ആരോഗ്യപൂര്‍ണ്ണമാക്കാം ഭക്ഷണശീലങ്ങള്‍

ഹാന്‍സി ജെയിംസ് (ഡയറ്റീഷന്‍)

17,431
ജീവൻ്റെഅടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതായിരിക്കണം ഭക്ഷണം. നമ്മുടെ അവയവങ്ങളെയും കോശങ്ങളെയും ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സമീകൃതാഹാര രീതിക്ക് സാധിക്കും.കാര്‍ബോഹൈഡ്രേറ്റ്(അന്നജം), പ്രോട്ടീന്‍ (മാംസ്യം), ഫാറ്റ്(കൊഴുപ്പ്), വിറ്റമിന്‍(ജീവകം), മിനറല്‍(ധാതുക്കള്‍) അതുപോലെ തന്നെ ജലം എന്നിവയുടെ ശരിയായ അളവിലുള്ള ലഭ്യതക്കുറവ് പലരോഗങ്ങള്‍ക്കും കാരണമായേക്കാം. കുട്ടികളില്‍ വളര്‍ച്ചക്കുറവ്, പഠനവൈകല്യങ്ങള്‍, ഏകാഗ്രതക്കുറവ്, ക്ഷീണം എന്നിവയ്ക്കും കാരണമാകാം.
നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം
ആരോഗ്യം എന്നാല്‍ ശാരീരികമായും മാനസികമായും രോഗം ഇല്ലാത്ത അവസ്ഥയാണ്. ഇന്ന് പലരും മരിക്കുന്നത് ആയുസ് എത്തിയിട്ടല്ല, ജീവിത രീതികളിലെ വ്യതിയാനം കൊണ്ടാണ്. ശരിയായ ആരോഗ്യത്തിന് കൃത്യമായ ഭക്ഷണശീലമാണ് ആവശ്യം.ദിനം പ്രതി നാം ചോദിക്കുന്നതും നമ്മോട് ചോദിക്കുന്നതുമായ വാചകമാണ് ‘ഭക്ഷണം കഴിച്ചോ’ എന്ന്. സത്യത്തില്‍ എന്താണ് ഭക്ഷണം? വിശക്കുമ്പോള്‍ കയ്യില്‍ക്കിട്ടുന്നത് എന്താണന്നുപോലും നോക്കാതെ കഴിക്കുന്നതാണോ നല്ല ഭക്ഷണം. അതോ തീന്‍ മേശയില്‍ നിറയ്ക്കുന്ന വിലകൂടിയ ഭക്ഷണ സാധനങ്ങളോ? ഇവയൊന്നുമല്ല.നാം കഴിക്കുന്ന പദാര്‍ത്ഥങ്ങളില്‍ നിന്ന് നമ്മുടെ ശരീരസംരക്ഷണത്തിനാവശ്യമായ പോഷകങ്ങള്‍ കൃത്യമായ അളവില്‍ ലഭിക്കുന്നതിനെ ആണ് ആഹാരം എന്നുപറയുന്നത്.അന്നജം, മാംസ്യം,കൊഴുപ്പ്, ജീവകം, ധാതുക്കള്‍ എന്നിവയാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍. അതുപോലെ തന്നെ ഒഴിവാക്കാന്‍ പറ്റാത്ത മറ്റൊരു ഘടകമാണ് വെളളം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഈ പോഷകങ്ങളെല്ലാം യഥക്രമം നമ്മുടെ ശരീരത്തില്‍ ലഭിക്കുന്ന രീതീയില്‍ ആവണം ഭക്ഷണം തയ്യാറാക്കാനും കഴിക്കാനും. കൃത്യസമയത്ത് കഴിക്കേണ്ടണ്ട രീതിയില്‍ മിതമായ അളവില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് നല്ല ആരോഗ്യം ഉണ്ടാകുന്നത്.
ആരോഗ്യകരമായ പാചകം
ആരോഗ്യകരമായ ഭക്ഷണത്തിന് ആരോഗ്യകരമായ പാചകം ആവശ്യമാണ്. ഇത് പ്രയാസമേറിയ ഒന്നല്ല. ഇതിന് നിങ്ങള്‍ ഒരു ഷെഫാകണമെന്നുമില്ല. അടുക്കളയില്‍ വിലകൂടിയ പാചക സംവിധാനങ്ങള്‍ വേണമെന്നില്ല. ആരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യപ്രദമായ രീതിയില്‍ പാചകം ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്.അജിനോമോട്ടോ, ഫുഡ് കളറുകള്‍ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണ സാധനങ്ങള്‍ പാചകമേശയില്‍ നിന്നും നിര്‍ബന്ധമായും ഒഴിവാക്കണം. ഉപ്പ്, എണ്ണ, മസാലകള്‍ എന്നിവ വളരെ മിതമായി ഉപയോഗിക്കുക. പച്ചക്കറികള്‍ പാകം ചെയ്യാനെടുക്കുന്ന സമയം കുറയ്ക്കുക. കൂടുതല്‍ സമയം ഭക്ഷണം വേവിക്കുമ്പോള്‍ ഗുണവും രുചിയും കുറയും.പഴങ്ങള്‍, പച്ചക്കറികള്‍ കുറഞ്ഞത് അരമണിക്കൂര്‍ എങ്കിലും ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത ലായനിയില്‍ ഇട്ടുവെച്ച ശേഷം മാത്രം ഉപയോഗിക്കുക.ആഹാരത്തിന് ഒരു മണിക്കൂര്‍ മുമ്പോ, ശേഷമോ മാത്രമേ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ പാടുള്ളു. ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപ്രക്രിയയില്‍ വലിയ പങ്കുവഹിക്കുന്നു. ദഹനം സാവധാനത്തില്‍ ആകുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നില്ല.
ആഹാര ക്രമീകരണം കുട്ടികളില്‍
ആഹാരക്രമീകരണം ഓരോ പ്രായത്തിലുള്ളവര്‍ക്കും വ്യത്യസ്തമാണ്. കുഞ്ഞുങ്ങള്‍ക്ക് ഒരു വയസ്സുവരെ മുലപ്പാല്‍ മാത്രമാണ് അഭികാമ്യം എങ്കിലും ആറ് മാസം കഴിഞ്ഞാല്‍ ചെറിയ തോതില്‍ ആഹാരം കൊടുത്തു തുടങ്ങാം (കുറുക്കുപോലുള്ളവ). കുഞ്ഞിനായി മാത്രം പാത്രങ്ങള്‍ മാറ്റിവെച്ച് അതില്‍ ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കണം. സില്‍വര്‍ പാത്രത്തില്‍ ആഹാരം കൊടുക്കുകയാണെങ്കില്‍ രോഗം വരാതെ സംരക്ഷിക്കാം. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് സദാസമയം ആഹാരം കൊടുക്കേണ്ടതില്ല. നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാതിരിക്കുക. ഇത് കുഞ്ഞുങ്ങള്‍ ഭക്ഷണം വെറുക്കാന്‍ കാരണമാകും.10 മാസം ആകുമ്പോള്‍ മുട്ട കൊടുക്കാം. കാടമുട്ടയാണ് ഗുണകരം. ഇവയാതൊരുവിധത്തിലുമുള്ള അലര്‍ജിയും കുഞ്ഞുങ്ങളില്‍ ഉണ്ടാക്കുകയില്ല. ദിവസം ഒരു മുട്ട കൊടുത്താല്‍ മതിയാകും. രാവിലെയോ ഉച്ചയ്‌ക്കോ മാത്രമേ മുട്ടകൊടുക്കാന്‍ പാടുള്ളു. രാത്രി നല്‍കിയാല്‍ ദഹനപ്രക്രിയയില്‍ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. കുഞ്ഞ് ഉറങ്ങുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് ഭക്ഷണം നല്‍കണം. ഉറക്കത്തില്‍ അസ്വസ്ഥത (തിരിഞ്ഞും മറിഞ്ഞും കിടക്കുക, മൂളല്‍, ഞരക്കം) പ്രകടിപ്പിക്കുന്നു എങ്കില്‍ ദഹനം നന്നായി നടന്നില്ല എന്നുവേണം കരുതാന്‍. ഉണക്കമുന്തിരി തലേന്ന് വെള്ളത്തില്‍ ഇട്ട് രാവിലെ മുന്തിരിവെള്ളം നല്‍കുന്നത് വയറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും രക്തം ഉണ്ടാകാ നും സഹായിക്കുന്നു. കുഞ്ഞിന് ഭക്ഷണം നല്‍കുന്ന തിടുക്കത്തില്‍ വെള്ളം കൊടുക്കുവാന്‍ മറന്നുപോകരുത്. തിളപ്പിച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, കഞ്ഞിവെള്ളം, പരിപ്പ് വേവിച്ച വെള്ളം എന്നിവ നല്‍കാം. കുഞ്ഞിന് ഭക്ഷണത്തില്‍ നെയ്യ് ഉപയോഗിക്കുന്നതിന് പകരം വെളിച്ചെണ്ണ ചേര്‍ത്ത് നല്‍കുന്നതാണ് ആരോഗ്യപ്രദം.
ഫാസ്റ്റ് വേണ്ട
മുതിര്‍ന്ന കുട്ടികളെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കണം. ഈ കാലഘട്ടത്തില്‍ ജങ്ക് ഫുഡിൻ്റെ ഉപയോഗം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ജങ്ക് ഫുഡ് എന്നാല്‍ വളരെ കുറച്ച് കലോറിയും (അന്നജം) മാംത്സ്യവും പരിധിക്കപ്പുറം എണ്ണയും നിറഞ്ഞ അപകടകാരിയായ ഒരു ഭക്ഷണമാണ്. ഫാസ്റ്റ് ഫുഡില്‍ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന യാതൊന്നും ഇല്ല. ഫാസ്റ്റ് ഫുഡിൻ്റെ  ഉപയോഗമാണ് നന്നേ ചെറുപ്പത്തില്‍ തന്നെ പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നതിനുള്ള ഒരു കാരണം. ആണ്‍കുട്ടികളില്‍ ഉന്മേഷമില്ലായ്മ, അമിതവണ്ണം തുടങ്ങിയവയും കണ്ടുവരുന്നു. ഇവയൊന്നും ഉപയോഗിക്കരുതെന്നല്ല മറിച്ച്, വല്ലപ്പോഴും മാത്രം ഉപയോഗിക്കുക.
ആകര്‍ഷകമാക്കാം ഭക്ഷണം
പച്ചക്കറികള്‍ കഴിക്കുവാനാണ് കുട്ടികള്‍ക്ക് താത്പര്യം ഇല്ലാത്തത്. അതിനായി അവരെ ആകര്‍ഷിക്കുന്ന വിധത്തില്‍ അവ നല്‍കാന്‍ ശ്രദ്ധിക്കുക. ഉദാഹരണമായി കാരറ്റ് കഴിക്കാന്‍ മടികാണിക്കുമ്പോള്‍ അവ ആകര്‍ഷണിയമായ പൂവിൻ്റെയോ മറ്റോ ആകൃതിയില്‍ മുറിച്ച് നല്‍കുക. കുട്ടികള്‍ തനിയെ എടുത്ത് കഴിച്ചുകൊള്ളും. ഇലവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ മടികാണിക്കുമ്പോള്‍ രുചികരമായ രീതിയില്‍ ചിക്കനിലോ മുട്ടയിലോ ചേര്‍ത്ത് നല്‍കാം. ജീവകം എ ധാരാളമുള്ളവയാണ് ഇലക്കറികള്‍.പച്ചക്കറികളോടൊപ്പം പഴവര്‍ഗ്ഗങ്ങളും കഴിക്കുക. ദിവസവും ഒരു നെല്ലിക്ക കഴിക്കാന്‍ ശ്രമിക്കണം. കാരണം അഞ്ച് ഓറഞ്ചിന് തുല്യമാണ് ഒരു നെല്ലിക്ക കഴിക്കുന്നത്. അതുപോലെ ജീവകം എ,സി എന്നിവയുടെ കലവറയാണ് നെല്ലിക്ക. ഇരുമ്പ് ധാരാളമായി ഇവയില്‍ അടങ്ങിയിട്ടുണ്ട്.പഴങ്ങള്‍ പാനീയങ്ങള്‍ ആക്കി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ അവയുടെ നല്ലഭാഗം എന്നറിയപ്പെടുന്ന നാരുകള്‍ മുഴുവനായും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. നാരുകള്‍ നഷ്ടമാകുമ്പോള്‍ ഫ്രക്ടോസ്എന്നറിയപ്പെടുന്ന അപകടകാരിയായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ തലച്ചോറില്‍ എത്തി, തലച്ചോറിലെ ഹൈപ്പോതലാമസ് ഉത്തേജിപ്പിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
മുതിര്‍ന്നവരിലെ ആഹാര ക്രമീകരണം
വളര്‍ന്നുവരുന്നവര്‍ കഴിക്കേണ്ട രീതിയിലല്ല പ്രായമായവര്‍ കഴിക്കേണ്ടത്. വാര്‍ദ്ധക്യകാലത്ത് ദഹനം കുറവുള്ള സമയമാണ്. കലോറി കുറഞ്ഞ ഭക്ഷണമാണ് അഭികാമ്യം. പ്രോട്ടീന്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. മീന്‍ എല്ലാ ദിവസവും ഉപയോഗിക്കാം. എണ്ണയും തേങ്ങയും ഉപ്പും പരമാവധി കുറയ്ക്കണം. എല്ലിനും പേശികള്‍ക്കും ബലം കുറയുന്ന കാലഘട്ടമാണിത്.പാല്‍, തൈര്, മുട്ടവെള്ള എന്നിവ ഉപയോഗിക്കാം. ആര്‍ത്തവ വിരാമം ആയവര്‍ ചേന,മത്തങ്ങ, സോയാബീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അച്ചാറുകളുടെ ഉപയോഗം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. അമിതമായി അച്ചാറുകള്‍ ഉപയോഗിക്കുമ്പോള്‍ മൂത്രത്തിലൂടെ ശരീരത്തിൻ്റെ കാത്സ്യം നഷ്ടപ്പെടാന്‍ കാരണമാകുന്നു.അസിഡിറ്റി ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക. ചായ, കാപ്പി എന്നിവ അസിഡിക് ആണ്. നമ്മുടെ ശരീരം 70 ശതമാനം ആല്‍ക്കലൈനും 30 ശതമാനം അസിഡിക്കുമാണ്. ചായ,കാപ്പി എന്നിവയുടെ ഉപയോഗം ആല്‍ക്കലൈന്‍ സ്വഭാവം നഷ്ടപ്പെടുത്തി ആസിഡിൻ്റെ അവസ്ഥ കൂട്ടാന്‍ കാരണമാകുന്നു. നിര്‍ബന്ധമാണെങ്കില്‍ കരിപ്പെട്ടി, ശര്‍ക്കര എന്നിവ ഉപയോഗിക്കാം. ഇവ ആല്‍ക്കലൈന്‍ സ്വഭാവം ഉള്ളവയാണ്.

You might also like