പ്രമേഹവും രക്തസമ്മര്‍ദവും തമ്മില്‍

ഡോ.ഇ. സത്യൻ, ഡോ.ടി.വിജയഗോപാൽ

79

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ നോര്‍മല്‍ അളവ് 70-140 ആണ്. ഇതില്‍ കൂടുമ്പോള്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥ തകരുന്നു. പ്രമേഹം രണ്ടു തരമാണ്.
ടൈപ്പ് ഒന്ന്: കുട്ടികളില്‍ കാണപ്പെടുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ് ഇത്. അമിതമായ ദാഹം, ശരീരം മെലിയുക, കൂടെക്കൂടെ മൂത്രം ഒഴിക്കുവാന്‍ തോന്നുക എന്നിവയെല്ലാമാണ് ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പെട്ടെന്ന് കാണിക്കുന്നതിനാല്‍ ആരംഭത്തില്‍തന്നെ തിരിച്ചറിയാന്‍ സാധിക്കും.
ടൈപ്പ് രണ്ട്: 30 വയസ് പിന്നിട്ടവരിലാണ് ടൈപ്പ് രണ്ട് പ്രമേഹം കണ്ടുവരുന്നത്. അമിതവണ്ണം, വ്യായാമക്കുറവ് തുടങ്ങിയവ കാരണം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ വേണ്ടത്ര പ്രവര്‍ത്തനക്ഷമമല്ലാതെ വരുന്നു. അമിതമായ ക്ഷീണം, മൂത്രം അധികം പോവുക, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടണമെന്നില്ല.

ആരൊക്കെ പേടിക്കണം?
അമിതവണ്ണം (ബോഡി മാസ് ഇന്‍ഡക്‌സ് 23 ല്‍ കൂടുതല്‍) ഉള്ളവര്‍, കായികാധ്വാനം കുറഞ്ഞ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, പുകവലിക്കാര്‍, പാരമ്പര്യമായി പ്രമേഹരോഗമുള്ളവര്‍, ഗര്‍ഭസമയത്ത് പ്രമേഹം ഉണ്ടായവര്‍ എന്നിവര്‍ 30 വയസിനു ശേഷം നിശ്ചിത ഇടവേളകളില്‍ പ്രമേഹരോഗ ടെസ്റ്റ് നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താന്‍ സഹായകരമാണ്.

പ്രമേഹ രോഗികളുടെ ഭക്ഷണക്രമം
ആഹാരപദാര്‍ഥങ്ങള്‍ എത്രത്തോളം രക്തത്തിലെ ഗ്ലൂക്കോസ് വര്‍ദ്ധിപ്പിക്കുന്നു എന്നതിന്റെ അളവാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ്. ഇതു കുറവുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ക്കാണ് പ്രമേഹരോഗികള്‍ പ്രാധാന്യം കൊടുക്കേണ്ടത്. പച്ചക്കറികള്‍, ഇലക്കറികള്‍, നാരുള്ള ഭക്ഷണങ്ങള്‍ എന്നിവ ഇഷ്ടംപോലെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താം. മധുരപലഹാരങ്ങള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക.

വ്യായാമം
ആഴ്ചയില്‍ അഞ്ചു ദിവസം 30 മിനിട്ട് വേഗത്തില്‍ നടക്കുന്നത് നല്ലൊരു വ്യായാമമുറയാണ്. എയ്‌റോബിക് എക്‌സര്‍ സൈസും ഗുണം ചെയ്യും. കര്‍ഷകരും കായികാധ്വാനം ഏറെ വേണ്ട ജോലി ചെയ്യുന്നവരും മറ്റും പറയാറുണ്ട,് ഏറെ അധ്വാനിക്കുന്നതുകൊണ്ട് പ്രത്യേക വ്യായാമത്തിന്റെ ആവശ്യമില്ലല്ലോ എന്ന്. എന്നാല്‍ ഈ ചിന്ത തെറ്റാണ്. എന്നും ചെയ്യുന്ന അധ്വാനത്തോടു ശരീരം പൊരുത്തപ്പെട്ടതാണ്. അതുകൊണ്ട് ഇവരും വ്യായാമം പ്രത്യേകമായി ചെയ്യണം.

എന്താണ് രക്തസമ്മര്‍ദം?
നിരുപദ്രവകാരിയെന്ന് തോന്നാമെങ്കിലും അത്യന്തം അപകടകാരിയായ ജീവിതശൈലീ രോഗമാണ് രക്തസമ്മര്‍ദം. പ്രായപൂര്‍ത്തിയായ ഒരാളുടെ രക്തസമ്മര്‍ദ നിരക്ക് 140/80 എന്ന നിലയിലാണ്. ഇതില്‍ കൂടുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. രക്തസമ്മര്‍ദം അധികമായാല്‍ ഹൃദയം, വൃക്ക, തലച്ചോര്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കും. തല്‍ഫലമായി ഹൃദയാഘാതം, വൃക്കകള്‍ പ്രവര്‍ത്തനരഹിതമാകുക, കാഴ്ച മങ്ങുക, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുന്നു.

ലക്ഷണങ്ങള്‍
രക്തസമ്മര്‍ദത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും തിരിച്ചറിയപ്പെടണമെന്നില്ല. 140/80 എന്ന നിരക്കില്‍നിന്ന് അല്‍പ്പം വ്യത്യാസം വന്നാലും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. അകാരണമായ ക്ഷീണം, മടുപ്പ്, ചെറിയ തലവേദന, തളര്‍ച്ച, തലകറക്കം, ഛര്‍ദി എന്നിവയെല്ലാം രക്തസമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാണ്.

രക്തസമ്മര്‍ദം രണ്ടുതരം
രക്തസമ്മര്‍ദം രണ്ടു തരത്തിലുണ്ട്. എസന്‍ഷ്യല്‍ ഹൈപ്പര്‍ ടെന്‍ഷന്‍, സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയാണവ. എസന്‍ഷ്യല്‍ ഹൈപ്പര്‍ ടെന്‍ഷന്റെ കാരണം വൈദ്യശാസ്ത്രം ഇനിയും കണ്ടെത്തിയിട്ടില്ല. 92 മുതല്‍ 94 ശതമാനം വരെ ആളുകളിലും കാണപ്പെടുന്നത് എസന്‍ഷ്യല്‍ ഹൈപ്പര്‍ ടെന്‍ഷനാണ്. വിവിധ രോഗങ്ങളെത്തുടര്‍ന്ന് ഉണ്ടാകുന്ന ഹൈപ്പര്‍ ടെന്‍ഷനാണ് സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍. ആറു മുതല്‍ എട്ടു ശതമാനം വരെ ആളുകള്‍ക്ക് സെക്കന്‍ഡറി ഹൈപ്പര്‍ ടെന്‍ഷന്‍ കാണപ്പെടുന്നു.
വൃക്കയുടെ തകരാറ്, ഗ്രന്ഥികളിലുണ്ടാകുന്ന മുഴകള്‍, തൈറോയിഡ് തുടങ്ങിയ രോഗങ്ങള്‍മൂലം രക്തസമ്മര്‍ദം ഉയരാം. ഈ രോഗങ്ങള്‍ ചികിത്സിച്ചു ഭേദമാകുന്നതോടെ ഇങ്ങനെയുണ്ടാകുന്ന രക്തസമ്മര്‍ദവും മാറും. ഗര്‍ഭകാലത്ത് ചിലര്‍ക്ക് രക്തസമ്മര്‍ദം വരുന്നതായി കാണാറുണ്ട്. എന്നാല്‍ പ്രസവശേഷം രണ്ടുമൂന്ന് ആഴ്ചകൊണ്ടുതന്നെ അതു മാറുകയും ചെയ്യും. ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദം കൂടുന്നത് അമ്മയുടെ അവയവങ്ങളെയും കുഞ്ഞിനെയും ബാധിക്കും. അതുകൊണ്ട് രക്തസമ്മര്‍ദം കൃത്യമായി നിലനിര്‍ത്താന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്ന് കഴിക്കണം. മരുന്നു കഴിക്കുന്നതുകൊണ്ട് കുഞ്ഞിന് ദോഷം വരില്ല. രക്തസമ്മര്‍ദം കൃത്യമായി നിലനിര്‍ത്തിയില്ലെങ്കില്‍ കുഞ്ഞിനെ ദോഷകരമായി ബാധിക്കും.

സാധ്യത കൂടുതല്‍ ഇവര്‍ക്ക്
രക്തസമ്മര്‍ദം പിടിപെടാന്‍ പാരമ്പര്യം ഒരു ഘടകമാണ്. മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും രക്തസമ്മര്‍ദമുണ്ടെങ്കില്‍ കുട്ടിക്കും സാധ്യത കൂടുതലുണ്ട്. അധിക മാനസികസമ്മര്‍ദം അനുഭവിക്കുന്നവര്‍ക്കും, ഉറക്കമിളച്ച് ജോലി ചെയ്യുന്നവര്‍ക്കും രക്തസമ്മര്‍ദം പിടിപെടാന്‍ സാധ്യതയേറെയാണ്.

പ്രതിരോധം
ഭക്ഷണ ക്രമീകരണത്തിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാം. ഉപ്പ് കുറയ്ക്കുക, അച്ചാറ്, പപ്പടം തുടങ്ങിയവ ഒഴിവാക്കുക. പച്ചക്കറികള്‍, ഇലക്കറികള്‍, ഫ്രൂട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ദിവസവും വ്യായാമം ചെയ്യുന്നവര്‍ക്ക് രക്തസമ്മര്‍ദം പിടിപെടാനുള്ള സാധ്യത കുറവാണ്.യോഗ, ധ്യാനം, മ്യൂസിക് തെറാപ്പി എന്നിവയും ഉപകരിക്കും.മരുന്ന് കൃത്യമായി കഴിക്കുക.35 വയസ് മുതല്‍ കൃത്യമായ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment