” അമ്മ “- എത്ര ശ്രേഷ്ഠമാണീ പദം

അബ്ദുള്‍ സമദ്  സമദാനി 

43

ഇന്ന് അമ്മയെ വീട്ടില്‍നിന്ന് ആട്ടിപുറത്താക്കുന്നവരൊക്കെ വിവരമില്ലാത്തവരും വിദ്യാഭ്യാസമില്ലാത്തവരുമാണെന്ന് ധരിക്കരുത്. അവരൊക്കെ വലിയ ബഹുമതികളുടെ അക്ഷരക്കൂട്ടങ്ങള്‍ സ്വന്തം പേരിന് പിന്നില്‍ എഴുതിവെക്കുന്നവരും ഉന്നതസോപാനങ്ങളില്‍ കഴിയുന്നവരുമാണ്. എന്നാല്‍ സ്വന്തം മാതാവിനെ തിരിച്ചറിയാന്‍ വേണ്ടത് സമ്പത്തല്ല, ആത്മജ്ഞാനമാണ്. സ്‌നേഹത്തിന്റെ ജ്ഞാനമാണ്. യഥാര്‍ത്ഥ പ്രശ്‌നമായി എനിക്ക് തോന്നുന്നത് സ്‌നേഹശൂന്യതയാണ്. അതില്‍ നിന്നാണ് വര്‍ഗീയത  ഉണ്ടാകുന്നത, ഭീകരവാദം ഉണ്ടാകുന്നത്. അതെ, അതില്‍നിന്നാണ് മാതാവിനെ ആട്ടിപ്പുറത്താക്കാനുള്ള അവസരം ഉണ്ടാകുന്നത്. അതില്‍നിന്നാണ് പ്രായമായ അച്ഛനെ അവഗണിക്കാനുള്ള മനോഭാവം വളരുന്നത്.

‘മാതാവിന്റെ കാല്‍ച്ചുവട്ടിലാണ് സ്വര്‍ഗം’ എന്ന് പ്രവാചകന്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് പ്രായമെത്തിയാല്‍ അവരോട് ‘ഛെ!’ എന്ന വാക്കുപോലും പറയരുതെന്നും ഖുറാന്‍ വിലക്കിയിട്ടുണ്ട്. ഛെ എന്ന ഒരു വാക്ക് മതി അവരുടെ മനസിന് വേദന സൃഷ്ടിക്കാന്‍. കുഞ്ഞുബാല്യത്തിലേക്ക് ഒന്നുകൂടി മടങ്ങാം. നാം രാത്രി ഉറങ്ങിക്കിടക്കുമ്പോഴാകാം നമ്മുടെ  പിതാവ് ജോലികഴിഞ്ഞ് ക്ഷീണിതനായി വന്നത്. അര്‍ദ്ധരാത്രിക്കുശേഷം തൊട്ടിലില്‍ക്കിടക്കുന്ന എന്നെയോ നിങ്ങളെയോ നോക്കി അമ്മയോട് അച്ഛന്‍ ചോദിക്കുന്നത്, ”എന്റെ മോന്‍ ഉറങ്ങിയോ?” എന്നാകും. ‘എന്റെ മോന്‍’-ഈ ലോകത്തില്‍ പരിഭാഷ  ഇല്ലാത്ത പദങ്ങളിലൊന്നാണത്. ”കുഞ്ഞ്  ഉറങ്ങി”യെന്ന് അമ്മ സ്‌നേഹത്തോടെ പറഞ്ഞിട്ടുണ്ടാകാം. അപ്പോള്‍ പിതാവ് തൊട്ടിലില്‍നിന്ന് നമ്മെ വാരിയെടുത്ത് മൂക്കോട് ചേര്‍ത്ത് ചുംബിച്ചത്, കവിളത്തും ശിരസിലും നെറ്റിയിലുമല്ല. കുഞ്ഞിക്കാലുകള്‍ മൂക്കോട് ചേര്‍ത്തുവെച്ചാണ് ആ പാവപ്പെട്ട മനുഷ്യന്‍ വിതുമ്പിയത്. അങ്ങനെയൊരു സ്‌നേഹത്തിന്റെ മുഹൂര്‍ത്തം ഓര്‍മ്മയുണ്ടെങ്കില്‍ കേരളത്തിലെ വൃദ്ധസദനങ്ങള്‍ മുഴുവന്‍ അടച്ചിടാനും അവിടെയുള്ള വൃദ്ധ മാതാപിതാക്കളെ സ്വന്തം വീടുകളിലേക്ക് കൂട്ടിക്കൊണ്ടുപോകാനും ഇവിടുത്തെ മക്കള്‍ക്ക് സാധിക്കുമായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു.

You might also like

Leave A Reply

Your email address will not be published.