വിദ്യാർത്ഥിക്ക് ഒരു പറ നെല്ല് 

ജോർജ് പുളിക്കൻ

32

വിദ്യാര്‍ഥിരാഷ്ട്രീയം എന്നു കേള്‍ക്കുമ്പോള്‍തന്നെ ഓര്‍മവരുന്ന കാലം മായ്ക്കാത്ത ചില മുദ്രാവാക്യങ്ങളുണ്ടല്ലോ ‘തോറ്റിട്ടില്ല, തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല’,’വിദ്യാര്‍ഥികളെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ. ‘ഇക്കഥ ഒരു സമരകഥയല്ല. സമരം ഒരു വരം എന്നു കരുതി സമരരംഗത്തു മാത്രം കണ്ടിരുന്ന വിദ്യാര്‍ഥികളുടെ വേറിട്ട മുഖം. 1967ലെ  ഇ.എം.എസിന്റെ സപ്തകക്ഷി മുന്നണി ഭരിക്കുന്ന കാലം. സ്ഥിരം സമരരംഗത്തായിരുന്ന പ്രതിപക്ഷ വിദ്യാര്‍ഥികളെ നോക്കി കൃഷിമന്ത്രിയായിരുന്ന സിപിഐ നേതാവ് എം.എന്‍ ഗോവിന്ദന്‍നായര്‍ പറഞ്ഞു :വിദ്യാര്‍ഥികള്‍ തെരുവില്‍ കല്ലെറിയുകയല്ല, പാടത്ത് വിത്തെറിയുകയാണ് വേണ്ടത്.

മന്ത്രിയുടെ ഈ ആഹ്വാനം അക്കാലത്ത് കെ.എസ്.യു പ്രസിഡന്റായിരുന്ന ഉമ്മന്‍ചാണ്ടി ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടി  കൃഷിമന്ത്രിക്ക് ഒരു കത്തെഴുതി. മന്ത്രിയുടെ ആശയത്തോട് ഞങ്ങള്‍ യോജിക്കുന്നു. ഞങ്ങള്‍ ഒരു പദ്ധതി തയാറാക്കുന്നു .ഓണത്തിന് ഒരുപറ നെല്ല് എന്നതാണ് പരിപാടി. സര്‍ക്കാര്‍ സഹകരിക്കുമോ?

ഇതു കേള്‍ക്കേണ്ട താമസം എം.എന്‍ ഗോവിന്ദന്‍നായര്‍ വിദ്യാര്‍ഥികളുടെ യോഗം വിളിച്ചു. ഉമ്മന്‍ചാണ്ടി യോഗത്തില്‍വെച്ച് പരിപാടിയുടെ രൂപരേഖ അവതരിപ്പിച്ചു. സ്‌കൂളുകളിലും വീടുകളിലുമായി പറ്റാവുന്നിടത്തെല്ലാം വിദ്യാര്‍ഥികള്‍ നെല്‍കൃഷി ചെയ്യുന്നു. അങ്ങനെ ഒരു ലക്ഷം സ്ഥലത്ത് കൃഷിയിറക്കാം. ചര്‍ച്ചകള്‍ക്കൊടുവില്‍ കൃഷിക്കുള്ള നെല്‍വിത്ത്  സര്‍ക്കാര്‍ നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. ഉമ്മന്‍ചാണ്ടിയും കൂട്ടുകാരുംകൂടി എ.കെ ആന്റണിയേയും വയലാര്‍ രവിയേയും എം.എ ജോണിനേയും കണ്ട് വിവരങ്ങള്‍ അറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം അന്ന് ഫാക്ടിന്റെ മാനോജിംഗ് ഡയറക്ടറായിരുന്ന എം.കെ.കെ നായരെ കുട്ടിനേതാക്കള്‍ പോയി കണ്ടു.  ഒരു ലക്ഷം പായ്ക്കറ്റ് വളം കൊടുക്കാമെന്ന് അദ്ദേഹവും സമ്മതിച്ചു.

കേരളത്തിലെല്ലായിടത്തും വിത്തും വളവും എത്തിക്കാനുള്ള വലിയ ദൗത്യം കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റെടുത്തു നടത്തി. ഓണത്തിന് നെല്ലെല്ലാം കൊയ്തെടുത്തു. കുട്ടികളുടെ വീടുകളിലെല്ലാം അതുവെച്ച് അവര്‍ സദ്യയൊരുക്കി. കൊയ്ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുന്ദംകുളത്തെ ഒരു പാടത്തായിരുന്നു. ഉദ്ഘാടനം നിര്‍വഹിച്ചത് കോണ്‍ഗ്രസ് നേതാക്കളാരും ആയിരുന്നില്ല എന്നതും കൗതുകമായി. അത് കൃഷിമന്ത്രി എം.എന്‍ ഗോവിന്ദന്‍നായര്‍തന്നെ നിര്‍വഹിച്ചു.

Leave a comment
error: Content is protected !!