പുരാതന ചരിത്രത്തിൻ്റെ വാതിലുകള്‍ തുറന്ന ശിലാഫലകം

ഡോ.കെ. ശ്രീറാം

100

ഗൂഗിളില്‍ പരതിയാല്‍ കിട്ടുന്ന ഏറ്റവും പ്രശസ്തമായ ലാംഗ്വേജ് ലേണിങ് സോഫ്റ്റ് വെയറിന്റെ പേരാണ് റോസെറ്റാ സ്‌റ്റോണ്‍. റോസെറ്റ എന്ന പേരില്‍ ഓണ്‍ലൈന്‍ ലാംഗ്വേജ് ട്രാന്‍സ്‌ലേഷന്‍ ടൂളുമുണ്ട്. എങ്ങനെയാണ് ഭാഷാ പഠനവും റോസെറ്റാ സ്‌റ്റോണും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നത്? അതൊരു കൗതുകകരമായ കഥയാണ്. ഈ കഥയുടെ തുടക്കം 1798 ലാണ്.
ഫ്രാന്‍സിന്റെ ഒന്നാമത്തെ കോണ്‍സ്യൂള്‍ ആയിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് ഈജിപ്ത് കീഴടക്കി.കലയുടെയും സംസ്‌കാരത്തിന്റെയും ഈറ്റില്ലമായി ഫ്രാന്‍സ് കരുതപ്പെട്ടിരുന്ന കാലമാണത്.ഈജിപ്തിലെ പുരാതനമായ പാത്രങ്ങള്‍,ശില്പങ്ങള്‍,ആഭരണങ്ങള്‍ ഇവയ്‌ക്കെല്ലാം ഫ്രാന്‍സില്‍ വലിയ ഡിമാന്‍ഡ് ആയിരുന്നു. പൗരാണികതയുള്ള എന്തും സ്വന്തമാക്കുന്നതില്‍ അഭിമാനം കണ്ടെത്തിയ ഫ്രാന്‍സുകാര്‍ക്ക് ഈജിപ്തിന്റെ പൗരാണിക സംസ്‌കാരം പ്രതിഫലിപ്പിക്കുന്ന വസ്തുക്കളെല്ലാം അമൂല്യമായ കച്ചവട ച്ചരക്കുകളാണ്.അതിനാല്‍ 175 ഓളം ആര്‍ക്കിയോളജിസ്റ്റുകളെ നെപ്പോളിയന്‍ ഈജിപ്തിലേക്കയച്ചു.
അലക്‌സാണ്ട്രിയായില്‍ വന്നിറങ്ങിയ ഫ്രഞ്ചുസൈന്യം നൈല്‍നദിയുടെ ഡെല്‍റ്റാ പ്രദേശത്തില്‍ ക്യാംപുകളും കോട്ടകളും രൂപപ്പെടുത്തി. അലക്‌സാണ്ട്രിയായില്‍നിന്നും 30 മൈല്‍ അകലെയുള്ള കടലോര പട്ടണമായിരുന്നു, റോസെറ്റ. ഇന്ന് ഈ നഗരം റഷീദ് എന്നാണ് അറിയപ്പെടുന്നത്. മിലിറ്ററി എന്‍ജിനീയര്‍ ആയിരുന്ന ഫ്രാന്‍കോയിസ് ബൗച്ചാര്‍ഡ് നഗരത്തിനടുത്തുള്ള പഴയ ഫോര്‍ട്ട് ജൂലിയന്‍ കോട്ട പുതുക്കിപ്പണിത് അതൊരു സെക്യൂരിറ്റി ചെക്ക്‌പോസ്റ്റാക്കാന്‍ തീരുമാനിച്ചു. കോട്ടയുടെ സുരക്ഷിതത്വത്തിനായി മതിലിനോട് ചേര്‍ന്ന് ട്രെഞ്ചിന് കുഴിയെടുത്തുകൊണ്ടിരുന്നപ്പോള്‍ ജോലിക്കാര്‍ ആറടി താഴ്ചയില്‍ പുരാതനമായ മതിലിന്റെ അവശിഷ്ടം കണ്ടെത്തി.ക്യാപ്റ്റന്‍ ബൗച്ചാര്‍ഡ് പരിശോധിച്ചപ്പോള്‍ മതിലില്‍ ഗ്രാനൈറ്റില്‍ കൊത്തിയ ഒരു ശിലാഫലകം. മണ്ണ് നീക്കിയപ്പോള്‍ കറുത്ത ഫലകത്തില്‍ രണ്ടു ഭാഷകളിലായുള്ള എഴുത്ത്. ഏറ്റവും അടിയില്‍ ഗ്രീക്ക് ഭാഷയിലും അതിനു മുകളില്‍ പുരാതന ഈജിപ്ഷ്യന്‍ എഴുത്തുരീതിയായ ഹൈറോഗ്‌ളിഫിക്‌സിലും(അക്ഷരങ്ങള്‍ക്കു പകരം ചിത്രങ്ങളും പ്രതീകങ്ങളുംവഴി ആശയം ആവിഷ്‌കരിക്കുന്ന എഴുത്തുരീതി) എഴുതിയിരിക്കുന്നു. ആദ്യമായിട്ടാണ് രണ്ടു ഭാഷകളിലുള്ള ഒരു ശിലാലിഖിതം ഈജിപ്തില്‍ കണ്ടെത്തുന്നത്. ചരിത്ര സ്മാരകങ്ങളിലും ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളിലും ചിത്രലിപിയിലെഴുതിയ എഴുത്തുകള്‍ ഉണ്ടെങ്കിലും അത് വായിച്ച് അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഈജിപ്തിന്റെ പുരാതന ചരിത്രം തികച്ചും അജ്ഞാതമായിരുന്നു. എന്നാല്‍ റോസെറ്റാ നഗരത്തില്‍ കണ്ടെത്തിയ ഈ ശില(റോസെറ്റാ സ്‌റ്റോണ്‍) ഈജിപ്തിന്റെ പുരാതന ചരിത്രത്തിലേക്കുള്ള വാതിലായി മാറി. പുരാതന ഗ്രീക്കുഭാഷ ആര്‍ക്കിയോളജിസ്റ്റുമാര്‍ക്കറിയാമായിരുന്നു. അതിന്റെ തനിവിവര്‍ത്തനമാണ് ചിത്രലിപിയിലും രേഖപ്പെടുത്തിയിരുന്നത്. പേരുകളുടെയും സ്ഥലങ്ങളുടെയും ഉച്ചാരണം രണ്ടു ഭാഷയിലും ഒരുപോലെ ആയിരുന്നതുകൊണ്ട് അവര്‍ ചിത്രലിപിയുടെ അര്‍ത്ഥവും ഉച്ചാരണവും പഠിക്കാന്‍ തുടങ്ങി. ടോളമി അഞ്ചാമന്‍ രാജാവിന്റെ കാലത്തെ ഒരു വിളംബരമായിരുന്നു ആ ഫലകം. അതു ഭാഷാശാസ്ത്രജ്ഞന്മാര്‍ വിശകലനം ചെയ്തു പഠിച്ചതോടെ പുരാതന ഈജിപ്ഷ്യന്‍ ഭാഷ പഠിക്കാനും ചരിത്രം മനസ്സിലാക്കാനും സാധിച്ചു. പില്‍ക്കാലത്ത് ബ്രിട്ടീഷുകാര്‍ ഫ്രഞ്ചുകാരെ തോല്പിച്ച് ഈജിപ്ത് കീഴടക്കിയപ്പോള്‍ ഇംഗ്ലീഷുകാര്‍ ഈ ഫലകം ലണ്ടനിലേക്ക് കൊണ്ടുവന്നു. ബ്രിട്ടീഷ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇന്ന് റോസെറ്റാ സ്‌റ്റോണ്‍ ഭാഷാപഠനത്തിന്റെ അപരനാമമായി മാറി. കൂടാതെ, കണ്ടുപിടുത്തത്തിന്റെയോ അറിവിന്റെയോ വലിയ മേഖലയിലേക്ക് നമ്മളെ നയിക്കുന്ന കാര്യങ്ങള്‍ക്കുള്ള വിശേഷണമായ ഇംഗ്ലീഷ് ഭാഷാ പ്രയോഗമായും റോസെറ്റാ സ്‌റ്റോണ്‍ മാറി.

Leave a comment
error: Content is protected !!