റേഡിയോ സൃഷ്ടിച്ച വധഭീഷണികള്‍

നന്ദഗോപാലൻ

59

മര്‍ക്കോണിയുടെ പിതാവ് ഇറ്റലിക്കാരനായിരുന്നു. മാതാവ് ബ്രിട്ടീഷ്‌കാരിയും. ചെറുപ്പത്തില്‍തന്നെ ഗവേഷണ കുതുകിയായിരുന്ന അദ്ദേഹം തന്റെ വീടിന്റെ വിവിധ മുറികളിലേക്ക് വയര്‍ലസ് സന്ദേശം അയയ്ക്കുമായിരുന്നു. പിന്നീട് രണ്ടു മൈല്‍ ദൂരത്തിനപ്പുറം വയര്‍ലസ് സന്ദേശം അയക്കുവാന്‍ അദ്ദേഹം പ്രാപ്തനായി. ഇതൊക്കെ കണ്ട് മാര്‍ക്കോണിയുടെ പിതാവ് അസ്വസ്ഥനായി. അദ്ദേഹം മകനോടുപറഞ്ഞു. ‘നീ നിന്റെ സമയം പാഴാക്കുകയാണ്. ഇതുകൊണ്ടെന്താ പ്രയോജനം?’ പക്ഷെ മാര്‍ക്കോണിയുടെ മനസ്സു നിറയെ ‘കമ്പിയില്ലാ കമ്പി സന്ദേശവും’ റേഡിയോയും ആയിരുന്നു. വൈദ്യുത തരംഗങ്ങള്‍ ഉപയോഗിച്ചുള്ള തന്റെ പരീക്ഷണങ്ങള്‍ അദ്ദേഹം തുടര്‍ന്നു. 1901 ല്‍ തന്റെ അധ്വാനം സഫലമായി എന്ന് മാര്‍ക്കോണി തിരിച്ചറിഞ്ഞു. അത് തെളിയിക്കാനും ഉറപ്പാക്കാനുമായി അദ്ദേഹം അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അമേരിക്കയിലെ ന്യൂഫൗണ്ടിലാന്റിലെത്തി. മുളയും സില്‍ക്കും ഉപയോഗിച്ചു നിര്‍മ്മിച്ച ഒരു പട്ടം ഏരിയലായി അദ്ദേഹം ആകാശത്തേക്കുയര്‍ത്തി. പക്ഷെ കാറ്റ് അതിനെ തകര്‍ത്തുകളഞ്ഞു. പകരമായി ഒരു ബലൂണ്‍ വീര്‍പ്പിച്ച് ഉയര്‍ത്തി വിട്ടു. പക്ഷെ അതും കാറ്റുമൂലം പൊട്ടി കടലില്‍ വീണു. ഒടുവില്‍ മൂന്നാമതുണ്ടാക്കിയ പട്ടം ആകാശത്ത് ദീര്‍ഘസമയം നിലനിന്നു. ആ ഏരിയലിലൂടെ ഇംഗ്ലണ്ടിലെ കോണ്‍വാളിലുള്ള തന്റെ ട്രാന്‍സ്മിറ്റിംഗ് സ്റ്റേഷനില്‍നിന്നും പുറപ്പെടുന്ന സിഗ്‌നലുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം കാതോര്‍ത്തു. അനേകം മണിക്കൂറുകള്‍ ശ്വാസം അടക്കിപ്പിടിച്ച് ചെലവഴിച്ചിട്ടും യാതൊരു സിഗ്‌നലും ലഭിച്ചില്ല. തന്റെ സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും പരീക്ഷണങ്ങള്‍ പരാജയമായിരുന്നെന്നും അദ്ദേഹം ചിന്തിച്ചു. നിരാശയോടെ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ അതാ തന്റെ റിസീവറില്‍ ഒരു ശബ്ദം. ടിക്, ടിക്, ടിക്. സന്തോഷംകൊണ്ട് മാര്‍ക്കോണി മതിമറന്നു. സമയത്തേയും ദൂരത്തേയും കീഴടക്കുന്ന ഒരു കണ്ടുപിടുത്തം. ആധുനിക ജീവിതത്തെ മാറ്റിമറിച്ച വയര്‍ലസ് ടെലഗ്രാഫിന്റെയും റേഡിയോയുടെയും ജനനം അവിടെ നടക്കുകയായിരുന്നു.പുരപ്പുറത്തു കയറി വിളിച്ചുകൂകണം എന്നു തോന്നി മാര്‍ക്കോണിക്ക്. പക്ഷെ ആരെങ്കിലും വിശ്വസിക്കുമോ എന്നൊരു ഭയം. ഇംഗ്ലണ്ടില്‍നിന്നുള്ള ശബ്ദം ഇത്രയും ദൂരം പിന്നിട്ട് അമേരിക്കയിലിരുന്നു കേള്‍ക്കാം എന്നു പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുമോ? ഭ്രാന്തന്‍ എന്നു പറയില്ലേ? ഭയംകൊണ്ട് 48 മണിക്കൂര്‍ സമയം അദ്ദേഹം തന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല.പിന്നീട് ധൈര്യം സംഭരിച്ച് ആ സദ്വാര്‍ത്ത ലോകത്തെ അറിയിച്ചു. എല്ലാ രാജ്യങ്ങളിലും ആവേശം ഉയര്‍ത്തിയ വാര്‍ത്ത ആയിരുന്നു അത്. മാര്‍ക്കോണി ഒറ്റ ദിവസംകൊണ്ട് ലോക പ്രശസ്തനായി. ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ മാര്‍ക്കോണിക്ക് വമ്പിച്ച സ്വീകരണമാണ് നല്‍കപ്പെട്ടത്. 27 ാമത്തെ വയസ്സില്‍ വാര്‍ത്താ വിതരണ രംഗത്തെ മാറ്റിമറിച്ച കണ്ടുപിടുത്തം നടത്തിയെങ്കിലും അംഗീകാരത്തോടും ആദരവോടും ഒപ്പം ആളുകളുടെ വെറുപ്പും മാര്‍ക്കോണിക്കു ലഭിച്ചു. കാരണം, പല ആളുകളും ചിന്തിച്ചു, മാര്‍ക്കോണിയുടെ ഉപകരണം പ്രസരിപ്പിക്കുന്ന വൈദ്യുത തരംഗങ്ങള്‍ തങ്ങളുടെ ശരീരത്തിലൂടെയാണ് കടന്നുപോകുന്നതെന്ന്. അത് തങ്ങളുടെ നാഡീവ്യവസ്ഥയെ തകര്‍ക്കുന്നതിനാല്‍ ഉറങ്ങാന്‍ പറ്റുന്നില്ല. ഈ ചിന്ത ചിലരെ ഭ്രാന്തരാക്കി മാറ്റി. പലരും മാര്‍ക്കോണിയെ വധിക്കുമെന്ന് ഭിഷിണിപ്പെടുത്തി. ഒരു ജര്‍മന്‍കാരന്‍ റേഡിയോ പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ താന്‍ ലണ്ടനില്‍ വന്ന് മാര്‍ക്കോണിയെ വെടിവച്ചുകൊല്ലുമെന്ന് മുന്നറിയിപ്പു നല്‍കി. ബ്രിട്ടീഷ് ഗവണ്‍മെന്റ് കുറേക്കാലം പ്രത്യേക പോലീസ് സംരക്ഷണം പോലും മാര്‍ക്കോണിക്ക് ഏര്‍പ്പെടുത്തിയിരുന്നു. 1903 ല്‍ മാര്‍ക്കോണിയുടെ ചില പേറ്റന്റുകള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് 25,000 പൗണ്ടിന് വാങ്ങി. മാര്‍ക്കോണി അതില്‍ നിന്നും കുറച്ച് എടുത്ത് ഒരു സൈക്കിള്‍ വാങ്ങി. വീണ്ടും പതിവുപോലെ ഗവേഷണജീവിതം തുടര്‍ന്നു. ധാരാളം പണം കൈയില്‍ കിട്ടിയിട്ടും അതിലൊന്നും അദ്ദേഹം രസിച്ചില്ല. അദ്ദേഹം പറഞ്ഞു ‘എന്റെ അധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷവും സംതൃപ്തിയുമാണ് പണത്തേക്കാള്‍ ഞാന്‍ വിലമതിക്കുന്നത്.’

Leave a comment
error: Content is protected !!