ശിക്ഷകള്‍ ശിക്ഷണമാകേണ്ട കാലം

തലമുറകളുടെ അന്തരത്തില്‍ ശിക്ഷയ്ക്കും ശിക്ഷണത്തിനും മാറ്റം വന്നിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് ആവശ്യം ശിക്ഷണമാണ്. അവര്‍ ചെയ്യുന്ന തെറ്റിന്റെ ആഴം അവര്‍ക്ക് മനസ്സിലാക്കി ക്കൊടുക്കാന്‍ വടിയുടെ ആവശ്യമില്ല.

10,035

‘ഇപ്പോഴത്തെ കുട്ടികള്‍ക്കൊന്നും ഒരു അനുസരണയില്ല. ബഹുമാനവും. ഏതുനേരവും കംപ്യൂട്ടറിലും മൊബൈലിലുമാണ്,’ കുട്ടികള്‍ക്കുനേരെ ഉയരുന്ന ചില പതിവു കുറ്റപ്പെടുത്തലുകള്‍ ഇങ്ങനെ നീളുന്നു.എന്താണ്കുട്ടികള്‍ക്കു പറ്റിയത്? ഉണ്ടെങ്കില്‍ ആരുടെ ഭാഗത്താണ് വീഴ്ച പറ്റിയിരിക്കുന്നത്? വിദ്യാഭ്യാസ സംബന്ധിയായും അല്ലാത്തതുമായ ഒട്ടേറെ സമ്മര്‍ദങ്ങളിലൂടെയാണ് പുതുതലമുറ കടന്നുപോവുന്നത് എന്നതില്‍ സംശയമേതുമില്ല.മാതാപിതാക്കളും അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണവും അതേസമയം സുതാര്യവുമാവുകയാണ്.പുതിയ വിദ്യാഭ്യാസപ്രക്രിയയുടെ അടിസ്ഥാനത്തില്‍ ഈ ചര്‍ച്ചകളിലേക്ക് വെളിച്ചംവീശേണ്ടതുണ്ട്.

കുട്ടികള്‍ പഴയ കുട്ടികളല്ല, രക്ഷിതാക്കളും

ഏറ്റവും മികച്ച വിദ്യാഭ്യാസം തന്റെ കുട്ടിക്ക് ലഭ്യമാക്കുകയെന്നത് ഇന്ന് എല്ലാ അച്ഛനമ്മമാരും തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കര്‍ത്തവ്യമായാണ് കാണുന്നത്. എന്നാല്‍ ഈ മികച്ചത് എന്ന ധാരണയില്‍ മിക്കപ്പോഴും പിശക് ഉണ്ടാവുന്നുവെന്നതാണ് സത്യം. ഈ മികവ് കുട്ടി വാരിക്കൂട്ടുന്ന മാര്‍ക്കിലും സമ്മാനങ്ങളിലും മാത്രമായി ഒതുങ്ങും. കലോത്സവ സമയങ്ങളില്‍ അച്ഛനമ്മമാരും അധ്യാപകരും നടത്തുന്ന വാക്‌പോരുകളും പാഴ്മത്സരങ്ങളുംതന്നെ ഉദാഹരണം. വിദ്യാര്‍ഥിയുടെ വ്യക്തിത്വ വികസനത്തിന് അധ്യാപകരും മാതാപിതാക്കളും എന്തു ചെയ്യുന്നുവെന്നത് പ്രധാനപ്പെട്ടതാണ്. തങ്ങളുടെ ബാല്യത്തെക്കുറിച്ചും കളികളെക്കുറിച്ചുമെല്ലാം ഗൃഹാതുരതയോടെ ഓര്‍ക്കുന്ന രക്ഷിതാക്കളില്‍ എത്രപേര്‍ അതിനുള്ള സാഹചര്യം കുട്ടികള്‍ക്ക് ഒരുക്കുന്നുണ്ട്? പഠനത്തിന് പ്രാമുഖ്യം കൊടുക്കുമ്പോള്‍ ചുറ്റുപ്പാടുകളില്‍നിന്നുകൂടി കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കുകയാണ് പതിവ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ഒഴിവുസമയം അതിനുമുന്നില്‍ ചെലവിടാനാണ് മിക്കവരും താല്‍പര്യപ്പെടുന്നതും. അക്കാദമിക മികവിനായി കുട്ടികള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമ്പോള്‍ മറ്റെല്ലാത്തില്‍നിന്നും കുട്ടികള്‍ അകലുന്നു. എല്ലാ കാര്യങ്ങളും രക്ഷിതാക്കള്‍ യഥാസമയം നിവര്‍ത്തിച്ചുകൊടുക്കുക കൂടിയാവുമ്പോള്‍ യാഥാര്‍ഥ്യം അവരില്‍നിന്ന് എത്രയോ അകലെയാണ്.പുതിയ കുടുംബ സംവിധാനങ്ങള്‍ ബന്ധത്തിലുണ്ടാക്കുന്ന മാറ്റങ്ങളും വിശകലനം ചെയ്യേണ്ടതുണ്ട്.അണുകുടുംബ വ്യവസ്ഥയിലേക്ക് മാറിയതോടെ കുട്ടികളുടെ ലോകം ചെറുതാവുകയാണ്. കൂട്ടുകുടുബത്തിലേതുപോലുള്ള പങ്കിടലിന്റെയോ, സഹകരണത്തിന്റെയോ രീതികള്‍ അത്രകണ്ടൊന്നും ഇന്ന് കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. ബന്ധങ്ങളിലുണ്ടാവുന്ന വിടവും ചെറുപ്രായത്തിലേ അവര്‍ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദങ്ങളും കുട്ടിയുടെ സമീപനങ്ങളെ ചെറുതല്ലാത്ത രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. അസഹിഷ്ണുതയോടെ പെരുമാറുന്ന, ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കാത്ത കുട്ടികള്‍ വളര്‍ന്നുവരുന്നതില്‍ മാതാപിതാക്കള്‍ക്കും കുടുംബ പശ്ചാത്തലത്തിനും വലിയ പങ്കുണ്ട്.

വടിയില്ലാത്ത അധ്യാപകര്‍

പാഠ്യപദ്ധതികള്‍ അധ്യാപകരോട് വടി ഉപേക്ഷിക്കാന്‍ ചട്ടം കെട്ടുന്നു, വിദ്യാര്‍ഥിയോട് ഏറ്റവും സൗഹാര്‍ദപരമായി ഇടപെടാനും. എന്നാല്‍ ഇത് എത്രത്തോളം നടപ്പാക്കാന്‍ കഴിയുന്നുവെന്നുള്ളിടത്താണ് പ്രശ്‌നം.ന്യൂജനറേഷന്‍ അധ്യാപകര്‍ക്ക് അടി കൊടുത്തും, വഴക്കു പറഞ്ഞും കുട്ടികളോട് ഇടപഴകിയിരുന്ന പഴയ അധ്യാപകരോളം വിദ്യാര്‍ഥി മനസ്സില്‍ സ്ഥാനം പിടിക്കാന്‍ കഴിയുന്നുണ്ടോ?മിക്കപ്പോഴും സാധിക്കുന്നില്ലെന്നുതന്നെയാണ് ഉത്തരം. ഒരുപക്ഷേ പരിചയസമ്പത്തിന്റെ അഭാവമാവാം. മറ്റൊരുപക്ഷേ ആഴത്തിലുള്ള ബന്ധം വിദ്യാര്‍ഥികളുമായി സ്ഥാപിക്കുന്നതില്‍ പരാജയപ്പെടുന്നതാവാം.ഏറ്റവും കഠിനമായ ശിക്ഷാവിധികള്‍ നിലനിന്നിരുന്ന കാലത്തേക്കാള്‍ ഒരു പരിധിവരെ വിദ്യാലയാന്തരീക്ഷത്തിലുള്ള പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ ആത്മഹത്യചെയ്യുന്നത് ഈ കാലത്താണ്. വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും അസഹിഷ്ണുത ഒരേസമയം ഇതിന് കാരണമാവുന്നുണ്ട്.കുട്ടിയുടെ പ്രശ്‌നങ്ങളില്‍ കൃത്യമായ, പക്വമായ ഇടപെടലുകള്‍ നടത്താന്‍ അധ്യാപകര്‍ക്ക് പലപ്പോഴും കഴിയുന്നില്ല.

സൗഹൃദം മാത്രം മതിയോ?

പോരാ. അധ്യാപകരും രക്ഷകര്‍ത്താക്കളും സുഹൃത്തുക്കളായി മാറുന്നതിലൂടെ കുട്ടികള്‍ക്ക് തങ്ങളുടെ വിഷമങ്ങള്‍പോലും ഉള്ളുതുറന്നുപറയാന്‍ അവസരം ലഭിക്കും. എന്നാല്‍ ഏതുതരത്തിലുള്ള സൗഹൃദമാണുണ്ടാവേണ്ടത്? അധ്യാപകര്‍ നല്ല വഴിക്കാട്ടികൂടിയാവണം. അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതാവണം ഓരോ അധ്യാപകന്റെയും ഇടപെടല്‍.സൗഹൃദത്തെ കുട്ടികള്‍ ശരിയായ രീതിയിലാണ് ഉപയോഗപ്പെടുത്തുന്നതെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളില്‍ ഉറച്ചുനിന്നുള്ള പരസ്പരം കൊടുക്കല്‍ വാങ്ങലുകളാണ് അധ്യാപക- വിദ്യാര്‍ഥി ബന്ധത്തിലുണ്ടാവേണ്ടത്. പ്രത്യേകിച്ച്, കൗമാരക്കാരായ കുട്ടികളുമായി ഇടപെടേണ്ടിവരുമ്പോള്‍. മുതിര്‍ന്ന സുഹൃത്തുക്കളുടെ സേവനം ആ ഘട്ടത്തില്‍ പലപ്പോഴും അവര്‍ ആവശ്യപ്പെടുന്നുണ്ട്. ശരിയായ തീരുമാനങ്ങളെടുക്കാന്‍ അവരെ പ്രാപ്തരാക്കുന്നവരാവണം അധ്യാപകര്‍. അതായത്, വിദ്യാര്‍ഥി -അധ്യാപക സൗഹൃദമെന്നത് സമപ്രായക്കാരുമായുള്ള സൗഹൃദത്തോട് താരതമ്യപ്പെടുത്താന്‍ കഴിയില്ല. കുട്ടികളുടെ ഉള്ളില്‍ തങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് അവര്‍ക്ക് ഉള്ളുതുറക്കാനുള്ള വേദിയൊരുക്കുക ശ്രമകരമാണ്.

കുട്ടികളാണോ കുറ്റക്കാര്‍?

അധ്യാപകരുടെയും രക്ഷിതാക്കളുടെയും ശാസനകളോട് അസഹിഷ്ണുതാപരമായി കുട്ടികള്‍ പ്രതികരിക്കുന്നെങ്കില്‍ അതില്‍ കുറ്റക്കാര്‍ കുട്ടികള്‍ മാത്രമാണോ? തീര്‍ച്ചയായും അല്ല. തിരക്കിനൊപ്പം ഒഴുകുമ്പോള്‍ കുട്ടികളോട് സംവദിക്കാനും അവരുടെ വിഷമങ്ങള്‍ (സന്തോഷങ്ങളും) പങ്കുവയ്ക്കാനും ആരുമില്ലാതാവുന്നത് ഒരു സാമൂഹ്യപ്രശ്‌നമാവുകയാണ്.വ്യക്തിത്വ വികാസത്തിന്റെ ഘട്ടങ്ങളിലൊന്നുംതന്നെ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളോ, കരുതലോ നല്‍കാനാരുമില്ലാത്ത അരക്ഷിതാവസ്ഥയിലേക്കും, ചിലപ്പോള്‍ അങ്ങേയറ്റത്തെ കരുതലിന്റെ സമ്മര്‍ദങ്ങളിലേക്കും കുട്ടികള്‍ വീഴുന്നുണ്ട്.ഒരു തലമുറ മുന്‍പ് ഇതല്ല കാര്യം.വിദ്യാഭ്യാസത്തിന്റെ സമ്മര്‍ദങ്ങള്‍ക്കൊന്നും അവിടെ പ്രസക്തിയുണ്ടായിരുന്നില്ല.അത് ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. മികച്ച പല വിദ്യാര്‍ഥികളും തീരുമാനങ്ങളെടുക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയിട്ടുണ്ട്. അഭിരുചികള്‍ കണ്ടെത്തി സഹായിക്കാന്‍ അധ്യാപക- രക്ഷാകര്‍ത്തൃ സമൂഹം ഇപ്പോഴും പ്രാപ്തരല്ല.മാത്രമല്ല, സഹവര്‍ത്തിത്വത്തോടെ സമൂഹത്തില്‍ ജീവിക്കാനുള്ള വിദ്യയൊന്നും ആരും പകര്‍ന്നുകൊടുക്കുന്നില്ല. ജീവിതം ക്ലാസ്സ്മുറിക്കുള്ളിലേക്കൊതുങ്ങുകയാണ്.

പരിഷ്‌കരിക്കുന്ന പാഠ്യപദ്ധതി

പാഠ്യപദ്ധതിപരിഷ്‌കരണംകൊണ്ട് മാറുന്നതാണോ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളെല്ലാം? ഒരു പരിധി വരെ പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതു വഴിയും അത് ശരിയായി നടപ്പാക്കുന്നതുവഴിയും മാറുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍. പലപ്പോഴും വികസനപ്രവര്‍ത്തനങ്ങളെല്ലാംതന്നെ മോടിക്കൂട്ടലില്‍ മാത്രം ഒതുങ്ങുകയാണ് പതിവ്. ആഴത്തിലുള്ള പഠനങ്ങളോ സമഗ്രമായ അഴിച്ചുപണികളോ ഉണ്ടാവുന്നില്ലെന്നതാണ് സത്യം.ടോട്ടോച്ചാനെ വായിക്കുന്ന ഏതൊരു കുട്ടിയും കൊയാബാഷി മാസ്റ്ററുടെ പള്ളിക്കൂടം കൊതിക്കും. എന്നിട്ടും എന്തേ അങ്ങനെയൊരു മാതൃക ഇവിടെ ഉണ്ടാവാത്തത്? വിദ്യാലയങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്? എത്രത്തോളം കുട്ടികളെ മനസ്സിലാക്കിയാണ് പാഠ്യ പദ്ധതികള്‍ രൂപംകൊള്ളുന്നത്? വിദ്യാര്‍ഥിയെ മനസ്സിലാക്കാത്ത പാഠ്യപദ്ധതിക്കുള്ളില്‍ അവരെപ്പോഴും അസഹിഷ്ണുതയുള്ളവരായിരിക്കും.ശിഥിലമാവുന്ന ബന്ധങ്ങളും സഹവര്‍ത്തിത്തമില്ലാത്ത മനസ്സുകളും പാഠ്യരീതിയുടെ ഉത്പന്നങ്ങള്‍കൂടിയാണ്.കുട്ടികളോടുചേര്‍ന്നുനില്‍ക്കുക,അവരെ മനസ്സിലാക്കുക എന്നീ കടമകള്‍ രക്ഷിതാക്കളും അധ്യാപകരും എപ്പോള്‍ കൃത്യമായി പാലിക്കാന്‍ തുടങ്ങുന്നുവോ, അപ്പോള്‍ അവസാനിക്കുന്ന പ്രശ്‌നങ്ങളേ ഇപ്പോഴുള്ളൂ.

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like