ക്ക് ഒരു ഉള്‍ക്കിടിലമുണ്ടായി. താന്‍ ഒരു നികൃഷ്ടനാണെന്ന ബോധത്തില്‍ അയാള്‍ വിറഞ്ഞു. അയാള്‍ ക്ലാര്‍ക്കിന് ബെല്ലടിച്ചു. ‘പുതിയ ഒപ്പു കടലാസ് കുറച്ചു കൊണ്ടുവാ! പെട്ടെന്ന്!’ ക്ലാര്‍ക്ക് വന്നപ്പോള്‍ അയാള്‍ പറഞ്ഞു. ക്ലാര്‍ക്ക് പോയപ്പോള്‍ അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു, താന്‍ എന്താണ് അതിനു മുമ്പ് ചിന്തിച്ചു കൊണ്ടിരുന്നതെന്ന്. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് അത് ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.

You might also like

Leave A Reply

Your email address will not be published.