എന്നോട് ആരും മിണ്ടണ്ടാ

സിസ്റ്റര്‍. ഡോ. പ്രീത

98
കുട്ടികള്‍ പലപ്പോഴും അവര്‍ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതുമായ കാര്യങ്ങള്‍ സാധിച്ച് കിട്ടാത്തപ്പോള്‍ ദേഷ്യം പ്രകടിപ്പിക്കുന്നത് നാം കാണുന്നതാണ്. ദേഷ്യം നല്ലൊരു വികാരമാണ്, പക്ഷേ അത് അമിതമോ അസ്ഥാനത്താണോ എന്നും ദേഷ്യപ്പെടുന്ന കുട്ടിയുടെ നിയന്ത്രണം വിട്ടു പോകുന്നുണ്ടോ എന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. കുട്ടികളില്‍ കാണുന്ന ദേഷ്യപ്രകടനങ്ങള്‍ സ്വാഭാവികം എന്നു കരുതി കണ്ണടച്ച് അവരുടെ ആവശ്യങ്ങള്‍ സാധിച്ചു കൊടുത്ത് അവരെ സന്തോഷിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അവരുടെ ദേഷ്യകാരണം കൂടി അന്വേഷിച്ചറിയുന്നതും ആരോഗ്യകരമായ രീതിയില്‍ അതിനെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ സഹായിക്കുന്നതും മാതാപിതാക്കളുടെ ഉത്തരവാദിത്വം കൂടിയാണ്.ചില കുട്ടികള്‍ ഈ ദേഷ്യപ്രകടനം തുടര്‍ച്ചയായി നടത്തുകയും താഴെയുള്ള കുട്ടിയെ ഉപദ്രവിക്കുകയും, കൈയ്യില്‍ കിട്ടുന്നതും കൈയെത്തിച്ച് എടുക്കാവുന്നതുമായ സാധനങ്ങള്‍ തച്ചുടയ്ക്കുകയും ഭിത്തിയില്‍ ദേഷ്യത്തോടെ കുത്തി വരയ്ക്കുകയും ചെയ്യുന്നത് കണ്ട് നിസഹായരായി നിന്ന് അമിതമായി ശിക്ഷിക്കുന്നതും അതിലുപരി അവരോട് ദേഷ്യപ്പെടുന്നതും താല്ക്കാലിക പരിഹാരം മാത്രമാണ്.അപ്പുക്കുട്ടന്‍ അനിയനെ ആവശ്യമില്ലാതെ കരയിപ്പിക്കുകയും ആരും കാണാതെ പല സാധനങ്ങളും നശിപ്പിക്കുകയും ചെയ്യുക പതിവാക്കി. അവസരം കിട്ടുമ്പോഴെല്ലാം അവന്‍ അനിയന്റെ കളിപ്പാട്ടങ്ങള്‍ തല്ലിത്തകര്‍ക്കുകയും താഴേയ്ക്ക് വലിച്ചെറിയുകയും ചെയ്ത് കുട്ടിയെ കരയിപ്പിക്കും. നാലുവയസ്സുകാരന്‍ അപ്പുവിനെ സ്‌നേഹത്തോടെ അടുത്ത് നിര്‍ത്തി ചോദിച്ചപ്പോഴാണ് ദേഷ്യകാരണം അവന്‍ പറഞ്ഞത്. ”എല്ലാവരും അനിയനെ എടുക്കുന്നു, കൊഞ്ചിക്കുന്നു ഞാന്‍ മാത്രം തനിച്ച്. ഈ വീട്ടില്‍ എന്നെ ആര്‍ക്കും ഇഷ്ടമില്ല” അവന് അനിയന്‍ ഒരു ശത്രുവിനെപ്പോലെയാണ് കാണപ്പെട്ടത്. കാരണം അവന് കിട്ടിയിരുന്ന സ്‌നേഹം തട്ടിയെടുക്കാന്‍ വന്നവന്‍.
ദേഷ്യ പ്രകടനം പലവിധം
വാക്കിലും പ്രവൃത്തിയിലും കുട്ടികള്‍ പ്രകടമാക്കുന്ന ചില അടയാളങ്ങള്‍ ശ്രദ്ധിക്കുക. ദേഷ്യപ്രകടനം അവനും മറ്റ് കുട്ടികള്‍ക്കും അപകടമാകുന്നുവെങ്കില്‍ കാര്യമായി പരിഗണിക്കണം. ഈ ദേഷ്യപ്രകടനം സ്‌ക്കൂളിലും കൂട്ടുകാരുടെയിടയിലും പഠനത്തിലും പ്രകടിപ്പിക്കുന്നുവെങ്കില്‍ നിയന്ത്രക്കപ്പെടുകയും ചെയ്യണം. ദേഷ്യത്തെ നിയന്തിക്കാന്‍ കുട്ടിക്ക് തന്നെ കഴിയുന്നില്ലെങ്കില്‍ അവനോടുതന്നെ അവന് വെറുപ്പ് തോന്നാന്‍ കാരണമാകും. അതിനാല്‍ പുരോഗതിക്കനുസരിച്ച് പ്രോത്സാഹനം കൊടുക്കാന്‍ പിശുക്ക് കാണിക്കാതിരുന്നാല്‍ ഇത്തരം കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാം.
അമിതമായ ദേഷ്യത്തിന്റെ അടിയിലെ കാര്യങ്ങള്‍ അന്വേഷിക്കുക അത്യന്താപേക്ഷിതമാണ്.അപ്പുവിന്റെ കാര്യത്തില്‍ അവന്‍ ഹൈപ്പര്‍ ആക്ടീവ് ആണ്. ഒന്നിലും സ്ഥിരതയോടെ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവന് മറ്റു കുട്ടികള്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ തനിക്ക് പലതും പറ്റുന്നില്ല എന്നു മനസ്സിലാക്കി ദേഷ്യത്തോടെ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുന്നു. അനിയനിലേക്കുള്ള മറ്റുള്ളവരുടെ ശ്രദ്ധ അവനില്‍ അസൂയയിലേക്കും അമിതദേഷ്യപ്രകടനത്തിലേക്കും വഴിതെളിയിച്ചു.ആരും തന്നെ ആഗ്രഹിക്കുന്ന അത്രയും സ്‌നേഹിക്കുന്നില്ല, പരിഗണിക്കുന്നില്ല എന്ന അപ്പുവിന്റെ തെറ്റായ ചിന്ത വീട്ടില്‍ ഒരു വില്ലനെപ്പോലെ പ്രവര്‍ത്തിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. ദേഷ്യപ്രകടനങ്ങള്‍ക്ക് പിന്നില്‍ ചില കുട്ടികള്‍ക്ക് പഠനവൈകല്യങ്ങളും കാണാം. മാതാപിതാക്കള്‍ നിരീക്ഷിക്കേണ്ടതും മനസ്സിലാക്കേണ്ടതും ഏത് വിഷയം പഠിക്കുമ്പോഴും ഹോംവര്‍ക്ക് ചെയ്യുമ്പോഴുമാണ് അവര്‍ പ്രശ്‌നക്കാര്‍ ആകുന്നതെന്നാണ്, ചെറിയ കാര്യങ്ങള്‍ക്ക് പുറകില്‍പ്പോലും കുട്ടികള്‍ കാണിക്കുന്ന അസ്വസ്ഥതയ്ക്ക് കാരണം എന്തെന്ന് അന്വേഷിച്ചറിയുന്നതും ഉപകാരപ്രദമാണ്. അമിതദേഷ്യപ്രകടനക്കാരെ മരുന്നുകൊണ്ടോ അമിതശിക്ഷണം കൊണ്ടോ മാത്രമല്ല മര്യാദക്കാരാക്കേണ്ടത്, മറിച്ച് മാതാപിതാക്കളും കുടുംബാംഗങ്ങളും സഹകരിച്ച് പരിശ്രമിച്ചാല്‍ കുട്ടികളുടെ ദേഷ്യവികാരത്തെ ആരോഗ്യകരമായി കൈകാര്യം ചെയ്യാന്‍ കുട്ടിക്കാലത്തു തന്നെ പരിശീലിപ്പിക്കാം.കുട്ടി ദേഷ്യപ്പെട്ടിരിക്കുന്ന സമയത്ത് ആവശ്യമില്ലാത്ത താരതമ്യം ചെയ്യലോ വെല്ലുവിളികളോ നടത്താതിരിക്കുക.
ശാന്തതയോടെ ആ സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. തിരുത്തലുകള്‍ക്ക് കുട്ടി ശാന്തമാകുന്നതുവരെ കാത്തിരിക്കുക.ദേഷ്യപ്പെട്ടിരിക്കുന്ന കുട്ടിയുടെ മുമ്പില്‍ കാര്യകാരണസഹിതം തെളിവെടുപ്പിന് മുതിരാതിരിക്കുക. ദേഷ്യപ്പെട്ടിരിക്കുന്ന കുട്ടിയെ അല്പം സ്വസ്ഥമായി ഇരിക്കാന്‍ അനുവദിക്കുക. ശാന്തമായി കഴിയുമ്പോള്‍ സംസാരിക്കുക. ദേഷ്യപ്പെട്ടിരിക്കുന്ന കുഞ്ഞിന്റെ ചാപല്യങ്ങള്‍ക്ക് മുമ്പില്‍ അപക്വമായ പ്രകടനങ്ങള്‍ നടത്തരുത്.സാഹചര്യത്തെ നേരിടാനുള്ള വൈകാരിക പക്വതയില്ലാത്ത കുഞ്ഞിന് എങ്ങനെയാണ് ഈ സാഹചര്യത്തെ ശാന്തതയോടെ സമീപിക്കേണ്ടത് എന്ന നിലപാടിലേക്ക് എത്തിക്കുന്നത് മാതാപിതാക്കളുടെ ശാന്തമായ പ്രതികരണത്തിലൂടെ മാത്രമാണ്.അമിതമായ ശിക്ഷണ നടപടികള്‍ പ്രത്യേകിച്ച് ശാരീരികശിക്ഷണം ഒഴിവാക്കണം. ദേഷ്യപ്പെട്ടതിന് കാരണം മറ്റുള്ളവര്‍ എന്ന് പഴിപറഞ്ഞ് സ്വന്തം കുറ്റത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത്.കുട്ടിയുടെ പ്രായത്തിനനുസരിച്ച് പ്രതികരിക്കുക. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടിയോട് കാണിക്കുന്ന നിലപാടാകരുത് മുതിര്‍ന്ന കുട്ടികളോട് ഉണ്ടാകേണ്ടത്. തെറ്റിന്റെ ഗൗരവം മനസ്സിലാകുന്ന രീതിയില്‍ തിരുത്തുക അല്ലാതെ കുട്ടികളല്ലേ വിട്ട് കളയാം എന്ന നിസംഗതാഭാവമോ തെറ്റിനെ അവഗണിക്കലോ പാടില്ല.ഇപ്രകാരം മാതാപിതാക്കള്‍ കുറച്ച് ക്ഷമയും ശാന്തതയും അഭ്യസിച്ചാല്‍ ക്രിയാത്മകമായ രീതിയില്‍ ദേഷ്യവികാരത്തെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കാം.

You might also like

error: Content is protected !!