നിറക്കൂട്ടുകളില്‍ സ്വപ്‌നം നെയ്ത്

111

സ്വപ്‌നങ്ങളുടെ ഭാണ്ഡവുമായിട്ടായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ജിത്ത് കൊല്‍ക്കത്ത ഫൈന്‍ ആര്‍ട്‌സ് അക്കാദമിയുടെ പടികയറിയത്. കൈയില്‍ ഒതുക്കി പിടിച്ചിരുന്ന കടലാസ് കഷണങ്ങള്‍ വിയര്‍പ്പുതുള്ളികള്‍ പറ്റി പതിയെ നനഞ്ഞു തുടങ്ങിയിരുന്നു. ഓഫീസ് മുറിയിലേക്ക് കയറും മുമ്പ് അവന്‍ കൈവശമുണ്ടായിരുന്ന കടലാസുകളിലെ വിയര്‍പ്പ് പറ്റി ഒലിച്ചിറങ്ങിയ ചായം പതിയെ ഒപ്പി. ഓഫീസ് മുറിയിലേക്ക് കടന്നു. അവിടെ ഉണ്ടായിരുന്ന ഒരു ഉദ്യേഗസ്ഥന് മുന്നിലേക്ക് തൻ്റെ ചിത്രങ്ങള്‍ നീട്ടി സഞ്ജിത്ത് പറഞ്ഞു: ”ഇത് ഞാന്‍ വരച്ചതാണ്. സാധിക്കുമെങ്കില്‍ സാര്‍ ഇതൊന്ന് നോക്കണം. എനിക്ക് ഇവിടെ ചേര്‍ന്ന് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്.”അവൻ്റെ നെറ്റിയില്‍ നിന്ന് വിയര്‍പ്പു തുള്ളികള്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അരിക് കീറി തുടങ്ങിയതും മുഷിഞ്ഞതുമായ ഷര്‍ട്ടായിരുന്നു അവന്‍ ധരിച്ചിരുന്നത്. തേഞ്ഞു തീര്‍ന്ന വള്ളിച്ചെരുപ്പുകളായിരുന്നു കാലുകളില്‍ ഉണ്ടായിരുന്നത്. തൻ്റെ നേരെ നീട്ടിയ ചിത്രങ്ങള്‍ നിരീക്ഷിക്കുന്നതിന് പകരം ആ ഉദ്യോഗസ്ഥന്‍ അടിമുടി നിരീക്ഷിച്ചത് സഞ്ജിത്തിനെയായിരുന്നു. പിന്നീട് അല്‍പ്പം പരിഹാസത്തോടെ അയാള്‍ അവനോട് പറഞ്ഞു:” നിൻ്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്ക്.” തല താഴ്ത്തി സഞ്ജിത് അയാളോട് പറഞ്ഞു: ”എൻ്റെ കൈവശം ഈ ചിത്രങ്ങള്‍ മാത്രമേയുള്ളു. സാര്‍ അനുവദിക്കുകയാണെങ്കില്‍ ഇനിയും ഞാന്‍ ചിത്രങ്ങള്‍ വരച്ചു കാണിക്കാം. ഏഴാം ക്‌ളാസ്സ്‌ വരയേ ഞാന്‍ പഠിച്ചിട്ടുള്ളു.” ”എങ്കില്‍ നീ പോയി വേറെവല്ല പണിയും നോക്ക് ചെക്കാ. ചുമ്മാ സമയം കളയാതെ.” സഞ്ജിത്തിൻ്റെ മുഖത്തുപോലും നോക്കാതെയായിരുന്നു ആ മറുപടി. അയാള്‍ അവനെ തെല്ലും ഗൗനിക്കാതെ തൻ്റെ പണികളില്‍ മുഴുകി.അല്‍പ്പം സമയംകൂടി ആ ഓഫീസ് മുറിയിലും കോളജ് വരാന്തയിലും തന്നെ സഹായിക്കാന്‍ മനസ്സുള്ള ഒരു മുഖം അവന്‍ തേടി. പക്ഷെ പരിഹാസവും അവജ്ഞയുമല്ലാതെ മറ്റൊന്നും ആരുടെയും മുഖത്ത് കണ്ടില്ല. വിയര്‍പ്പുതുള്ളികള്‍ക്കൊപ്പം ഒലിച്ചിറങ്ങിയ കണ്ണുനീര്‍തുള്ളികളും പതിയെ തുടച്ച് അവന്‍ കോളജ് പടികള്‍ ഇറങ്ങി. അപ്പോഴും തൻ്റെ ചിത്രങ്ങള്‍ സഞ്ജിത്ത് കൈകളില്‍ ഭദ്രമായി സൂക്ഷിച്ചിരുന്നു.
പിന്നീട് പല നാടുകളില്‍ അവന്‍ അലഞ്ഞു. പല രാത്രികളിലും പട്ടിണി മാത്രമായിരുന്നു സഞ്ജിത്തിന് കൂട്ട്. കിട്ടിയ പണികളൊക്കെ ചെയ്തു. സമ്പാദിച്ച നാണയത്തുട്ടുകള്‍ കൂട്ടിവെച്ച് രോഗികളായ അച്ഛനും അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് അയച്ചു കൊടുത്തു. പട്ടിണിയും രോഗവും ദുരിതവുമൊക്കെയായി ജീവിതം വിവിധ ഭാവങ്ങളില്‍ സഞ്ജിത്തിന് മുന്നിലെത്തി. പക്ഷെ തോറ്റു കൊടുക്കാന്‍ മാത്രം അവന്‍ തയ്യാറായില്ല. അപ്പോഴൊക്കെയും ദൈവം തനിക്ക് വരദാനമായി നല്‍കിയ ചിത്രരചന വൈഭവത്തെ അവന്‍ മുറുകെപിടിച്ചു. കൈയില്‍ കിട്ടിയ കടലാസുകഷണങ്ങളിലൊക്കെയും അവന്‍ തൻ്റെ സ്വപ്‌നങ്ങള്‍ വരച്ചിട്ടു. പ്രതിസന്ധികള്‍ അലട്ടിയപ്പോഴൊക്കെയും ആശ്വാസം കണ്ടെത്തിയത് അതിലായിരുന്നു.നീണ്ട യാത്രകള്‍ക്കൊടുവില്‍ അഞ്ച് വര്‍ഷം മുമ്പ് സഞ്ജിത്ത് കേരളത്തിലെത്തി. തൻ്റെ ജീവിതത്തിലെ വഴിത്തിരിവായാണ് സഞ്ജിത്ത് അതിനെ വിശേഷിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഹോട്ടലിലെ തൂപ്പുകാരനായും ചുമട്ടു തൊഴിലാളിയായും കെട്ടിടനിര്‍മ്മാണതൊഴിലാളിയായും സഞ്ജിത്ത് മാറി. ഒടുവില്‍ കോഴിക്കോട്ടെ ഒരു കൂട്ടം നന്മനിറഞ്ഞ മനുഷ്യര്‍ സഞ്ജിത്തിനുള്ളിലെ കലാകാരനെ തിരിച്ചറിഞ്ഞു. അവര്‍ അവനെ പ്രോത്സാഹിപ്പിച്ചു. ചിത്രം വരയ്ക്കാന്‍ ക്യാന്‍വാസുകളും ചായക്കൂട്ടുകളും വാങ്ങി നല്‍കി. അവൻ്റെ ചിത്രങ്ങള്‍ സമൂഹത്തിന് മുന്നില്‍ പ്രദര്‍പ്പിച്ചു. ഇന്ന് സഞ്ജിത് കോഴിക്കോട്ടുകാരുടെ സ്വന്തം സഞ്ജിത് ഭായ് ആണ്. ഗുജറാത്തി സ്ട്രീറ്റിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ‘ഗുദാം ആര്‍ട്ട് ഗാലറി’യുടെ മേല്‍നോട്ടക്കാരന്‍കൂടിയാണ് ഈ ബംഗാളി യുവാവ്. വൃത്തിയും വെടിപ്പുമില്ലാത്ത, കള്ളലക്ഷണങ്ങള്‍ മാത്രം കൂട്ടിനുള്ള ഒരു വിഭാഗമെന്ന സമൂഹത്തിൻ്റെ കാഴ്ചപ്പാടിനെകൂടിയാണ് സഞ്ജിത് മണ്ഡല്‍ തിരുത്തി വരച്ചിരിക്കുന്നത്.

ദാരിദ്ര്യം കളിത്തോഴനായ ബാല്യം

കുട്ടിക്കാലം മുതല്‍തന്നെ ദാരിദ്ര്യവും കൂടപ്പിറപ്പായി സഞ്ജിത്തിനൊപ്പമുണ്ടായിരുന്നു. ബംഗാളിലെ കൊല്‍ക്കത്തയിലാണ് സഞ്ജിത്ത് ജനിച്ചതും വളര്‍ന്നതും. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും അച്ഛനും അമ്മയും അടങ്ങുന്നതാണ് സഞ്ജിത്തിൻ്റെ കുടുംബം. പഠനത്തില്‍ മിടുക്കനായിരുന്നെങ്കിലും ഏഴാം ക്ലാസ്സോടെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. അച്ഛന്‍ രോഗിയായതോടെ അമ്മ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ തുകമാത്രമായി അവരുടെ വരുമാനം. പഠനമുപേക്ഷിച്ച് സഞ്ജിത്തും അമ്മയ്‌ക്കൊപ്പം കൂലിപ്പണിക്കിറങ്ങി.സഞ്ജിത്തിനുള്ളിലെ ചിത്രകാരനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു. കരിക്കട്ടയിലും കടലാസുകഷണങ്ങളിലും അവന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ അവര്‍ ആസ്വദിച്ചു. വീണ്ടും വീണ്ടും വരയ്ക്കാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ അച്ഛൻ്റെ കാഴ്ചപ്പാടുകള്‍ തീര്‍ത്തും വ്യത്യസ്തമായിരുന്നു. ചിത്രരചനയും മറ്റ് കലകളുമൊക്കെ പണക്കാര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസം. ഒരിക്കല്‍ രാത്രി വീട്ടിലെത്തിയ അച്ഛന്‍ കണ്ടത് തറയില്‍ പടിഞ്ഞിരുന്ന് ചിത്രം വരയ്ക്കുന്ന സഞ്ജിത്തിനെയാണ്. ദേഷ്യം കയറിയ അദ്ദേഹം അവന്‍ വരച്ചു കൊണ്ടിരുന്ന പേപ്പര്‍ വലിച്ചു കീറി മേലില്‍ വരയ്ക്കരുതെന്ന് താക്കീത് നല്‍കി. പിന്നീട് അച്ഛന്‍ കാണാതെയായിരുന്നു സഞ്ജിത്തിൻ്റെ വരകളൊക്കെയും.”ഞാന്‍ വീട്ടിലേക്ക് പണം അയച്ചുകൊടുക്കുമ്പോള്‍ ഇപ്പോഴും അച്ഛന് അറിയില്ല ഇത് ഞാന്‍ വരച്ചുണ്ടാക്കുന്നതാണെന്ന്. ഇനി വീട്ടില്‍ പോകുമ്പോള്‍ അച്ഛനു സമ്മാനിക്കാന്‍ ഒരു ചിത്രവും കൊണ്ടുപോണം. അദ്ദേഹത്തിന് സന്തോഷമാകും.” സഞ്ജിത് പറഞ്ഞു.വീട്ടിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും കൂടിയതോടെ സഞ്ജിത് വീട് വിട്ടിറങ്ങി. മുംബൈ, ഗുജറാത്ത്, ഡല്‍ഹി തുടങ്ങി വിവിധ നാടുകളില്‍ അലഞ്ഞു. പലപണികള്‍ ചെയ്തു. കിട്ടിയ പണമൊക്കെയും ശേഖരിച്ച് വീട്ടിലേക്കയച്ചു. ഒടുവില്‍ കേരളത്തിലെത്തി.

തൂപ്പുകാരനില്‍ നിന്ന് ചിത്രകാരനിലേക്ക്

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സഞ്ജിത് കേരളത്തിലെത്തുന്നത്. ആദ്യം കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി പലപണികളും ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയായതിനാല്‍ പലതവണ പോലീസ് കസ്റ്റഡിയിലായി. ഒടുവില്‍ പ്രശ്‌നക്കാരനല്ലെന്ന് കാണുമ്പോള്‍ പോലീസ് വിട്ടയയ്ക്കും. മൂന്ന് വര്‍ഷമായി സഞ്ജിത് കോഴിക്കോട്ടുകാരനായിട്ട്. ഒരു ഹോട്ടലില്‍ തൂപ്പുകാരനായാണ് കോഴിക്കോട്ടെ ജീവിതം ആരംഭിച്ചത്. ”ഹോട്ടലില്‍ നിന്ന് കിട്ടുന്ന ശമ്പളമൊക്കെ തുച്ഛമായിരുന്നു. പക്ഷെ മൂന്ന് നേരം ഭക്ഷണം കിട്ടുമെന്നതായിരുന്നു ഏക ആശ്വാസം.” സഞ്ജിത് പറയുന്നു.ഹോട്ടലിലെ തൂപ്പു ജോലിക്കിടയിലും കിട്ടുന്ന കടലാസു കഷണങ്ങളിലൊക്കെയും സഞ്ജിത് പേനകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ഒരു ടിഷ്യു പേപ്പറില്‍ സഞ്ജിത് ചിത്രം വരയ്ക്കുന്നത് ഹോട്ടലിലെത്തിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു.സഞ്ജിത്തിൻ്റെ ചിത്രം കണ്ട അവര്‍ അവനെ കൂടുതല്‍ പരിചയപ്പെട്ടു. വരയ്ക്കാന്‍ ക്യാന്‍വാസുകളും ചായക്കൂട്ടുകളും വാങ്ങി നല്‍കി. ആ സൗഹൃദം പതിയെ വളര്‍ന്നു. സഞ്ജിത്തിലെ കലാകാരനെ തിരിച്ചറിഞ്ഞ ആ ചെറുപ്പക്കാര്‍ തങ്ങളിലൊരുവനായി അവനെ കരുതി. പതിയെ സഞ്ജിത് കോഴിക്കോട് ആര്‍ട്ട് ഗാലറിയിലെ നിത്യസന്ദര്‍ശകനായി മാറി. അവിടെ നടക്കുന്ന ചിത്രപ്രദര്‍ശനങ്ങളെല്ലാം സൂഷ്മം നിരീക്ഷിക്കും.”ഇവിടെ എത്തിയ എന്നെ ഏറെ സഹായിച്ചത് സംഗീത് ചേട്ടനും (സംഗീത് ബാലകൃഷ്ണന്‍) ലിജു ചേട്ടനുമാണ്(കെ.പി. ലിജുകുമാര്‍). എന്നെ സ്വന്തം സഹോദരനെ പോലെയാ അവര്‍ കാണുന്നത്. എനിക്ക് ആദ്യമായി വരയ്ക്കാന്‍ ചായക്കൂട്ടുകളും ക്യാന്‍വാസും വാങ്ങിത്തന്നത് അവരാണ്. വിശന്നപ്പോ വയറു നിറച്ച് ഭക്ഷണം വാങ്ങിത്തന്നു. പനി പിടിച്ച് കടത്തിണ്ണയില്‍ കിടന്നപ്പോള്‍ ലിജു ചേട്ടനെന്നെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി. മരുന്ന് വാങ്ങി തന്നു. സഹോദരനാകാന്‍ രക്തബന്ധം വേണ്ടന്ന് എന്നെ പഠിപ്പിച്ചത് എൻ്റെയീ ചേട്ടന്മാരാ….” നന്ദിയോടെ സഞ്ജിത് പറഞ്ഞ് നിര്‍ത്തി.ആ സുഹൃത്തുക്കളുടെ തന്നെ സഹായത്തോടെ 2016 ഏപ്രിലില്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ സഞ്ജിത് തൻ്റെ ഏകാംഗ ചിത്രപ്രദര്‍ശനം നടത്തി.വിദ്യാഭ്യാസമില്ലാത്തതിൻ്റെ പേരില്‍ കൊല്‍ക്കത്ത ഫൈന്‍ ആര്‍ട്‌സ് അക്കാദമിയില്‍ നിന്നും അപമാനിതനായി ഇറങ്ങേണ്ടിവന്ന സഞ്ജിത് വര്‍ഷങ്ങള്‍ക്കിപ്പുറം കോഴിക്കോട് ആര്‍ട്ട്ഗാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തിയത് കാലം അവനായി കരുതിവെച്ച സമ്മാനമായിരുന്നു.’നൊതുന്‍ ഭുവന്‍'(പുതിയ പ്രപഞ്ചം) അതായിരുന്നു സഞ്ജിത്ത് തൻ്റെ ചിത്രപ്രദര്‍ശനത്തിന് നല്‍കിയ പേര്. ആ പേരുപോലെ തന്നെ പിന്നീട് സഞ്ജി ത്തിൻ്റെ ജീവിതം പുതിയ പ്രപഞ്ചത്തിലേക്ക് ചേക്കേറി. തൻ്റെ നാടിൻ്റെ സസ്യജാലങ്ങളും ജീവിതവും പൂക്കളുമെല്ലാമാണ് സഞ്ജിത്തിൻ്റെ വരകളില്‍ നിറയുന്നത്. മരപ്പൊടിയിലും മറ്റും ചിത്രങ്ങള്‍ തീര്‍ത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് സഞ്ജിത് ഇപ്പോള്‍.

‘ഗുദാ’ മിൻ്റെ കാവല്‍ക്കാരന്‍

ഒരു ചിത്രകാരന്‍ മാത്രമല്ല സഞ്ജിത്. ആര്‍ട്ട് ഗാലറിയുടെ തന്നെ നടത്തിപ്പുകാരന്‍ കൂടിയാണ്. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റില്‍ വ്യവസായിയായ ബഡേക്കണ്ടി ബഷീറിൻ്റെയും ഡിസൈനര്‍ നസീബിൻ്റെയും ഉടമസ്ഥതയിലുള്ള ഗുദാം ആര്‍ട്ട് ഗാലറിയുടെ കാവല്‍ക്കാരനാണ് സഞ്ജിത് മണ്ഡല്‍. ഇവിടെയെത്തുന്നവര്‍ക്ക് സഞ്ജിത്തിനെ പല വേഷത്തില്‍ കാണാം. ആര്‍ട്ട് ഗാലറിയിലെ ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന നടത്തിപ്പുകാരന്‍, സന്ദര്‍ശകര്‍ക്കൊപ്പം വഴികാട്ടിയാവുന്ന സഞ്ജിത് ഭായ്, ആര്‍ട്ട് കഫേയില്‍ വിശ്രമിക്കാനെത്തുന്നവര്‍ക്ക് സൊറ പറയാനും പാട്ടുപാടാനും കൂടെ കൂടുന്ന കോഴിക്കോടുകാരന്‍… ഇങ്ങനെ പോകുന്നു സഞ്ജിത്തിൻ്റെ റോളുകള്‍.”സഞ്ജിത്തിൻ്റെ ലോകത്ത് ചിത്രങ്ങള്‍ മാത്രമേയുള്ളു. ചുറ്റു നടക്കുന്ന ഒന്നും അവനെ ആശങ്കപ്പെടുത്താറില്ല. കലയോടുള്ള അവൻ്റെ അര്‍പ്പണബോധമാണ് അവനെ ഒരു സഹൃദയനാക്കി മാറ്റുന്നത്. സഞ്ജിത് ഇവിടെ ഉണ്ടെങ്കില്‍ പിന്നെ എനിക്കൊന്നും നോക്കേണ്ടതില്ല.” ഗുദാം ആര്‍ട്ട് കഫേ ഉടമ ബഡേക്കണ്ടി ബഷീര്‍ പറയുന്നു.വരയ്ക്കാനും തൻ്റെ ചിത്രങ്ങള്‍ സൂക്ഷിക്കാനും സ്വന്തമായി ഒരിടം കിട്ടിയതിൻ്റെ സന്തോഷത്തിലാണ് സഞ്ജിത്. സഞ്ജിത് പറയുന്നു: ”ഒരു ഇരുപത് വര്‍ഷം മുമ്പേ ഇവിടെ എത്തേണ്ടതായിരുന്നു എങ്കില്‍ ഞാന്‍ വലിയൊരു ചിത്രകാരനായി മാറിയേനെ. പണ്ടൊക്കെ ഞാന്‍ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രങ്ങള്‍ മാത്രമായിരുന്നു വരച്ചിരുന്നത്. ഇപ്പോള്‍ കണ്ടില്ലേ കടും വര്‍ണങ്ങളും ഉപയോഗിച്ച് തുടങ്ങി. എൻ്റെ ജീവിതം കളര്‍ഫുള്ളാവുകയാണന്നു തോന്നുന്നു അല്ലേ.”സഞ്ജിത് പതിയെ ക്യാന്‍വാസിന് നേരെ തിരിഞ്ഞു. പിന്നെ തൻ്റെ സ്വപ്‌നങ്ങള്‍ക്ക് ചായംപൂശിത്തുടങ്ങി.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like