ഡോക്ടറാകാന്‍ പഠിച്ച് രാഷ്ട്രീയക്കാരന്‍ ആയപ്പോള്‍

റിന്റു ജോൺ

1,814

ര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന യുവാവിനെത്തേടി ഒരു കത്ത് വന്നു. ആ കത്തിലെ വരികള്‍ ഇങ്ങനെ യായിരുന്നു:നീ നിൻ്റെ ഡോക്ടര്‍ പഠനം നന്നായി മുന്നോട്ട് കൊണ്ടു പോകുന്നു എന്നറിഞ്ഞതില്‍ സന്തോഷം. മെഡിസിനില്‍ നീ ഉപരിപഠനം നടത്തണം. അതിന് എൻ്റെ എല്ലാ പിന്തുണയുമുണ്ടാകും. മയക്കുമരുന്ന്, മദ്യം മുതലായ ലഹരിപദാര്‍ഥങ്ങള്‍ക്കൊന്നും നീ വശംവദനായിട്ടില്ല എന്നു കേട്ടതില്‍ സന്തോഷമുണ്ട്.
സ്നേഹപൂര്‍വം, ബാപ്പ.

ഈ കത്തെഴുതിയ ബാപ്പ കേരള രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവായിരുന്ന സി.എച്ച് മുഹമ്മദ് കോയയും കത്ത് കൈപ്പറ്റിയ മകന്‍ മുന്‍മന്ത്രിയായ ഡോ.എം.കെ മുനീര്‍ എം.എല്‍.എ യുമായിരുന്നു. സി.എച്ച് മുഹമ്മദ് കോയയ്ക്ക് തൻ്റെ മകന്‍ കാര്‍ഡിയാക് സര്‍ജറികള്‍ പോലുള്ള സര്‍ജറികള്‍ നടത്തുന്ന പ്രഗല്‍ഭനായ ഒരു ഡോക്ടര്‍ ആകണമെന്നായി രുന്നു ആഗ്രഹം. എന്നാല്‍ കാലം ആ മകനായി കാത്തുവെച്ചിരുന്നത് മന്ത്രിപദവും ജനസേവനവുമായിരുന്നു. ബാപ്പയുടെ ആഗ്രഹംപോലെ ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയെങ്കിലും ഒരു മുഴുനീള രാഷ്ട്രീയ ക്കാരൻ്റെ കുപ്പായമാണ് ഡോ.എം.കെ മുനീര്‍ അണിഞ്ഞത്. രാഷ്ട്രീയത്തിനപ്പുറം അദ്ദേഹത്തിനു ചുറ്റും വലിയൊരു ലോകമുണ്ട്.     ആ ലോകത്തില്‍ അദ്ദേഹം ഗായകനും എഴുത്തുകാരനും പ്രാസംഗികനും അഭിനേതാവും ചിത്രകാരനും കായികപ്രേമിയുമൊക്കെയാണ്. ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഹൃദയം തുറക്കുന്നു, രാഷ്ട്രീയത്തിനപ്പുറമുള്ള തന്റെ ജീവിതത്തെക്കുറിച്ച്.

സി.എച്ചിന്റെ മകന്‍

കുട്ടിക്കാലത്ത് ബാപ്പയെ വളരെ അപൂര്‍വമായേ ഞങ്ങള്‍ക്ക് കിട്ടാറുണ്ടായിരുന്നുള്ളൂ. വളരെ ചുരുക്കം സമയങ്ങളില്‍ ആണെങ്കില്‍പോലും ആ സാന്നിധ്യം അദ്ദേഹം ഞങ്ങളെ ശരിക്കും അറിയിച്ചിട്ടുണ്ട്. ഉമ്മ ആയിരുന്നു കുട്ടിക്കാലത്ത് എപ്പോഴും കൂടെ ഉണ്ടായിരുന്നത്. ഉമ്മയുടെ പേര് ആമിനയുമ്മ എന്നായിരുന്നു. സെപ്റ്റംബര്‍ മാസത്തിലാണ് ഉമ്മയും ബാപ്പയും മരിച്ചത്. അതുകൊണ്ടുതന്നെ സെപ്റ്റംബര്‍ എനിക്ക് നഷ്ടങ്ങളുടെ മാസമായി തോന്നാറുണ്ട്. വലിയ സല്‍ക്കാരപ്രിയ ആയിരുന്നു ഉമ്മ. പല തരത്തിലുള്ള ഭക്ഷണം ഉണ്ടാക്കുമെന്നു മാത്രമല്ല, അത് എല്ലാവരെയും കഴിപ്പിക്കുന്നതിലും ഉമ്മ മുന്‍പന്തിയിലായിരുന്നു. പെരുന്നാള്‍ കാലത്ത് ഉമ്മ ഉണ്ടാക്കിത്തന്നിരുന്ന സമൂസയുടെയും കിച്ചടിയുടെയുമൊക്കെ സ്വാദ് ഇപ്പോഴും നാവിലുണ്ട്.
ബാപ്പയെക്കുറിച്ച് ശരിക്കും അറിയുന്നത് അദ്ദേഹത്തിന്റെ വിയോഗശേഷമാണ്. കുട്ടിക്കാലത്തൊന്നുംബാപ്പ ആരാണ് എന്താണെന്നൊന്നും ശരിക്കും മനസ്സിലാക്കിയിരുന്നില്ല. എന്നും എന്റെ മാതൃകാപുരുഷന്‍ സി.എച്ച്. മുഹമ്മദ് കോയ എന്ന മനുഷ്യനാണ്. കാലം ചെല്ലുംതോറും ബാപ്പ പകര്‍ന്നുതന്ന പാഠങ്ങള്‍ക്ക് മിഴിവു കൂടുന്നതായിട്ടാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്. ജാതിമത ചിന്തകള്‍ക്ക് അതീതമായ സാമൂഹിക പ്രവര്‍ത്തനത്തില്‍ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബാപ്പയെ പലരും വിളിച്ചിരുന്ന ചുരുക്കപ്പേര് സി.എച്ച്.എം കോയ എന്നായിരുന്നു. അതിന് ഒരു പ്രമുഖവ്യക്തി നല്‍കിയ വിശേഷണം ഇങ്ങനെയായിരുന്നു, സി എന്നാല്‍ ക്രിസ്ത്യന്‍, എച്ച് എന്നാല്‍ ഹിന്ദു, എം എന്നാല്‍ മുസ്ലീം. ഇതെല്ലാം ചേര്‍ന്നതാണ് സി.എച്ച്.എം കോയ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മറ്റൊരു സമൂഹത്തിന്റെ തലനാരിഴ അപഹരിക്കാതെ ഈ സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുക, അതായിരുന്നു ബാപ്പ ജീവിതത്തിലുടനീളം പാലിച്ചുപോന്നിരുന്ന വിശ്വാസം. ഈ ഒരു സോഷ്യല്‍ ബാലന്‍സ് കാത്തുപരിപാലിക്കാന്‍ എന്നും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ബാപ്പ പഠിപ്പിച്ചുതന്ന ആ പാഠമാണ് ഞാന്‍ ഇന്നും പിന്തുടരുന്നത്.

ഒരുപക്ഷെ സി.എച്ച് മുഹമ്മദ് കോയയുടെ മകനായി ജനിച്ചില്ലായിരുന്നുവെങ്കില്‍ ഒരു കാരണവശാലും ഞാന്‍ രാഷ്ട്രീയത്തില്‍ വരില്ലായിരുന്നു. രാഷ്ട്രീയത്തോട് തീരെ താല്‍പ്പര്യമില്ലാതിരുന്ന വ്യക്തിയായിരുന്നു ഞാന്‍. യാദൃച്ഛികമായി ഒരു നിയോഗംപോലെ രാഷ്ട്രീയത്തില്‍ എത്തിയ ആള്‍. എം.എസം.എം ന്റെ സംസ്ഥാന പ്രസിഡന്റാക്കാനുള്ള തീരുമാനം ഉണ്ടാകുന്നു എന്നറിഞ്ഞ് കോളേജ് ഹോസ്റ്റലില്‍ കതകടച്ചിരുന്ന ഭീരുവായിരുന്നു പഠനകാലത്ത് ഞാന്‍. പക്ഷെ ആ സമയത്തുതന്നെ തികച്ചും അപ്രതീക്ഷിതമായി എന്നെ യൂത്ത് ലീഗിന്റെ സംസ്ഥാനപ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു. എം.കെ മുനീര്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയില്‍നിന്നും രാഷ്ട്രീയക്കാരനായ എം.കെ മുനീറിലേക്കുള്ള യാത്ര ആരംഭിക്കുന്നത് അവിടെനിന്നാണ്. എന്റെ 20 ാം വയസ്സിലാണ് ബാപ്പ മരിക്കുന്നത്. ബാപ്പയുടെ
വിയോഗം എന്നെ ബാധിച്ചുതുടങ്ങിയത് ഖബറടക്കം കഴിഞ്ഞ് ആളുകള്‍ എന്റെ അടുത്തുവന്ന് കൈപിടിച്ച് യാത്രപറഞ്ഞിറങ്ങിയതുമുതലാണ്. ബാപ്പയുടെ പകരക്കാരനായി എല്ലാവരും എന്നെ കണ്ടു തുടങ്ങി യിരിക്കുന്നുവോ എന്നോര്‍ത്തുള്ള ഭയമായിരുന്നു അത്.

കലയെ പ്രണയിച്ചു തുടങ്ങിയ കാലം

കുട്ടിക്കാലം മുതല്‍ വരയ്ക്കുമായിരുന്നു. ഒന്നാം ക്ലാസ്സ് മുതല്‍ കാരിക്കേച്ചറുകളും മറ്റുമൊക്കെ വരച്ചുതുടങ്ങിയിരുന്നു. ചിത്രംവരയില്‍ എന്റെ ഏറ്റവും വലിയ പ്രോത്സാഹനം ബാപ്പതന്നെയായിരുന്നു. ഒരു രസികനായിരുന്നതുകൊണ്ടുതന്നെ ബാപ്പയ്ക്ക് കാരിക്കേച്ചറുകളോട് വലിയ താല്‍പര്യമായിരുന്നു. ബാപ്പയുടെ കാരിക്കേച്ചറാണ് ഞാന്‍ ആദ്യമായി വരച്ചത്. അക്കാലത്ത് പി.കെ മന്ത്രി എന്നൊരു കാര്‍ട്ടൂണിസ്റ്റുണ്ടായിരുന്നു. അദ്ദേഹം ഇടയ്ക്കെല്ലാം വീട്ടില്‍ വരുമായിരുന്നു. വരുമ്പോഴൊക്കെ ബാപ്പ എന്നെ അദ്ദേഹത്തിനു പരിചയപ്പെടുത്തികൊടുക്കും. എന്നിട്ട് പറയും, ‘അടോ, അന്നെപ്പോലെതന്നെ ഒരു പടംവരക്കാരന്‍ എന്റെ വീട്ടിലുമുണ്ട്.’
ചിത്രംവരയും വായനയുമൊക്കെ കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നെങ്കിലും സംഗീതത്തിലേക്കു വരുന്നതും ആദ്യമായി ഗായകനായതുമൊക്കെ കോളജില്‍വെച്ചായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലായിരുന്നു എന്റെ ഡിഗ്രിപഠനം. അതുവരെ പഠിച്ചത് ഒരു ബോയ്സ് സ്‌കൂളിലായിരുന്നു. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളോട് സംസാരിക്കാനും മറ്റും വലിയ മടിയായിരുന്നു. പക്ഷെ കോളജില്‍ എത്തിയതോടെ എന്റെ അന്തര്‍മുഖത്വമൊക്കെ പതിയെ മാറിത്തുടങ്ങി. എന്തും ചെയ്യാമെന്നുള്ള ഒരു തൊലിക്കട്ടി വന്നു. അങ്ങനെ ക്രിസ്ത്യന്‍ കോളജില്‍വെച്ച് ഞാന്‍ ആദ്യമായി സ്റ്റേജില്‍ പാടി. അതൊരു അറബി ഗാനമായിരുന്നു. യേശുദാസിനെപ്പോലെ വെള്ളയും വെള്ളയുമൊക്കെയിട്ട് ജൂനിയര്‍ യേശുദാസായിട്ടായിരുന്നു അന്നത്തെ ഗാനാലാപനം. പിന്നെ പതിയെപ്പതിയെ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. പാട്ടിനോടുള്ള പ്രണയം ഇന്നും തുടരുന്നു. ബാബുരാജ് മാഷിന്റെ ഗാനങ്ങളോടാണ് ഏറെ ഇഷ്ടം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പഠനകാലത്താണ് അഭിനയത്തിലേക്ക് വരുന്നത്. അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാരുംകൂടി ചേര്‍ന്നൊരു നാടകസംഘം ഉണ്ടാക്കിയിരുന്നു. എനസ്‌കോയുടെ ലീഡര്‍ എന്നൊരു നാടകമാണ് ഞങ്ങള്‍ ആദ്യം അവതരിപ്പിക്കുന്നത്. പിന്നീട് ഐനസ്‌കോയുടെതന്നെ ഇന്റര്‍വ്യൂ എന്നൊരു നാടകം അവതരിപ്പിച്ചു. അതില്‍ ഒരു പഞ്ചാരക്കുഞ്ചുവിന്റെ വേഷമായിരുന്നു ഞാന്‍ അഭിനയിച്ചത്. ആ നാടകത്തിന് ഞങ്ങള്‍ക്ക് ഇന്റര്‍സോണ്‍ കലോത്സവത്തില്‍ സമ്മാനവും കിട്ടിയിരുന്നു.
മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സമയത്തുതന്നെയാണ് നൃത്തത്തിലും ഒരു കൈ നോക്കിയത്. അന്ന് കളിച്ച കാട്ടാളനൃത്തം ഇന്നും മറന്നിട്ടില്ല. ബാംഗ്ളൂരില്‍ നടന്ന ഒരു കോളജ് ക്യാംപിലായിരുന്നു അത്. അതിനും ഞങ്ങള്‍ക്ക് സമ്മാനം കിട്ടി. പക്ഷെ നര്‍ത്തകന്റെ വേഷം പിന്നീടൊരിക്കലും കെട്ടിയിട്ടില്ല.

മെഡിക്കല്‍ കോളജിലെ ആക്ടിവിസം

മെഡിക്കല്‍ കോളജില്‍ പഠിക്കുന്ന സമയത്ത് കൃത്യമായി രാഷ്ട്രീയ ചേരികളില്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളുടെ ഒരു സംഘമുണ്ടായിരുന്നു. സ്വയം ആക്ടിവിസ്റ്റുകളായി ആയിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. ആ സമയത്താണ് വയനാട്ടിലെ ആദിവാസി ഊരില്‍ ഒരു ആദിവാസി യുവാവ് പട്ടിണിമൂലം മരിക്കുന്നത്. ഇത് പത്രങ്ങളില്‍ വലിയ വാര്‍ത്തയായി. ഞാനും സുഹൃത്തായ വേണുവും ചേര്‍ന്ന് കോഴിക്കോട് മിഠായിത്തെരുവിലെ കടകളില്‍ കയറിയിറങ്ങി ഒരു പിരിവ് നടത്തി. കിട്ടിയ പൈസയ്ക്ക് മുഴുവന്‍ സാധനങ്ങള്‍ വാങ്ങി ആദിവാസി ഊരുകളില്‍ എത്തിച്ചു. ഇപ്പോഴും മറന്നിട്ടില്ലാത്ത അക്കാലത്തെ ഓര്‍മ്മകളില്‍ ഒന്നാണ് ഇത്. മെഡിക്കല്‍ കോളജില്‍ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോള്‍ ഞാന്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്. ഡോക്ടറാകാന്‍ പോയി രാഷ്ട്രീയക്കാര
നായി മടങ്ങിയ ആളാണ് ഞാന്‍.

വായനയും എഴുത്തും ദിനചര്യ

എന്റെ ജീവിതത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രണ്ട് കാര്യങ്ങളാണ് വായനയും എഴുത്തും. വായിക്കാതെയും എഴുതാതെയും കടന്നുപോയ ദിനങ്ങള്‍ വളരെ അപൂര്‍വമാണ്. പകല്‍സമയങ്ങളില്‍ പല തിരക്കുകളുമായി ഓടിനടക്കുന്നതിനാല്‍ രാത്രിയിലാണ് വായനയ്ക്കും എഴുത്തിനും സമയം കണ്ടെത്തുന്നത്. പലര്‍ച്ചെ അഞ്ചുമണി വരെയൊക്കെ ഇരുന്ന് വായിക്കാറുണ്ട്. അതുകൊണ്ടുതന്നെ എണീക്കുമ്പോള്‍ ചിലപ്പോഴൊക്കെ അല്‍പം വൈകും. പക്ഷെ പലരും അതിനെ വ്യാഖ്യാനിക്കുന്നത് മുനീര്‍ ഒരു മടിയനാണ,് അലസനാണ് എന്നൊക്കെയാണ്. പക്ഷെ സത്യം അതല്ല. രാത്രികാലങ്ങളില്‍ വായനയ്ക്കും എഴുത്തിനുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ സംഭവിച്ചുപോകുന്നതാണത്. വായിക്കുന്നതിന് ഇന്ന പുസ്തകങ്ങള്‍ എന്നൊന്നും ഇല്ല. എല്ലാം വായിക്കും. കൈയില്‍ കിട്ടുന്നത് ഒരു തുണ്ടുകടലാസാണെങ്കില്‍പോലും അത് മുഴുവന്‍ വായിച്ചുതീര്‍ക്കും.

കുടുംബത്തിന്റെ സ്‌നേഹത്തണല്‍

ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് എന്റെ കുടുംബം. ഭാര്യ നഫീസയുടെ വീട് കണ്ണൂരാണ്. മൂത്തമകന്‍ മുഹമ്മദ് മുഹ്‌ലിഫ് ഡോക്ടറാണ്. എന്നെ ഡോക്ടറാക്കണമെന്നായിരുന്നു ബാപ്പയുടെ ആഗ്രഹം. അതു നടന്നില്ല. അതിപ്പൊ കൊച്ചുമകനിലൂടെ ബാപ്പയ്ക്ക് സാധിച്ചുകൊടുത്തു. രണ്ടാമത്തെയാള്‍ മുഹമ്മദ് മീനാഫ്. ഇളയ മകള്‍ ആമിന ഫാത്തിമ മലിഹ. കുടുംബമാണ് എന്റെ സ്‌നേഹത്തണല്‍. രാഷ്ട്രീയത്തിന്റെ തിരക്കുകള്‍ക്കിടയിലും എന്നില്‍ ഒരു സരസഹൃദയം അവശേഷിക്കുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ എന്റെ ഭാര്യയും മക്കളുമാണ്. അവര്‍ നല്‍കുന്ന സ്‌നേഹവും പിന്തുണയുമാണ് എന്നിലെ കലാകാരനെയും രാഷ്ട്രീയക്കാരനെയും ഒരുപോലെ താങ്ങിനിര്‍ത്തുന്നത്.

You might also like

Leave A Reply

Your email address will not be published.