ഹൃദയത്തില്‍ ക്ഷമിച്ചപ്പോള്‍

സുനിൽ കൃഷ്ണ

127

ക്ഷമിക്കണമെന്ന് ഹൃദയത്തില്‍ തീരുമാനമെടുക്കുന്നതും ക്ഷമ ചോദിക്കുന്നതും ചിലപ്പോഴെങ്കിലും കയ്പുനിറഞ്ഞ അനുഭവമാണെങ്കിലും അതിന്റെ ഫലം അനുഗ്രഹപ്രദമാണെന്ന് തീര്‍ച്ച. ലഹരിമരുന്ന് സംഘത്തിന്റെ ചതിയില്‍പ്പെട്ട് അബുദാബി ജയിലില്‍ അകപ്പെട്ടെങ്കിലും ഒരു പോറല്‍പോലുമേല്‍ക്കാതെ തിരികെയെത്തിയ കൊച്ചിക്കാരനായ പിഴല കണ്ണപ്പാട്ട് ഷിജു തോമസിന്റെ ജീവിതം ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.
മാതാപിതാക്കളും നാലു സഹോദരങ്ങളുമടങ്ങിയതായിരുന്നു ഷിജുവിന്റെ കുടുംബം. ഗള്‍ഫില്‍ വെല്‍ഡിംഗ് ജോലി ചെയ്യുകയായിരുന്നു അന്ന് ഷിജു. കഠിനാധ്വാനത്തിന്റെ നാളുകള്‍. എല്ലാവരെയുംപോലെ വലിയ സ്വപ്‌നങ്ങളും നെഞ്ചിലേറ്റിയാണ് അദ്ദേഹം ഗള്‍ഫിലെ ഉഷ്ണക്കാറ്റില്‍ ജോലി ചെയ്തത്. എന്നാല്‍ പിതാവ് ജോലിക്കിടെ വഞ്ചി മറിഞ്ഞു മരണമടഞ്ഞ വാര്‍ത്തയറിഞ്ഞതോടെ ഷിജുവിന് അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.
അപ്പന്റെ മരണാനന്തര ചടങ്ങുകള്‍ക്കുശേഷം തിരികെ ഷിജു തിരിച്ച് ഗള്‍ഫിലേക്ക് മടങ്ങി. എന്നാല്‍ അബുദാബിയില്‍വെച്ച് അയാള്‍ കസ്റ്റംസിന്റെ പിടിയിലായി. ഷിജുവിന്റെ ബാഗില്‍ ലഹരിമരുന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നത്. അബുദാബിയിലെ ബന്ധുവിന് നല്‍കാനുള്ള ജാക്കറ്റും സര്‍ട്ടിഫിക്കറ്റും എന്ന പേരില്‍ നാട്ടിലെ ഒരു സുഹൃത്ത് കൊടുത്തുവിട്ട പായ്ക്കറ്റായിരുന്നു പോലീസ് പിടികൂടിയത്. സുഹൃത്തായതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ അയാള്‍ തന്ന പായ്ക്കറ്റ് വാങ്ങി ധൃതിയില്‍ ബാഗിലാക്കി പോകുകയായിരുന്നു. എന്നാല്‍ പോലീസ് പരിശോധനയില്‍ ഷിജു കുടുങ്ങി.
സ്‌നേഹിതന്‍ തന്നെ ചതിച്ചുവെന്ന് മനസ്സിലായപ്പോള്‍ മനസ്സു നൊന്ത് ഒരുപാട് കരഞ്ഞു. അറിയാവുന്ന പ്രാര്‍ത്ഥനകള്‍ അണമുറിയാതെ ചൊല്ലി. പക്ഷേ ജയില്‍വാസമാണ് കോടതി വിധിച്ചത്. അങ്ങനെ നിരപരാധിയായ ഷിജു ജയിലിലായി. ചതിച്ച സ്‌നേഹിതനെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ പ്രതികാര മനോഭാവമാണ് ഉടലെടുത്തത്, പ്രതീക്ഷ കലര്‍ന്നൊരു ജീവിതം തല്ലിത്തകര്‍ത്തതിന്. എന്നാല്‍ പ്രതികാരം ജീവിതം നശിപ്പിക്കുക മാത്രമേ ചെയ്യുകയുളളൂ എന്ന് അയാള്‍ക്ക് ആ നാളുകളില്‍ ബോധ്യമായി. തന്നെ ദ്രോഹിച്ച വ്യക്തിയോട് ഹൃദയത്തില്‍ ക്ഷമിക്കാന്‍ അതോടെ ഷിജു തീരുമാനിച്ചു.
അത്ഭുതകരമായിരുന്നു ജയില്‍ അധികാരികളുടെയും സഹതടവുകാരുടെയും പെരുമാറ്റം. തന്നെ ചതിച്ച സ്‌നേഹിതനോട് ഹൃദയത്തില്‍ ക്ഷമിച്ചതുമുതല്‍ അവര്‍ അടിമുടി മാറിയതുപോലെ. തികച്ചും വ്യത്യസ്തമായി, മാന്യമായ പെരുമാറ്റവും ആവശ്യത്തിന് ഭക്ഷണവും അദ്ദേഹത്തിന് പോലീസ് അധികൃതര്‍ നല്‍കി. ശാരീരികപരിശോധനകളില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയല്ലെന്ന് തെളിഞ്ഞത് മോചനത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കി. സഹതടവുകാരായ മുസ്ലീം സഹോദരങ്ങള്‍പോലും ആദരവോടെയാണ് പെരുമാറിയത്. ഏതായാലും ജന്മനാടിന്റെ പ്രാര്‍ത്ഥനയും അധികൃതരുടെ കാരുണ്യവുംകൊണ്ട് 36-ാം ദിവസം അത്ഭുതകരമായി ഷിജു ജയില്‍മോചിതനായി.
ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ വീണ്ടും പ്രതിസന്ധി. കൈയില്‍ ഇന്ത്യന്‍ രൂപ മാത്രം. ബസില്‍ കയറാനും ഭക്ഷണം കഴിക്കാനും ഒരു ദിര്‍ഹംപോലുമില്ല. ഏതായാലും ഭാഗ്യം ഷിജുവിനെ തുണച്ചു. ജയിലില്‍നിന്ന് അന്ന് പുറത്തിറങ്ങേണ്ട മറ്റൊരാളെ പ്രതീക്ഷിച്ച് മൂന്നു ബന്ധുക്കള്‍ ജയിലിനു പുറത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോള്‍ അവരുടെ മനസ്സ് അലിഞ്ഞു. 20 ദിര്‍ഹം അവര്‍ കൊടുത്തു. അതുമായി ബസില്‍ കയറിയെങ്കിലും ദീര്‍ഘമായ ജയില്‍വാസവും മാനസിക തളര്‍ച്ചയുംമൂലം താമസസ്ഥലത്തേക്കുള്ള വഴി തെറ്റി വളരെ ദൂരെ ഒരു സ്ഥലത്താണ് ബസിറങ്ങിയത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന സമയത്ത് ഒരു മലയാളി കാര്‍ ഡ്രൈവര്‍ ഷിജുവിനെ താമസസ്ഥലത്ത് എത്തിച്ചു. കൂട്ടുകാരുടെ സഹായത്തോടെ വീട്ടുകാരുമായി ബന്ധപ്പെട്ടു. തളര്‍ന്ന മനസ്സുമായി കഴിഞ്ഞ കുടുംബത്തിന് കുളിര്‍ത്തെന്നലായിരുന്നു ആ വിളി. ഒടുവില്‍ പറഞ്ഞ സമയത്തിനും മുമ്പ് പാസ്‌പോര്‍ട്ടും തിരികെ ലഭിച്ചു. കുറച്ച് പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടായെങ്കിലും തന്റെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ വ്യക്തിയോട് ക്ഷമിക്കാന്‍ കഴിഞ്ഞതാണ് ജീവിതം പ്രകാശമാനമാക്കിയതെന്ന് ഷിജു പറയുന്നു. ആയിരം തവണ സാഷ്ടാംഗപ്രണാമം ചെയ്യുന്നതിനേക്കാള്‍ കരണീയം തന്നെ ദ്രോഹിച്ച മറ്റൊരാളോട് ക്ഷമിക്കുന്നതല്ലേ? എല്ലാ പുണ്യവും അതിലടങ്ങിയിരിക്കുന്നു.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment