വിരല്‍ത്തുമ്പില്‍ രോഗശമനി

ആന്റണി ജോസഫ്

157
രോഗം കണ്ടുപിടിക്കാന്‍ രക്തം പരിശോധിക്കണ്ട, ഇ.സി.ജിയോ സ്‌കാനിങ്ങോ വേണ്ട, സ്‌റ്റെതസ്‌ക്കോപ്പുപോലും വെച്ചുനോക്കണ്ട, രോഗം കണ്ടെത്തിയാല്‍ മരുന്നും വേണ്ട. അതാണ്, രോഗനിര്‍ണയവും ചികിത്‌സയും കൈവിരലില്‍ സാധ്യമാക്കുന്ന ഓള്‍ട്ടര്‍നേറ്റീവ് തെറാപ്പി! സംഭവം അതിശയോക്തിയോ അതിഭാവുകത്വമോ അല്ല, നമ്മുടെ നാട്ടില്‍ അത്രയൊന്നും പ്രചാരം നേടിയിട്ടില്ലെങ്കിലും ആയിരക്കണക്കിനാളുകള്‍ക്ക് രോഗസൗഖ്യം പകരുന്നുണ്ട്, മരുന്നും ലേപനവുമൊന്നും ആവശ്യമില്ലാത്ത ഈ ചികിത്‌സാരീതി. ഈ ചികിത്‌സാരീതിയുടെ കേരളത്തിലെ ‘ബ്രാന്‍ഡ് അംബാസിഡറാ’ണ് ഡോ. അന്‍സാര്‍ സി. എ.അലോപ്പതിക്ക് പുറമെയുള്ള എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കുമുള്ള വിശേഷണമത്രേ ബദല്‍ ചികിത്‌സ. അതില്‍ മരുന്നുവേണ്ടാത്ത ചികിത്‌സാവിഭാഗമാണ് തെറാപ്പികള്‍. മരുന്ന് വേണ്ടാത്ത ഈ ചികിത്‌സാരീതി പ്രചരിപ്പിക്കാന്‍ വ്യക്തിപരമായ ഒരു കാരണംകൂടിയുണ്ട് ഇദ്ദേഹത്തിന്. 26 ാം വയസ്സില്‍ തന്റെ കണ്ണിലെ പ്രകാശം നഷ്ടമാകാന്‍ കാരണമായത് ഒരു അലോപ്പതി മരുന്നിന്റെ പാര്‍ശ്വഫലമത്രേ. മര്‍മശാസ്ത്രം, പഞ്ചകര്‍മ, നാച്വറോപ്പതി, അക്യുപ്രഷര്‍, സോണ്‍ തെറാപ്പി, സുജോക്കു, അരോമ തെറാപ്പി, സ്വീഡിഷ് തെറാപ്പി, റിഫ്‌ളക്‌സോളജി എന്നിവ സമന്വയിപ്പിക്കപ്പെട്ടതാണ് ഓള്‍ട്ടര്‍നേറ്റീവ് തെറാപ്പി. അതുതന്നെയാണ്, ഡോ. അന്‍സാറിന്റെ ചികിത്‌സാരീതിയുടെ സവിശേഷത.കണ്ണിലെ വെളിച്ചം നഷ്ടപ്പെട്ടെങ്കിലും ഉള്‍ക്കാഴ്ചയുടെ കരുത്തില്‍ ഓള്‍ട്ടര്‍നേറ്റീവ് തെറാപ്പി ചികിത്‌സയുടെ വിശ്വസനീയ നാമമായി മാറിക്കഴിഞ്ഞു, ഈ 35 വയസ്സുകാരന്‍. വൈറ്റിലയ്ക്കടുത്തുള്ള പൊന്നുരുന്നിയില്‍ ഇദ്ദേഹം നടത്തുന്ന ‘ഹീലിംഗ് ടച്ച്’ ക്ലിനിക്കിലൂടെ സൗഖ്യാനുഭവത്തിലെത്തിയവരുടെ എണ്ണം പതിനായിരത്തില്‍പരം വരും. മോഹന്‍ലാലും പ്രഭുദേവയും ഉള്‍പ്പെടുന്ന സെലിബ്രിറ്റികളും, ശശി തരൂരും പ്രൊഫ. കെ.വി തോമസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സാധാരണക്കാരുമൊക്കെയുണ്ട് അക്കൂട്ടത്തില്‍.
മാസ്റ്റര്‍ ഓഫ് ഓള്‍ തെറാപ്പീസ്!
ആലുവ എടയപ്പുറം സ്വദേശിയായ അന്‍സാര്‍, ഇന്‍ഡസ്ട്രിയല്‍ മേഖലയിലാണ് ആദ്യം ജീവനോപാധി തേടിയത്. പെട്ടെന്നൊരു തൊഴില്‍ നേടുകയായിരുന്നു ലക്ഷ്യം. പ്രീഡിഗ്രി പഠനശേഷം ടര്‍ണര്‍ പരിശീലനം നേടി ഒരു വ്യവസായശാലയില്‍ ജോലിക്കാരനായി. എന്നാല്‍, അവിടെവച്ചുണ്ടായ ഒരു ചെറിയ അപകടമാണ് അന്‍സാറിന്റെ ജീവിതത്തില്‍ വഴിത്തിരിവ് സമ്മാനിച്ചത്. ടര്‍ണിംഗ് മെഷീനിലെ ജോലിക്കിടയില്‍ കണ്ണില്‍ പൊടിപോകുന്നത് പതിവായപ്പോള്‍ മറ്റ് ജോലിസാധ്യത തിരഞ്ഞു അദ്ദേഹം.
ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കുള്ള അവസരം തിരിച്ചറിഞ്ഞ് അത് പഠിക്കാന്‍ 1990 ല്‍ മുംബെയിലേക്ക്. പഠനത്തിനൊപ്പം അവിടെയുള്ള ചില ക്ലിനിക്കുകളില്‍ സഹായിയാകാനും അവസരം ലഭിച്ചു. ആ പരിശീലനകാലത്താണ് റിഫ്‌ളക്‌സോളജി എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത്. ചൈനയില്‍നിന്നെത്തിയ ഒരു റിഫ്‌ളക്‌സോളജി വിദഗ്ധന്റെ ക്ലാസ്സില്‍ കൗതുകത്തിനുവേണ്ടി പങ്കെടുത്ത അന്‍സാര്‍, പരിശീലിച്ച കാര്യങ്ങള്‍ ക്ലിനിക്കിലെത്തുന്ന രോഗികളില്‍ പ്രയോഗിച്ചപ്പോള്‍ ലഭിച്ച രോഗസൗഖ്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. റിഫ്‌ളക്‌സോളജിയിലെ സാധ്യതകള്‍ മനസ്സിലാക്കിയ അന്‍സാര്‍ ഉപരിപഠനത്തിനായി തായ്‌ലന്‍ഡിലെത്തി. റിഫ്‌ളക്‌സോളജിയില്‍മാത്രമല്ല, അരോമ തെറാപ്പിയിലും സോണ്‍ തെറാപ്പിയിലും പരിശീലനം നേടിയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. മരുന്നുവേണ്ടാത്ത ബദല്‍ ചികിത്‌സാരീതികളെക്കുറിച്ച് തായ്‌ലന്‍ഡിലും പരീശീലനം നടത്തിയ ഇദ്ദേഹം, ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബദല്‍ ചികിത്‌സാരീതികളില്‍ പി.എച്ച്.ഡിയും നേടി. ആര്‍ജിച്ച അറിവിന്റെ വെളിച്ചത്തില്‍ പുതിയ നിയോഗത്തില്‍ വ്യാപൃതനാകവേയാണ് ഒരു ഇരുട്ടടിപോലെ അത് സംഭവിച്ചത്.
സൗഖ്യം പകര്‍ന്ന് ‘ഹീലിംഗ് ടച്ച് ‘
മുംബെയിലെ പഠനകാലത്ത് കണ്ണിലെ അലര്‍ജി ഇടയ്ക്കിടെ പ്രശ്‌നക്കാരനായെത്തിയതോടെ കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്‌സ തുടങ്ങി. മരുന്നുപയോഗിച്ചതോടെ കുറച്ചുനാള്‍ അലര്‍ജി അകന്നുനിന്നെങ്കിലും ക്രമേണ കാഴ്ച മങ്ങുന്ന പോലെ. ചികിത്‌സ പിന്നെയും തുടര്‍ന്നു. 2006 ഒക്‌ടോബറിന്റെ അവസാനദിനങ്ങള്‍. ബംഗളൂരുവിലെ ഒരു പരിശീലനക്ലാസ്സ് കഴിഞ്ഞ് ലൈറ്റണച്ച് കിടന്നുറങ്ങിയ അന്‍സാര്‍ ഉറക്കം ഉണര്‍ന്നത് കാഴ്ച നഷ്ടപ്പെട്ടവനായാണ്.പക്ഷേ, ആറു മാസത്തിനുള്ളില്‍ ഡോ. അന്‍സാര്‍ ‘ഉയിര്‍ത്തെഴുന്നേറ്റു,’ പുതിയ ജീവിത സാഹചര്യങ്ങളിലേക്ക്.അതിന് പ്രചോദനമായതാകട്ടെ, കുഞ്ഞിന്റെ ഓട്ടിസം ഭേദമാകാന്‍ ആരംഭിച്ച ചികിത്‌സ പാതിവച്ച് മുടങ്ങിയ സങ്കടത്തില്‍ ആ കുട്ടിയുടെ മാതാപിതാക്കള്‍ നടത്തിയ പരിദേവനവും!’ഞങ്ങളുടെ കുട്ടിയുടെ ഭാഗ്യക്കേട് എന്നല്ലാതെ എന്തുപറയാന്‍,’ ചികിത്‌സകന്റെ കാഴ്ച നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ചികിത്‌സ ഉപേക്ഷിക്കേണ്ടിവന്ന സങ്കടത്തില്‍ പറഞ്ഞ അവരുടെ വാക്കുകള്‍ അപ്പോള്‍ ഡോ. അന്‍സാറിനെ സ്പര്‍ശിച്ചില്ല. എന്നാല്‍, ദിനങ്ങള്‍ കഴിയുന്തോറും അത് മനസ്സില്‍ ഭാരമായി മാറി. പക്ഷേ, ചികിത്‌സ പുനരാരംഭിക്കാന്‍ ആത്മവിശ്വാസവുമില്ല. കൂട്ടുകാരുടെ പ്രോത്‌സാഹനത്തിലൂടെയാണ് ആ പ്രതിസന്ധി അതിജീവിച്ചത്.”ഒരിക്കല്‍ ഒരു സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ കാല്‍പാദത്തില്‍ മര്‍ദചികിത്‌സ ചെയ്തു. അത്ഭുതമാണ് സംഭവിച്ചത്. പ്രത്യേക ബിന്ദുക്കളില്‍ കൃത്യമായി വിരല്‍ പതിയുന്നു. അതോടെയാണ് ചികിത്‌സ തുടരാനുള്ള ആത്മവിശ്വാസത്തിലെത്തിയത്,”അന്ന് അനുഭവിച്ച സന്തോഷം ഡോ. അന്‍സാറിന്റെ മുഖത്ത് തെളിഞ്ഞു.അന്ധതയുടെ ക്ലേശങ്ങള്‍ അടുത്തറിഞ്ഞതുമൂലം എടുത്തുപറയേണ്ട മറ്റൊരു നന്മയ്ക്കും ഡോ. അന്‍സാര്‍ ഉപകരണമായി. കാഴ്ച നഷ്ടപ്പെട്ടവരെ സ്വന്തം കാലില്‍
നില്‍ക്കാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അന്ധതയുള്ളവര്‍ക്കായി റിഫ്‌ളക്‌സോളജി പരിശീലനവും നല്‍കുന്നുണ്ട് ഇദ്ദേഹം. അന്ധരായ ആറുപേര്‍ ഇപ്പോള്‍ അന്‍സാറിനെ ചികിത്‌സയില്‍ സഹായിക്കുന്നുണ്ട്. ഇവരെ പരിശീലിപ്പിക്കുന്നതും പ്രത്യേക രീതിയിലാണ്. ശിഷ്യന്റെ കാല്‍പാദത്തില്‍ ഗുരു മര്‍ദം നല്‍കും. അതിന്റെ വ്യാപ്തി സ്പര്‍ശനത്തിലൂടെ തിരിച്ചറിഞ്ഞ് ശിഷ്യന്‍ സഹപാഠികളുടെ കാലില്‍ പരിശീലിക്കും.
ഒരുകൈ നോക്കാം സധൈര്യം
ഭാര്യയുടെ നടുവേദനയ്ക്ക് ശമനം ലഭിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് അലോപ്പതി ഡോക്ടര്‍ എഴുതിയ കുറിപ്പ്, വര്‍ഷങ്ങള്‍ പഴക്കമുള്ള മൈേ്രഗനില്‍നിന്ന് മുക്തിനേടിയതിന്റെ സന്തോഷം വികാരനിര്‍ഭരമായി പങ്കുവെക്കുന്ന (ഇന്ത്യയിലെ ഒരു പ്രമുഖ ആശുപത്രിയിലെ) ഫാര്‍മസിസ്റ്റിന്റെ വീഡിയോ ക്ലിപ്പ്… ഡോ. അന്‍സാറിന്റെ ചികിത്‌സയുടെ സത്ഫലങ്ങള്‍ പങ്കുവയ്ക്കുന്ന പ്രമുഖരുടെ സാക്ഷ്യങ്ങള്‍, മരുന്നു വേണ്ടാത്ത ഓള്‍ട്ടര്‍നേറ്റീവ് തെറാപ്പിയിലെ വിശ്വസനീയ സാക്ഷ്യങ്ങളാണ്.വിവിധ ശരീരവേദനകള്‍, മൈഗ്രേന്‍, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കൊളസ്േ്രടാള്‍, ബി.പി, തളര്‍വാതം തുടങ്ങിയവയ്ക്കും ഇത് ഫലപ്രദമാണെന്ന് ഡോ. അന്‍സാര്‍ പറയുന്നു.ൂര്‍ണമായി പ്രവര്‍ത്തനരഹിതമായിട്ടില്ലെങ്കില്‍ വൃക്ക, കരള്‍ രോഗങ്ങള്‍ക്കുവരെ ഈ ചികിത്‌സയിലൂടെ ഗുണകരമായ മാറ്റമുണ്ടാക്കാനാകുമത്രേ. ഏകദേശം ഒരു മണിക്കൂറോളം നീളുന്നതാണ് ഒരു തവണത്തെ (സിറ്റിംഗ്) ചികിത്‌സ. ഡോ. അന്‍സാറിന്റെ രീതിയനുസരിച്ച് 12 തവണകള്‍ ഉള്‍പ്പെടുന്നതാണ് ഒരു കോഴ്‌സ്. വൈദഗ്ധ്യമില്ലാത്തവരെക്കൊണ്ട് യാതൊരു കാരണവശാലും കാല്‍പാദത്തിലൂടെയുള്ള രോഗനിര്‍ണയമോ ചികിത്‌സയോ നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കുന്ന അദ്ദേഹം, അപകടസാധ്യത വ്യക്തമാക്കാന്‍ ചൂണ്ടിക്കാട്ടുന്ന ഉദാഹരണവും പ്രസക്തമാണ്:’പോലീസിന്റെ മര്‍ദനമുറകളില്‍ കുപ്രസിദ്ധമാണല്ലോ കാല്‍പാദത്തിലെ ലാത്തിപ്രയോഗം. പാദത്തിലെ ക്ഷതങ്ങളും വേദനയും ദിവസങ്ങള്‍ക്കുള്ളില്‍ മാറും. അതുകൊണ്ട് മര്‍ദിച്ചതിന് തെളിവുപോലുമുണ്ടാവില്ല. എന്നാല്‍, അതുമൂലമുണ്ടാകുന്ന ആന്തരീകക്ഷതങ്ങള്‍ അത്യന്തം ഗുരുതരമായിരിക്കും.’മരുന്ന് ഉപയോഗിക്കാതെ സകലരോഗങ്ങളും ചികിത്‌സിക്കുന്ന വിശാലമായ ഒരു ആശുപത്രിയാണ് ഡോ. അന്‍സാറിന്റെ ഏറ്റവും വലിയ ആഗ്രഹം. രോഗികളെ ചികിത്‌സിക്കുമ്പോള്‍ മാത്രമല്ല, ഭാര്യ ഷെറീനയ്ക്കും മക്കളായ അസ്‌ന, ആമീന എന്നിവര്‍ക്കുമൊപ്പം വീട്ടിലായിരിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സുനിറയെ അതിനെക്കുറിച്ചുള്ള ചിന്തകളാണ്.
ആന്റണി ജോസഫ്
JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.
Leave a comment