കലാപ രാഷ്ട്രീയമല്ല ഞങ്ങള്‍ക്കു വേണ്ടത്

റോസ്

69

രാഷ്ട്രീയ സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ ലക്ഷണമാണ്, രാഷ്ട്രീയബോധമുളള ജനത സമൂഹത്തിന്റെ നിലനില്‍പിന് ആവശ്യവും. എന്നാല്‍ കലാലയങ്ങളില്‍ ഏതെങ്കിലുമൊരു പാര്‍ട്ടിയുടെ കൊടിയുടെ മറവില്‍ നടക്കുന്നതെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനംതന്നെയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നത് ഉള്‍പ്പെടെ കാമ്പസിനകത്ത് നടക്കുന്ന എല്ലാ അക്രമങ്ങളും ന്യായമാണ് എന്നു വാദിക്കുന്നവര്‍ക്ക് ഏതു തരത്തിലുളള ജനാധിപത്യബോധമാണ് എന്നതും ആശങ്കയുളവാക്കുന്നതാണ്.
ഒരുകാലത്ത് നമ്മുടെ കാമ്പസുകളില്‍ ആശയ സമ്പുഷ്ടരായ,ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചറിയുന്ന,രാഷ്ട്രീയബോധമുളള തലമുറ വളര്‍ന്നുവന്നിരുന്നു.പില്‍ക്കാലത്ത് നമുക്ക് നിരവധി രാഷ്ട്രീയ നേതാക്കന്മാരേയും ആ കലാലയങ്ങള്‍ സമ്മാനിച്ചു.എന്നാല്‍ ക്യാംപസ് രാഷ്ട്രീയം ആശയത്തില്‍നിന്നു ആവേശത്തിനു വഴിമാറിയോ എന്നു വിലയിരുത്തുകയാണ് തൃക്കാക്കര കെ.എം.എം കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍.ക്യാംപസ് രാഷ്ട്രീയം എങ്ങനെയാകണമെന്നും എങ്ങനെ ആകരുതെന്നും യുവ തലമുറ വിലയിരുത്തുന്നു.
വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും കലാലയത്തിന്റെ പുരോഗതിക്കുംവേണ്ടിയാണ് ക്യാംപസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് മൂന്നാംവര്‍ഷ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ഥിനി ഷൗലറ്റ് സേവ്യറിന്റെ അഭിപ്രായം.പല ചിന്താഗതികളും പ്രവര്‍ത്തനരീതികളും പിന്തുടരുന്ന വ്യത്യസ്ത രാഷ്ട്രീയ സംഘടനകള്‍ കലാലയ മതില്‍ക്കെട്ടിനുളളില്‍ ഉണ്ടാകും. അവര്‍ പരസ്പര ധാരണയിലും ഐക്യത്തിലും മുന്നോട്ട് പോകണമെന്നാണ് ഷൗലറ്റ് പറയുന്നത്.ഇതേ അഭിപ്രായക്കാരാണ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അര്‍ജുനും ദിവ്യയും.
ഓരോ കലാലയത്തിനും രാഷ്ട്രീയം ആവശ്യമായ ഒരു ഘടകമാണ്.തെറ്റ് ചെയ്താല്‍ അത് അംഗീകരിക്കാനും തിരുത്താനുമുളള ആര്‍ജവം കൂടി എല്ലാ കുട്ടിനേതാക്കന്മാരും കാണിക്കണമെന്ന് ഇവര്‍ പറയുന്നു.പരസ്പരം സ്പര്‍ധയും വൈരാഗ്യവും വച്ചുപുലര്‍ത്താതെ നല്ല സുഹൃദ്ബന്ധങ്ങള്‍ ക്യാംപസിലെ കുട്ടിനേതാക്കള്‍ വളര്‍ത്തണമെന്ന ഇവരുടെ അഭിപ്രായത്തോട് ക്യാംപസിലെ മിക്കവരും യോജിക്കുന്നു. സൗഹൃദപരമായ രാഷ്ട്രീയ അന്തരീക്ഷം കലാലയത്തില്‍ നിലനിര്‍ത്തുന്നത് ഒരു നല്ല രാഷ്ട്രീയ അവബോധമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് എം.ബി.എ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ അനുഷയുടെയും കാര്‍ത്തിക്കിന്റെയും നിലപാട്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗുണകരമാകേണ്ട കലാലയ രാഷ്ട്രീയരംഗം ഇന്ന് അവരെ ലക്ഷ്യംവെച്ചുളള കുരുതിക്കളമാകുന്നുവെന്നാണ് ബി.എ ഇംഗ്ലീഷ് രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആതിര അശോകന്റെ അഭിപ്രായം. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട പാര്‍ട്ടികള്‍ തന്നെ അക്രമ രാഷ്ട്രീയത്തിലേക്ക് നയിച്ച് അവരുടെ ഭാവി മുള്‍മുനയിലാക്കുന്ന അവസ്ഥയാണെന്ന് ആതിര വിലയിരുത്തുന്നു. ക്യാംപസില്‍ രാഷ്ട്രീയ കലാപങ്ങളല്ല, രാഷ്ട്രീയബോധമുളളവരാണ് വേണ്ടതെന്ന് ഈ വിദ്യാര്‍ഥികള്‍ ഉറപ്പിച്ച് പറയുന്നു. സമരങ്ങളും കലാപക്കൊടികളും മാത്രമല്ല, സൗഹൃദത്തിന്റെ രാഷ്ട്രീയവും കലാലയത്തിനകത്ത് അവര്‍ ആഗ്രഹിക്കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കുവേണ്ടി അക്രമം നടത്താനല്ല, അവരുടെ കൂടെ നല്ലതിനുവേണ്ടി പോരാടാനാണ് രാഷ്ട്രീയപ്പാര്‍ട്ടികളെ അവര്‍ കൂട്ടുപിടിക്കാനാഗ്രഹിക്കുന്നത്.

 

Leave a comment
error: Content is protected !!