ശിവന്‍കുന്നിന്റെ സുവിശേഷം

ബെന്നി പുന്നത്തറ

457

നഗരത്തിലെ പ്രധാന പാത ഒരു മലയുടെ ചെരുവിലൂടെയാണ് കടന്നുപോകുന്നത്. മലഞ്ചെരുവില്‍ നിറയെ ഗവണ്‍മെന്റ് ഓഫീസുകള്‍, വിദ്യാലയങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍. പക്ഷെ ആ മല അറിയപ്പെടുന്നത് ശിവന്‍കുന്ന് എന്നാണ്. 40 വര്‍ഷം മുമ്പ് ഒരു ബാങ്ക് ഉദ്യോഗസ്ഥനായി നഗരത്തില്‍ താമസം തുടങ്ങിയപ്പോള്‍ ശിവന്‍കുന്നിന്റെ നാമോല്‍പത്തിയെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് മലയുടെ മുകളില്‍ കാടുപിടിച്ചുകിടക്കുന്ന ഒരു ക്ഷേത്രമുണ്ടെന്നറിയുന്നത്. ഒരു സായാഹ്നത്തില്‍ സുഹൃത്തുക്കളുമൊന്നിച്ച് മലമുകളിലെത്തി. ഗതകാല പ്രതാപം വിളിച്ചോതുന്ന കരിങ്കല്‍ മതിലുകളും പടവുകളും. കാടുപിടിച്ചു കിടക്കുന്ന ക്ഷേത്രമുറ്റം. പക്ഷെ മലയുടെ ഉച്ചിയില്‍നിന്നുള്ള സൂര്യാസ്തമയം മനോഹരമായ ഒരു കാഴ്ചയായിരുന്നു. അതു കാണുവാന്‍ സമയം കിട്ടുമ്പോഴൊക്കെ അവിടെ പോവുക പതിവായി. അങ്ങനെയാണ് ആ വൃദ്ധബ്രാഹ്മണനെ പരിചയപ്പെടാനിടയായത്. എന്നും സന്ധ്യയ്ക്കു മുമ്പായി, ക്ലേശിച്ചാണെങ്കിലും കരിങ്കല്‍പ്പടികള്‍ ചവിട്ടിക്കയറി അദ്ദേഹം ക്ഷേത്രത്തിലെത്തും, സന്ധ്യാവിളക്ക് കത്തിക്കും, പോകും.
‘ഭക്തന്മാര്‍ക്കാര്‍ക്കും ഭഗവാനെ വേണ്ടാതായി. ദേവസ്വം ബോര്‍ഡും ക്ഷേത്രം ഉപേക്ഷിച്ചു. എങ്കിലും എനിക്ക് ഭഗവാനെ മറക്കാന്‍ പറ്റില്ല. അതുകൊണ്ട് വരുന്നതാ.’ അദ്ദേഹം പറഞ്ഞു.യൗവനകാലത്ത് തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉദ്യോഗസ്ഥനായിരുന്നു.ഉദ്യോഗപ്പേര് ‘വലിയ വിളമ്പന്‍.’ രാജദൂതനായി സന്ദേശങ്ങള്‍ കൈമാറുക, രാജാവിന്റെ യാത്രകളില്‍ അകമ്പടി സേവിക്കുക, ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിക്കുക ഇതൊക്കെയാണ് ഉത്തരവാദിത്വങ്ങള്‍. രാജഭരണം പോയി,ജോലിയും നഷ്ടപ്പെട്ടു. പിന്നീട് ക്ഷേത്രത്തിലെ പൂജാരിയായി ജീവിതം ആരംഭിച്ചു. എന്നും കഷ്ടപ്പാട്, ദാരിദ്ര്യം. ഒടുവില്‍ ഭാര്യ പറഞ്ഞു: ‘നിങ്ങള്‍ക്ക് രാജാവുമായി നല്ല പരിചയമല്ലേ, അദ്ദേഹത്തെപ്പോയി ഒന്നു കാണ്. എന്തെങ്കിലും ഒരു ജോലി തരപ്പെടാതിരിക്കില്ല.’
‘പോകാന്‍ ഞാന്‍ മടിച്ചു. കാരണം, തിരുമനസ്സിന്റെ വിഷമം എനിക്കറിയാം. രാജഭരണം ഇല്ലാതായതോടെ കഴിയുന്നത്ര ആശ്രിതരെ അദ്ദേഹം ജോലി നല്‍കിയും മറ്റുവിധത്തിലും സഹായിച്ചു. എങ്കിലും എല്ലാവരെയും വേണ്ടവിധം സഹായിക്കാന്‍ കഴിയാത്തതിന്റെ നിസ്സഹായതയും വേദനയും അദ്ദേഹത്തിനുണ്ടെന്ന് എനിക്കറിയാം. അതിനാല്‍ ഞാന്‍ ചെന്ന് സങ്കടം പറഞ്ഞാല്‍ അത് അദ്ദേഹത്തിന് കൂടുതല്‍ വിഷമത്തിന് മാത്രമല്ലേ കാരണമാകൂ? എങ്കിലും വീട്ടിലെ ദാരിദ്ര്യവും ഭാര്യയുടെ നിര്‍ബന്ധവും വര്‍ധിച്ചപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് ചെന്ന് ശ്രീ ചിത്തിരത്തിരുനാള്‍ മഹാരാജാവിനെ കണ്ടു സങ്കടം പറഞ്ഞു. തിരുമനസ്സ് 500 രൂപ എന്റെ കൈയില്‍ വച്ചുകൊണ്ട് പറഞ്ഞു: ‘നിനക്കെന്തിനാ ജോലി, നിനക്ക് ഞാനില്ലേ.’ അതുകേട്ടപ്പോള്‍ സന്തോഷംകൊണ്ട് ഞാന്‍ കരഞ്ഞുപോയി. ഞാനൊരു പഴയ ആശ്രിതന്‍. തിരുമനസ്സ് മഹാരാജാവ്. എന്നിട്ടും വാത്സല്യത്തോടെ നിനക്ക് ഞാനില്ലേ എന്ന് പറഞ്ഞപ്പോള്‍ എന്റെ ദാരിദ്ര്യദുഃഖമെല്ലാം ഇല്ലാതായി. ഇന്നും വിഷമം വരുമ്പോള്‍ നിനക്ക് ഞാനില്ലേ എന്ന വാക്ക് ഞാനോര്‍ക്കും. അത് മനസ്സിന് വലിയൊരു ശക്തിയാണ്.’ ആ വൃദ്ധ ബ്രാഹ്മണന്റെ കവിളിലൂടെ സന്തോഷത്തിന്റെ കണ്ണുനീര്‍ അപ്പോഴും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.ജീവിതം മുന്നോട്ടുപോകുവാന്‍ സാമ്പത്തിക പിന്‍ബലമോ ഇതര ഭൗതീക സഹായമോ മാത്രം കൊടുത്താല്‍ പോരാ. ഇമോഷണല്‍ സപ്പോര്‍ട്ടും നല്കണം. വൈകാരിക പിന്‍ബലം നല്‍കാതെ മെറ്റീരിയല്‍ സപ്പോര്‍ട്ട് മാത്രം നല്‍കുമ്പോള്‍ അത് ചിലപ്പോള്‍ പ്രയോജനശൂന്യമായിപ്പോകും. ജീവിതപങ്കാളിക്ക് എന്തെല്ലാം ചെയ്തുകൊടുത്താലും ‘നിനക്ക് ഞാനില്ലേ, നീയെന്തിനാ പേടിക്കുന്നത്, ധൈര്യമായിരിക്ക്, ആര് എന്തൊക്കെപ്പറഞ്ഞാലും എനിക്ക് നിന്നെ ഇഷ്ടമാ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ തുടങ്ങിയ ആത്മബലം പകരുന്ന വാക്കുകള്‍ പറയാന്‍ നാം പഠിക്കണം. മക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക്, നേതാക്കന്മാര്‍ക്ക് എല്ലാവര്‍ക്കും വൈകാരിക പിന്‍ബലം നല്‍കാന്‍ നാം പഠിക്കുമ്പോള്‍ എല്ലാവരും കൂടുതല്‍ നമ്മെ സ്‌നേഹിക്കും, ആദരിക്കും.വ്യക്തിബന്ധങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകും.

ബെന്നി പുന്നത്തറ

Leave a comment
error: Content is protected !!