മക്കളെ അറിയാന്‍

39

ഹാഫിസ് മുഹമ്മദ് സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ‘വാട്ട് ഈസ് സെക്‌സ്.’ ഒരു കൊച്ചുകുട്ടി അവന്റെ ചേച്ചിയോട് ചോദിച്ചു, ‘ചേച്ചീ, വാട്ട് ഈസ് സെക്‌സ്?’ ചേച്ചി പറഞ്ഞു, ‘അമ്മയോട് ചോദിക്ക്.’ അമ്മ പറഞ്ഞു, ‘അച്ഛനോട് ചോദിക്ക്.’ അച്ഛന്‍ വളരെ കഷ്ടപ്പെട്ട് കൊച്ചുകുഞ്ഞിന് സംശയനിവാരണം നടത്താന്‍ പരിശ്രമിക്കുകയാണ്. കുറെ വിശദീകരണങ്ങള്‍ അച്ഛന്‍ നല്‍കി. അതു കേട്ടുകഴിഞ്ഞ കുട്ടി അച്ഛനോട് ചോദിച്ചു, ‘ഇതെല്ലാം എഴുതണോ?’ സ്‌കൂളില്‍നിന്ന് കൊടുത്തുവിട്ട ഒരു ഫോമില്‍ പേരിനുശേഷമുള്ള ‘സെക്‌സ്’ എന്ന കോളം പൂരിപ്പിക്കാനായാണ് കുട്ടി ഈ ചോദ്യം ചോദിച്ചത്.

ഒരമ്മ മകനെ കണക്ക് നന്നായി പഠിപ്പിച്ചു. എന്നാല്‍ അവന് കിട്ടിയ മാര്‍ക്ക് അന്‍പതില്‍ അഞ്ച്. ചോദ്യപ്പേപ്പര്‍ നോക്കിയപ്പോള്‍ എല്ലാം അറിയാവുന്ന ചോദ്യങ്ങളാണ്. അമ്മ പരീക്ഷാപ്പേപ്പര്‍ നോക്കി. അറിയാവുന്ന ചോദ്യങ്ങള്‍ പലതും ചെയ്തിട്ടില്ല. അമ്മ പറഞ്ഞു: ‘ഇവന് അടി കൊള്ളാത്തതിന്റെ കുഴപ്പമാണ്.’
മക്കളെ അറിയാനും മക്കളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും മാതാപിതാക്കള്‍ പരാജയപ്പെടുന്നു. കുഞ്ഞുകുട്ടി ‘വാട്ട് ഈസ് സെക്‌സ്?’ എന്ന് ചോദിച്ചപ്പോള്‍ ‘എന്താ മോന്‍ അങ്ങനെ ചോദിച്ചത്?’ എന്നൊരു മറുചോദ്യം ചോദിച്ചെങ്കില്‍ അവന്‍ അവന്റെ കൈയിലുള്ള പേപ്പര്‍ കാണിച്ചേനെ. തന്റെ മകന്‍ ആരോടുമുള്ള വാശിയോ ദേഷ്യമോ കാണിക്കാനല്ല കണക്കു മുഴുവന്‍ ചെയ്യാതിരുന്നത്, അവന്റെ ആന്തരികമായ എന്തോ പ്രത്യേകത അവനെ പരീക്ഷാഹാളില്‍ ബലഹീനനാക്കി, അല്ലെങ്കില്‍ ടീച്ചറിന്റെ പെരുമാറ്റമോ പരീക്ഷാമുറിയിലെ സാഹചര്യമോ അവനെ പ്രതികൂലമായി ബാധിച്ചു. ഇത് ക്ലാസ്ടീച്ചറിനോട് ചര്‍ച്ച ചെയ്താല്‍ പ്രശ്‌നപരിഹാരമുണ്ടാകും.

അടുത്ത പരീക്ഷയ്ക്ക് ടീച്ചറുടെ പുഞ്ചിരിയോടെയുള്ള ‘മിടുക്കനായിട്ടെഴുതണം. ഒന്നുപോലും വിട്ടുകളയരുത്’ എന്ന ഒരു വാക്ക് അവന് ഊര്‍ജം പകരും. മക്കളെ കാണാന്‍ നമ്മുടെ കാഴ്ച തെളിച്ചെടുക്കണം. പലപ്പോഴും മാതാപിതാക്കള്‍ മുതിര്‍ന്നവരുടെ കണ്ണോടെ കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളെ കാണുന്നു. ‘ഈ പ്രാണികള്‍ എന്തേ തീയിലേക്ക് പറന്നുവന്ന് വീഴുന്നു എന്നറിയണമെങ്കില്‍ നമ്മള്‍ ഒരു പ്രാണിയായി മാറണം.’ ‘നീയിതു ചെയ്തില്ലെങ്കില്‍ നിന്റെ അച്ഛനെ ഉപദ്രവിക്കും’ എന്ന് ഭീഷണിപ്പെടുത്തിയാല്‍ ഒരു കൊച്ചുകുട്ടി വല്ലാതെ ഭയപ്പെടും. മക്കളെ നന്നായി വളര്‍ത്താന്‍ നമ്മള്‍ മക്കളുടെ മാനസികനിലയിലേക്ക് താഴ്ന്നിറങ്ങിവരാനുള്ള ഭാവനാശക്തി നേടിയെടുക്കേണ്ടതുണ്ട്.
മറ്റൊരു പിഴവുകൂടെ മാതാപിതാക്കള്‍ക്ക് സംഭവിക്കാറുണ്ട്. നമ്മുടെ ബാല്യകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ മക്കളെ വിലയിരുത്തിപ്പോകുന്നു എന്നതാണീ പിഴവ്. നമ്മുടെ പാരമ്പര്യവും സാഹചര്യങ്ങളും വ്യത്യസ്തമായിരുന്നു. നമ്മുടെ കഴിവുകളും കുറവുകളുമല്ല, നമ്മുടെ മക്കള്‍ക്കുള്ളത്. ഓരോ കുട്ടിയും വ്യത്യസ്തരാണ്.
ഒരു മീനും കുരങ്ങനും നീന്തല്‍മത്സരം വയ്ക്കുമോ? ആമയും മുയലും ഓട്ടമത്സരം വയ്ക്കുമോ? മീന്‍ നീന്തലില്‍ വിജയിക്കും, കുരങ്ങന്‍ മരം കയറ്റത്തില്‍. മുയല്‍ നന്നായി ഓടും, ആമ നന്നായി നീന്തും. കഴിവുകള്‍ വ്യത്യസ്തമാണ്. ചില പരാജയങ്ങള്‍ നല്ലതാണ്. ആ മേഖലയിലല്ല, ആ കുട്ടിയുടെ ഉപരിപഠനവും തൊഴിലും എന്ന് ആ കുട്ടി തന്റെ മാതാപിതാക്കളോട് പറയുകയാണ്. സംഭവങ്ങള്‍ സന്ദേശങ്ങളാണ്. മക്കളുടെ പരാജയങ്ങള്‍ ഓര്‍മപ്പെടുത്തലുകള്‍ ആണ്. സാഹചര്യങ്ങളും പ്രസക്തമാണ്. നമ്മള്‍ പഠിച്ച സ്‌കൂളുകള്‍ വളരെ വ്യത്യസ്തമായിരുന്നു. നമ്മളെ പഠിപ്പിച്ച അധ്യാപകരല്ലല്ലോ മക്കളെ പഠിപ്പിക്കുന്നത്. പഠനരീതിയും പരീക്ഷാരീതിയും മാറി. മക്കളെ മിടുക്കരാക്കാന്‍ പഠിക്കാം. ‘അബ്ദുള്ളയെ പഠിപ്പിക്കാന്‍ ആദ്യം അബ്ദുള്ളയെ പഠിക്കൂ’ എന്ന ചൊല്ല് നമുക്ക് മറക്കാതിരിക്കാം.

Leave a comment
error: Content is protected !!