കുട്ടിയും കോലും

സുഭാഷ് ചന്ദ്രന്‍

58

അതിതീക്ഷ്ണമായ ചില ജീവിതാനുഭവങ്ങളെ ചിലപ്പോഴെങ്കിലും കഥയിലേക്ക് പകര്‍ന്നുവയ്്ക്കാന്‍ നമുക്ക് കഴിയില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ജീവിതം എന്ന മഹത്തായ കഥയെഴുതുന്ന, കാലം എന്ന വലിയ കഥാകാരനെ മനസ്സുകൊണ്ട് നാം നമിക്കുന്നു. അതുകൊണ്ട് ‘കുട്ടിയും കോലും’ എന്ന പേരില്‍ വായിക്കേണ്ടിയിരുന്ന ഒരു കഥയെ അതിന്റെ കഥാകാരന്റെ അശക്തി നിമിത്തം ഇവിടെ കഥയാക്കാനാവാതെ ഒരു അനുഭവക്കുറിപ്പായി നിങ്ങള്‍ വായിക്കുകയാണ്. എന്റെ ഇത്തരം അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്ന ‘കഥയാക്കാനാവാതെ’ എന്ന പുസ്തകം.
എനിക്ക് മൂന്നു ചേച്ചിമാരും ഒരു ചേട്ടനുമാണ്. അച്ഛനമ്മമാരുടെ അഞ്ചു മക്കളില്‍ അഞ്ചാമനാണ് ഞാന്‍. ചേട്ടന്‍ രണ്ടാമനും. കമ്മ്യൂണിസ്റ്റുകാരനായ അച്ഛന്‍ ചേട്ടനിട്ടുകൊടുത്ത പേര് കൃഷ്ണപിള്ളയെന്നാണ്. ചങ്ങമ്പുഴയുടെ പേരല്ല, സാക്ഷാല്‍ പി. കൃഷ്ണപിള്ളയുടെ. ചേച്ചിമാരുടെ പേരുകളും മോശമല്ല. മൂന്നു കുമാരിമാര്‍- കൃഷ്ണകുമാരി, വസന്തകുമാരി, ഉഷാകുമാരി. അതില്‍ നടുക്കുള്ളവളായ വസന്തകുമാരിക്കു മാത്രം അച്ഛന്‍ ഒരു ചെല്ലപ്പേര് ഇട്ടിട്ടുണ്ട്-പപ്പ. അവള്‍ അച്ഛനെപ്പോലെയാണ്. കറുത്ത നിറവും ഉള്‍വലിഞ്ഞ പ്രകൃതവും. അത് അച്ഛന്റെ വീട്ടുകാരുടെ പൊതുവായ മട്ടാണ്. അമ്മവീട്ടുകാരായ മുല്ലേപ്പിള്ളിക്കാര്‍ക്ക് ഒച്ചയും ബഹളവും കൂടും. ആരേയും പരിഹസിക്കും. ഉറക്കെ പൊട്ടിച്ചിരിക്കും. വല്ല്യേച്ചിയും കുഞ്ഞേച്ചിയുമൊക്കെ അങ്ങനെത്തന്നെ. ‘മുല്ലേപ്പിള്ളി തൊള്ളതുറക്കും’ എന്നൊരു പ്രയോഗംതന്നെയുï് നാട്ടില്‍. എന്നാല്‍ പപ്പയ്ക്ക്, എന്റെ കൊച്ചേച്ചിക്കുമാത്രം ഒതുക്കം, അടക്കം.ചത്തുപോയൊരു കണ്ണിന് നാലു ദശാബ്ദക്കാലം അക്കാര്യം ആരേയുമറിയിക്കാതെ അവളില്‍ ഒളിച്ചിരിക്കാന്‍ പറ്റിയതും അതുകൊണ്ടടാവും. കൗമാരത്തില്‍ ഉമ്മറത്തെ നടക്കല്ലിലിരുന്നുകൊണ്ട് ഗെയ്റ്റിനു നേരെ നോക്കി ചിന്താവിഷ്ടയായിരിക്കുന്ന അവളെ എനിക്കിപ്പോഴും ഓര്‍ക്കാം. കടുങ്ങല്ലൂരിലെ ആദ്യകാലത്തെ ഗെയ്റ്റുകളില്‍ ഒന്ന് ഞങ്ങളുടെ വീട്ടിലേതായിരുന്നു. കുറേക്കാലം ഒരു ഓലപ്പുര കെട്ടി പാര്‍ത്തതിനുശേഷം കടവും വിലയുമായി അച്ഛന്‍ പണികഴിപ്പിച്ച വീടിന്റെ പടിവാതില്‍. വീടുപണി കഴിഞ്ഞ് ബാക്കിവന്ന ചെങ്ങല്ലുകൊണ്ട് മുന്നില്‍ മാത്രം നീളന്‍മതില്‍ കെട്ടി. അതില്‍ ഒരു ലോറിക്ക് സുഖമായി കയറിപ്പോരാന്‍ പാകത്തില്‍ വിടവിട്ട് വമ്പനൊരു ഗെയ്റ്റ് വച്ചു. ഗെയ്റ്റിനുമുകളില്‍ കൊല്ലനെക്കൊണ്ട് പച്ചിരുമ്പ് വളച്ചുമുറിച്ച് ഉഷാഭവനം എന്നെഴുതിച്ച് വെല്‍ഡറെക്കൊണ്ട് ഒട്ടിച്ചുംവച്ചു. അയല്‍പക്കത്തെ ബന്ധുക്കളായ കുട്ടികള്‍ക്കെല്ലാം അതൊരു കളിവണ്ടികൂടിയായിരുന്നു. ഗെയ്റ്റില്‍ തൂങ്ങി കുറ്റിയില്‍ നൂറ്റിയെണ്‍പതു ഡിഗ്രിയില്‍ അങ്ങോട്ടും ഇങ്ങോട്ടും പായിച്ച് ഞങ്ങള്‍ അതിനെ കാറും ബസ്സുമൊക്കെയായി പരിവര്‍ത്തിപ്പിച്ചിരുന്നു. അടുക്കളപ്പണിയില്‍നിന്നും ഒഴിവു കിട്ടുമ്പോഴൊക്കെ അമ്മ വന്ന് എല്ലാത്തിനെയും ആട്ടിയോടിക്കും.’നിങ്ങടെ വീട്ടിച്ചെന്ന് തൂങ്ങിനെടാ പിള്ളാരേ’, അമ്മ സ്വന്തമല്ലാത്ത എല്ലാ കുട്ടികളെയും തുരത്തിക്കൊണ്ട് തൊള്ളയിടും, ‘അങ്കുടൂങ്കിടും ആട്ടി അത് നശിപ്പിക്കും കുരുത്തംകെട്ടോങ്ങള്’.വീടുപാര്‍പ്പിന്റെ കാലത്ത് എന്റെ തൊട്ടു മൂത്ത ചേച്ചി ഉഷ ജനിച്ചിട്ടേയുള്ളൂ. അങ്ങനെയാണ് വീടിന് അവളുടെ പേരു വന്നത്. നാലു മക്കളായപ്പോള്‍ പേറു നിര്‍ത്താനായിരുന്നുവത്രേ അച്ഛനുമമ്മയും തീരുമാനിച്ചത്. അതിനുള്ള ഓപ്പറേഷനുള്ള കടലാസും ആശുപത്രിയില്‍ അച്ഛന്‍ ഒപ്പിട്ടുകൊടുത്തിരുന്നു. അന്ന് ആലുവായിലെ ഏറ്റവും പ്രഗല്‍ഭനായ ഡോക്ടര്‍ മുകുന്ദനാണ്. മൂന്നാന്റാശുപത്രി എന്നാണ് ലക്ഷ്മി ഹോസ്പിറ്റല്‍ എന്ന പേരുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്ഥാപനം അറിയപ്പെടുന്നതുതന്നെ. മാര്‍ത്താണ്ഡവര്‍മ്മപ്പാലം കടന്ന് അക്കര എന്നു വിളിച്ചിരുന്ന ആലുവാപ്പട്ടണമെത്തിയാല്‍ ആദ്യം ആരോഗ്യാലയം എന്ന ആശുപത്രിയുണ്ട്. അവിടെ സൗകര്യങ്ങള്‍ കൂടുതലുണ്ട്. പക്ഷെ ഡോക്ടര്‍മാരില്‍ പേരുള്ളവര്‍ കുറവ്. അതുകൊണ്ട് പനി മുതല്‍ പേറുവരെയുള്ള സംഗതികള്‍ക്കൊക്കെയും അച്ഛന്‍ മൂന്നാന്റാശുപത്രിയെയാണ് ആശ്രയിച്ചിരുന്നത്.
മൂന്നാന്റാശുപത്രിയിലാണ് അമ്മ എന്നെ പെറ്റത്. ഇളയ ചേച്ചിയെ പെറ്റുകഴിഞ്ഞ് നിര്‍ത്താനുള്ള ഓപ്പറേഷന് അച്ഛന്‍ ഒപ്പിട്ടുകൊടുത്ത കടലാസ് തിരികെവാങ്ങി അമ്മയുടെ മൂത്ത ചേച്ചി കീറിക്കളയുകയായിരുന്നു. ആ മൂത്ത ചെക്കന് ഒരു തുണ വേണ്ടേ? കടലാസു കീറാന്‍നേരം വല്ല്യമ്മ പറഞ്ഞു. ഹൗ, നീ ഒരണ്ണത്തിനെക്കൂടി പെറണം എന്റെ പൊന്നൂ. നോക്കിക്കോ, അതൊരു ആങ്കൊച്ചായിരിക്കും. അഞ്ചു കൊച്ചുങ്ങളായാ ഇപ്പോ എന്താ,എനിക്ക് ഏഴെണ്ണമില്ലേ?
മടിച്ചിട്ടാണെങ്കിലും അച്ഛന്‍ സമ്മതിച്ചു. അങ്ങനെ അന്ന് വല്ല്യമ്മ കീറിക്കളഞ്ഞ ആ കടലാസ് എനിക്ക് ഭൂമിയില്‍ വരാനുള്ള അനുമതിപത്രമായി. വെണ്‍കളി തേച്ച് ഒരുങ്ങി നിന്ന പുതിയ വീട്ടിലേക്കാണ് മുകുന്ദന്റെ ആശുപത്രിയില്‍ നിന്നും എന്നെ കൊണ്ടുവന്നത്. രണ്ടോ മൂന്നോ വയസ്സിന്റെ വ്യത്യാസത്തില്‍ എന്റെ മുകളിലേക്ക് നാലു കുഞ്ഞുങ്ങള്‍ കാത്തുനിന്നിരുന്നു. തന്നെപ്പോലെ ചുക്കുമണിയുള്ള ഒരു കുട്ടിയെ ഇളയതായി കിട്ടിയപ്പോള്‍ അന്ന് പത്തുവയസ്സുകാരനായിരുന്ന ചേട്ടന്‍ സന്തോഷിച്ചിരിക്കണം. കുട്ടിയും കോലും കളിക്കാന്‍ ചേട്ടന് ഒരു കൂട്ടായല്ലോ.അക്കാലത്തെ കളികളെക്കുറിച്ചൊക്കെ ഞാന്‍ ഓര്‍മിക്കുകയാണ്. കിങ് കളി, സാറ്റ് കളി, ഒളിച്ചുകൂത്ത്, വട്ട് കളി, ഗോലികളി എന്നിങ്ങനെയുള്ള നൂറുകണക്കിന് കളികളുമായി കുട്ടികള്‍ മധ്യവേനലവധിക്ക് പാഴ്പറമ്പുകളെ തങ്ങളുടെ ഭാവനയ്‌ക്കൊത്ത അതിഗംഭീരങ്ങളായ സ്റ്റേഡിയങ്ങളാക്കും. കബഡിയും പന്തുകളിയും ആലുവാപ്പുഴയിലെ കുത്തിമറിയലുമൊക്കെ കുറച്ചുകൂടി മുതിര്‍ന്ന കുട്ടികള്‍ക്കുള്ളവയാണ്. ഇതിനെല്ലാമിടയിലാണ് പില്‍ക്കാലത്ത്, ക്രിക്കറ്റിലേക്ക് ചേക്കാറാനിരുന്ന കേളീവാസനകളുടെ ആദ്യരൂപമെന്നോണം കടുങ്ങല്ലൂരില്‍ കുട്ടിയും കോലും എന്ന കളി ആര്‍ത്തുപിടിച്ചത്. രണ്ടു ടീമുകളായി, കുട്ടിയെന്നു പേരുള്ള ഒരു അടിയോളം പോന്ന ഒരു ചെറുകോലും ക്രിക്കറ്റ് ബാറ്റിനോളം നീളമുള്ള മറ്റൊരു കോലും ഉപയോഗിച്ച് കളിക്കുന്ന, അല്പം അപകടകരംകൂടിയായ കളിയായിരുന്നു അത്. എതിര്‍ സംഘത്തിലെ ഒരാള്‍ ഒരു നിശ്ചിത ദൂരത്തില്‍ നിന്ന് എതിരാളിക്കുനേരെ എറിയുന്ന കുട്ടിയെ അടിച്ച് ദൂരേക്ക് പായിക്കലാണ് കളിക്കാരന്റെ മിടുക്ക്. ക്രിക്കറ്റിലെന്നപോലെ ഇങ്ങനെ അടിച്ചു തെറിപ്പിക്കുന്ന ചെറു കോലിനെ നിലം തൊടും മുമ്പ് എതിര്‍സംഘത്തിലൊരാള്‍ക്ക് പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അടിച്ചവന്‍ പുറത്താകും. അടിച്ചു തെറിപ്പിച്ച കുട്ടി പറന്നുചെന്ന് വീണ ഇടം മുതല്‍ താന്‍ നിന്നിരുന്ന ഇടംവരെ കളിക്കാരന്‍ തന്റെ കോലുപയോഗിച്ച് അളക്കും. വിചിത്രമായ ചില വാക്കുകള്‍ ഉച്ചരിച്ചുകൊണ്ടാണ് ഈ അളക്കല്‍: ഏക്കിട്ടാന്‍, ചാത്തിപ്പുറം, തുരമുട്ടി, നാലുകുടം, ഐറ്റക്കോണി, ആറേങ്ക് തുടങ്ങിയ വാക്കുകള്‍ അക്കാലത്ത് പറമ്പുകളില്‍നിന്ന് കുട്ടിത്തൊണ്ടകളിലൂടെ ഉയര്‍ന്നു കേട്ടിരുന്നത് ഉള്ളില്‍ ഇപ്പോഴും മുഴങ്ങുന്നു. ഹൗസാറ്റ്, ബൗണ്ടറി, സിക്‌സര്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ വന്നപ്പോള്‍ ഗ്രാമീണകന്യകകളുടെ പ്രതീതിയുള്ള ഈ വാക്കുകളൊക്കെ ആ പറമ്പുകളിലെ മണ്ണിനടിയില്‍ത്തന്നെ കുഴിച്ചുമൂടുകയായിരുന്നു.
കടുങ്ങല്ലൂരിലെ ഈ പ്രീ-ക്രിക്കറ്റ് യുഗത്തില്‍ വച്ചാണ് കൊച്ചേച്ചിയുടെ കണ്ണില്‍ കുട്ടി കൊണ്ടത്. ചേട്ടനായിരുന്നു പ്രധാന കളിക്കാരന്‍. അന്ന് ചേട്ടന് പത്തോ പതിനൊന്നോ വയസ്സ്. ആരവമുണ്ടാക്കിക്കൊണ്ട് ചേട്ടനെ പുറത്താക്കാന്‍ ആവേശത്തോടെ ചുറ്റും നിന്ന പ്രതിയോഗികളുടെ കൂട്ടത്തില്‍, കളിയില്‍ അത്രയൊന്നും ശ്രദ്ധയില്ലാതെ മറ്റെന്തോ ആലോചിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു അവള്‍. കുട്ടി എന്ന ചെറുകോല് എതിരാളികള്‍ക്ക് എളുപ്പം പിടിച്ചെടുക്കാന്‍ കഴിയാത്തവിധം ചേട്ടന്‍ ശക്തിയോടെ അടിച്ചു തെറിപ്പിച്ചത് തൊട്ടടുത്തു നിന്നിരുന്ന കൊച്ചേച്ചിയുടെ ഇടംകണ്ണില്‍ വന്നു കണ്ടു. ഒച്ചയൊന്നും വയ്ക്കാതെ അവള്‍ നിലത്തു വീണു. കളി മുടങ്ങിയതില്‍ കുട്ടികള്‍ സങ്കടപ്പെട്ടു. അമ്മ അവളെയും എടുത്തുകൊണ്ട് ആലുവായിലേക്ക് ഓടി. വിഷമിച്ചുപോയ ചേട്ടന്‍ പിന്നാലെ ഓടി. ഇടത്തെ കണ്ണിനോട് ചേര്‍ത്തുപിടിച്ച വലംകൈയുടെ മുഷ്ടിക്കുള്ളില്‍ അവളെന്തോ കരുതലോടെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് ചോരച്ചുവപ്പിനുള്ളിലൂടെ കുട്ടികള്‍ക്ക് കാണാമായിരുന്നു.ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് കണ്ണുകെട്ടഴിച്ച് തിരിച്ചെത്തിയ എട്ടുവയസ്സുകാരിയോട് എല്ലാവരും ആ ചോദ്യം ചോദിച്ചിരിക്കണം: മോള്‍ക്ക് കാഴ്ചയ്ക്ക് പ്രശ്‌നമൊന്നും ഇല്ലല്ലോ അല്ലേ? ഹേയ് ഇല്ല, അവള്‍ പറഞ്ഞിരിക്കണം. ആ ഉത്തരത്തിന്റെ ബലത്തിലാണ് കുട്ടിയും കോലും കളി കടുങ്ങല്ലൂരില്‍ നിരോധിക്കപ്പെടാതിരുന്നതെന്ന് എനിക്കറിയാം. കുട്ടി വന്ന് തറച്ച് തന്റെ കണ്ണിന് കാഴ്ച പോയെന്ന സത്യം, അത് ചത്തുപോയെന്ന സത്യം അവള്‍ പറഞ്ഞിരുന്നെങ്കില്‍ ‘പൊന്നൂന്റെ കൊച്ചിന്റെ കണ്ണ് പൊട്ടിച്ച കളി’ അതോടെ കടുങ്ങല്ലൂരില്‍ നിന്ന് അപ്രത്യക്ഷമാകുമായിരുന്നു.അങ്ങനെ ചത്തുപോയൊരു കണ്ണിനെ തന്റെ തലയോടിനുള്ളില്‍ ഒളിപ്പിച്ച് ചുറ്റുപാടുമുള്ളവരുടെ കണ്ണുവെട്ടിച്ച് അവള്‍ ജീവിച്ചുപോരുകയായിരുന്നു. ഒന്നും രണ്ടുമല്ല,നാല്‍പതു വര്‍ഷം അതു മുഖത്തുതന്നെ ചത്തു കുത്തിയിരുന്നു. അതുമായവള്‍ പഠിച്ചു, അതില്‍ കണ്‍മഷിയെഴുതി വ്യാജ ജീവന്‍ തുടിപ്പിച്ചു. തന്നെ പെണ്ണുകാണാന്‍ വന്നവരുടെ മുന്നില്‍ നിന്നുകൊടുത്തു. വിവാഹപ്പന്തലില്‍ നവോഢയായി നിന്നു.കണ്ണില്‍ ഒരു കരടു പോയാല്‍പ്പോലും അസ്വസ്ഥരും ദുഖിതരുമാകുന്ന മാന്യമഹാജനങ്ങളുടെ ഇടയില്‍ മന്ദഹസിച്ചുകൊണ്ട് നാലു ദശകം പെങ്ങളൊരുവള്‍ പിടിച്ചുനിന്നു.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment