ഇങ്ങനെയും ക്ഷമിക്കാമോ?

70

നെപ്പോളിയന്‍ ബോണോപ്പാര്‍ട്ടിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചരിത്രാഖ്യായിക എന്ന നിലയിലാണ് ‘ദി കൗണ്ട് ഓഫ് മൗണ്ടി ക്രിസ്റ്റോ’ അറിയപ്പെടുന്നത്. ഫ്രഞ്ച് എഴുത്തുകാരനായ അലക്‌സാണ്ടര്‍ ഡ്യൂമായുടെ ഈ കൃതി ലോകമെങ്ങുമുള്ള നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
എഡ്മഡ് ഡാന്റേയാണ് ഇതിലെ മുഖ്യകഥാപാത്രം. ഫറവോ എന്ന കപ്പലിന്റെ മുഖ്യ കപ്പിത്താനായി അദ്ദേഹം ചുമതലയേറ്റ കാലമായിരുന്നു അത്. ഒരിക്കല്‍ അദ്ദേഹം പങ്കെടുത്ത വിരുന്നുശാലയിലേക്ക് പോലീസുകാര്‍ ഇരച്ചുകയറി. ഡാന്റെയെ അറസ്റ്റ് ചെയ്യുക. അവരുടെ ലക്ഷ്യം. വിവാഹത്തിനുള്ള അവസാന ഒരുക്കത്തിലായിരുന്നു ഡാന്റേ അപ്പോള്‍. വിവാഹം നടക്കുന്ന ഹാളില്‍ അതിഥികള്‍ തിങ്ങിനിറഞ്ഞിരുന്നു. നിഷ്‌കളങ്കമായി ഡാന്റെ ചുറ്റും കൂടിയവരോടും വധുവിനോടുമായി പറഞ്ഞു. ‘അരമണിക്കൂര്‍ മതിയാകും…ഞാന്‍ പെട്ടെന്ന് എത്തും.’അദ്ദേഹം പോലീസുകാരുടെ കൂടെ നേരെ സ്റ്റേഷനിലേക്ക് പോയി. കനത്ത രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതി അദ്ദേഹത്തെ ജയിലഴികള്‍ക്കുള്ളില്‍ തള്ളി. എത്ര ആലോചിച്ചിട്ടും എന്തിനാണ് തന്നെ ഈ തടവറയില്‍ പാര്‍പ്പിച്ചതെന്ന് അദ്ദേഹത്തിന് തെല്ലും മനസിലായില്ല. മാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക് വഴിമാറിയതോടെ തന്റെ മോചനം ഒരിക്കലും സാധ്യമാകില്ല എന്ന ചിന്ത ഡാന്റെയുടെ ഹൃദയത്തെ തകര്‍ത്തുലച്ചു. തന്റെ കുടുംബത്തെക്കുറിച്ചും പ്രണയിനിയെക്കുറിച്ചും ചിന്തിച്ചപ്പോള്‍ ഒരു ഭ്രാന്തനെപ്പോലെ ഡാന്റെ അലമുറയിട്ടു. അതോടെ അയാളെ ഭ്രാന്തന്മാരെ അടച്ചിരിക്കുന്ന സെല്ലിലേക്ക് മാറ്റി. അവിടെ കഴിയുമ്പോള്‍ മറ്റൊരു തടവുകാരനായ ഫാ.ഫാരിയോയെ ഡാന്റെ കണ്ടുമുട്ടുന്നു. ഒരു തുരങ്കം നിര്‍മ്മിച്ചാല്‍ തടവറയില്‍ നിന്നും കടലിലൂടെ രക്ഷപ്പെടാന്‍ കഴിയുമെന്നായിന്നു ഫാരിയോ അച്ചന്‍ കണക്ക് കൂട്ടിക്കൊണ്ടിരുന്നത.് അദ്ദേഹം അതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. നിഷ്‌കളങ്കനായ ഡാന്റെയുടെ ജീവിതം ഫാരിയോ മനസിലാക്കി. ചിലരുടെ ചതിയും വഞ്ചനയും നിറഞ്ഞ പെരുമാറ്റമാണ് ഡാന്റെയുടെ ജീവിതത്തെ ഇരുളിലാഴ്ത്തിയതെന്ന് ഫാരിയോക്ക് വ്യക്തമായി. ഡാന്റെയുടെ കപ്പിത്താന്‍ പദവിയില്‍ അസൂയ പൂണ്ട നാട്ടുകാരനായ ഡാങ്ക്‌ളര്‍, ഭാവിവധുവായ മേഴ്‌സിയെ വിവാഹം ചെയ്യാന്‍ കാത്തിരുന്ന ഫെര്‍ണാണ്ട് മൊണ്ടിഗോ, അസിസ്റ്റന്റ് പ്രൊസിക്യൂട്ടറായിരുന്ന വില്ലിഫോര്‍ട്ട്, ഡാന്റെയുടെ വീഴ്ച കാണാന്‍ കാത്തിരുന്ന അയല്‍ക്കാരനായ കാദറോസ്… ഇവരെല്ലാമായിരുന്നു ഡാന്റെയുടെ അറസ്റ്റിന് പിന്നില്‍. തളര്‍ന്നുവീണുപോയ ഡാന്റെയുടെ ഹൃദയം കഠിനമായി. എന്നാല്‍ ശാന്തമാകാനും ക്ഷമിക്കാനുമാണ് ഫാരിയ അച്ചന്‍ അയാളോട് മന്ത്രിച്ചത്. തന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മോണ്ടി ക്രിസ്റ്റോ ദ്വീപിലെ വലിയൊരു നിധിശേഖരത്തെക്കുറിച്ചും ഫാ. ഫാരിയ ഡാന്റെയോട് പറഞ്ഞു. പ്രായാധിക്യവും ക്ഷീണവും മൂലം അധികം വൈകാതെ അച്ചന്‍ മരണമടഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതീവ സാഹസികമായി ഡാന്റെ ആ തടവറയില്‍ നിന്നും രക്ഷപ്പെട്ടു. അച്ചന്‍ പറഞ്ഞതുപോലെ അയാള്‍ മോണ്ടിക്രിസ്‌റ്റോ ദ്വീപില്‍ എത്തുകയും നിധി സ്വന്തമാക്കുകയും ചെയ്തു. പിന്നീട് തന്റെ ജന്മദേശത്തേക്കാണ് ഡാന്റെ പോകുന്നത്.
ആദ്യം ഡാന്റെ കണ്ടുമുട്ടുന്നത് അയല്‍ക്കാരനായ കാദറോസിനെയാണ്. ഡാന്റെയെ തിരിച്ചറിഞ്ഞ അയാള്‍ താന്‍ ചെയ്ത പാപമെല്ലാം ഏറ്റുപറഞ്ഞു. പിന്നീടയാള്‍ ഫെര്‍ണാണ്ട് മൊണ്ടിഗോയെ കാണുന്നു. തന്റെ ഭാര്യയെ സ്വന്തമാക്കുകയും വലിയ വിശ്വാസ വഞ്ചന നടത്തുകയും ചെയ്ത അയാളുടെ സാമ്രാജ്യം ഡാന്റെ തകര്‍ത്തുകളഞ്ഞു. തന്റെ ഭര്‍ത്താവാകേണ്ട ഡാന്റെയെ ചതിച്ചത് മൊണ്ടിഗോയാണെന്ന് അറിഞ്ഞതോടെ മേഴ്‌സിയും മകനും അയാളെ വിട്ട് ഓടിപ്പോയി. നാടുമുഴുവന്‍ മൊണ്ടിഗോയെ ചതിയനെന്ന് വിളിക്കാന്‍ തുടങ്ങി. ഡാന്റെയെ തടവറയില്‍ അടയ്ക്കാന്‍ എല്ലാ പഴുതുകളും ഒരുക്കിയ വില്ലിഫോര്‍ട്ടിനോടും ഡാന്റെ ക്ഷമിച്ചു. ‘വില്ലീ, നിങ്ങളോട് ഞാന്‍ ക്ഷമിച്ചിരിക്കുന്നു. ദൈവവും നിങ്ങളോട് ക്ഷമിക്കട്ടെ…’
കള്ള സാക്ഷ്യം പറഞ്ഞ് ഡാന്റെയെ തടവറയിലാക്കിയ ഡാങ്ക്‌ളര്‍ കാര്യങ്ങളെല്ലാം അറിയുന്നുണ്ടായിരുന്നു. തന്റെ മരണം അടുത്തുവെന്ന് ഓര്‍ത്ത് അയാള്‍ പരിഭ്രാന്തനായി. ഡാന്റെയെ നേരിട്ട് കണ്ടതോടെ അയാള്‍ ചത്തതിന് തുല്യമായി. ഒന്നും ചെയ്യാതെ ഞാന്‍ നിന്നോട് ക്ഷമിക്കുന്നു എന്ന് മാത്രം പറഞ്ഞ് ഡാന്റെ അവിടെനിന്നും കടന്നുപോകുന്നു.
ക്ഷമയെക്കുറിച്ച് ഇത്രയേറെ വിശദമായി എഴുതിയ മറ്റൊരു സാഹിത്യ കൃതി ലോകത്ത് ഉണ്ടാവില്ല.

You might also like

Leave A Reply

Your email address will not be published.