ബ്രേക്കിംഗ് ന്യൂസുകളെ ബ്രേക്ക് ചെയ്യുന്നതെങ്ങനെ?

233

ബാഗ്ദാദിലെ അല്‍ മാമൂന് വളരെ ആകര്‍ഷണീയതയുള്ള ഒരു കുതിരയുണ്ടായിരുന്നു. ഗോത്രത്തലവനായ ഓമായ്ക്ക് ഈ കുതി രയെ സ്വന്തമാക്കണമെന്ന് മോഹം. അദ്ദേഹം അല്‍ മാമൂനെ സമീപിച്ച് കുതിരയ്ക്ക് പകരമായി എത്ര ഒട്ടകത്തെ വേണമെങ്കിലും തരാമെന്ന് പറഞ്ഞു. പക്ഷെ അല്‍ മാമൂന്‍ കുതിരയെ വില്‍ക്കാന്‍ തയ്യാറായില്ല. ക്ഷുഭിതനായ ഓമാ കുതിരയെ തട്ടിയെടുക്കാന്‍ മറ്റൊരു ഉപായം കണ്ടെത്തി.അയാള്‍ ഭിക്ഷക്കാരന്റെ വേഷം കെട്ടി അല്‍-മാമൂന്‍ യാത്ര ചെയ്യുന്ന വിജനമായ വഴിയില്‍ രോഗിയും അവശനുമായി അഭിനയിച്ചു കിടന്നു. വഴിയരികില്‍ അവശനായി കിടക്കുന്ന മനുഷ്യനെക്കണ്ട് അല്‍ മാമൂന്‍ കുതിരയെ നിര്‍ത്തി കാര്യം തിരക്കി. താന്‍ ഭക്ഷണം കഴിച്ചിട്ട് അനേകദിവസങ്ങളായെന്നും എഴുന്നേല്‍ക്കാന്‍ പോലുമുള്ള ശക്തി തനിക്കില്ലെന്നും അയാള്‍ ദയനീയസ്വരത്തില്‍ പറഞ്ഞു. മനസ്സലിവ് തോന്നിയ അല്‍ മാമൂന്‍ കുതിരപ്പുറത്തു നിന്നും താഴെയിറങ്ങി ഭിക്ഷക്കാരനെ താങ്ങിപ്പിടിച്ച് കുതിരപ്പുറത്ത് കയറ്റിയിരുത്തി.കുതിരപ്പുറത്ത് കയറിയ ഉടന്‍ ഭിക്ഷക്കാരന്‍ കടിഞ്ഞാണ്‍ കയ്യിലെടുത്ത് അതിനെ വേഗത്തില്‍ ഓടിച്ചു. അല്‍ മാമൂന്‍ ആകട്ടെ കുതിരയുടെ പുറകേ നില്‍ക്ക് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടി. കുറേ മുന്നോട്ട് ചെന്നപ്പോള്‍ ഓമാ കുതിരയെ നിര്‍ത്തി തിരിഞ്ഞ് നോക്കി. അപ്പോള്‍ അല്‍ മാമൂന്‍ ഇപ്രകാരം പറഞ്ഞു: ‘ നിങ്ങളെന്റെ കുതിരയെ മോഷ്ടിച്ചു. പക്ഷെ എനിക്കൊരു അപേക്ഷയുണ്ട് നിങ്ങള്‍ ഈ കുതി രയെ തട്ടിയെടുത്തത് എങ്ങനെയാണന്ന് ആരോടും പറയരുത്. എന്നെങ്കിലും ഒരു നാള്‍ യഥാര്‍ത്ഥത്തില്‍ രോഗിയും അവശനുമായ ഒരാള്‍ വഴിയരികില്‍ കിടന്നെന്നിരിക്കും. നിങ്ങളുടെ വഞ്ചനയുടെ കഥ ജനങ്ങള്‍ അറിഞ്ഞാല്‍ അവര്‍ കുതിരപ്പുറത്തുനിന്നും ഇറങ്ങാതെ യഥാര്‍ത്ഥമായും സഹായമര്‍ഹിക്കുന്ന ആ മനുഷ്യനെ അവഗണിച്ച് പോകാന്‍ ഇടയുണ്ട്.’

ഇതുകേട്ട് ഓമായ്ക്ക് ലജ്ജയും പശ്ചാത്താപവും തോന്നി. അയാള്‍ ക്ഷമ പറഞ്ഞ് കുതിരയെ അല്‍ മാമൂന് തിരികെക്കൊടുത്തു. തിന്മയുടെ വാര്‍ത്തകള്‍ നന്മകളെ തടയാന്‍ കാരണമാകുമെന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു. അന്വേഷണാത്മക റിപ്പോര്‍ട്ടിംഗിന്റെയും പച്ചയായ ജീവിത ചിത്രീകരണത്തിന്റെയും പേരില്‍ അക്രമം, അനീതി, അധാര്‍മ്മിക പ്രവൃത്തികള്‍ എന്നിവയ്ക്ക് നല്‍കുന്ന പ്രചാരണം സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം നാം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. നിഷ്‌കളങ്കത,വിശ്വാസം, ആദരവ്, സുരക്ഷിതത്വബോധം ഇവയെല്ലാം ജനങ്ങളുടെ ഹൃദയത്തില്‍ നിന്നും നീക്കികളയാന്‍ നെഗറ്റീവ് വാര്‍ത്തകളുടെ അതിപ്രസരം ഇടയാക്കും.

വ്യക്തികളെന്ന നിലയില്‍ ഇക്കാര്യത്തില്‍ നമുക്കെന്ത് ചെയ്യാന്‍ സാധിക്കും? നമ്മളൊരിക്കലും നെഗറ്റീവ് വാര്‍ത്തകളുടെ പ്രചാരകരാകാതിരിക്കുക. ഫെയ്‌സ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയകളും നന്മ വളര്‍ത്താനും പ്രചരിപ്പിക്കാനുമായി ഉപയോഗിക്കുക. വസ്തുനിഷ്ഠമല്ലാത്തതും ദുരുദ്ദേശപരമായി പ്രചരിപ്പിക്കുന്നതും ആയ വാര്‍ത്തകള്‍ വികാരത്തള്ളലില്‍ ലൈക്ക് ചെയ്യുകയും ഫോര്‍വേഡ് ചെയ്യു കയും ചെയ്യുന്ന പ്രവണതകള്‍ നമുക്കൊഴിവാക്കാന്‍ സാധിക്കും.മാധ്യമങ്ങളിലെ അധാര്‍മികതയെ കുറ്റം പറയുന്നതിന് മുമ്പ് നാം നമ്മളിലേക്ക് തന്നെ തിരിയണം. അഭിപ്രായം, വിലയിരുത്തല്‍, വിമര്‍ശനം തുടങ്ങിയ പേരുകളില്‍ ഊഹാപോഹങ്ങളും കേട്ടുകേള്‍വി കളും സ്വയം മെനഞ്ഞെടുക്കുന്ന കഥകളും സത്യമാണെന്ന വ്യാജേന പ്രചരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ ചെയ്യുന്നതുതന്നെയാണ് നമ്മളും ചെയ്യുന്നത്. നാം എന്തന്വേഷിക്കുന്നുവോ അതാണ് കണ്ടെത്തുന്നത്. ബ്രേക്കിംഗ് ന്യൂസിന് വേണ്ടി ദുര്‍വര്‍ത്തമാനങ്ങള്‍ തേടിനടക്കുമ്പോള്‍ ഒരുപാട് നന്മകള്‍ നാം കാണാതെ പോകും. കുടുംബവേദിയിലും ഓഫീസുകളിലും സംഘടനകളിലും ദുര്‍വര്‍ത്തമാനങ്ങള്‍ ഒഴിവാക്കിയാല്‍ തന്നെ വിപ്ലവകരമായ മാറ്റം നമുക്കിടയിലുണ്ടാകും.

You might also like

error: Content is protected !!