മാമൈദിയുടെ മകന്‍ മൊയ്തീന്‍കുട്ടിയുടെയും

റിന്റു ജോണ്‍

122
പിറന്ന മൂന്നാം നാള്‍ അമ്മ നഷ്ടപ്പെട്ട ബര്‍മ്മീസ് ഏഴുവയസ്സുകാരനെ യുദ്ധക്കെടുതികള്‍ക്കിടയിലൂടെ നെഞ്ചോടടുക്കിപ്പിടിച്ച് കരമാര്‍ഗം പലായനത്തിലൂടെ കേരളത്തിലെത്തിച്ച് മലയാളത്തിന്റെ മുത്താക്കിമാറ്റിയത് ഒരു പിതാവിന്റെ ഹൃദയവിശാലതയും സ്‌നേഹവുമായിരുന്നു. ബര്‍മ്മയില്‍ പിറന്ന് കൊയിലാണ്ടിയില്‍ വളര്‍ന്ന് തിക്കോടിയില്‍ പരിണയിച്ച് കോഴിക്കോട് വാഴുന്ന ഉസ്സാന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന യു.എ. ഖാദര്‍ ബാല്യത്തിന്റെ ഒറ്റപ്പെടലുകളില്‍ തണലായി നിന്ന പിതാവിനെ ഓര്‍ക്കുന്നു.
പിറന്ന മൂന്നാം നാള്‍ അമ്മ നഷ്ടപ്പെട്ട ബര്‍മ്മീസ് ഏഴുവയസ്സുകാരനെ യുദ്ധക്കെടുതികള്‍ക്കിടയിലൂടെ നെഞ്ചോടടുക്കിപ്പിടിച്ച് കരമാര്‍ഗം പലായനത്തിലൂടെ കേരളത്തിലെത്തിച്ച് മലയാളത്തിന്റെ മുത്താക്കിമാറ്റിയത് ഒരു പിതാവിന്റെ ഹൃദയവിശാലതയും സ്‌നേഹവുമായിരുന്നു. ബര്‍മ്മയില്‍ പിറന്ന് കൊയിലാണ്ടിയില്‍ വളര്‍ന്ന് തിക്കോടിയില്‍ പരിണയിച്ച് കോഴിക്കോട് വാഴുന്ന ഉസ്സാന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന യു.എ. ഖാദര്‍ ബാല്യത്തിന്റെ ഒറ്റപ്പെടലുകളില്‍ തണലായി നിന്ന പിതാവിനെ ഓര്‍ക്കുന്നു.ആറ് പതിറ്റാണ്ടിന് മുമ്പുള്ള മലബാറിനെക്കുറിച്ച് ഓര്‍ത്താല്‍ ആദ്യം മനസ്സില്‍ വരിക പട്ടിണിയും ദാരിദ്ര്യവും പേറി ജീവിക്കുന്ന കുറെ മനുഷ്യജന്മങ്ങളാണ്. ഇക്കാലത്ത് തൊഴിലില്ലാതെ ബുദ്ധിമുട്ടിയിരുന്ന കാക്കാമാര്‍ മലബാറില്‍ എമ്പാടുമുണ്ടായിരുന്നു. മലയയിലും സിംഗപ്പൂരിലും ബര്‍മ്മയിലുമൊക്കെയായിരുന്നു അക്കാലത്ത് വടക്കേ മലബാറിലെ കാക്കാമാര്‍ തൊഴില്‍ തേടി ചേക്കേറിയിരുന്നത്. ഇങ്ങനെ ചേക്കേറിയ പലരും അവിടെതന്നെ വിവാഹം കഴിച്ച് കുടുംബമായി താമസമായി.എന്റെ ഉപ്പ കൊയിലാണ്ടിക്കാരന്‍ മൊയ്തീന്‍കുട്ടി ഹാജി ബര്‍മ്മയിലെ റാങ്കൂണ്‍ പട്ടണത്തിലെ ബില്ലീന്‍ എന്ന ഗ്രാമത്തിലാണ് ചേക്കേറിയത്. ഇപ്പോഴത്തെ മ്യാന്‍മാറിലെ മോണ്‍സ്‌റ്റേറ്റില്‍പ്പെട്ട ഗ്രാമമാണത്. കച്ചവടത്തിനായി ബര്‍മ്മയിലെത്തിയ ഒരു സാധാരണ വഴിവാണിഭക്കാരനായിരുന്നു എന്റെ ഉപ്പ. മൂത്താപ്പ, ഉപ്പയുടെ ജ്യേഷ്ഠനും അവിടെ തന്നെയായിരുന്നു. അദ്ദേഹം അവിടെ ഐസുമിഠായി കച്ചവടക്കാരനായിരുന്നു.
അരി, സോപ്പ്, ചീപ്പ്, കണ്ണാടി ഇങ്ങനെ എല്ലാമുണ്ടായിരുന്നു ഉപ്പയുടെ കടയില്‍. ആ കച്ചവടക്കാലത്തുണ്ടായ ഒരു പ്രണയമാണ് എന്റെ പിറവിക്ക് കാരണം. അങ്ങനെ 1935 ല്‍ വസൂരി ബാധിച്ച അവസ്ഥയില്‍ എന്റെ ഉമ്മ എന്നെ പെറ്റിട്ടു. ഞാന്‍ ജനിച്ച് മൂന്നാം നാള്‍ വസൂരി ബാധിച്ച് ഉമ്മയും മരിച്ചു. ഉമ്മയുടെ സ്‌നേഹം എനിക്കറിയില്ല. മുലപ്പാലിന്റെ സ്വാദറിയില്ല. ഏഴു വയസ്സുവരെ എന്നെ വളര്‍ത്തിയത് ഉപ്പയായിരുന്നു. പൈതലിനെ പോറ്റി പരിപാലിക്കാന്‍ പാവം ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ടാവും. ഉമ്മയുടെ പേരെന്തായിരുന്നുവെന്ന് ഞാന്‍ അറിയുന്നത് നാല്‍പത്തിയഞ്ചാം വയസ്സിലാണ്. മാമൈദിയെന്ന് ഉപ്പ പറഞ്ഞത് വിക്കി വിതുമ്പിയാണ്. കൊയിലാണ്ടിക്കാരന്‍ കാക്കയും  ബര്‍മ്മക്കാരി മാമൈദിയും തമ്മിലുള്ള അനുരാഗ കഥയുടെ ചുരളഴിച്ച് മകനെ കേള്‍പ്പിക്കാനൊന്നും അദ്ദേഹത്തിനായില്ല.
ഉമ്മയുടെ മരണശേഷം എന്നെ വളര്‍ത്താന്‍ ഉപ്പയെ സഹായിച്ചത് ഉമ്മയുടെ അനിയത്തിയായിരുന്നു. ഇളയുമ്മയില്‍ നിന്നാണ് മാതൃവാത്സല്യത്തിന്റെ ചൂട് ഞാന്‍ ആദ്യമായി നുകരുന്നത്. ബുദ്ധമത പെഗോഡകള്‍ നിറഞ്ഞ ഗ്രാമമായിരുന്നു ഞങ്ങളുടേത്. അന്നത്തെ ഏഴുവയസ്സുകാരന്റെ മനസ്സില്‍ പതിഞ്ഞ ഭൂഭാഗങ്ങളില്‍ ചിലതൊക്കെ ഇന്നും എന്റെയുള്ളില്‍ തെളിമയോടെ ഉണ്ട്. ചില സ്വപ്‌നങ്ങള്‍ എക്കാലത്തും ജ്വലിച്ചുനില്‍ക്കും പോലെ
ഉപ്പയുടെ തോളിലേറി
ക്വൊയ്‌തോണ്‍ നദീതീരത്തായിരുന്നു ഞങ്ങളുടെ വീട്. നദിയിലെ വേലിയേറ്റവും വേലിയറക്കവും കണക്കിലെടുത്ത്  നാലുപുറത്തും കാല്‍ ഉറപ്പിച്ച് അതിന്റെ മുകളിലാണ് വീട്.ഒരിക്കല്‍ വീട്ടുതിണ്ണയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാന്‍ കാല്‍ തെറ്റി വെള്ളത്തിലേക്ക് വീണു.  മുങ്ങിത്താണ എന്നെ ഒരു ചീനക്കാരനാണ് രക്ഷപ്പെടുത്തിയത്. അയാള്‍ എന്നെ വാരി തോളിലിട്ട് നേരെ പോയത് ഉപ്പയുടെ പീടികത്തിണ്ണയിലേക്കായിരുന്നു. മുന്‍സിപ്പല്‍ മാര്‍ക്കറ്റിലെ പീടികയിലായിരുന്നു ഉപ്പ അന്ന് കച്ചവടം നടത്തിയിരുന്നത്. ആ സംഭവത്തിന് ശേഷം ഉപ്പ ഒരിക്കലും എന്നെ ഒറ്റയ്ക്ക് വീട്ടിലിരുത്തി കച്ചവടത്തിന്  പോകുമായിരുന്നില്ല. രാവിലെ പീടികയിലേക്ക് ഇറങ്ങുമ്പോള്‍ എന്നെയും ഒപ്പം കൂട്ടും. കുറെക്കഴിഞ്ഞപ്പോള്‍ ഉപ്പയുടെ ആ പതിവ് എനിക്കൊരു ശല്യമായി തോന്നിതുടങ്ങി. എന്റെ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമായാണ് ബാല്യത്തിന്റെ പിടിവാശിയില്‍ ഉപ്പയുടെ ആ കരുതല്‍ എനിക്കനുഭവപ്പെട്ടത്. പക്ഷെ പില്‍ക്കാലത്ത് ഓര്‍മ്മകളിലേക്ക് മടങ്ങുമ്പോഴൊക്കെയും ഉപ്പയുടെ ആ പരിലാളന എന്റെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്.
പെഗോഡകളില്‍ ഉത്സവം വരുമ്പോള്‍ ഉപ്പ അവിടെ ചന്തപ്പുര ഉണ്ടാക്കാറുണ്ടായിരുന്നു. മാല, വള, പൊട്ട്, ചാന്ത് തുടങ്ങി സ്ത്രീജനങ്ങളെ മോഹിപ്പിക്കുന്നതെല്ലാമുണ്ടായിരുന്നു ഉപ്പയുടെ ചന്തപ്പുരയില്‍. ചന്തപ്പുരയുടെ പിന്നാമ്പുറത്തായി എനിക്ക് താമസിക്കാന്‍ പ്രത്യേക സൗകര്യവും ഒരുക്കുമായിരുന്നു ഉപ്പ. പക്ഷെ ഞാനെപ്പോഴും ഉപ്പയുടെ കടയോട് ചേര്‍ന്ന് കച്ചവടം ചെയ്യുന്ന ബര്‍മ്മക്കാരിക്കും കൂട്ടു കാര്‍ക്കുമൊപ്പമായിരുന്നു. ഞാന്‍ നടക്കാന്‍ പഠിക്കും വരെ ഒരു തോളത്ത് എന്നെയും മറു തോളത്ത് കച്ചവട സാധനങ്ങളുമായി ആയിരുന്നു പെഗോഡകളില്‍ നിന്നും പെഗോഡകളിലേക്കുള്ള ഉപ്പയുടെ യാത്ര. പിന്നീട് നടക്കാറായപ്പോള്‍ ഞാന്‍ തോളത്തു നിന്നിറങ്ങി കൈയില്‍ തൂങ്ങിത്തുടങ്ങി. നടക്കാന്‍ പഠിച്ചതിന് ശേഷവും ഉപ്പയ്ക്ക് ഞാന്‍ അദ്ദേഹത്തിന്റെ കയ്യകലത്തില്‍ തന്നെ ഉണ്ടാകണമെന്ന് നിര്‍ബന്ധമായിരുന്നു.

വെടിയുണ്ടകള്‍ക്കു നടുവിലും മാറോട് ചേർത്ത് അങ്ങനെയിരിക്കെയാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്.ജപ്പാന്‍ പോര്‍ വിമാനങ്ങള്‍ റങ്കൂണ്‍ പട്ടണത്തെ തകര്‍ക്കാന്‍ തുടങ്ങി. തലയ്ക്ക് മുകളില്‍ ചീറിപ്പായുന്ന ബോംബര്‍ വിമാനങ്ങള്‍. പട്ടാളക്കാരുടെ ആക്രോശങ്ങള്‍. മുന്നിലൊരൊറ്റ മാര്‍ഗ്ഗം എല്ലാം ഇട്ടെറിഞ്ഞു പോരുക.സ്വപ്‌നങ്ങളുടെ ഭാണ്ഡവുമായി കുടിയേറിയ ഇന്ത്യക്കാരിലേറെയും പലായനം ചെയ്തു തുടങ്ങി. അക്കൂട്ടത്തില്‍ കരപ്പനുംചൊറിയും ബാധിച്ച ഏഴു വയസ്സുകാരനെയും ചുമലിലേറ്റി ഒരു പിതാവുമുണ്ടായിരുന്നു. എന്റെ ഉപ്പ. അറാക്കല്‍ മലനിരകളിലൂടെ നടന്ന്  അക്യാവ് കടത്ത് കടന്ന്  ആദ്യം ചിറ്റഗോങ്ങിലെ അഭയാര്‍ഥി ക്യാമ്പിലെത്തുക. അവിടെ നിന്ന് കൊല്‍ക്കത്ത വഴി അവനവന്റെ നാട്ടിലേക്ക് ഇതായിരുന്നു പലായന സംഘങ്ങളുടെയൊക്കെയും ലക്ഷ്യം. ദിവസങ്ങള്‍ നീളുന്ന യാത്ര. അഭയാര്‍ത്ഥിക്യാമ്പുകളിലൊക്കെയും പകര്‍ച്ച വ്യാധികള്‍. ആ യാത്രയിലുടനീളം ഉപ്പയുടെ ജ്യേഷ്ഠ സഹോദരനടക്കം എന്നെ ഉപേക്ഷിക്കാന്‍ ഉപ്പയോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കരപ്പനും ചൊറിയും ബാധിച്ച ഞാന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ അതിജീവിക്കില്ല എന്നായിരുന്ന അവരുടെ പക്ഷം. പക്ഷെ ആ ദുരിതയാത്രയിലൊരിക്കല്‍ പോലും ഉപ്പ എന്നെ തന്റെ നെഞ്ചില്‍ നിന്നും അകത്തിയില്ല. മാറോട് ചേര്‍ത്ത് പിടിച്ചു. അങ്ങനെ അദ്ദേഹം ഞാനുമായി കൊയിലാണ്ടിയിലെത്തി.പകര്‍ച്ചവ്യാധികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മതാനുഷ്ഠാനക്രിയകള്‍ക്ക് നടുവിലേക്കാണ് ഞാന്‍, ആ ഏഴു വയസ്സുകാരനെത്തിപ്പെട്ടത്. കോളറയും വിഷസൂചികയും സംഹാര താണ്ഡവമാടുന്ന നാളുകള്‍. നിത്യേനയെന്നോണം മരണങ്ങള്‍.കുഴിവെട്ടി കബറിലാക്കാന്‍  പോലും  ഭയപ്പെട്ട് ആളുകള്‍ പിന്തിരിയുന്നു. ഭീതിയും നിരാശയും കോപവും കലര്‍ന്ന ഒരു കൂട്ടം ആളുകള്‍ക്കിടയിലേക്കാണ് ഉപ്പ ഞാനുമായെത്തിയത്. ശരീരം മുഴുവന്‍ കരപ്പനും ചൊറിയും ബാധിച്ച മെലിഞ്ഞുണങ്ങിയ ശരീരവും എന്റെ ചൈനീസ് മുഖവുമൊന്നും അവരില്‍ വാത്‌സല്യത്തിന്റെ ഒരു കണിക പോലും ജനിപ്പിക്കുന്നതായിരുന്നില്ല. തറവാട്ടിലെത്തിയപ്പോള്‍ ഉപ്പയെ ചിലര്‍ പഴിച്ചു ” വെറുതെ എന്തിന് കെട്ടിപ്പേറി കൊണ്ടുവന്നു. പോകാനുള്ളതാണങ്കില്‍  ബോംബു വന്നിട്ടായാലും വിഷസൂചിക വന്നിട്ടായാലും പോകുമല്ലോ?” പോകാതെ പിടിച്ച് നിന്നത് നിയോഗമാകാം.ഉപ്പയുടെ ഉമ്മ ജീവിച്ചിരിക്കുവോളം എന്റെ കുട്ടിത്തത്തിന് പച്ചപ്പുണ്ടായിരുന്നു. പിന്നീട് ജീവിതം ഉപ്പയുടെ രണ്ടാമത്തെ ഭാര്യയുടെ തറവാട്ടിലെ വിരുന്നു പാര്‍ക്കല്‍ മാത്രമായി. എങ്കിലും ഇളയമ്മയ്ക്ക് എന്നെ വലിയ കാര്യമായിരുന്നു. അതിനു പിന്നിലും ഉപ്പയുടെ അദൃശ്യസാന്നിധ്യം തന്നെയായിരിക്കാം. പക്ഷെ കുറെക്കാലത്തേക്കെങ്കിലും അവരെ പൂര്‍ണ്ണ മനസ്സോടെ സ്‌നേഹിക്കാന്‍ എനിക്കായില്ല. അതെല്ലാം എന്റെ ബാല്യചാപല്യങ്ങളായിരുന്നു. പ്രായത്തിന്റെ തന്നിഷ്ടങ്ങളും താന്തോന്നിത്തങ്ങളും എന്നെണ്ണാം. വിരുന്ന് പാര്‍ക്കലിന്റെ അകല്‍ച്ച എന്റെ ജീവിതത്തില്‍ നിന്നും പാടെ ഇല്ലാതായത് തൃക്കോട്ടുകാരി എന്റെ ജീവിതത്തിലേക്ക് വന്നതോടെയാണ്. എന്റെ ഭാര്യ ഫാത്തിമയാണ് കെട്ടോ ഈ തൃക്കോട്ടുക്കാരി.ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എന്നെ ഞാനാക്കി മാറ്റിയത് എന്റെ ഉപ്പയുടെ സ്‌നേഹപരിലാളനങ്ങളാണ്. നിശബ്ദനായി എനിക്ക് അദ്ദേഹം സംരക്ഷണകവചം തീര്‍ത്തു. സ്‌നേഹത്തിന്റെ കവചം. അല്‍പ്പം മുതിര്‍ന്നപ്പോള്‍ ഞാന്‍ ഉപ്പയോട് ഉമ്മയുടെ കുടുംബത്തെപ്പറ്റി ചോദിച്ചു. അപ്പോള്‍ കണ്ണുകള്‍ നിറച്ച് വിതുമ്പുന്ന സ്വരത്തില്‍ ഉപ്പ പറയും: ”അതൊക്കെ ഇത്തരപ്പെര്ത്ത് ചോദിക്കാനുണ്ടോ? അറിയാനുണ്ടോ? ഹയാത്തവിട്ട് ഞാനില്ലേ?”
Leave a comment
error: Content is protected !!