ഞങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തും മുമ്പ്‌

മുഖ്യധാരാ സമൂഹത്തോട് പാലാ അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ഥിനികള്‍ക്ക് ചിലത് പറയാനുണ്ട്. - ആഷ്‌ലി ജോസ്

208
നഃ സ്ത്രി സ്വാതന്ത്ര്യമര്‍ഹതി’ പീഡനങ്ങളും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും പെരുകിവരുമ്പോള്‍ നവമാധ്യമങ്ങളും ചാനല്‍ ചര്‍ച്ചകളുമടക്കം സമൂഹത്തിൻ്റെ മുഖ്യധാരയില്‍ നിന്നും പറയാതെ പറയുന്ന കേള്‍ക്കാതെ കേള്‍ക്കുന്ന ചില പരാമര്‍ശങ്ങളുണ്ട്.അവള്‍ ശ്രദ്ധിക്കാത്തതാണ്,ആരു പറഞ്ഞു ഈ സമയത്തു യാത്ര ചെയ്യാന്‍ തുടങ്ങിയവ.സ്ത്രി പക്ഷത്തു നിന്ന് പോലും ഇത്തരം അഭി പ്രായങ്ങള്‍ ഉയരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി അവള്‍ മാത്രമാണോ ? മറന്നു കാണില്ല പെരുമ്പാവൂരിലെ ജിഷയെ, വാളയാറിലെ വീട്ടില്‍ ആത്മഹത്യ ചെയ്തു എന്നു പറയപ്പെടുന്ന സഹോദരിമാരെ. ഇവരൊന്നും ആക്രമിക്കപ്പെട്ടതും മൃഗീയമായി കൊല്ലപ്പെട്ടതും രാത്രിയില്‍ സഞ്ചരിച്ചത് കൊണ്ടല്ല, പട്ടാപ്പകല്‍ ഏറ്റവും സുരക്ഷിതമെന്ന് ഏവരും വിശ്വസിക്കുന്ന സ്വന്തം വീട്ടില്‍ വച്ചു തന്നെയാണ്. ആണിനൊപ്പം തന്നെ പെണ്ണും അധ്വാനിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. പത്തു മണിമുതല്‍ അഞ്ചു മണിവരെയുള്ള സര്‍ക്കാര്‍ ജോലികള്‍ക്കും അപ്പുറം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുണ്ട്, ഐ.റ്റി ഉദ്യോഗസ്ഥകളുണ്ട്, കോള്‍ സെന്റര്‍ ജീവനക്കാരികളുണ്ട്, മാധ്യമ പ്രവര്‍ത്തകരുണ്ട്. അല്‍പ്പം സൂഷ്മമായി പരിശോധിച്ചാല്‍ ഈ നിര ഇനിയും നീളും.സ്ത്രീ സുരക്ഷ ആരുടെ ചുമതലയാണെന്ന തര്‍ക്കങ്ങള്‍ക്കും, ഇരയുടെ പേരിലുള്ള ഹാഷ് ടാഗ് പ്രതിക്ഷേധങ്ങള്‍ക്കും ചെറിയൊരു ഇടവേള നല്‍കൂ. സൂര്യനസ്തമിക്കും മുന്‍പേ കൂടു പറ്റണമെന്നു വാദിക്കുന്ന സാമൂഹിക പരിഷ്‌കര്‍ത്താക്കളും മന്ത്രിമാരും ഒരു നിമിഷം നില്ക്കു. ഇവര്‍ക്ക് ചിലതു പറയാനുണ്ട്. രാത്രി കാലങ്ങളില്‍ സ്ത്രികള്‍ സഞ്ചരിക്കരുത് എന്ന് അഭിപ്രായപ്പെട്ട കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി മേനക ഗാന്ധി അടക്കമുള്ള മുഖ്യധാരാ സമൂഹത്തോടാണ് ഇവര്‍ക്കും സംസാരിക്കാനുള്ളത്. തങ്ങളാഗ്രഹിക്കുന്ന സ്ത്രീ സുരക്ഷ എന്താണന്ന് പാലാ സെന്റ് അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ത്ഥിനികള്‍ പങ്കുവയ്ക്കുന്നു. തങ്ങളടക്കമുള്ള സ്ത്രീ സമൂഹത്തിനായി.രാത്രി സ്ത്രീകള്‍ ജോലിക്കു പോകുന്നതും തിരിച്ചു വരുന്നതും തെറ്റല്ല എന്ന അഭിപ്രായക്കാരിയാണ് ഫസ്റ്റ് ഡിസി എക്കണോമിക്‌സിലെ സ്‌നേഹ
”ഞാനൊരു സ്ത്രീയാണ്, ഒരു പെണ്‍കുട്ടിയാണ് നാളെ ഞാനും രാത്രി ജോലിക്കു പോയി തിരിച്ചു വരേണ്ടതാണ്. അന്ന് എനിക്ക് സ്വാതന്ത്യത്തോടെയും സുരക്ഷിതത്വത്തോടെയും വീട്ടിലെത്തുവാനുള്ള അവസരം ഉണ്ടാക്കണം. കഴിഞ്ഞ നാഷണല്‍ പാര്‍ലമെന്റ് ഫോര്‍ വുമന്‍ ആന്ധ്രയില്‍ വച്ച് നടന്നപ്പോള്‍ അവിടുത്തെ ഗവര്‍ണര്‍ തന്നെ പറയുകയുണ്ടായി സ്ത്രീകളും കാരിയേജും ഒരു പോലെയാണ്. എത്ര കാലം അടച്ചു പൂട്ടിയിരിക്കുന്നോ അത്ര കാലം സുരക്ഷിതമായിരിക്കും എന്ന്. ആ മനോഭാവം ആണ് മാറേണ്ടത്. പുരുഷന് രാത്രി ജോലി ചെയ്യാമെങ്കില്‍ എന്ത് കൊണ്ട് സ്ത്രീകള്‍ക്കും ജോലി ചെയ്തു കൂടാ?”
എന്നാല്‍ ഫസ്റ്റ് ഡിസി എക്കണോമിക്‌സിലെ അര്‍ച്ചന പ്രകാശിനു ഒരു സുപ്രഭാതത്തില്‍ ലോകം മാറുമെന്ന് അഭി പ്രായമില്ല ”ഞാന്‍ പെണ്ണാണ് ഞാന്‍ സ്വാതന്ത്രയാണ്, എനിക്കെവിടെയും പോകാം എന്ന് കരുതുന്ന പെണ്‍കുട്ടികള്‍ മനസിലാക്കണം എല്ലാ പുരുഷന്മാരും അത്തരത്തില്‍ ചിന്തിക്കുന്നവരാകണം എന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ സേഫ്റ്റി എങ്ങനെ ഉറപ്പു വരുത്തണമെന്ന് നാം ചിന്തിക്കണം.””വുമണ്‍ സേഫ്റ്റി എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് തിരി കത്തിച്ചുള്ള പ്രതിക്ഷേധങ്ങളും, മിഡ്‌നെറ് ഹാഫ് മാരത്തോണും ഒക്കെയാണ്. പോളിസികള്‍ ഉണ്ടാക്കാ നും അത് കൈയ്യടിച്ചു പാസാക്കാനും ആര്‍ക്കും സാധിക്കും. എന്നാല്‍ ഇതു പ്രാബല്യത്തില്‍ വരുത്തുന്നിടത്താണ മിടുക്ക്. പിങ്ക് പോലീസ് പോലുള്ള നൂതന സംവിധാനങ്ങളെ കുറിച്ചൊക്കെ നാം അറിയുന്നുണ്ട്. പക്ഷെ ഇതൊന്നും കൃത്യമായി നടപ്പില്‍ വരുത്തുവാന്‍ സാധിക്കുന്നില്ല. അത് കൊണ്ട് ടെക്‌നോളജി എത്രയധികം വുമണ്‍ ഫ്രണ്ട്‌ലി ആക്കാമോ അത്രയും നന്ന്. മന്ത്രിമാര്‍ ഐ.എ.എസ്, ഐ. പി. എസ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊക്കെ പോലീസ് പ്രൊട്ടക്ഷന്‍ കിട്ടുന്നു. എന്നാല്‍ ഒരു സാധാരണ സ്ത്രീക്ക് എന്ത് സുരക്ഷയാണ് ലഭിക്കുന്നത് ? പ്രമുഖര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും സ്വതന്ത്രമായി ജീവിക്കാനും,ജോലി ചെയ്യാനും സാധിക്കേണ്ട അതല്ലേ വുമണ്‍ സേഫ്റ്റി? ചോദിക്കുന്നത് ഫസ്റ്റ് ഡിസി ഹിസ്റ്ററിയിലെ ഗഹന നവ്യ ജെയിംസാണ്.”ഏറ്റവും അത്യാവശ്യമായി നമ്മള്‍ ചെയ്യേണ്ടത് സമൂഹത്തെ ബോധവത്കരിക്കുക എന്നാതാണ്. ആറു മണിക്ക് മുന്‍പ് പെണ്‍കുട്ടിയോട് വീട്ടിലെത്തണമെന്നു ആവശ്യപ്പെടുന്നതിന് അപ്പുറം അതെ വീട്ടില്‍ തന്നെയുള്ള ആണ്‍ കുട്ടിയെ സ്ത്രീയെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടത്” അര്‍ച്ചനയും, ഗഹനയും, സ്‌നേഹയും ഒരുമിച്ചു പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ പെണ്‍കുട്ടികള്‍ എത്ര മാത്രം ബോധവതികളാകണം എന്ന ചോദ്യത്തെ ഫസ്റ്റ് ഡിസി ബി കോം വിദ്യാര്‍ത്ഥിനി മരിയ നേരിട്ടത് ഒരു മറു ചോദ്യവുമായാണ്. ”നാം നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ കൂടുതല്‍ നമ്മുടെ ചുറ്റുമുള്ളവരും നമ്മുടെ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുകയല്ലേ വേണ്ടത്? ഈ ചോദ്യത്തെ നിറഞ്ഞ കൈയടികളോടെയാണ് അലീഷയും ഫാത്തിമയും അലീഷാ മോളും എതിരേറ്റത്. ” പ്രതികരിക്കാനുള്ള ശേഷിയാണ് നാം നേടേണ്ടത്. ഞാന്‍ പലപ്പോഴും കോളജിലെ ക്ലാസ്സുകള്‍ കഴിഞ്ഞു ലേറ്റ് ആയി വീട്ടിലേക്കു പോകുമ്പോള്‍ എന്താണ് എത്രയും വൈകിയതെന്ന ചോദ്യം ആദ്യം ചോദിക്കുന്നത് മാതാ പിതാക്കളല്ല നാട്ടുകാരാണ്. ഇത്തരത്തില്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണു ആദ്യം അവസാനിപ്പിക്കണ്ടത്. ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ ഒന്ന് കര്‍ശനമാക്കിയാല്‍ മാത്രം മതി.” അലീഷ മോള്‍ വാചാലയായി
”പല സാഹചര്യങ്ങളിലും പ്രതികരിക്കുന്ന പെണ്‍കുട്ടികള്‍ ഒറ്റപെടുകയാണ് പത്തു സ്ത്രീകള്‍ പോലും സഹായത്തിനെത്തുകയില്ല പലര്‍ക്കും കാഴ്ച കണ്ടുരസിക്കുന്ന രീതിയാണുള്ളത്. ഒരു വൃക്ഷത്തിന്റെ മുകളില്‍ അല്ല വളം ചെയ്യേണ്ടത് അതിന്റെ വളര്‍ച്ചയുടെ തുടക്കത്തിലാണ്അ.ത് പോലെ തന്നെയാണ് സ്ത്രീസുരക്ഷയും. പുരുഷന്മാരെ മാത്രമല്ല ബോധവത്കരിക്കേണ്ടത്, ചെറുപ്രായത്തിലുള്ള ആണ്‍ കുട്ടികളില്‍ നിന്നാണ് ഇതു തുടങ്ങേണ്ടത്. ഒതുക്കി ഇരുത്തേണ്ടത് സ്ത്രീകളെ അല്ല. സ്ത്രീയൊരു വസ്തു മാത്രമാണെന്നു ചിന്തിക്കുന്ന സമൂഹത്തെയാണ്.”
ഫാത്തിമയും അഞ്ജനയും ബ്ലസിയും ഒരുമിച്ചു പറഞ്ഞു. ഇതിനൊപ്പം ഉയര്‍ന്നു കേട്ട കരഘോഷം സെന്റ് അല്‍ഫോന്‍സാ കോളേജിലെ മുഴുവന്‍ വിദ്യാര്‍ഥിനികളുടെയും അഭിപ്രായം ഇതാണെന്നു വ്യക്തമാക്കുന്നതായിരുന്നു.പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പെണ്ണിന്റെ പ്രതികരണശേഷി ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇനി കണ്ണ് തുറക്കേണ്ടത് അധികാരസമൂഹമാണ്. ഞങ്ങള്‍ക്കാവശ്യം പുതിയ നിയമനിര്‍മാണങ്ങളല്ല പഴയ നിയമങ്ങളുടെ പ്രാബല്യമാണ്. ആണിനൊപ്പംതന്നെ ഉത്തരവാദിത്തപ്പെട്ട പദവികള്‍ കാര്യക്ഷമമായി ചെയ്യാന്‍ സ്ത്രീകള്‍ക്ക് സാധിക്കും എന്ന തിരിച്ചറിവുണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരിക്കലും മറ്റൊരു ജിഷയോ സൗമ്യയോ നിര്‍ഭയയോ പൂമ്പാറ്റയെപ്പോലെ നൈര്‍മല്യമുള്ള പിഞ്ചുകുഞ്ഞുങ്ങളോ ആക്രമിക്കപ്പെടാതിരിക്കട്ടെ. ഗോവിന്ദചാമിമാരും, അമീറുള്‍മാരും ജനിക്കാതിരിക്കട്ടെ.നാളെ സമൂഹത്തിന്റെ സാമൂഹികസാംസ്‌കാരിക രാഷ്ട്രീയമേഖലകളിലേക്ക് എത്തുന്ന സെന്റ് അല്‍ഫോന്‍സാ കോളജ് വിദ്യാര്‍ത്ഥിനികളുടെ മുന്‍പിലൂടെ തണല്‍ മരങ്ങള്‍ നിറഞ്ഞ ക്യാംപസിന്റെ പടികളിറങ്ങുമ്പോള്‍ അവിടെ നിന്നിരുന്ന ഓരോ പെണ്‍കുട്ടിയുടെയും മുഖത്തുണ്ടായിരുന്ന ഭാവം ഒന്ന് മാത്രമായിരുന്നു, ‘മാ നിഷാദ’

You might also like

error: Content is protected !!