ഇനി ഫുഡ് വെസ്റ്റ് ആകില്ല

ബാക്കിയായ ഭക്ഷണം അല്‍പം പരീക്ഷണങ്ങള്‍ നടത്തി പുത്തന്‍ സ്വാദില്‍ വിളമ്പിയാലോ?

213
  • ബാക്കി വന്ന ചോറില്‍ അല്‍പം ഉപ്പ്, മഞ്ഞള്‍പ്പൊടി, ജീരകം, മുളകുപൊടി എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ ഒന്ന് അരച്ചെടുക്കുക. ഇതു സേവനാഴിയില്‍ നിറച്ചു മുറുക്കുണ്ടാക്കുന്ന അച്ചിട്ട് എണ്ണ തടവിയ പാത്രത്തില്‍ പിഴിയുക. വെയിലത്തു വച്ചുണക്കി സൂക്ഷിക്കുക. ആവശ്യാനുസരണം എണ്ണയില്‍ വറുത്തെടുക്കാം.
  • മിച്ചം വന്ന ചോറില്‍ സവാളയും മല്ലിയിലയും മുളകുപൊടിയും പച്ചമുളകും ഉപ്പും ചേര്‍ത്തു യോജിപ്പിക്കുക. ഇതിലേക്കു ചോറിന്റെ അതേ അളവില്‍ കടലമാവും ചേര്‍ത്തു കുഴച്ച് പക്കോട തയാറാക്കും പോലെ എണ്ണയില്‍ വറുത്തു കോരുക. ചോറു കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്കും ഈ വിഭവം ഇഷ്ടമാകും. ഇറച്ചിക്കറി ബാക്കി വന്നാലും അതിലെ കഷണങ്ങള്‍ എടുത്തു പിച്ചിക്കീറി ഇതുപോലെ പക്കോട തയാറാക്കാം. ചിക്കന്‍ കഷണങ്ങള്‍ അവസാനം ചേര്‍ക്കണമെന്നു മാത്രം.
  • ചപ്പാത്തി മിച്ചം വന്നാല്‍ സമോസ ലീഫ് ആക്കി മാറ്റാം. ചപ്പാത്തി ആവിയില്‍ വച്ചെടുത്ത് നീളത്തില്‍ മുറിക്കണം. ഇതില്‍ ഫില്ലിങ് വച്ചു സമോസ മടക്കുന്നതു പോലെ മടക്കി വശങ്ങള്‍ മൈദ പേസ്റ്റ് കൊണ്ടൊട്ടിച്ച് എണ്ണയില്‍ വറുത്തെടുക്കാം.
  • ഇഡ്ഡലി ബാക്കി വന്നാല്‍ രുചിയുള്ള ഉപ്പുമാവു തയാറാക്കാം. എണ്ണ ചൂടാക്കി കടുകും വറ്റല്‍മുളകും ഇഞ്ചിയും സവാളയും മൂപ്പിച്ച് മഞ്ഞള്‍പ്പൊടിയും ഇഡ്ഡലി പൊടിച്ചതുമിട്ടു ചിക്കിയെടുക്കുക. അല്‍പം തേങ്ങ ചുരണ്ടിയതു കൂടി ചേര്‍ത്ത് ഇളക്കി വാങ്ങാം.
  • പ്രാതല്‍ വിഭവങ്ങളെ ലഞ്ച് ബോക്‌സ് വിഭവമാക്കി മാറ്റാന്‍ ഈ ഒറ്റ മസാല റെസിപ്പി ഓര്‍ത്താല്‍ മതി. എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവാള, ഉപ്പ് എന്നിവ ചേര്‍ത്തു വഴന്നു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ പാകത്തിനു ചേര്‍ക്കുക. തക്കാളി പൊടിയായി അരിഞ്ഞതും കറിവേപ്പിലയും മല്ലിയിലയും ചേര്‍ത്തു വെള്ളമയമില്ലാതെ വാങ്ങുക. ഈ മസാലയില്‍ ഇഷ്ടമുള്ള പച്ചക്കറികളോ മുട്ട ചിക്കിപ്പൊരിച്ചതോ പാകം ചെയ്ത ഇറച്ചിക്കഷണങ്ങളോ ചെമ്മീനോ ചേര്‍ത്തിളക്കുക. ഇതിലേക്ക് പുട്ടോ, ഇടിയപ്പമോ, ഇഡ്ഡലിയോ പൊടിച്ചു ചേര്‍ക്കാം. ചപ്പാത്തി, അപ്പം, ദോശ ഇവയാണു ചേര്‍ക്കുന്നതെങ്കില്‍ പൊടിയായി അരിഞ്ഞു ചേര്‍ക്കണം.

Leave A Reply

Your email address will not be published.