വീട് മുഴുവന്‍ നിറഞ്ഞു നിന്നിരുന്നു പെരുമ്പടവത്തിന്റെ ലൈല

അനിത ടോം

40

വീടുമുഴുവന്‍ അവള്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ വല്ലാത്ത ശൂന്യത. എനിക്ക് ഉറക്കം വരാറില്ല. ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. അവള്‍ തന്നെ നിര്‍ബന്ധിച്ച ചില നോവലുകള്‍ പൂര്‍ത്തിയാക്കാനുണ്ട്. എനിക്ക് എഴുതാനാവുന്നില്ല. കടലാസിനു മുന്നിലിരിക്കുമ്പോള്‍ അവള്‍ വിളിക്കുന്നതുപോലെ തോന്നും. ഇങ്ങോട്ട് ഒന്നു വരുമോ? ഞാന്‍ എഴുന്നേറ്റ് ചെല്ലും. ആറു പതിറ്റാണ്ടു കാലത്തെ കൂട്ടിനു ശേഷം കടന്നു പോയ ഭാര്യ ലൈലയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയപ്പോള്‍ ഹൃദയത്തില്‍ ദൈവത്തിന്റെ കൈയൊപ്പു പേറുന്ന കഥകാരന്‍ പെരുമ്പടവം ശ്രീധരന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു.
ചിലപ്പോള്‍ ജീവിതകാലത്തെന്നപോലെ ഞാന്‍ അവളോട് വല്ലാതെ വഴക്കു കൂടും.. എന്തു പണിയാ നീ കാണിച്ചത്? എന്നെ ഇട്ടേച്ചു പോയില്ലെ? രോഗം കലശലായപ്പോള്‍ അവള്‍ ഡോക്ടറോട് ചോദിച്ചു ‘ഞാന്‍ ഉടനെ മരിക്കുമോ.?’ ‘അതിന് ധൃതി വേണ്ട’ ഡോക്ടര്‍ ചിരിച്ചുകൊണ്ടു പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. ‘ഇല്ല ഞാന്‍ ശ്രീയെ ഇട്ടേച്ചു പോവില്ല.’ എല്ലാവരും ഉണ്ട്, മക്കള്‍ സുഹൃത്തുക്കള്‍ ബന്ധുക്കള്‍. പക്ഷേ വല്ലാത്ത ഏകാന്ത.ആറു പതിറ്റാണ്ട് ഒന്നിച്ചു ജീവിച്ചു. നാലു മക്കള്‍.അജി, അല്ലി, ശ്രീകുമാര്‍, രശ്മി.അവസാനത്തെ 11 വര്‍ഷം രോഗിയായിരുന്നു. രണ്ടു വര്‍ഷം തീര്‍ത്തും കിടപ്പായിരുന്നു. കൊച്ചു കുഞ്ഞിനെപ്പോലായിരുന്നു അക്കാലത്ത്. വല്ലാത്ത ശാഠ്യങ്ങള്‍. ഞാന്‍ എപ്പോഴും അടുത്തു വേണം.എന്റെ കൈകള്‍ ഹൃദയത്തിനു മേല്‍ വയ്ക്കണം. അവള്‍ ഉറങ്ങും. എപ്പോഴെങ്കിലും കൈ എടുത്താല്‍ അപ്പോള്‍ അറിയും. ബഹളം വയ്ക്കും. രണ്ടു വര്‍ഷം എനിക്ക് ഒന്നും എഴുതാനായിട്ടില്ല. എപ്പോഴും കൈ അവളുടെ ഹൃദയത്തിനു മുകളില്‍ വച്ച് അങ്ങനെ ഇരിക്കും. ഫോണെടുക്കുവാന്‍ പോയാല്‍ പോലും സമ്മതിക്കില്ല. ‘ശ്രീ… ശ്രീ’അവ്യക്തമായ ശബ്ദത്തില്‍ വിളിക്കും.രാവും പകലും. ആ വിളിയുടെ അര്‍ഥവും ആഴവും എനിക്കു മനസ്സിലാകും. മലവും മൂത്രവും എടുത്തുകളയണം. രാത്രി മുഴുവനും ഉറങ്ങാതിരിക്കുക എനിക്ക് ശീലമായി. മിക്കവാറും നേരം വെളുക്കുമ്പോള്‍ അവള്‍ ഉറങ്ങും. എനിക്ക് ഉറക്കവും വരില്ല. ഇടവിട്ടുള്ള ഉറക്കവും ശീലം.
‘ലൈല’ എന്നാണു പേര്. അവളെക്കുറിച്ച് ഒരു നോവല്‍ എഴുതണമെന്നുണ്ട്. നടക്കുമായിരിക്കും. കുമാരനാശാനെക്കുറിച്ചുള്ള ഒരു നോവല്‍ പാതിവഴിയിലുണ്ട്. മുന്നോട്ട് പോകുന്നില്ല, അദ്ദേഹം പറഞ്ഞു.ഞങ്ങള്‍ കഷ്ടപ്പാടിന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് ഇറങ്ങിയവരാണ്. പെരുമ്പടവം എന്ന ഗ്രാമത്തില്‍നിന്നും ഇല്ലായ്മകളുടെ എല്ലാ വല്ലായ്മകളും അനുഭവിച്ചുള്ള യാത്ര.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment