ഞങ്ങൾ സ്വാതന്ത്ര്യം ആഘോഷിക്കുന്നു

ആൽബിൻ രാജ്

236

അമേരിക്കയിലെ ആന്‍ഡി ഡുവാന്‍സ് എന്ന യുവാവിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത് കൊലപാതകക്കുറ്റത്തിനാണ്. താന്‍ ചെയ്യാത്ത കുറ്റത്തിന് തടവറയിലെ ഏകാന്തത അനുഭവിക്കേണ്ടിവന്ന ആന്‍ഡി പക്ഷെ ആരോടും പരാതി പറയുന്നില്ല. ഒരു ദിവസം അയാളെ അന്വേഷിച്ചെത്തിയ ജയിലധികൃതര്‍ കാണുന്നത് തടവറയില്‍നിന്നും നീണ്ടുകിടക്കുന്ന ഒരടി മാത്രം വിസ്താരമുള്ള തുരങ്കമാണ്. വെറുമൊരു കൈക്കോടാലിയും സ്പൂണും മാത്രമുപയോഗിച്ച് നിര്‍മിച്ച ആ തുരങ്കം പൂര്‍ത്തിയാക്കാനെടുത്തതോ നീണ്ട ഏഴു വര്‍ഷങ്ങളും. 1994 ല്‍ പുറത്തിറക്കിയ ‘ഷോഷാങ്ക് റിഡംപ്ക്ഷന്‍’ എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ വിവരണമാണിത്. തടവറയില്‍നിന്ന് രക്ഷപ്പെട്ട് തുരങ്കത്തിലൂടെ നൂഴ്ന്നിറങ്ങി സെപ്റ്റിക് പൈപ്പ് വഴി പുറത്തുകടന്ന അയാള്‍ മഴയത്ത് കൈകള്‍ രണ്ടും ആകശത്തേക്ക് ഉയര്‍ത്തി തന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നുത്.

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും യാത്രകള്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിനായി സമരങ്ങള്‍ നടക്കുമ്പോള്‍ വടക്കന്‍ കേരളത്തിലെ ഒരു കോളേജിലെ കുട്ടികള്‍ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്. ആ ആഘോഷം രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ തല്ലുണ്ടാക്കിയും പഠിപ്പുമുടക്കിയും ക്ലാസ്സ് കട്ടു ചെയ്തുമല്ല. മറിച്ച് ഓണത്തിനും ക്രിസ്തുമസിനും ആഘോഷങ്ങളും മേളങ്ങളുമായി ആര്‍ത്തിരമ്പിയും യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയും പരീക്ഷകളില്‍ റാങ്കുകള്‍ നിറച്ചുമാണ്. പറഞ്ഞുവരുന്നത് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ വേറിട്ട കോളേജ് എന്ന വിശേഷണത്തിനര്‍ഹമായ ഡോണ്‍ബോസ്‌കോ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളെക്കുറിച്ചാണ്.

ഇന്ത്യ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ നിഴലില്‍നിന്നും സ്വതന്ത്രമായതിന്റെ എഴുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ തങ്ങള്‍ സ്വപ്‌നം കാണുന്ന സമൂഹത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാവുകയാണ് ഈ വിദ്യാര്‍ഥികള്‍.”ഉപ്പ് കുറുക്കിയെടുത്ത് സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്തവരാണ് നമ്മള്‍. മാറു മറയ്ക്കാനുള്ള അവകാശത്തിനായി സമരം ചെയ്ത സമൂഹം. ഇന്ന് സമരം ചെയ്യുന്നത് തെരുവില്‍ പരസ്പരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ്. ഓരോ കാലഘട്ടത്തിനും അനുസരിച്ച് സ്വാതന്ത്ര്യത്തിന്റെ അളവുകോലുകള്‍ക്ക് വ്യത്യാസം വരും. നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.” പറയുന്നത് കലാലയത്തിലെ ജേര്‍ണലിസം വിദ്യാര്‍ഥിനിയായ മേഘ്‌നയാണ്. എന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ താക്കോല്‍ നമ്മുടെ കൈകളിലാണ് എന്ന അഭിപ്രായക്കാരനാണ് മൂന്നാംവര്‍ഷ ഗണിത വിദ്യാര്‍ഥി മനു.

”സ്വാതന്ത്ര്യം വേണം, എന്നാല്‍ അത് തോന്നിയപോലെ അനുഭവിക്കാനുള്ള ലൈസന്‍സ് അല്ല. സ്വന്തം സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണം എന്നറിയാത്തവരാണ് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്,” മനു പറഞ്ഞവസാനിപ്പിക്കുന്നു.”സ്ത്രീകളുടെ കാര്യത്തില്‍ സുരക്ഷ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡമാകുന്നുണ്ട്. രാത്രി സഞ്ചരിക്കുന്ന സ്ത്രീയെ സദാചാരക്കാര്‍ ഒളികണ്ണിട്ട് നോക്കുന്നതും പുരുഷനെ വെറുതേ വിടുന്നതും ഇതുകൊണ്ടാണ്. അവിടെ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ വരുന്നു,” എം.എ വിദ്യാര്‍ഥിയായ വിഷ്ണുപ്രസാദ്. അല്‍പം ഗൗരവമായിത്തന്നെ തന്റെ ചിന്ത പങ്കുവയ്ക്കുന്നു. പ്രായം കൂടിവരുംതോറും സ്വാതന്ത്ര്യത്തിന്റെ അളവ് കൂടിവരുമെന്നും അത് ഏറ്റവും അധികം ആഘോഷിക്കേണ്ടത് കോളേജ് കാലഘട്ടത്തിലുമാെണന്നുള്ള അഭിപ്രായക്കാരാണ് ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ഥിനികളായ ഒലീവിയയും ലയയും.

”അരുത് അരുത് എന്ന് പറയുന്നതാണ് പ്രശ്‌നം. നിയന്ത്രണങ്ങള്‍ അധികമാകുമ്പോഴാണ് അവ പൊട്ടിക്കാനുള്ള ശ്രമം ഉണ്ടാവുന്നത്. സ്വാതന്ത്ര്യത്തിനൊപ്പം അത് എങ്ങനെ വിനിയോഗിക്കണം എന്നും രക്ഷിതാക്കളും അധ്യാപകരും പഠിപ്പിക്കണം,” അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. പഠനത്തിലും കലാമികവിലും മാത്രമല്ല അഭിപ്രായ രൂപീകരണത്തിലും സമൂഹത്തിലെ പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതിലും മറ്റു കോളേജുകളില്‍ നിന്ന് എന്നും വേറിട്ടു നില്‍ക്കുന്ന ഡോണ്‍ ബോസ്‌കോ കോളേജിലെ വിദ്യാര്‍ഥികള്‍ ഒരേ സ്വരത്തില്‍ പറയുന്നു, ”ഞങ്ങള്‍ സ്വാതന്ത്യം ആഘോഷിക്കുകയാണ്.”

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Show Comments (1)