എക്കോസ് എന്ന അത്ഭുതം

സംഗീത സനല്‍

923

ഡല്‍ഹി സൗത്ത് കാമ്പസിലെ തിരക്കു പിടിച്ച സത്യനികേതന്‍ മാര്‍ക്കറ്റ്. റസ്റ്റോറന്റുകളാണ് സത്യനികേതന്റെ പ്രധാന ആകര്‍ ഷണം. ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ള ‘ഡെലിക്കസികള്‍’ സത്യനികേതനിലെ റസ്റ്റോറന്റുകളില്‍ ലഭ്യമാണ്. എന്നാല്‍ സത്യനികേതന്‍ മാര്‍ക്കറ്റിനെ ഡല്‍ഹിയിലെ മറ്റു മാര്‍ക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ഗൗരവ് കന്‍വറും അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ചിരിക്കുന്ന ‘എക്കോസ്’ എന്ന ചെറിയ റസ്റ്റോറന്റാണ്. എപ്പോഴും തിക്കും തിരക്കുമാണ് ‘എക്കോസിനു’ മുമ്പില്‍. ചിലപ്പോഴെങ്കിലും ഏറെ നേരം ക്യൂവില്‍ നില്‍ക്കാതെ ഇരിപ്പിടം കിട്ടാറുമില്ല. യഥാര്‍ത്ഥത്തില്‍ എന്താണ് എക്കോസിനെ മറ്റു റസ്റ്റോറന്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്?

എന്താണ് എക്കോസ്?

ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാവുന്നതല്ല എക്കോസിന്റെ വേറിട്ട വഴികള്‍. രാം നിലയിലുള്ള റസ്റ്റോറന്റിന്റെ വാതില്‍ തുറക്കുന്നത് മുതല്‍ അതിനുള്ളിലെ വിസ്മയങ്ങളുടെ കെട്ടുകള്‍ അഴിഞ്ഞുതുടങ്ങുകയാണ്. അകത്തു കടന്നാലുടന്‍ നമ്മെ സ്വീകരിക്കുന്നതിനായി വരുന്ന വെയിറ്റര്‍ എന്തോ ചിലത് കുത്തിക്കുറിച്ച ഒരു കാര്‍ഡ് തരും. അതിലെന്താണ് എഴുതിയിരിക്കുന്നതെന്നോ? ”ഈ കഫേയില്‍ പ്രവര്‍ത്തിക്കുന്നത് ഭിന്നശേഷിയുള്ളവരാണ്. ദയവായി സഹകരിക്കുക.

”അതെ അതുതന്നെയാണ് എക്കോസിന്റെ പ്രത്യേകതയും.ഭിന്നശേഷിയുള്ളവരെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് അടിച്ചൊതുക്കുന്ന ലോകത്ത് അവരുടെ കഴിവുകളും നൊമ്പരങ്ങളും സ്വപ്‌നങ്ങളും തിരിച്ചറിഞ്ഞ് അവരെ സഹായിക്കുന്നതിനായി കൈകള്‍ കോര്‍ത്ത ഒരു പറ്റം യുവാക്കള്‍-ഗൗരവ് കന്‍വറും സംഘവും. താന്‍ മാത്രം ജയിച്ചാല്‍ മതി എന്ന ചിന്താഗതിയുമായി കഴിയുന്നവര്‍ക്ക് മുന്നില്‍ ഇവര്‍ തീര്‍ത്തും വ്യത്യസ്തരാകുകയാണ്. ജീവിതത്തിനായി ഇവര്‍ നെയ്ത കിനാവുകളില്‍, ആഗ്രഹിച്ചാലും സ്വപ്‌നം കാണാന്‍ പാടില്ല എന്ന് സമൂഹം വിധിച്ചിരിക്കുന്ന ചിലരെ കൂട്ടി അതിന്റെ ഊടും പാവും നെയ്തപ്പോള്‍, എക്കോസെന്ന ആ വലിയ അത്ഭുതം ജനിക്കുകയായിരുന്നു.
സിമന്റ് ചെയ്യാത്ത ഭിത്തിക്ക് ചെങ്കട്ടയുടെ നിറത്തി
ലുള്ള പെയിന്റ്. ഭിത്തിയില്‍ പല സ്ഥലങ്ങളിലും ആംഗ്യ
ഭാഷ യുടെ ആദ്യപാഠങ്ങള്‍. ശബ്ദതരംഗങ്ങള്‍ക്ക് പ്രവേ ശനം നിഷേധിച്ചിരിക്കുന്ന അവരുടെ ലോകത്ത് കേള്‍ക്കാന്‍ ചെവിയുള്ളവരായ നാം പ്രവേശിക്കുമ്പോള്‍ ഈ ആദ്യപാഠങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇരുന്ന് അല്‍പ്പ നേരത്തിനുള്ളില്‍ മെനുകാര്‍ഡുമായി വെയിറ്റര്‍ വരും.സാധാരണ ഹോട്ടലുകളില്‍ വെയിറ്ററാണ് ഓര്‍ഡറുകള്‍ എഴുതിയെടുക്കുന്നതെങ്കില്‍ ഇവിടെ അങ്ങനെയല്ല. മെനുകാര്‍ഡില്‍ ഓരോ വിഭവത്തിനും ഒരു കോഡുണ്ട്. മെനുകാര്‍ഡിനൊപ്പം തരുന്ന ‘നോട്ട് പാഡില്‍’ നമുക്കാവശ്യമുള്ള വിഭവത്തിന്റെ കോഡും എണ്ണവും എഴുതി നല്‍കണം. ഇനി വെയിറ്ററുമായി സംവദിക്കാന്‍ മേശപ്പുറത്ത് ഒരു കപ്പിനുള്ളില്‍ കുറെ കാര്‍ഡുകളും വെച്ചിട്ടുണ്ട്. ‘വെള്ളം വേണം’,
‘സ്പൂണും ഫോര്‍ക്കും വേണം’, ‘ബില്ലു തരൂ’ എന്നു തുടങ്ങി വെയിറ്ററിനോട് നമുക്ക് പറയാന്‍ ആവശ്യം വരാവുന്ന എല്ലാം ഇതു പോലെ കാര്‍ഡ് രൂപത്തിലുണ്ട്.

വാചകമല്ല പാചകം

സ്റ്റാര്‍ട്ടര്‍, സാന്‍വിച്ച്, ബര്‍ഗര്‍, പീറ്റ്‌സ,പാസ്ത, റാപ്പുകള്‍, ഹോട്ട് ഡോഗുകള്‍,
ഡെസേര്‍ട്ടുകള്‍ തുടങ്ങി മെനുവിലുള്ള വിഭവങ്ങള്‍ പാശ്ചാത്യവും പൗരസ്ത്യവുമായ രുചിഭേദങ്ങളില്‍ ലഭ്യമാണ്. ശബ്ദത്തിന്റെ ലോകം അവര്‍ക്ക് അന്യമായിരിക്കാം, എന്നാല്‍ പാചകകലയില്‍ അവര്‍ മുടിചൂടാമന്നന്‍മാര്‍ തന്നെ. അവിടുത്തെ തിരക്കിന്റെ പിന്നില്‍ കഫേയുടെ പ്രത്യേകതകളെക്കാള്‍ അവരുടെ കൈപ്പുണ്യം തന്നെയാണ് പ്രധാനകാരണം. പാചകത്തില്‍ മാത്രമല്ല, അത് നന്നായി അവതരിപ്പിക്കുന്നതിലും അവര്‍ ആരുടെയും പിന്നിലല്ല. കൊതിയൂറുന്ന വിഭവങ്ങളെല്ലാം ഹൃദയഹാരിയായി മേശപ്പുറത്ത് നിരത്തുന്നു.
ആഹാരത്തിനിടയില്‍ എപ്പോഴെങ്കിലും വെയിറ്ററെ വിളിക്കണമെങ്കില്‍ മേശയ്ക്കടുത്ത് ഒരു ബെല്ല് ഭിത്തിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ ബെല്ലിന്റെ ശബ്ദം കേള്‍ക്കുന്നതെങ്ങനെ? അതാണ് ഏറ്റവും രസകരം. അടുക്കളയ്ക്കരികില്‍ ഓരോ മേശയുടെയും ക്രമമനുസരിച്ച് ബള്‍ബുകള്‍ ഉണ്ട്. ഓരോ ബെല്ലടിക്കുമ്പോഴും അതിനനുസരിച്ചുള്ള ബള്‍ബ് തെളിയും. ഉടന്‍ തന്നെ വെയിറ്റര്‍ എത്തുകയും ചെയ്യും. ഒടുവില്‍ ബില്ലടച്ചു കഴിയുമ്പോള്‍ ഒരു പേപ്പറുമായി, മന്ദസ്മിതത്തോടെ വെയിറ്റര്‍ എത്തും. എക്കോസിലെ അനുഭവം മറ്റനേകര്‍ക്കായി കോറിയിടാനാണ് ആ പേപ്പര്‍. അവിടെ വന്നവരുടെയെല്ലാം അനുഭവങ്ങളുടെ ഈ ചെറിയ ഓര്‍മക്കുറിപ്പുകള്‍ ഒരു വലിയ ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്തോഷത്തിന്റെ കുറിപ്പുകള്‍

എക്കോസ് എന്റേത് കൂടിയാണ്

ഓരോ വെയിറ്ററും ഒരു ലോകം തന്നെയാണ്. അവരുടെ എളിമ കൊണ്ടും പെരുമാറ്റത്തിന്റെ വൈശിഷ്ട്യം കൊണ്ടും ഉപഭോക്താവിന്റെ ഹൃദയത്തിലാണ് അവര്‍ ഇടംനേടുന്നത്. ‘ഭക്ഷിക്കൂ, ഉടമ്പടി ചെയ്യൂ, ചൈതന്യവത്താകൂ’ ഇതാണ് എക്കോസിന്റെ ലോഗോ. അവിടെ വന്ന് ഭക്ഷിക്കുന്ന ആരും അവരുമായി ഒരു ഉടമ്പടി ബന്ധത്തിലാകും. എക്കോസ് ഇനിമുതല്‍ ഇവരുടെ മാത്രമല്ല, എന്റെയും കൂടിയാണെന്ന ബന്ധത്തിലേക്ക്. അതുപോലെ, എക്കോസിലേക്ക് വരുന്ന ഒരു വ്യക്തിപോലും വരുന്ന മാനസികാവസ്ഥയിലായിരിക്കില്ല അവിടെ നിന്നും ഇറങ്ങുന്നത്. ഇന്നത്തെ ലോകം ആവര്‍ത്തിച്ചു പറയുന്നത് ഇത് മിടുക്കന്‍മാര്‍ക്കും മിടുക്കികള്‍ക്കും മാത്രമുള്ള ലോകമാണെന്നാണ്. ഈ സിദ്ധാന്തവുമായി ജീവിക്കുന്നവര്‍ക്ക് നിന്റെ ജീവിതം നിനക്കായി മാത്രം ഒതുങ്ങാനുള്ളതല്ലെന്ന പുതിയൊരു പ്രചോദനമാണ് എക്കോ സിനു നല്‍കാനുള്ളത്.ഇവിടെ ജോലിചെയ്യുന്ന ഓരോ ഭിന്നശേഷിക്കാരനും ഇരുണ്ട ദിനങ്ങളുണ്ടായിരുന്നു എന്നത് സത്യം. എന്നാല്‍ ഇന്നവര്‍ അരോഗ
ദൃഢഗാത്രരായ മറ്റേതൊരു വ്യക്തിയെയും പോലെ ഒന്‍പത് മണിക്കൂര്‍ അധ്വാനിച്ച് ആരുടെയും മുന്നില്‍ യാചിക്കാതെ, അഭിമാനത്തോടെ കുടുംബം പോറ്റി ജീവിക്കുന്നവരാണ്. ഇതെല്ലാം അവരെക്കൊണ്ട് ഇന്ന് സാധിക്കുന്നതിന്റെ പിന്നില്‍ ഗൗരവ് എന്ന വ്യക്തിയുടെ നന്മയാണ് കാരണം. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം ആഹാരം നല്‍കി മാത്രം പറഞ്ഞയക്കുന്ന കുടുംബ പാരമ്പര്യം, താഴ്ന്നവരെയും തകര്‍ക്കപ്പെട്ടവരെയും സഹായിക്കുന്ന മാതാപിതാക്കള്‍… ഇതെല്ലാമാണ് ഗൗരവിനെ എക്കോസിലേക്ക് നയിച്ച വഴികള്‍. അത് വിജയമാകുമെന്ന് ഗൗരവിന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, സ്വയം ജീവിതവഴി കണ്ടെത്താന്‍ സാധിക്കാതിരുന്ന കുറെയാളുകള്‍ക്ക് ജീവിക്കാന്‍ വഴി തുറന്നുകൊടുത്തപ്പോള്‍ അതൊരു അത്ഭുതമായി മാറി.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment