ഒരു മിണ്ടാപ്രാണിയുടെ  മൗനത്തിൻ്റെ കഥ

ഷിൻസ് ജോസഫ്

626

തൊടുപുഴ തട്ടക്കുഴ ഗ്രാമത്തില്‍ അലകനാല്‍ തോമസിൻ്റെയും മേരിയുടെയും രണ്ടാമത്തെ മകനായാണ് സജി എന്ന ലോക വ്യോമയാന ചരിത്രത്തിലെ ഇതിഹാസം ജനിക്കുന്നത്. ചെറുപ്പത്തില്‍ ‘പറഞ്ഞാല്‍ കേള്‍ക്കാത്ത’ സജിയെ ആദ്യം കുരുത്തംകെട്ട, അനുസരണയില്ലാത്ത ചെറുക്കനായാണ് കരുതിയത്.എന്നാല്‍ രണ്ട് വയസ്സായപ്പോഴും ഈ അനുസരണക്കേടും മിണ്ടാവ്രതവും മാറ്റമില്ലാതെ തുടര്‍ന്നതോടെ മാതാപിതാക്കള്‍ക്ക് ആധിയായി.തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ സജിക്ക് ജന്മനാ സംസാര  ശ്രവണ വൈകല്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അനുജത്തിയുടെയും ചേട്ടന്റെയും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സജി  നിശബ്ദനായി വളര്‍ന്നു.എന്നാല്‍ സൈനിക ഉദ്യോഗസ്ഥനായ സജിയുടെ പിതാവ് മകന് വിദ്യാഭ്യാസം നല്‍കാന്‍ തീരുമാനിച്ചു.തുടര്‍ന്ന് വീട്ടില്‍നിന്നുമേറെദൂരെയുള്ള ഒരു ബധിര വിദ്യാലയത്തില്‍ സജിയെ ചേര്‍ത്തു.എന്നാല്‍ അവിടെ അധ്യാപകരായിരുന്നില്ല അവൻ്റെ ഗുരുനാഥന്‍. മറിച്ച്, സ്‌കൂളിലേക്ക് വെള്ളമെടുക്കുന്ന ഒരു പഴയ മോട്ടോര്‍ പമ്പ് സെറ്റും മറ്റ് യന്ത്രങ്ങളുമായിരുന്നു.നാളുകള്‍ക്കുള്ളില്‍ അതിനെ തൊട്ടും തലോടിയും അവനതിന്റെ സാങ്കേതികത പഠിച്ചെടുത്തു.

അധികം താമസിക്കാതെ സ്‌കൂളിലെ വൈദ്യുതി സംബന്ധമായ ഏത് കാര്യങ്ങള്‍ക്കും സജിയുടെ കയ്യെത്തണമെന്നായി.സജിയില്ലെങ്കില്‍ സ്‌കൂളിലെ ‘വെള്ളം കുടി’ മുട്ടുമെന്ന അവസ്ഥ.എന്നാല്‍ ദൂരക്കൂടുതല്‍ മൂലം  ഏഴില്‍ പഠനം നിര്‍ത്തിയതോടെ സ്‌കൂളിലെ പ്രശസ്തനായ എന്‍ജിനീയര്‍ പണിയില്ലാതെ വീട്ടിലിരിപ്പായി.  വീട്ടില്‍ വെറുതെയിരുന്ന് നേരം കൊല്ലാന്‍  സജി തയ്യാറായിരുന്നില്ല. പകരം, നല്ല കട്ടിയുള്ള ഹാര്‍ഡ് ബോര്‍ഡുപയോഗിച്ച് അവന്‍  ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകളും,ജീപ്പുകളും കാറുകളും,ഓട്ടോറിക്ഷകളും നിര്‍മ്മിച്ചു.ഒറിജിനലിനോട് കിടപിടിക്കുന്ന സജിയുടെ കരവിരുതിനുമുന്നില്‍ വീട്ടുകാരും കൂട്ടുകാരും അമ്പരന്നു.അങ്ങനെ സജിയുടെ കൊച്ചുമുറി വാഹനങ്ങളുടെ ഒരു മിനി ഗാരേജായി മാറി.

റബ്ബര്‍ തോട്ടങ്ങളുടെ നാടായ വെള്ളിയാമറ്റത്ത് മരുന്നടിക്കാന്‍ വന്ന ഹെലികോപ്റ്ററാണ് സജിയുടെ ജീവിതത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിയത്.മരുന്നടി തീരുംവരെ അവന്‍ വെള്ളിയാമറ്റം കുന്നിലെ നിത്യ സന്ദര്‍ശകനായി.ഹെലികോപ്റ്ററിന്റെ കാതടപ്പിക്കുന്ന ശബ്ദം കൂസാതെ തങ്ങളുടെ അടുത്തേക്ക് എല്ലാ ദിവസവും വരുന്ന ആ പതിനഞ്ചുവയസ്സുകാരനെ മുംബൈയില്‍നിന്നെത്തിയ വൈമാനികരായ സിഖുകാര്‍ക്ക് പെരുത്തിഷ്ടമായി.ഹൃദയത്തിൻ്റെ ഭാഷയില്‍ തങ്ങളോട് സംസാരിച്ച ആ കുരുന്നിനെ രണ്ടുവട്ടം വെള്ളിയാമറ്റത്തിന്റെ ആകാശത്തിലൂടെ ചുറ്റിച്ച ശേഷമാണ് അവര്‍ മുംബൈയ്ക്ക് മടങ്ങിയത്.അതിനിടയില്‍ അവരുടെ വിലാസം സജി സ്വന്തമാക്കിയിരുന്നു.ആ ഹെലികോപ്റ്റര്‍ ജീവിതത്തിന്റെ ‘ഉത്തേജക മരുന്നായതോടെ പിന്നീട് അതുപോലെ ഒന്ന് നിര്‍മ്മിക്കാനായിരുന്നു അവന്റെ ശ്രമം.അങ്ങനെ ഇരുമ്പ് പൈപ്പുകളും പ്ലാസ്റ്റിക്കും പാഴ്‌വസ്തുക്കളുമുപയോഗിച്ച് വര്‍ഷങ്ങള്‍കൊണ്ട് അവന്‍ കോപ്റ്റര്‍ പുനരാവിഷ്‌കരിച്ചു.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment