സ്‌നേഹത്തിന് ഒരു ക്രമമുണ്ട്

ബെന്നി പുന്നത്തറ

97

ടൊറന്റോ നഗരത്തില്‍വെച്ചാണ് ഞാന്‍ ആദ്യമായി അത്തരമൊരു കാഴ്ച കാണുന്നത്. നാലഞ്ചു വയസ്സുള്ള ഒരു കുട്ടിയെ തുടലുകൊണ്ട് അരയില്‍ ബന്ധിച്ചിരിക്കുന്നു. തുടലിന്റെ മറ്റെ അറ്റം അമ്മയുടെ കൈകളിലാണ്. പട്ടിയെ തുടലില്‍ കെട്ടി വലിക്കുന്നതുപോലെ അമ്മ ഈ കുട്ടിയെ വലിച്ചുകൊണ്ട് നടക്കുന്നു. അമ്മയുടെ അടുത്തുനിന്നും കുട്ടി മാറാന്‍ ശ്രമിക്കുമ്പോള്‍ കുട്ടിയെ ദേഷ്യത്തോടെ ശക്തമായി തന്റെ അടുത്തേക്ക് വലിച്ചിടുന്നു. വലിയുടെ ശക്തിയില്‍ കുട്ടിയുടെ ബാലന്‍സ് തെറ്റി നിലത്ത് വീണു. വീണുകിടക്കുന്ന കുട്ടിയെ എഴുന്നേല്‍പ്പിക്കുന്നതും ചങ്ങലയില്‍ വലിച്ചുപൊക്കിക്കൊണ്ടാണ്.അപ്പോഴാണ് ഞാന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചത്്. അവരുടെ ഇടതുകയ്യില്‍ നെഞ്ചോട് ചേര്‍ത്ത് ഒരു പട്ടിക്കുട്ടി! ഇടയ്ക്ക് അവര്‍ ‘ഹണി’ എന്നു വിളിച്ച് പട്ടിക്കുട്ടിക്ക് മുത്തം നല്‍കുന്നു. അതോടൊപ്പം വലതുകയ്യിലെ ചങ്ങലപൊട്ടിച്ചോടാന്‍ ശ്രമിക്കുന്ന മകന്റെ നേരെ ശകാര വാക്കുകള്‍ ചൊരിയുകയും ചെയ്യുന്നുണ്ട്.
നെഞ്ചോട് ചേര്‍ത്ത് മക്കളെ പിടിക്കുന്നതും ചങ്ങലയിട്ട് പട്ടികളെ നടത്തുന്നതും മാത്രമേ ഞാന്‍ അതുവരെ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതിനാല്‍ ഈ വ്യത്യസ്ത കാഴ്ച തെല്ലൊന്നുമല്ല മനസ്സിനെ അലട്ടിയത്. മനുഷ്യര്‍ എക്കാലവും മൃഗങ്ങളെ പോറ്റി വളര്‍ത്തിയിരുന്നു. പഴയ കാര്‍ഷിക ഗ്രാമീണ സംസ്‌കാരത്തില്‍ പട്ടികളോടു മാത്രമല്ല ആടിനോടും പശുവിനോടുമൊക്കെ സവിശേഷമായ ഒരു സ്‌നേഹവും അടുപ്പവും ഉണ്ടായിരുന്നു. പക്ഷെ അപ്പോഴും അവ മൃഗങ്ങളും നമ്മള്‍ മനുഷ്യരുമായിരുന്നു. മൃഗങ്ങള്‍ക്ക് മൃഗങ്ങളുടെ സ്ഥാനവും മനുഷ്യര്‍ക്ക് മനുഷ്യരുടെ സ്ഥാനവും കൃത്യമായിരുന്നു. എന്നാല്‍ സമീപകാലത്ത് വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹം വഴിമാറിപ്പോകുന്ന കഥകളാണ് നാം കാണുന്നത്. കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഒരു ഉന്നത ഉദ്യോഗസ്ഥ വിവാഹമോചനം നേടിയതിന് ശേഷം സ്വന്തം പട്ടിയെയാണ് വിവാഹം കഴിച്ചത്! വിവാഹ പാര്‍ട്ടിക്ക് സുഹൃത്തുക്കളെയെല്ലാം ക്ഷണക്കത്തുകള്‍ നല്‍കി വിളിക്കുകയും ചെയ്തു.മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്കുള്ള സ്‌നേഹം തടയപ്പെടുന്ന തരത്തിലുള്ള മൃഗസ്‌നേഹം വികലമാണ്. മൃഗങ്ങളോട് മാത്രമല്ല വസ്തുക്കളോടു പോലുമുള്ള ക്രമരഹിതമായ സ്‌നേഹം ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും ക്രമക്കേടുകള്‍ക്ക് കാരണമാകാം. സ്‌നേഹിക്കേണ്ടവരെ സ്‌നേഹിക്കേണ്ടതുപോലെ സ്‌നേഹിക്കാതെ മറ്റെന്തിനെ സ്‌നേഹിച്ചാലും അത് ജീവിതത്തിന്റെ താളം തെറ്റിക്കും. ജീവിതപങ്കാളിയെക്കാള്‍ കാറിനെ സ്‌നേഹിക്കുന്നവും കുടുംബാംഗങ്ങളെക്കാള്‍ സ്മാര്‍ട്ട് ഫോണിനെ സ്‌നേഹിക്കുന്നവരുമൊക്കെ ഈ ഗണത്തില്‍ പെടും പണ്ടൊരു ഭര്‍ത്താവ് ഒരു ആത്മീയ ഗുരുവിന്റെ അടുക്കല്‍ ചെന്ന് സങ്കടം പറഞ്ഞു: അവളുടെ എല്ലാക്കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ അവള്‍ക്കൊരിക്കലും തൃപ്തിയാകുന്നില്ല, എപ്പോഴും പരാതിയും പിറുപിറുപ്പും. ഗുരു പറഞ്ഞു: ”നീ ഭാര്യയെ സ്‌നേഹിക്കുന്നുണ്ട്, ശരിതന്നെ. പക്ഷെ നീ നിന്റെ വളര്‍ത്തുനായയേയും നന്നായി സ്‌നേഹിക്കുന്നു. കൂട്ടുകാരെയും ബന്ധുക്കളെയും സ്‌നേഹിക്കുന്നു. സകലരേയും സ്‌നേഹിക്കുന്ന കൂട്ടത്തില്‍ നീ ഭാര്യയെയും സ്‌നേഹിക്കുന്നു. അതു പോരാ, എല്ലാവര്‍ക്കും കൊടുക്കുന്ന സ്‌നേഹത്തിന്റെ ഒരു പങ്കല്ല ജീവിതപങ്കാളിക്ക് നല്‍കേണ്ടത്. നിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തിയായി കണ്ട് അവളെ സ്‌നേഹിക്കു
മ്പോഴേ അവള്‍ തൃപ്തയാകുകയുള്ളൂ.” എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുക എന്നത് തത്വചിന്താപരമായി നല്ലൊരാശയമാണ്. പക്ഷെ അത് പ്രായോഗികമായ ഒന്നല്ല. നാട്ടിലെ എല്ലാ കുട്ടികളെയും സ്‌നേഹിക്കുന്നതു പോലെ സ്വന്തം കുട്ടിയെ സ്‌നേഹിച്ചാല്‍ മതിയോ? എല്ലാ രാജ്യത്തെയും സ്‌നേഹിക്കുന്നതുപോലെ മാതൃരാജ്യത്തെ സ്‌നേഹിച്ചാല്‍ മതിയോ? ഒരിക്കലും പോരാ. ഓരോ വ്യക്തികള്‍ക്കും അവര്‍ അര്‍ഹതപ്പെട്ടത് നല്‍കുക എന്നതാണ്.സ്‌നേഹത്തിനൊരു ക്രമമുണ്ട്. ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ കൊടുക്കേണ്ട സ്‌നേഹം അവര്‍ക്കു മാത്രം കൊടുക്കുക. മക്കള്‍ക്ക് നല്‍കേണ്ട സ്‌നേഹം മക്കള്‍ക്കും നല്‍കുക. മൃഗങ്ങള്‍ക്ക് നല്‍കേണ്ട സ്‌നേഹം മൃഗങ്ങള്‍ക്കും നല്‍കുക. എല്ലാവര്‍ക്കും ഒരേ സ്‌നേഹമല്ല കൊടുക്കേണ്ടത്.

Leave a comment
error: Content is protected !!