ജനാലയ്ക്കരികിലെ ആ വികൃതി പെൺകുട്ടി

225

മനസ്സില്‍ മായാതെ കിടക്കുന്ന ബാല്യകാല സ്മരണകളിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്ന പുസ്‌കം… ആധുനിക വിദ്യാഭ്യാസത്തിന് പുത്തന്‍ മാനങ്ങള്‍ നല്‍കിയ പുസ്തകം… കുട്ടികളെ സ്‌നേഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ടï പുസ്തകം… മലയാളത്തില്‍ ഒരു ലക്ഷത്തിലേറെ പ്രതികള്‍ വിറ്റ പുസ്തകം… ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് തെത്സുകോ കുറോയാനഗിയുടെ ടോട്ടോ-ചാന്‍ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി എന്ന കൃതിയ്ക്ക്. കുട്ടികളുമായി ഇടപഴകുന്ന ഓരോരുത്തര്‍ക്കും ഒരുപാടുകാര്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ടോട്ടോച്ചാന്റെ വിശേഷങ്ങള്‍ വായിച്ചറിയാം.വികൃതികളുടെ രാജകുമാരിയാണ് ടോട്ടോ. പഴയ സ്‌കൂളിലെ അവളുടെ കുസൃതികള്‍ സഹിക്കാന്‍ വയ്യാതായതോടെയാണ് കുഞ്ഞു ടോട്ടോയെ അവിടെനിന്നും പുറത്താക്കിയത്. എങ്ങനെ പുറത്താക്കാതിരിക്കും. ക്ലാസ്സെടുക്കുമ്പോള്‍ പുസ്തക മേശ വലിയ ശബ്ദത്തില്‍ തുറന്നടയ്ക്കുക, വഴിയിലൂടെ പോകുന്ന തെരുവ് പാട്ടുകാരെ ജനലിലൂടെ കൈകാണിച്ച് വിളിച്ച് പാട്ടു പാടിക്കുക, കിളികളോടും മരങ്ങളോടും കിന്നാരം പറയുക ഇങ്ങനെ പോകുന്നു കൊച്ചു ടോട്ടോയുടെ വികൃതികള്‍. അങ്ങനെയാണ് അവള്‍ കോബായാഷി മാസ്റ്ററുടെ ‘റ്റോമോ’ സ്‌കൂളില്‍ എത്തുന്നത്.


അടിയില്ലാത്ത… ചോദ്യം ചോദിക്കലുകള്‍ ഇല്ലാത്ത… ഹോം വര്‍ക്കുകള്‍ ഇല്ലാത്ത സ്‌കൂള്‍. അങ്ങനെ ഏതൊരു കുട്ടിയും സ്വപ്‌നം കാണുന്ന സ്‌കൂളായിരുന്നു ടോട്ടോയുടെ ‘റ്റോമോ’ സ്‌കൂളും.സ്‌കൂള്‍ ഒരു ട്രെയിന്‍ പോലെയാണ്. ഓരോ ബോഗിയും ഓരോ ക്ലാസ്സ്..! അവിടെ അവള്‍ക്ക് ഒരുപാട് സുഹൃത്തുക്കളെ കിട്ടി. യാസാക്കി ചാനായിരുന്നു അവളുടെ പ്രിയപ്പെട്ട ചങ്ങാതി. റ്റോമോ സ്‌കൂളിലെ ടോട്ടോയുടെ രസകരമായ സ്‌കൂള്‍ അനുഭവങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.        കുട്ടികളുടെ ഓരോ വികൃതിയിലും അവര്‍ക്ക് പഠിക്കാന്‍ ഒരു പാഠമുണ്ടെന്ന് വിശ്വസിക്കുന്ന കൊബായാഷി മാസ്റ്ററാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍. ഓരോ അധ്യാപകനും തങ്ങളുടെ ശിഷ്യരോട് എങ്ങനെ പെരുമാറണമെന്ന് മാസ്റ്റര്‍ പഠിപ്പിക്കുന്നു.കുഞ്ഞുങ്ങളെ മനസ്സിലാക്കി അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ച സാധ്യമാകുന്ന വിധത്തില്‍ കളികളിലൂടെയും വിനോദങ്ങളിലൂടെയും അവരെ മുന്നോട്ട് കൊണ്ട് പോകുന്നതായിരുന്നു റ്റോമോയിലെ പഠനരീതി. ജപ്പാനിലെ ടെലിവിഷന്‍ പ്രതിഭയും യുനിസെഫിന്റെ ഗുഡ്‌വില്‍ അംബാസിഡറുമായതെത്സുകോ കുറോയാനഗി തൻ്റെ കുട്ടിക്കാലത്തെ അനുസ്മരിച്ച് എഴുതിയ ഗ്രന്ഥമാണ് ‘ടോട്ടോച്ചാന്‍’. 1970-80 കാലഘട്ടങ്ങളില്‍ ജാപ്പനീസ് ഭാഷയിലായിരുന്നു ഈ കൃതിയുടെ രചന. പിന്നീട് പല ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തു. 1937 ല്‍ ഒട്ടനവധി പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷമാണ് സൊസാകു കൊബായാഷി ‘റ്റോമോഗാ ക്വെന്‍’ ആരംഭിച്ചത്. കുഞ്ഞുങ്ങളുടെ സഹജമായ ഇച്ഛകളെ തുരങ്കം വെക്കാതിരിക്കുക. അവരുടെ സ്വപ്‌നങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടേതിനേക്കാള്‍ മഹത്തരമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. ടോക്കിയോ നഗരം ബോബാക്രമണത്തിനിരയായ 1945 ല്‍ റ്റോമോയും കത്തിനശിക്കുകയായിരുന്നു. തന്റെ മാതൃകാ വിദ്യാലയം പുനരാരംഭിക്കാനാവാതെ 69-ാം വയസ്സില്‍ കൊബോയാഷി മാസ്റ്ററും മരിച്ചു. ടോട്ടോച്ചാന്‍ എന്ന വികൃതിയായ പെണ്‍കുട്ടിയിലൂടെ വിദ്യാഭ്യാസത്തിന്റെ പുതിയ മാനങ്ങളാണ് ഈ കൃതി കാട്ടിതരുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായനാ യോഗ്യമാണ് ഈ കൃതി. അന്‍വര്‍ അലിയുടെ മനോഹരമായ പരിഭാഷ സന്തോഷകരമായ ഒരു വായനാനുഭവവും സമ്മാനിക്കുന്നു.

You might also like

error: Content is protected !!