ചെറിയ മനുഷ്യൻ്റെ വലിയ ലോകം

264

”ഞാന്‍ നടക്കാന്‍ പഠിച്ചത് രാത്രിയിലായിരുന്നു. അന്നെനിക്ക് ആറോ ഏഴോ വയസുണ്ടാകും. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ ഞാന്‍ കട്ടിലില്‍ നിന്നും പതുക്കെ എണീറ്റ് മുറിയിലൂടെ നടക്കും. എല്ലാവരും ഉറങ്ങുമ്പോഴും ദൈവം ഉണര്‍ന്നിരിക്കുന്നുവെന്ന തിരിച്ചറിയലാണ് എന്നെ സന്തോഷിപ്പിച്ചത്. ദൈവത്തിൻ്റെ വിരല്‍ത്തുമ്പ് പിടിച്ചാണ് ഞാന്‍ ആദ്യമായി നടക്കാന്‍ പഠിച്ചത്.”പറയുന്നത് ശിഹാബുദ്ദീന്‍ പൂക്കോട്ടൂര്‍.മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ പള്ളിപ്പടി ചോലക്കുണ്ടിലെ ചേരൂര്‍പറമ്പന്‍ അബൂബക്കര്‍- മെഹജാബി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമന്‍. കൈകളും കാലുകളുമില്ലാത്ത ഒരു മനുഷ്യജന്മത്തിന് ജീവിതത്തില്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയാണ് ഈ യുവാവ്. കാലിക്കറ്റ് സര്‍വകലാശാലയിലെ എം.എ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇപ്പോള്‍ ശിഹാബ്. ഒരു മാംസക്കഷണമായി ജനിച്ച്, 25 ശതമാനം മാത്രം ശാരീരിക ശേഷിയുമായി ശിഹാബ് കൈവരിച്ച നേട്ടങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. മനോഹരമായി ചിത്രം വരയ്ക്കും, നൃത്തം ചെയ്യും, വയലിനും പിയാനോയും വായിക്കും,ക്രിക്കറ്റും ഫുട്‌ബോളും കളിക്കും. അതെ; തന്റെ ഇല്ലായ്മകളെക്കുറിച്ച് പരിതപിക്കാതെ ജീവിതം മനോഹരമാക്കി കാണിച്ചു തരുകയാണ് ഈ ഇരുപത്തിനാലുകാരന്‍.

ആരും ചിരിക്കാത്തൊരു ജന്മദിനം

എല്ലാ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ ദിവസം അവര്‍ക്കൊരു കുഞ്ഞുണ്ടായ ദിനമായിരിക്കും.പത്തുമാസം ഉദരത്തില്‍ ചുമന്ന കുഞ്ഞിൻ്റെ കുഞ്ഞിളം പാദങ്ങളും ആദ്യത്തെ കരച്ചിലുമൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഏത് മാതാപിതാക്കളാണ് ഹൃദയം നിറഞ്ഞ് സന്തോഷിക്കാത്തത്? പക്ഷേ ശിഹാബിൻ്റെ ജീവിതത്തില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. ”എൻ്റെ കുഞ്ഞിളം മേനി കണ്ടശേഷം മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു.” ശിഹാബ് പറയുന്നു.കൈകളും കാലുകളുമില്ലാതെയായിരുന്നു ശിഹാബിൻ്റെ  ജനനം. 75 ശതമാനത്തിലധികം ശാരീരിക വൈകല്യം. ഒറ്റ നോട്ടത്തില്‍ ഒരു മാംസപിണ്ഡം. ഡോക്ടര്‍മാര്‍ വിധിച്ചത്  ആറു മാസത്തെ ആയുസ്. ശിഹാബിൻ്റെ  മാതാപിതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുന്നതൊന്നും ഉണ്ടായിരുന്നില്ല അവൻ്റെ ജനനത്തില്‍. എങ്കിലും നിറമിഴികളോടെ അവര്‍ അവനെ സ്വീകരിച്ചു. പതിയെ അവര്‍ അവന്റെ രൂപത്തോട്  പൊരുത്തപ്പെട്ടു.”ആറുവയസായിട്ടും ഞാന്‍ കിടക്കയില്‍ നിന്നും എണീറ്റില്ല. ഭക്ഷണം വാരിക്കഴിക്കുകയോ പിച്ചവയ്ക്കുകയോ ചെയ്തില്ല.സദാ കിടക്കയില്‍ തന്നെ. വീട്ടില്‍ വരുന്ന അതിഥികളും ബന്ധുക്കളുമൊന്നും എന്റെ രൂപം കണ്ട് ഭയപ്പെടാതിരിക്കാന്‍ ഉള്‍മുറിയിലായിരുന്നു എന്നെ കിടത്തിയത്. അങ്ങോട്ട് അതിഥികളാരും വരാറില്ല. ഭക്ഷണം തരാനായി ഇടക്ക് അമ്മ വരും.” ശിഹാബ് ഓര്‍മ്മകളിലേക്ക് മടങ്ങി.അങ്ങനെയിരിക്കേ ഒരിക്കല്‍ അമ്മ ഭക്ഷണം നല്‍കി മടങ്ങിയപ്പോള്‍ മുറിയുടെ വാതില്‍ ചേര്‍ത്തടയ്ക്കാന്‍ മറന്നു. ആ വാതിലിൻ്റെ വിടവിലൂടെയാണ് ശിഹാബ് ആദ്യമായി തൻ്റെ കുഞ്ഞു സഹോദരങ്ങളെ കണ്ടത്. പുറത്തേ മുറിയിലൂടെ അച്ഛൻ്റെ  കൈപിടിച്ച് പിച്ചവയ്ക്കുന്ന കുഞ്ഞനുജനെയും അമ്മയ്‌ക്കൊപ്പമിരുന്ന് കളിക്കുന്ന അനുജത്തിയെയും കണ്ടപ്പോള്‍ അവൻ്റെ  കണ്ണുകള്‍ നിറഞ്ഞു. തനിക്ക് ജീവിതത്തില്‍ ഒരിക്കലും നടക്കാനാവില്ലന്ന സത്യം ഉള്‍ക്കൊണ്ടിരുന്നെങ്കിലും ഒരിക്കല്‍ കൂടി അമ്മയോട് സംശയ നിവാരണം നടത്താന്‍ ശിഹാബ് തീരുമാനിച്ചു.അടുത്ത തവണ അമ്മ മുറിയിലെത്തിയപ്പോള്‍ ശിഹാബ് ചോദിച്ചു: ”അമ്മേ എനിക്കിനി ഒരിക്കലും നടക്കാന്‍ കഴിയില്ലേ?” നിറഞ്ഞൊഴുകുന്ന കുരുന്ന് കണ്ണുകള്‍ തുടച്ച് കവിളുകളില്‍ ഉമ്മവെച്ച് അമ്മ അവനോട് പറഞ്ഞു: ”എന്നെങ്കിലും നിനക്കില്ലാത്ത കാലുകൊണ്ട് നീ നടന്നു തുടങ്ങും. അന്ന് ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മ ഞാനായിരിക്കും.” പറഞ്ഞു നിര്‍ത്തിയപ്പോള്‍ ശിഹാബിൻ്റെ കണ്ണുകള്‍ ഒരിക്കല്‍ക്കൂടി നിറഞ്ഞു.”ഞാന്‍ ഹൃദയത്തില്‍ അന്നൊരു തീരുമാനമെടുത്തു. എൻ്റെ കുറവുകളോട് ഞാന്‍ പോരാടും.”

കാര്‍മേഘങ്ങള്‍ ഒഴിഞ്ഞപ്പോള്‍

‘ദൈവം നമ്മെ മനോഹരമായി സൃഷ്ടിച്ചു.’ എന്ന് ആ നാളുകളില്‍ അമ്മയില്‍ നിന്നും ഒരിക്കല്‍ കേള്‍ക്കാനിടയായി. ആ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു. അതോടെ മനസ്സില്‍ രൂപപ്പെട്ട എല്ലാ കാര്‍മേഘങ്ങളും പെയ്തൊഴിഞ്ഞു. ഭാവിയിലേക്ക് നോക്കാനുള്ള ആഗ്രഹം മൊട്ടിട്ടു. അന്നാണ് ആറുവര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ കട്ടിലില്‍നിന്നും ഇറങ്ങി ദൈവത്തിൻ്റെ  കൈപിടിച്ച് മെല്ലെ നടക്കാന്‍ തുടങ്ങിയത്. ആ നടത്തമാണ് ഈ സര്‍വകലാശാലവരെ എന്നെ എത്തിച്ചത്.” ശിഹാബിൻ്റെ  മുഖത്തിപ്പോള്‍ നിലാവിന്റെ പുഞ്ചിരി.”നടന്നു തുടങ്ങും മുമ്പ് എണീറ്റു നില്‍ക്കാനായിരുന്നു ഞാന്‍ ആദ്യം ശ്രമിച്ചത്. വീണ് ശരീരം പൊട്ടി. പക്ഷെ പിന്മാറാന്‍ എനിക്കാവുമായിരുന്നില്ല. പതിയെ പതിയെ നടന്നു തുടങ്ങി.എഴുതാനും വരയ്ക്കാനും പഠിച്ചു. പിയാനോയും വയലിനും വായിക്കാന്‍ പഠിച്ചു.”തനിക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വഴികളിലൂടെയാണ് ദൈവം തന്നെ നയിക്കുന്നതെന്ന് ശിഹാബ് പറയുന്നു.

സ്‌കൂളിലെ താരം

കുഞ്ഞുനാളില്‍ ഞാനും മാതാപിതാക്കളോട് പറഞ്ഞു, എല്ലാ കുട്ടികളെയും പോലെ എനിക്കും സ്‌കൂളില്‍ പോയി പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന്. അങ്ങനെ എട്ടാം ക്ലാസില്‍ എന്നെ ചേര്‍ക്കാനായി അമ്മ കൊണ്ടുപോയി. അയല്‍ക്കാരൊക്കെ ഇതറിഞ്ഞ് പറഞ്ഞു. ”വെറുതെ ഇവനെ സ്‌കൂളില്‍ വിട്ട് കാശൊന്നും കളയണ്ട. കയ്യും കാലുമില്ലാത്ത ഇവനെങ്ങനെയാ എഴുത്തും വായനയുമൊക്കെ പഠിക്കുന്നത്?” പക്ഷേ എൻ്റെ അച്ഛനും അമ്മയ്ക്കും പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു, എന്നെ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്താല്‍ എന്തെങ്കിലുമൊക്കെ പഠിക്കുമെന്ന്. അങ്ങനെ എൻ്റെ അമ്മ രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് എടുത്തുകൊണ്ടുപോയി.ആദ്യകാലത്ത് സ്‌കൂളില്‍ പോയ ദിനങ്ങളൊന്നും മറക്കാനാവുന്നില്ല. മറ്റുക്ലാസിലെ കുട്ടികള്‍ കൂട്ടംകൂടി എൻ്റെ  ക്ലാസിലേക്ക് വരുമായിരുന്നു. അത്ഭുതജീവിയെ കാണുന്നതുപോലെയാണ് അവര്‍ എന്നെ നോക്കിയത്. ഞാനിക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു.”മോനേ,സിനിമാതാരങ്ങളൊക്കെ വരുമ്പോള്‍ ഇതുപോലെ ആളുകള്‍ ചുറ്റും കൂടാറുണ്ട്. നീ അതുപോലെ കണ്ടാല്‍ മതി.” വെറും മൂന്നാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളവരായിരുന്നു എൻ്റെ  മാതാ പിതാക്കള്‍. എങ്കിലും ആത്മധൈര്യവും ഉറച്ച മനോഭാവവും എന്നില്‍ രൂപപ്പെടുത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്‌കൂളിലെ ടീച്ചേഴ്‌സെല്ലാം എന്നെ മറ്റു കുട്ടികളോടെന്നപോലെ പെരുമാറി. സഹതാപത്തേക്കാള്‍ സ്‌നേഹവും കരുത്തുമൊക്കെയാണ് അവരെല്ലാം എനിക്ക് പകര്‍ന്നുനല്‍കിയത്. അറവങ്കര ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഠനം ഹൃദ്യമായൊരു അനുഭവമായിരുന്നു. എല്ലാവരും എല്‍.പി സ്‌കൂളിലും യു.പിയിലുമൊക്കെ പഠിച്ച പാഠങ്ങളത്രയും ഞാന്‍ പഠിച്ചത് കേവലം മൂന്ന് വര്‍ഷം കൊണ്ടാണെന്ന് മാത്രം. ഫലം വന്നപ്പോള്‍ 94 ശതമാനം മാര്‍ക്കുണ്ടായിരുന്നു. എൻ്റെ സ്‌കൂളില്‍ 800 കുട്ടികളാണ് എന്നോടൊപ്പം പത്താംക്ലാസ് പരീക്ഷ എഴുതിയത്. അതില്‍ ഞാന്‍ ടോപ് സ്‌കോര്‍ നേടി. ഇതൊക്കെയും എന്നിലുണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല. കുറേക്കൂടി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയത് ആ നാളുകളിലാണ്.

പ്രതിസന്ധികള്‍ മറികടന്ന്

പ്ലസ്ടുവിന് ഏത് ഗ്രൂപ്പ് എടുക്കണമെന്നായിരുന്നു അക്കാലത്ത് ചര്‍ച്ച. പലരും പലതും നിര്‍ദേശിച്ചു. എനിക്കാണെങ്കില്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ എന്നോട് താല്പര്യമുള്ള ചിലരൊക്കെ ഉപദേശിച്ചു. ”ശിഹാബേ, സയന്‍സ് ഗ്രൂപ്പ് എടുത്തു പഠിക്കുന്നത് ഭാവിയില്‍ ഡോക്ടര്‍മാരൊക്കെ ആകാന്‍ ആഗ്രഹമുള്ളവരാണ്. ശിഹാബിനെന്താണെങ്കിലും അതൊന്നും ആകാന്‍ പറ്റില്ല. കുറേയേറെ പ്രാക്ടിക്കല്‍ വര്‍ക്കൊക്കെ ചെയ്യേണ്ടിവരും. ”എന്തായാലും വരുന്നതു വരട്ടെ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ക്ലാസുകള്‍ അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. എൻ്റെ പരിമിതികളില്‍ നിന്നുള്ള ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം തരണം ചെയ്യാന്‍ ദൈവം സഹായിച്ചു. രണ്ട് വര്‍ഷത്തിനുശേഷം 85 ശതമാനം മാര്‍ക്കോടെ പ്ലസ്ടു സയന്‍സിന് വിജയിക്കുവാനും കഴിഞ്ഞു. ഡിഗ്രിക്ക് ബി.എ ഇംഗ്ലീഷെടുത്ത് പഠിച്ചു. അതും നല്ലനിലയില്‍ പാസാകാന്‍ കഴിഞ്ഞു.അപ്പോള്‍ എനിക്കൊരാഗ്രഹം. കോഴിക്കോട് യൂണിവേഴ്‌സിറ്റി കാമ്പസില്‍ പോയി പി.ജി പഠിച്ചാലോയെന്ന്. ഇതെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അതൊന്നും സാധിക്കില്ലെന്ന അഭിപ്രായമുന്നയിച്ചവരായിരുന്നു ഏറെപ്പേരും. യൂണിവേഴ്‌സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തിന് ആകെ 26 സീറ്റേയുള്ളൂ. അതില്‍ അഡ്മിഷന്‍ കിട്ടണമെങ്കില്‍ ഉയര്‍ന്നമാര്‍ക്കും അസാധാരണമായ പരിജ്ഞാനവും വേണം. അതുകൊണ്ട് ശിഹാബ് അതൊന്നും ആഗ്രഹിക്കാതിരിക്കുന്നതാണ് നല്ലതെന്നായിരുന്നു അവരുടെയെല്ലാം അഭിപ്രായം. ഏതായാലും ഒരിക്കല്‍ക്കൂടി ദൈവം എന്നെ അനുഗ്രഹിച്ചു. എൻ്റെ ഗ്രാമത്തില്‍ നിന്നും ആദ്യമായി യൂണിവേഴ്‌സിറ്റിയില്‍പോയി പഠിക്കാന്‍ എനിക്ക് സാധിച്ചു.

ഫലമണിഞ്ഞ സ്വപ്‌നങ്ങള്‍

സ്‌കൂളില്‍ പഠിക്കും മുമ്പ് അനുജന്‍ കൂട്ടുകാരൊടൊപ്പം പുറത്ത് പോയി ക്രിക്കറ്റ് കളിക്കുമായിരുന്നു. അത് കാണുമ്പോള്‍ എനിക്ക് സങ്കടം വരും. എനിക്കും അവരെപ്പോലെ കളിക്കാന്‍ പറ്റുന്നില്ലല്ലോ എന്നോര്‍ത്ത്. ഒരു ബാറ്റിൻ്റെ  വലിപ്പമല്ലേ എനിക്കുള്ളൂ. അനുജനൊക്കെ ക്രിക്കറ്റ് കളിയെല്ലാം കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുന്ന നേരത്ത് ഞാന്‍ ആ ബാറ്റും ബോളും വാങ്ങി വീട്ടിലിരുന്ന് പ്രാക്ടീസ് ചെയ്ത് തുടങ്ങി. അങ്ങനെ ഞാനൊരു ദിവസം മുറ്റത്ത് ക്രിക്കറ്റ് കളിക്കുന്നത് കണ്ടപ്പോള്‍ എല്ലാവര്‍ക്കും അതിശയമായി. അവര്‍ ചോദിച്ചു.”ഈ കുട്ടിയെങ്ങനെയാണ് കയ്യും കാലുമില്ലാതെ ക്രിക്കറ്റ് കളിക്കുന്നതെന്ന്?” അപ്പോള്‍ ഞാനവരോട് ദൈവത്തെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും വിശദീകരിച്ചു. അത് അവരുടെ ജീവിതത്തെയും പ്രകാശമാനമാക്കിയിട്ടുണ്ടാകണം. ഒരാള്‍ വയലിന്‍ വായിക്കുന്നതു കണ്ടപ്പോഴാണ് എനിക്കും അത് പഠിച്ചാലോ എന്ന മോഹം തോന്നുന്നത്. ഒടുവില്‍ ഞാന്‍ തന്നെ എനിക്ക് പറ്റിയൊരു വയലിന്‍ ഡിസൈന്‍ ചെയ്തു. എല്ലാക്കാര്യത്തിലും ഇങ്ങനെ ഞാന്‍ പരിപൂര്‍ണ്ണനായോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നുതന്നെയാണുത്തരം. എങ്കിലും എൻ്റെ പരിമിതിയില്‍ നിന്നുകൊണ്ട് എനിക്ക് പ്രയത്‌നിക്കാന്‍ കഴിയുന്നു. ഇതാണ് എന്നെ ആനന്ദിപ്പിക്കുന്നത്.മഴവില്‍ മനോരമ ചാനലില്‍ ‘ഉഗ്രം ഉജ്ജ്വലം’ എന്ന റിയാലിറ്റി ഷോയിലും ദൈവം എന്നെ കൊണ്ടുപോയി. ചാനലില്‍ എൻ്റെ നൃത്തവും സംഗീതവുമെല്ലാം കണ്ടവരെല്ലാം എന്നെ വിളിച്ച് അഭിനന്ദിച്ചു. ജീവിതത്തില്‍ സന്തോഷം തോന്നിയ ധാരാളം സമയങ്ങളുണ്ട്. അതിലൊന്നാണ് സിനിമാതാരം മമ്മൂട്ടിയെ അടുത്തുകാണാന്‍ ഭാഗ്യം ലഭിച്ചത്. കൈരളി ടെലിവിഷനില്‍ അവാര്‍ഡ് വാങ്ങാനെത്തിയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഞാന്‍ വരച്ച ഒരു ചിത്രം അദ്ദേഹത്തിന് സമര്‍പ്പിച്ചപ്പോള്‍ പരിസരം പോലും മറന്ന് അദ്ദേഹം എന്നെ എടുത്തുയര്‍ത്തിയത് മറക്കാനാവുന്നില്ല.ഞാന്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് വിളിച്ചതും അഭിനന്ദിച്ചതുമാണ് മറ്റൊരു നല്ല ഓര്‍മ്മ. മാജിക് ഇതിഹാസമായി അറിയപ്പെടുന്ന പ്രഫ.മുതുകാട് ഒരിക്കല്‍ സോഷ്യല്‍ മീഡിയായിലൂടെ എന്നെ പരിചയപ്പെടുത്തി. അതുവഴി സമൂഹത്തിലെ ഒട്ടനവധി ആളുകള്‍ എന്നെക്കുറിച്ച് കേട്ടു. ഇന്ന് ഞാന്‍ ഉപയോഗിക്കുന്ന വീല്‍ച്ചെയര്‍പോലും ലഭിച്ചത് അങ്ങനെ കേട്ടറിഞ്ഞെത്തിയ ഉദാരമതിയായ ഒരാളുടെ സംഭാവനയാണ്. വിമാനത്തില്‍ കയറണമെന്ന് കുഞ്ഞുനാള്‍ മുതല്‍ എനിക്കാഗ്രഹമായിരുന്നു. കൊല്‍ക്കൊത്തയിലെ ജാദവപുരി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസെടുക്കാന്‍ ഞാന്‍  പോയത് വിമാനത്തിലാണ്.

ഭാവി സ്വപ്‌നങ്ങള്‍

ഏതെങ്കിലും വിദേശരാജ്യത്ത് പോയി പഠിക്കണം. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ ആകണം. ട്രെയിനിംഗ് അക്കാദമി തുടങ്ങണം. ഇങ്ങനെ ചില മോഹങ്ങള്‍ ബാക്കി നില്‍ക്കുന്നു. ഇല്ലായ്മകളെ അതിജീവിച്ച് ഉയര്‍ന്ന ധാരാളം പേര്‍ വിദേശ രാജ്യങ്ങളിലൊക്കെയുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇവരെക്കുറിച്ചൊന്നും നമ്മുടെ നാട്ടിലെ പലരും കേട്ടിട്ടില്ല. അവരെ നമ്മുടെ നാട്ടില്‍ കൊണ്ടുവരണം. അവരുടെ വിജയകഥ നമ്മുടെ കുട്ടികളും സമൂഹവും കേള്‍ക്കണം. അതൊക്കെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന കരുത്ത് അസാധാരണമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പേരിന് മുന്നില്‍ ഒരു ഡോക്ടറേറ്റ് ചേര്‍ക്കണമെന്ന് എനിക്കൊരു സ്വപ്‌നമുണ്ടായിരുന്നു. എങ്കിലും ശാരീരിക പരിമിതികൊണ്ട് എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടില്ലെന്ന് മനസിലായി. അതിനാല്‍ പി.എച്ച്ഡി എടുത്ത് ‘ഡോക്ടറാകാ’നുള്ള ശ്രമം ഞാന്‍ തുടരും.തളരരുത്, പോരാടണം
”ഞാനിന്ന് ഏറെ സന്തോഷമുള്ള വ്യക്തിയാണ്.” ശിഹാബ് തുടരുന്നു. ”കാരണം, ജീവിതത്തില്‍ ആഗ്രഹിച്ചതൊക്കെ ദൈവം എന്റെ കയ്യില്‍ തന്നു. പിയാനോ, വയലിന്‍, ഡ്രോയിംഗ്, തുടങ്ങി എന്താണോ ഞാന്‍ ആഗ്രഹിച്ചത് അതൊക്ക ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ക്രിക്കറ്റും ഫുട്‌ബോളും കളിക്കാറുണ്ട്. ഒരു ജീവിതമാര്‍ഗമെന്ന നിലയിലൊന്നുമല്ല, എനിക്കിതിന് കഴിയും എന്ന് ലോകത്തെ ബോധ്യപ്പെടുത്തുവാനായി മാത്രം.” ”സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ഞാന്‍ ആദ്യം വായില്‍ ബ്രഷ് തിരുകിയാണ് വരച്ച് തുടങ്ങിയത്. പിന്നീട് ഇത്തിരിയില്ലാത്ത കൈകള്‍ക്കിടയില്‍ ബ്രഷ് തിരുകി ചിത്രം വരച്ചു. അതൊക്കെ ചില വരകളും കുറികളുമായിരുന്നെങ്കിലും എല്ലാവരുടെയും പ്രോത്സാഹനവും പിന്തുണയും എനിക്ക് കിട്ടി. അതൊക്കെയാകാം പിന്നീട് മികച്ച പെയിന്റിംഗിനുള്ള സംഗമിത്രയുടെ പുരസ്‌കാരം ലഭിക്കാന്‍ ഇടയാക്കിയത്. പ്രതിസന്ധികളില്‍ തളര്‍ന്നുപോയവരോട് എനിക്ക് പറയാനുള്ളത് ഇതുമാത്രമാണ്. മറ്റുള്ളവര്‍ക്ക് നോക്കിയിരിക്കാന്‍ കഴിയുന്ന മിഴിവുള്ള ചിത്രം നാം ജീവിതമാകുന്ന കാന്‍വാസില്‍ അവര്‍ക്ക് കാട്ടിക്കൊടുക്കണം. നിങ്ങള്‍ നോക്കുമ്പോള്‍ പരിമിതികള്‍ മാത്രമുള്ള എന്റെ ജീവിതത്തിലൂടെ എനിക്കിതൊക്കെ സാധിക്കുമെങ്കില്‍ കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കാണ് ജീവിതവിജയം നേടാന്‍ കഴിയാത്തത്? നിര്‍ഭാഗ്യങ്ങളിലേക്ക് മാത്രമാണ് ഞാന്‍ നോക്കിയിരുന്നതെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ നിര്‍ഭാഗ്യവാനായിരുന്നു ഞാന്‍. കാരണം ഇതുവരെ സ്വന്തമായി ഭക്ഷണം കൈകൊണ്ട് വാരിക്കഴിക്കാനുളള ഭാഗ്യമെനിക്കില്ല, കാലുകൊണ്ട് ഓടിച്ചാടി നടക്കാനും കഴിയില്ല. അതിനാല്‍ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ചെറിയ സങ്കടങ്ങള്‍ നമ്മള്‍ മറക്കണം. ഈ ഭൂമിയില്‍ നമുക്കൊരു ജീവിതമേയുള്ളൂ. അത് നന്നായി ജീവിച്ച് കാണിച്ചുകൊടുക്കണം.”പ്രതീക്ഷയുടെ നുറുങ്ങുവെട്ടങ്ങള്‍ തിളങ്ങുന്ന മുഖവുമായി ശിഹാബ് വീല്‍ച്ചെയറിലൂടെ മുന്നോട്ട് നീങ്ങുന്നു. അപ്പോഴാണ് ഈ വലിയ മനുഷ്യൻ്റെ മുന്നില്‍ നാമെത്ര ചെറുതാണെന്ന് തോന്നിപ്പോകുന്നത്!

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like