ബെനില്‍ഡില്‍ കാണുന്ന സ്വപ്‌നം

സി.വി. ഷിബു

52

ഇന്ത്യയുടെ സൈബര്‍ സുരക്ഷാ യജ്ഞത്തിന് അടുത്തിടെ ആഗോളശ്രദ്ധ ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 30, 31 തിയതികളിലായി വിയന്നയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ സൈബര്‍ സുരക്ഷാ സിംബോസിയത്തില്‍ മലയാളിയായ ബെനില്‍ഡ് ജോസഫ് നടത്തിയ പ്രസംഗത്തോടെയാണ് ഈ രംഗത്ത് ഇന്ത്യയ്ക്ക് ലോകശ്രദ്ധ ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍നിന്നായി 127 പേര്‍ പങ്കെടുത്ത സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ പ്രസംഗിച്ച ഏക ഇന്ത്യക്കാരന്‍ വയനാട് നടവയല്‍ സ്വദേശിയായ ബെനില്‍ഡ് ജോസഫാണ്. കേന്ദ്രസര്‍ക്കാരും സന്നദ്ധസംഘടനകളും സ്വകാര്യകമ്പനികളും ചേര്‍ന്നാണ് രാജ്യത്ത് സൈബര്‍ സുരക്ഷിത ഇന്ത്യ യജ്ഞം നടത്തുന്നത്. 2007ല്‍ അമേരിക്കയില്‍ ആരംഭിച്ച് 27 രാജ്യങ്ങളില്‍ വ്യാപിച്ച അന്തര്‍ദേശീയ സൈബര്‍ സുരക്ഷായജ്ഞമായ സ്റ്റോപ്പ് തിങ്ക് കണക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ തരത്തിലുള്ള 5 പദ്ധതികളാണ് ബെനില്‍ഡിന്റെ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്നത്.ഡിജിറ്റല്‍ ബോധവല്‍ക്കരണം, പ്രതിരോധം, നടപ്പാക്കല്‍ തുടങ്ങി വിവിധ മേഖലകളിലായി സൈബര്‍ സുരക്ഷയ്ക്ക് പദ്ധതികളുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഉപദേശകരിലൊരാളും ലോകത്തെ മികച്ച 17 എത്തിക് ഹാക്കര്‍മാരില്‍ ഒരാളുമാണ് ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന ബെനില്‍ഡ്.നേരത്തേ പിതാവ് മരിച്ച ബെനില്‍ഡ് കുട്ടിക്കാലത്ത് അമ്മ മേരിക്കൊപ്പം ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍ അടുത്തുള്ള ഇന്റര്‍നെറ്റ് കഫെയില്‍ പോയി കമ്പ്യൂട്ടര്‍ ഉപയോഗിച്ചുപഠിക്കുമായിരുന്നു. സൗഹൃദശൃംഖലയായ ഓര്‍ക്കൂട്ടിന് സമാനമായി എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബെനില്‍ഡ് നിര്‍മ്മിച്ച ബെന്‍സ്‌കൂട്ട് അക്കാലത്ത് ലോകശ്രദ്ധ നേടിയിരുന്നു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന തരത്തില്‍ ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍നിന്ന് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടുതുടങ്ങിയതോടെ അത്തരം ഹാക്കര്‍മാരെ കണ്ടെത്തുന്നതിന് ബെനില്‍ഡിന്റെ നേതൃത്വത്തില്‍ ശ്രമം തുടങ്ങി.ഇതോടെ ഇന്ത്യയിലെ 10 ഹാക്കര്‍മാരെക്കുറിച്ചുള്ള ഗൂഗിളിന്റെ പട്ടികയില്‍ 2 വര്‍ഷം മുമ്പ് ബെനില്‍ഡ് ജോസഫും ഇടം പിടിച്ചു. ഹൈസ്‌കൂള്‍ കാലഘട്ടം മുതല്‍ സൈബര്‍ രംഗത്ത് ഗവേഷണങ്ങള്‍ നടത്തിവരികയാണ്.സൈബര്‍ സുരക്ഷാരംഗത്തെ ആഗോള സംഘടനയായ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെക്യൂരിറ്റി അസോസിയേഷന്റെ ഇന്ത്യന്‍ ഘടകത്തിലേക്ക് ബോര്‍ഡ് അംഗമായി ഒരു മാസം മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം സാധാരണജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ശ്രമിച്ചുവരികയാണിപ്പോള്‍.

Leave a comment
error: Content is protected !!