അടിമത്വത്തില്‍ നിന്ന് ഉന്നതിയിലേക്ക്

65

ആരുടെയും ഔദാര്യത്തിലല്ല സ്വപ്രയത്‌നത്തിലാണ് നമ്മുടെ അസ്ഥിത്വവും അന്തസുമെന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന ബുക്കര്‍ ടി. വാഷിംഗ്ടണ്‍.

അടിമയില്‍ നിന്നും ലോകം വാഴ്ത്തുന്ന ജീനിയസിലേക്കുള്ള ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ വളര്‍ച്ച ചരിത്രതാളുകളില്‍ സ്വര്‍ണലിപികളിലാണ് ആലേഖനം ചെയ്തിരിക്കുന്നത്. അത് വരും തലമുറകള്‍ അറിയേണ്ടതും പാഠമാക്കേണ്ടതുമാണ്. അടിമത്തത്തില്‍ നിന്നും ഉന്നതിയിലേക്കുള്ള പടവുകള്‍ ആ മനുഷ്യന്‍ ചവിട്ടി കയറിയത് അത്ര എളുപ്പത്തിലായിരുന്നില്ല. പലകുറി വീണും മുറിവേറ്റും തന്നെയാണ്.
ജനന തിയ്യതി ഇല്ലാത്ത മനുഷ്യന്‍
ബുക്കര്‍ ടി. വാഷിംഗ്ടണ്‍ ജനിച്ചതെന്നാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയല്ല. അത് അദ്ദേഹത്തിനുപോലും അറിയില്ല എന്നതാണ് സത്യം. ബുക്കര്‍ ടി വാഷിംഗ്ടണ്‍ തന്റെ ആത്മകഥയായ അപ് ഫ്രം സ്ലേവറിയില്‍ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ജനന തിയ്യതിയോ ജനനസ്ഥലമോ എനിക്ക് കൃത്യമായി പറയാന്‍ കഴിയില്ല. ഏതെങ്കിലുമൊരു സ്ഥലത്ത് ഏതെങ്കിലുമൊരു ദിവസം എന്നു ഞാന്‍ കരുതുന്നു. 1858 ലോ 1859 ലോ ഞാന്‍ ജനിച്ചു എന്നു പറയാം.’
ഏകാന്തതയും നിരാശയും ദുരന്തങ്ങളും നിറഞ്ഞ ചുറ്റുപാടിലായിരുന്നു ബുക്കര്‍ തന്റെ ജീവിതം ആരംഭിച്ചത്. അടിമചന്തയില്‍ അടിമകളെ വാങ്ങാനെത്തിയ ഒരാള്‍ക്ക് ബുക്കറിന്റെ അമ്മ ആകര്‍ഷണീയയായി തോന്നി. അങ്ങനെ അയാള്‍ ബുക്കറിന്റെയും സഹോദരങ്ങളുടെയും ഉടമസ്ഥനായി മാറി. അടുത്ത കൃഷിയിടത്തിലെ വെള്ളക്കാരനാണ് തന്റെ അച്ഛനെന്ന് പറഞ്ഞുകേട്ട അറിവ് മാത്രമേ ബുക്കറിന് ഉണ്ടായിരുന്നുള്ളു. ചോളം പൊടിക്കുന്നതിനായി മില്ലില്‍ കൊണ്ടുപോകുന്നതായിരുന്നു ബാല്യത്തില്‍ ബുക്കറിനെ ഏല്‍പ്പിച്ചിരുന്ന ജോലി. യജമാനന്റെ കൊച്ചുമക്കളുടെ പുസ്തകങ്ങള്‍ ചുമന്ന് അവരെ സ്‌കൂളില്‍ എത്തിക്കേണ്ട ചുമതലയും ബുക്കറിനായിരുന്നു. വെള്ളക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്ലാസ്സ്മുറിയില്‍ പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിത്രം അവന്റെ മനസ്സില്‍ ആഴത്തിലുള്ള നഷ്ടബോധം ഉണ്ടാക്കി. യജമാനന്റെ വീട്ടില്‍ ഭക്ഷണസമയത്ത് തീന്‍മേശയിലെ ഈച്ചകളെ ആട്ടിയോടിക്കേണ്ട ജോലിയും ബുക്കറിനായിരുന്നു. ഒഴിഞ്ഞ വയറുമായി വിഭവസമൃദ്ധമായ തീന്‍മേശയിലേക്ക് നോക്കി നിസ്സഹായനായി നില്‍ക്കാന്‍ മാത്രമേ ആ അടിമബാലന് അനുവാദമുണ്ടായിരുന്നുള്ളു.

സ്വാതന്ത്ര്യത്തിലേക്ക്

ആഭ്യന്തര യുദ്ധം അവസാനിച്ചു. അടിമകള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ദിവസം വന്നു. അക്കാലത്ത് വെര്‍ജീനിയായിലെ ഏറ്റവും വലിയ വ്യവസായം ഉപ്പുഖനനമായിരുന്നു. ബുക്കറിന്റെ രണ്ടാനച്ഛന് അവിടെ ഉപ്പു ചൂളയിലായിരുന്നു ജോലി. അദ്ദേഹം അവിടേക്ക് ബുക്കറിനെയും അമ്മയേയും സഹോദരങ്ങളെയും കൊണ്ടുപോയി. രണ്ടാനച്ഛന്‍ ബുക്കറിനെയും സഹോദരനെയും ഒരു ഉപ്പുചൂളയില്‍ ജോലിക്ക് കയറ്റി. എല്ലാ ദിവസവും വെളുപ്പിന് നാല് മണിക്ക് ആരംഭിക്കുന്ന അത്യധ്വാനമുള്ള ജോലിയായിരുന്നു അത്.
ഉപ്പു ചൂളയില്‍ ജോലി ചെയ്യുന്ന സമയത്താണ് പുസ്തകങ്ങളിലൂടെയുള്ള പഠനം ബുക്കര്‍ ആരംഭിക്കുന്നത്. ഉപ്പു നിറയ്ക്കുന്ന ഓരോരുത്തരുടെയും വീപ്പകളില്‍ ഓരോ പ്രത്യേക നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. രണ്ടാനച്ഛന് അനുവദിച്ചിരുന്ന നമ്പര്‍ 18 ആയിരുന്നു. ഓരോ ദിവസത്തേയും ജോലി അവസാനിക്കുമ്പോള്‍ ഉപ്പു നിറയ്ക്കുന്ന ജോലിക്കാരുടെ ബോസ് വന്ന് ബുക്കറിന്റെയും സഹോദരന്റെയും
വീപ്പകളില്‍ 18 എന്ന് രേഖപ്പെടുത്തുമായിരുന്നു. താമസിയാതെ ഈ നമ്പര്‍ എവിടെ കണ്ടാലും അത് തിരിച്ചറിയാനുള്ള കഴിവ് ബുക്കര്‍ നേടി. കുറച്ചുനാളുകൂടി കഴിഞ്ഞപ്പോള്‍ ആ സംഖ്യ എഴുതാനും ബുക്കറിന് കഴിയുമെന്നായി.എങ്കിലും അതെല്ലാതെ മറ്റൊരു സംഖ്യയും ബുക്കറിന് അറിയില്ലായിരുന്നു. പക്ഷെ, പഠിക്കണമെന്നുള്ള ആഗ്രഹം അവന്റെ ഉള്ളില്‍ ഊണിലും ഉറക്കത്തിലും അലയടിച്ചുകൊണ്ടിരുന്നു. അമ്മയായിരുന്നു ബുക്കറിന് എല്ലാക്കാര്യത്തിലും പിന്തുണ. നിരക്ഷരയായിരുന്നെങ്കിലും അവര്‍ക്ക് മക്കളെക്കുറിച്ച് വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബുക്കറിന്റെ ആവശ്യപ്രകാരം അവര്‍ അവന് ഒരു പഴയ ബുക്കിന്റെ കോപ്പി വാങ്ങി നല്‍കി. ആ പുസ്തകത്തില്‍ അക്ഷരമാലയും മയ,യമ,രമ,റമ എന്നിങ്ങനെ അര്‍ത്ഥമില്ലാത്ത വാക്കുകളുമായിരുന്നു ഉണ്ടായിരുന്നത്. ആരുടെയും സഹായമില്ലാതെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടതന്നെ ബുക്കര്‍ ആ പുസ്തകം മുഴുവന്‍ ഹൃദ്യസ്ഥമാക്കി.

ആയിടക്കാണ് നീഗ്രോ കുട്ടികള്‍ക്കുവേണ്ടി ഒരു സ്‌കൂള്‍ അവരുടെ നാട്ടില്‍ തുടങ്ങിയത്. പക്ഷെ, ആ സ്‌കൂളില്‍ പോകാന്‍ ബുക്കറെ രണ്ടാനച്ഛന്‍ അനുവദിച്ചില്ല. ഉപ്പുചൂളയില്‍ നിന്നും ലഭിക്കുന്ന വരുമാനം വേണ്ടെന്നു വയ്ക്കാന്‍ അയാള്‍ തയാറായിരുന്നില്ല. തന്റെ എല്ലാ മോഹങ്ങളും ഇരുട്ടിലായെങ്കിലും തളരാന്‍ ബുക്കര്‍ തയാറായില്ല. പണ്ടെന്നതിനെക്കാള്‍ ഏറെ തീഷ്ണതയോടെ ബ്ലൂ ബ്ലാക്ക് സ്‌പെല്ലിംഗ് ബുക്കില്‍ എന്തുണ്ടായിരുന്നോ അതു മുഴുവന്‍ നന്നായി
പഠിക്കുന്നതില്‍ അവന്‍ മുഴുകി. സ്‌കൂളില്‍ പോകണമെന്നുള്ള ആഗ്രഹം പാടെ ഉപേക്ഷിക്കാന്‍ ബുക്കര്‍ തയാറായിരുന്നില്ല. ഒടുവില്‍ അവന്റെ ആഗ്രഹത്തിന് മുന്‍പില്‍ രണ്ടാനച്ഛന്‍ വഴിങ്ങി. പക്ഷെ ഒരു കാര്യം നിര്‍ബന്ധമായിരുന്നു. നന്നേ പുലര്‍ച്ചെ ഉണര്‍ന്ന് രാവിലെ ഒമ്പതുമണി വരെ ഉപ്പുചൂളയില്‍ ജോലി ചെയ്തതിന് ശേഷം മാത്രമേ സ്‌കൂളില്‍ പോകാന്‍ പാടുള്ളു. ബുക്കര്‍ അത് സമ്മതിച്ചു.

ഹംപ്ടണിലേക്ക്

കല്‍ക്കരി ഖനിയല്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് അവിടുത്തെ രണ്ടു ജോലിക്കാര്‍ ഒരു വലിയ സ്‌കൂളിനെക്കുറിച്ച് സംസാരിക്കുന്നത് അവന്‍ കേട്ടു. ഹംപ്ടണ്‍ എന്നായിരുന്നു സ്‌കൂളിന്റെ പേര്. വെര്‍ജീനിയയിലെവിടെയോ ആണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി മാത്രമുള്ള ഈ സ്‌കൂള്‍. പാവപ്പെട്ടവരും അര്‍ഹതയുള്ളവരുമായ കുട്ടികള്‍ക്ക് അവിടെ പഠിക്കാം. കുട്ടികള്‍ക്ക് ഭക്ഷണചെലവ് മുഴുവനായോ ഭാഗികമായോ ജോലി ചെയ്തു നേടുന്നതിനൊപ്പം ഏതെങ്കിലും തൊഴിലോ വ്യവസായമോ പഠിക്കുകയും ചെയ്യാം. ഹംപ്ടണ്‍ സ്‌കൂളിനെക്കുറിച്ച് കേട്ടപ്പോള്‍ അവിടെ പോയി പഠിക്കണമെന്ന മോഹം ബുക്കറിനുമുണ്ടായി. അതൊരു സ്വപ്‌നമായി അവന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു.
ഹംപ്ടണില്‍ പോയി പഠിക്കണമെന്നുള്ള തന്റെ ആഗ്രഹം ബുക്കര്‍ ആദ്യം അറിയിച്ചത് അമ്മയെയായിരന്നു. മകന്റെ ആഗ്രഹത്തിന് അവര്‍ പൂര്‍ണ പിന്തുണ നല്‍കി. അവസാനം ഹാംപ്ടണിലേക്ക് പോകുന്ന ആ മഹാദിനം വന്നെത്തി. ഏതാനും വസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ചെറിയ കൈസഞ്ചിയാണ് ബുക്കറിനുണ്ടായിരുന്നത്. ഹംപ്ടണിലേക്ക് ഏതാണ്ട് 500 മൈല്‍ ദൂരമുണ്ട്. യാത്രാക്കൂലി കൊടുക്കാന്‍ കൈയ്യില്‍ പണമില്ല. നടന്നും കുതിരവണ്ടിയിലും കാറിലുമൊക്കെ സൗജന്യയാത്ര അപേക്ഷിച്ച് വാങ്ങിയും കുറേ ദിവസങ്ങള്‍ക്കൊണ്ട് ബുക്കര്‍ വെര്‍ജീനിയയിലെ ഹാംപ്ടണിലെത്തി.

ഹാംപ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രിന്‍സിപ്പളിന്റെ മുമ്പാകെ അഡ്മിഷനെടുക്കാനായി ബുക്കര്‍ ഹാജറായി. വേണ്ടത്ര ഭക്ഷണം കഴിക്കാതെ, കുളിക്കാതെ, വസ്ത്രം മാറാതെ എത്തിയ അവന് പ്രവേശനം നല്‍കാന്‍ പ്രിന്‍സിപ്പള്‍ വിസ്സമ്മതിച്ചു. അദ്ദേഹം അവനോ പുറത്ത് കാത്തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രിന്‍സിപ്പള്‍ ബുക്കറിനെ വിളിച്ചു പറഞ്ഞു: ‘അടുത്ത മുറി തൂത്തുവൃത്തിയാക്കേണ്ടിയിരിക്കുന്നു. ചൂലെടുത്ത് അത് വൃത്തിയാക്കുക.’

ഇതാണ് തന്റെ അവസരമെന്ന് ബുക്കറിന് തോന്നി. ആ വായനാമുറി അവന്‍ മൂന്നു പ്രാവശ്യം തൂത്തു. പിന്നെ പൊടി തുടയ്ക്കുന്ന ഒരു തുണികൊണ്ട് നാലുപ്രാവശ്യം തറ തുടച്ചു. മുറിയിലുണ്ടായിരുന്ന ബഞ്ച്, ഡസ്‌ക്, മേശ തുടങ്ങിയവയും മറ്റ് ഉപകരണങ്ങളും ഭിത്തിയുമെല്ലാം നാലുപ്രാവശ്യം വീതം തുടച്ചു വൃത്തിയാക്കി. ജോലി പൂര്‍ത്തിയാക്കിയപ്പോള്‍ ബുക്കര്‍ ടീച്ചറോട് വിവരം പറഞ്ഞു. ടീച്ചര്‍ എത്തി മുറിപരിശോധിച്ചു. എന്നിട്ട് ശാന്തമായി അവനോട് പറഞ്ഞു: ഈ സ്ഥാപനത്തില്‍ പ്രവേശനം ലഭിക്കാന്‍ നിനക്ക് യോഗ്യതയുണ്ടെന്നു തോന്നുന്നു. ബുക്കറിന് താന്‍ ലോകം കീഴടക്കിയതുപോലെ തോന്നി. തന്റെ ഹാംപ്ടണിലെ പ്രവേശന പരീക്ഷയെക്കുറിച്ച് ബുക്കര്‍ പിന്നീട് തന്റെ ആത്മകഥയില്‍ കുറിച്ചത് ഇങ്ങനെയാണ്: ഞാന്‍ പിന്നീട് പല പ്രവേശന പരീക്ഷകളും പാസ്സായിട്ടുണ്ട്. പക്ഷെ ഞാന്‍ പാസ്സായതില്‍ വെച്ച് ഏറ്റവും മഹത്തായ പരീക്ഷ ഇതായിരുന്നു.

അധ്യാപകന്റെ റോളില്‍

ഹാംപ്ടണിലെ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ബുക്കര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു വന്നു. അവിടെയുള്ള നീഗ്രോകുട്ടികളെ പഠിപ്പിക്കാന്‍ ബുക്കര്‍ നിയോഗിക്കപ്പെട്ടു. ഇതിനിടയില്‍ അലബാമ സംസ്ഥാനത്തുള്ള ചെറുപട്ടണത്തില്‍ ടസ്‌കഗീയില്‍ കറുത്ത വര്‍ഗ്ഗകാര്‍ക്കായി സ്ഥാപിക്കാന്‍ പോകുന്ന വിദ്യാലയത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ ഹാംപ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ജനറല്‍ ആസ്‌ട്രോഗ് ബുക്കര്‍ ടി. വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു.

അധ്യാപകരെ പരിശീലിപ്പിക്കുവാനായി തുടങ്ങിയ ടസ്‌ക്ഗി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരംഭദിനം മുപ്പത് വിദ്യാര്‍ഥികള്‍ പ്രവേശനത്തിനായി വന്നു. ബുക്കര്‍ മാത്രമാണ് അധ്യാപകനായി ഉണ്ടായിരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും എണ്ണത്തില്‍ തുല്യം. ആദ്യ മാസാവസാനത്തോടെ എണ്ണം അമ്പതായി. വേറിട്ട കര്‍മ്മ പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബുക്കര്‍ ടി. വാഷിംഗ്ടണ്‍ നടപ്പിലാക്കിയത്. ഗ്രാമങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളും വരുന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. കൃഷിയെയാണ് ജനങ്ങള്‍ ഉപജീവനത്തിനായി ആശ്രയിക്കുന്നതെന്നും കണ്ടെത്തി. അതിനാല്‍ കൃഷിയില്‍ താല്‍പ്പര്യം ഉണ്ടാക്കിയെടുക്കുന്ന അധ്യാപനമാണ് അവിടെ ആവിഷ്‌കരിച്ചത്. പഠനം പൂര്‍ത്തിയാക്കി മടങ്ങിപ്പോകുന്ന ബിരുദധാരികള്‍ കൃഷിക്ക് പുതിയ ദിശാബോധം നല്‍കുന്ന ആശയങ്ങള്‍ കൃഷി രീതികളില്‍ സന്നിവേശിപ്പിക്കണം, അതു പ്രായോഗികമാക്കി കാണിച്ചു കൊടുക്കണം, ജനങ്ങളുടെ ബൗദ്ധികവും ധാര്‍മ്മികവും സാന്മാര്‍ഗ്ഗീകവും മതപരവുമായ ജീവിതത്തിലേക്ക് നവദര്‍ശനം രൂപപ്പെടുത്തണം ഇതിനെല്ലാമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.

1981 ല്‍ 30 വിദ്യാര്‍ഥികളും ഒരു അധ്യാപകനുമായിരുന്നു ടസ്‌ക്ഗീയയില്‍ ഉണ്ടായിരുന്നത്. അന്ന് ഒരു ഡോളര്‍ വിലയുള്ള ഉപകരണങ്ങള്‍ പോലുമില്ലാതെ പൊളിഞ്ഞു വീഴാറായ ഒരു ചെറ്റക്കുടിലും ഒരു പഴയ കോഴിപ്പുരയുമായിരുന്നു ഉണ്ടായിരുന്നത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം 1901 ല്‍ ടസ്‌ക്ഗീ ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായി 2300 ഏക്കര്‍ സ്ഥലം ഉള്ള വിശാലമായ കാമ്പസായി മാറി. അതില്‍ ആയിരം ഏക്കറില്‍ കൃഷി തുടങ്ങി. ഓരോ വര്‍ഷവും കുട്ടികളുടെ അദ്ധ്വാനം കൊണ്ട് നിര്‍മ്മിച്ചതും അല്ലാത്തതുമായ ചെറുതും വലുതുമായ 66 കെട്ടിടങ്ങള്‍ ഉയര്‍ന്നു. അക്കാദമികവും മതപരവുമായ സമ്പൂര്‍ണ പരിശീലനത്തോടൊപ്പം 32 തൊഴിലുകളുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തുടങ്ങി.
പഠനം കഴിഞ്ഞാല്‍ ഉടനെ ജോലി ഉറപ്പാക്കുന്ന സംവിധാനങ്ങള്‍ വന്നു. വിദ്യാര്‍ഥികളുടെ എണ്ണം 30 ല്‍ നിന്ന് 1400 ആയി ഉയര്‍ന്നു.
ഉന്നതിയിലേക്ക്

1915 ല്‍ മരിക്കുന്നതുവരെ ബുക്കര്‍ ടി. വാഷിംഗ്ടണ്‍ ടസ്‌കഗി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണനിയന്താവായിരുന്നു. അടിമയായാണ് ബുക്കര്‍ ജനിച്ചത്. അടിമയ്ക്ക് കുതിരയുടെയും പന്നിയുടെയും കഴുതയുടെയും വിലയേ അന്നത്തേ അമേരിക്കന്‍ വെളുത്തവര്‍ഗ്ഗം നല്‍കിയിരുന്നുള്ളു. ആ അവസ്ഥയില്‍ നിന്നാണ് ബുക്കര്‍ ടി. വാഷിംഗ്ടണ്‍ ലോകം അംഗീകരിച്ച വിദ്യാഭ്യാസ വിചിക്ഷണനായത്.

1986 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് മാസ്‌റ്റേഴ്‌സ് ബിരുദം നല്‍കി ആദരിച്ചു. ഒരു കറുത്ത വര്‍ഗ്ഗക്കാരന് ലഭിക്കുന്ന അത്തരത്തിലുള്ള പ്രഥമ അംഗീകാരമായിരുന്നു അത്. 1901 ല്‍ ഡാര്‍ട് മൗണ്ട് യൂണിവേഴ്‌സിറ്റി ബുക്കര്‍ ടി. വാഷിംഗ്ടണിനെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.1940 ല്‍ ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ പേരില്‍ അമേരിക്കന്‍ തപാല്‍ വകുപ്പ് ഒരു സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.1951 മുതല്‍ 1954 വരെ അമേരിക്ക പുറത്തിറക്കിയ അര ഡോളര്‍ നാണയത്തില്‍ മുദ്രണം ചെയ്തിരുന്നത് ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ ചിത്രമായിരുന്നു. ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ നൂറാം ജന്മദിനമായിരുന്ന 1956 ഏപ്രില്‍ അഞ്ചിന് അദ്ദേഹം ജനിച്ച വീട് അദ്ദേഹത്തിന്റെ പേരിലുള്ള ദേശീയ സ്മാരകമാക്കി. അമേരിക്കയില്‍ നിരവധി വിദ്യാലയങ്ങള്‍ ബുക്കര്‍ ടി. വാഷിംഗ്ടണിന്റെ പേരില്‍ സ്ഥാപിക്കപ്പെട്ടു.

ബുക്കര്‍ ടി. വാഷിംഗ്ടണ്‍ സ്ഥാപിച്ച ടസ്‌ക്ഗീ ഇന്‍സ്റ്റിറ്റ്യൂട്ട് ഇപ്പോള്‍ ടസ്‌ക്ഗീ യൂണിവേഴ്‌സിറ്റിയാണ്. യൂണിവേഴ്‌സ്റ്റി കാമ്പസിന്റെ മധ്യത്തില്‍ ലിഫിറ്റിംഗ് ദ വെയ്ല്‍ എന്നു പേരിട്ടിരിക്കുന്ന ഒരു സ്മാരകം 1922 ല്‍ സ്ഥാപിച്ചു സമര്‍പ്പിക്കപ്പെട്ടു. അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ബുക്കര്‍ ടി. വാഷിംഗ്ടണ്‍ തന്റെ ജനങ്ങളില്‍ നിന്നും അജ്ഞതയുടെ മൂടുപടം ഉയര്‍ത്തി മാറ്റി. വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും അഭിവൃദ്ധിയിലേക്കുള്ള വഴികാട്ടിത്തന്നു.

ആരുടെയും ഔദാര്യത്തിലല്ല സ്വപ്രയത്‌നത്തിലാണ് നമ്മുടെ അസ്ഥിത്വവും അന്തസുമെന്ന് ജീവിതം കൊണ്ട് കാണിച്ചു തരികയായിരുന്നു ബുക്കര്‍ ടി. വാഷിംഗ്ടണ്‍. ബുക്കര്‍ ടി. വാഷിംഗ്ടണിനെപ്പോലെ വരും തലമുറകളെ ആശ്ചര്യപ്പെടുത്താനുള്ള ദാനവും ദൗത്യവുമാക്കി മാറ്റാം നമ്മുടെ ജീവിതങ്ങളും. അപ്പോഴാണ് ചരിത്രം നമ്മുടേത് കൂടിയാകുന്നത്.

You might also like

Leave A Reply

Your email address will not be published.