ഇനിയും വളരെയേറെ ബാക്കിയുണ്ട്

274

1900 -ാം ആണ്ടിൽ ഹെന്റി ഫോർഡ് ഒരു മീറ്റിംഗിൽ ഇങ്ങനെ പ്രസ്താവിച്ചു: ”ഒരു പക്ഷേ സമീപഭാവിയിൽ തന്നെ കുതിരകളില്ലാതെ ഓടുന്ന വണ്ടികൾ നമ്മുടെ നിരത്തുകളിൽ പ്രത്യക്ഷപ്പെടാം.” ഇതുകേട്ട് ബഹുഭൂരിപക്ഷം ശ്രോതാക്കളും പൊട്ടിച്ചിരിച്ചു. കാരണം അന്നുവരെയും കുതിരകളെ കെട്ടിയാണ് വണ്ടികൾ ഓടിച്ചിരുന്നത്. കുതിരയില്ലാതെ, സ്വയം വണ്ടിയോടുന്നതെങ്ങനെ? എന്നാൽ 1903-ൽ ഹെന്റി ഫോർഡ് തന്നെ കുതിരകളില്ലാതെ സ്വയം ഓടുന്ന ആദ്യത്തെ മോട്ടോർകാർ റോഡിലിറക്കി.
19-ാം നൂറ്റാണ്ടിന്റെ അവസാനവർഷങ്ങളൊന്നിൽ ഒരു പ്രൊട്ടസ്റ്റന്റ് ബിഷപായിരുന്ന റവ. റൈറ്റ് മനുഷ്യന്റെ കണ്ടുപിടുത്തങ്ങളെക്കുറിച്ചും ലോകത്തിന്റെ പുരോഗതിയെക്കുറിച്ചും ഒരു സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഹൃത്ത് പെട്ടെന്ന് ഇങ്ങനെ പറഞ്ഞു: ”അധികകാലം കഴിയുന്നതിനുമുമ്പേ, ആകാശത്തിലൂടെ പക്ഷിയെപ്പോലെ സഞ്ചരിക്കാനുള്ള വിദ്യയും മനുഷ്യൻ കണ്ടുപിടിക്കുമെന്നാണ് എനിക്കു തോന്നു ന്നത്.” ഇതുകേട്ട് ബിഷപ് ചിരിച്ചുകൊണ്ട് പറഞ്ഞു. ”ഇതൊക്കെ അമ്മൂമ്മക്കഥയിലെ കാര്യമാണ്. മനുഷ്യന് ഒരിക്കലും പക്ഷിയെപ്പോലെ ആകാശത്തിൽ പറക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”

പത്തിരുപത് വർഷങ്ങൾക്കുശേഷം ഓർവില്ലി, വിൽ ബേർ എന്നീ രണ്ടു സഹോദരന്മാർ ആദ്യത്തെ വിമാനം നിർമ്മിച്ച് ആകാശത്തിലൂടെ സഞ്ചരിച്ചു. ഇവർ ആരായിരുന്നു എന്നറിയാമോ? മനുഷ്യന് ആകാശയാത്ര അസാധ്യം എന്നു ചിന്തിച്ചിരുന്ന ബിഷപ് റൈറ്റിന്റെ തന്നെ മക്കളായിരുന്നു. അവർ റൈറ്റ് സഹോദരന്മാർ എന്നാണ് ഇന്നും അറിയപ്പെടുന്നത്.
പുതിയ ഓരോ ദിവസവും നമ്മുടെ മനസ്സ് പുതിയ അനുഭവങ്ങൾക്കും അത്ഭുതങ്ങൾക്കുമായി തുറന്നുകൊടുക്കണം. ജീവിതം ഇത്രയേ ഉള്ളു. ഇങ്ങനെയൊക്കെ പോയാൽ മതി എന്ന് വിചാരിക്കരുത്. കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും ജോലിയിലും ഇനിയും നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഓരോ ദിവസവും പുതിയ അനുഭവങ്ങളും അറിവുകളും സ്വപ്‌നങ്ങളും നമുക്കുണ്ടാകണം. പലരുടെയും ബന്ധങ്ങളും ബിസ്സിനസ്സും പഠനവും ഇതര പ്രവർത്തനമേഖലകളും മുരടിച്ച് പോകുന്നതിന്റെ കാരണം ഇപ്പോൾ ഉള്ളതിനും അപ്പുറത്തേക്ക് ചിന്തിക്കാനോ സ്വപ്‌നംകാണാനോ സാധിക്കാത്തതാണ്. അത്തരം വാർദ്ധക്യം ബാധിച്ച മനസ്സുകൾ യുവാക്കളെപ്പോലും വൃദ്ധരാക്കിമാറ്റുന്നു. നാളയേക്കുറിച്ച് ലോകത്തെക്കുറിച്ച് പ്രവർത്തനമേഖലകളെക്കുറിച്ച് കെട്ടുപോകാത്ത സ്വപ്‌നങ്ങൾ ഉള്ളവർ വാർദ്ധക്യത്തിലും യുവത്വം പ്രസരിപ്പിക്കുന്നവരായിരിക്കും. അതിനാൽ ജീവിതത്തിന് പരിധിയിടാതിരിക്കുക.

ഭീതിയും പരാജയങ്ങളും കുറ്റപ്പെടുത്തലുകളും മാത്രമല്ല നേട്ടങ്ങളുടെയും അഭിനന്ദനങ്ങളുടേയും ലഹരിവഴിയുണ്ടാക്കുന്ന ആലസ്യവും പുതിയ മേഖലകളിലേയ്ക്ക് മനസ്സുയർത്താൻ തടസ്സമായിത്തീരാം. അതിനാൽ ബൈബിൾ പറയുന്നതുപോലെ ‘പിന്നിലുള്ളവയെ വിസ്മരിച്ച് മുന്നിലുള്ളവയെ ലക്ഷ്യമാക്കി നാം ഓട്ടം തുടരണം.’ – മരണംവരെയും.
നമ്മുടെ സ്ഥാപനങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ വളരാൻ സാധ്യതകളുണ്ട്. നമ്മുടെ ബന്ധങ്ങൾ ഇനിയും വളരേണ്ടതുണ്ട്. നമുക്കിനിയും വളരേയെറെ പഠിക്കാൻ കഴിയും. നമ്മുടെ ജീവിതത്തിൽ ഇനിയും അവസരങ്ങളും സാധ്യതകളു
മുണ്ട്.പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുംകൊണ്ട് ഓരോ ദിവസത്തേയും ഉണർത്തുക. ജീവിതം മനോഹരമായിത്തീരും.

ബെന്നി പുന്നത്തറ

You might also like

error: Content is protected !!