തളരാത്ത രാജ്യസ്‌നേഹം

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ശരീരം തളര്‍ന്നുപോയ ധീരജവാന്‍ പി.വി. മനീഷ് തൻ്റെ സൈനിക ജീവിതത്തിൻ്റെ ഓര്‍മകളിലൂടെ....

61

2008 നവംബര്‍ 27 കണ്ണൂര്‍ സ്വദേശിയും സൈന്യത്തിലെ ജൂണിയര്‍ കമ്മീഷണര്‍ ഓഫിസറുമായ പി.വി മനീഷിന് മറക്കാനാവാത്തൊരു ദിനമാണ്. അന്നാണ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഭീകരാക്രമണം മുംബൈയില്‍ അരങ്ങേറിയത്. താജ്‌ഹോട്ടലിലും നരിമാന്‍ ഹൗസിലും ട്രേഡ് ആന്റ് ഒബ്‌റോയിലും നുഴഞ്ഞു കയറിയ ഭീകരര്‍ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. വിദേശികളുള്‍പ്പെടെയുള്ള നൂറുകണക്കിനാളുകളുടെ നേരെ അവര്‍ വെടിയുതിര്‍ത്തു. എവിടെയും കനത്ത തീയും പുകയും. തോക്കുകളുടെ ഗര്‍ജനത്തിനിടയില്‍ ആരുടെയൊക്കെയോ കരച്ചില്‍ വീണുടഞ്ഞു.ഇന്ത്യന്‍ പട്ടാളം ആക്രമണത്തെ ശക്തമായി എതിര്‍ത്തു. ഓപ്പറേഷന്‍ ബ്ലാക് ടൊര്‍ണാഡോ എന്നു പേരിട്ട ഈ കമാന്റോ ഓപ്പറേഷന് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്.മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈനീകര്‍ ശക്തമായി പ്രതിരോധിച്ചു.കമാന്റോ ഓപ്പറേഷനിടയില്‍ മേജര്‍ സന്ദീപ് വീരമൃത്യു വരിച്ചു. ടീം ലീഡറായിരുന്ന അദേഹത്തോടൊപ്പമായിരുന്നു കണ്ണൂര്‍ അഴീക്കോട് സ്വദേശി മനീഷുണ്ടായിരുന്നത്. ഭീകരരുമായുള്ള പോരാട്ടത്തിനിടയില്‍ തലയ്ക്കുള്ളിലൂടെ ഗ്രനേഡ് ചില്ലുകള്‍ തറച്ച് കയറി ഗുരുതരമായി പരിക്കേറ്റു.ആ ആക്രമണത്തില്‍ മനീഷിൻ്റെ ഒരുവശം തളര്‍ന്നു പോയി. കഠിന പ്രയത്‌നത്തിൻ്റെയും നിരന്തര ചികിത്സയുടെയും ഫലമായി ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ നടന്നുകൊണ്ടിരിക്കുകയാണ് മനീഷ്. അദ്ദേഹത്തിൻ്റെ കഠിനപ്രയത്‌നത്തിന് മുന്നില്‍ അഭിവാദ്യം അര്‍പ്പിച്ച രാജ്യം’ശൗര്യചക്ര’ നല്‍കി ആദരിച്ചു.അംഗീകാരങ്ങളുടെയും പുരസ്‌കാരങ്ങളുടെയും നടുവിലിരിക്കുമ്പോഴും മനീഷിൻ്റെ വാക്കുകളില്‍ ദേശസ്‌നേഹത്തിൻ്റെ കനലെരിയുന്നു. അഗ്നിപരീക്ഷയിലൂടെ കടന്നുപോയ അനുഭവങ്ങള്‍ കണ്ണൂര്‍ അഴിക്കോട് വീട്ടിലിരുന്ന് അദേഹം ഓര്‍ത്തെടുത്തു.

സൈനിക സേവനത്തിലേക്ക്

‘ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. കര്‍ണാടകയില്‍ നിന്നും വൈക്കോല്‍ കൊണ്ടുവന്ന് നാട്ടില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന ചെറിയൊരു ബിസിനസായിരുന്നു അച്ഛന്. വീടിനടുത്ത് ബീച്ചായിരുന്നു. ബീച്ചിലെ മണലിലും വെള്ളത്തിലുമുള്ള പരിശീലനം കുട്ടിക്കാലത്തുതന്നെ നല്ല ശാരീരികക്ഷമത കൈവരിക്കാന്‍ സഹായിച്ചു. സ്‌പോര്‍ട്‌സിലെ മികവല്ലാതെ പത്താംക്ലാസിലെ പരീക്ഷക്ക് കാര്യമായ മാര്‍ക്കൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.അതിനാല്‍ ഒരു െ്രെപവറ്റ് കോളജിലാണ് പ്രീഡിഗ്രിക്ക് ചേര്‍ന്നത്. പഠനത്തിന് ശേഷം ജോലി സ്വപ്‌നം കണ്ട് എയര്‍ കണ്ടീഷന്‍ ആന്റ് റെഫ്രിജറേഷന്‍ കോഴ്‌സിനും ചേര്‍ന്നു. ഈ സമയത്താണ് ഒരു സുഹൃത്ത് ബോര്‍ഡര്‍ റിക്രൂട്ട്‌മെന്റ് ഓഫീസിൻ്റെ പത്രപരസ്യവുമായി വരുന്നത്. ജനറല്‍ ഡ്യൂട്ടിയിലേക്കുള്ള ഓള്‍ ഇന്ത്യാ റിക്രൂട്ട്‌മെന്റിൻ്റെ അപേക്ഷയായിരുന്നു അത്. നമുക്കിത് അയക്കാമെന്ന് എന്നെ നിര്‍ബന്ധിച്ചു. പക്ഷേ എനിക്ക് തീരെ താല്പര്യം തോന്നിയില്ല. കാരണം ആയിടക്ക് ഇലവന്‍ സ്റ്റാര്‍ ക്രിക്കറ്റ് ക്ലബിൻ്റെ ടീമിലുള്ള എനിക്ക് എന്നും കളിയുണ്ടായിരുന്നു. ഇതിന് പോയാല്‍ ക്രിക്കറ്റ് കളിമുടങ്ങുമല്ലോ എന്നായിരുന്നു വേവലാതി. എങ്കിലും കൂട്ടുകാരൻ്റെ നിര്‍ബന്ധംമൂലം അപേക്ഷ അയച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ വെച്ച് ശാരീരികക്ഷമതയുടെ ടെസ്റ്റില്‍ എന്നെ തെരഞ്ഞെടുത്തു. എന്നെ നിര്‍ബന്ധിച്ച് കൊണ്ടുപോയ സുഹൃത്ത് പരാജയപ്പെട്ടു.ഈ സമയത്താണ് കുടുംബസുഹൃത്തുവഴി ഗള്‍ഫില്‍ പോകാന്‍ വിസ ശരിയാകുന്നത്. അതേസമയം തന്നെ ബി.ആര്‍.ഒ. യില്‍നിന്നും സെലക്ഷന്‍ ലെറ്ററും കിട്ടി. ആകെ ധര്‍മ്മ സങ്കടത്തിലായി ഞാന്‍. സൈന്യത്തില്‍ ചേരണോ അതോ ഗള്‍ഫില്‍ പോകണോ? നൂറുദിവസം പൂച്ചപോലെ ജീവിക്കുന്നതിനേക്കാള്‍ പത്തുദിവസം പുലി പോലെ ഉശിരോടെ ജീവിക്കുന്നതാണ് നല്ലതെന്നായിരുന്നു ബന്ധുവായ ഹരീന്ദ്രന്‍ ചേട്ടൻ്റെ വാക്കുകള്‍. അതെന്നെ ആവേശം കൊള്ളിച്ചു. ഒടുവില്‍ മിലിട്ടറി സര്‍വ്വീസ് മതിയെന്നായി.ഊട്ടിയിലെ വില്ലിങ്ടണിലായിരുന്നു പരിശീലനം. ഞങ്ങള്‍ 24 മലയാളികള്‍. ക്യാമ്പിലെത്തിയതോടെ എല്ലാവരും പല കമ്പനികളിലെ പ്ലാറ്റൂണുകളായി വിഭജിക്കപ്പെട്ടു. ഒരു പ്ലാറ്റൂണില്‍ 56 പേര്‍. ജീവിതം പെട്ടെന്ന് മാറിമറിഞ്ഞതുപോലെ. എന്നും പുലര്‍ച്ചെ മൂന്നരമണിക്ക് തുടങ്ങുന്ന പരിശീലനം. രാത്രി 12 മണിക്ക് മാത്രമേ തീരൂ. മൂന്നുമാസം കഴിഞ്ഞതോടെ ആയുധ പരിശീലനവും തുടങ്ങി.ജീവിതത്തില്‍ ഏറെ സ്‌നേഹിച്ച എൻ്റെ മനോഹരമായ ഹെയര്‍ സ്‌റ്റൈല്‍ ആദ്യദിവസംതന്നെ മുറിച്ചു മാറ്റി. ആരോടൊക്കെയോ വല്ലാതെ ദേഷ്യവും സങ്കടവും തോന്നി. ഡ്രില്ല് സമയം എവിടേക്കെങ്കിലും ഓടി ഒളിച്ചാലോ എന്നുവരെ തോന്നി. അഞ്ചുമണിക്കൂര്‍ പരിശീലനംകഴിഞ്ഞ് തളര്‍ന്നു വരുന്നവര്‍ ഒരാളേയും എടുത്തുകൊണ്ട് അഞ്ചുമിനിട്ട് ഓടണം. ആദ്യ സമയങ്ങളില്‍ ഭക്ഷണത്തിൻ്റെ രുചി പിടിക്കാതെ പട്ടിണി കിടന്നിട്ടുണ്ട്. എന്നാല്‍ പരിശീലനം കഠിനമായതോടെ കിട്ടുന്ന ഭക്ഷണം മതിയാകാതെ വന്നു. ഉറക്കക്കുറവുമൂലം പലപ്പോഴും സ്ഥലകാലബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ആഴ്ചയില്‍ ഒരു ദിവസം പിക്ചര്‍ ഡേ ഉണ്ടാകും. അന്ന് സിനിമയ്ക്ക് പോകാം. പടം കാണാനല്ല മൂന്നുമണിക്കൂര്‍ സുഖമായി ഉറങ്ങാനുള്ള സൂത്രമായിരുന്നത്.

സ്വയ രക്ഷയേക്കാള്‍ രാജ്യരക്ഷ

പരിശീലനം പൂര്‍ത്തിയാക്കി മദ്രാസ് റെജിമെന്റിൻ്റെ കീഴില്‍ 27 മദ്രാസ് യൂണിറ്റില്‍ ആദ്യ നിയമനം രാജസ്ഥാന്‍ കോട്ടയില്‍ ആയിരുന്നു.സ്വയരക്ഷയേക്കാള്‍ രാജ്യരക്ഷയാണ് ദൗത്യമെന്ന തിരിച്ചറിവ് സിരകളെ ചൂടുപിടിപ്പിച്ചു തുടങ്ങുന്ന കാലമായിരുന്നു അത്. മത്സരിച്ചു ജയിക്കുക എന്ന പഴയ കായികപ്രേമിയുടെ ഊര്‍ജം കെടാതെ സൂക്ഷിച്ചു. കാര്‍ഗിലിനുശേഷം അതിര്‍ത്തിയിലുടനീളം പാക്കിസ്ഥാന്‍ യുദ്ധസമാനമായ ഒരുക്കങ്ങള്‍ നടത്തുന്ന സമയം. അതിനെ നേരിടാന്‍ രാജ്യം ‘ഓപ്പറേഷന്‍ പരാക്രം’ ആവിഷ്‌ക്കരിച്ചു. ‘ബാഡ്മീറിനടുത്തുള്ള മുനാവോയില്‍ ഞങ്ങളുടെ കമ്പനിയെ വിന്യസിപ്പിച്ചു. മുനാവോ ഇന്ത്യയിലെ അവസാന റെയില്‍വേ സ്‌റ്റേഷനാണ.് ഇതേ സമയത്താണ് അഹമ്മദാബാദിലെ ഭുജില്‍ ഭൂകമ്പം ഉണ്ടാകുന്നത്. അതോടെ ഞങ്ങളുടെ ദൗത്യം അവിടേക്കായി.ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍. കരള്‍ പിളരുന്ന കാഴ്ചകളിലേക്ക് ഓടിയെത്തുമ്പോള്‍ മനുഷ്യശരീരത്തിൻ്റെ ചീഞ്ഞളിഞ്ഞ ദുര്‍ഗന്ധം.2004ല്‍ ആസാമിലെ ഭൂട്ടാന്‍ ബോര്‍ഡറിലേക്ക് പുതിയ ദൗത്യങ്ങളുമായി കമ്പനി പറിച്ചു നടപ്പെട്ടു. ലീവിനു വന്നപ്പോള്‍ വിവാഹം കഴിക്കണമെന്ന് അമ്മയുടെയും ബന്ധുജനങ്ങളുടെയും നിര്‍ബന്ധം. പട്ടാളക്കാരനായതുകൊണ്ട് പൊതുവേ പെണ്ണുകിട്ടാന്‍ പ്രയാസമാണല്ലോ. ഒടുവില്‍ കണ്ണൂര്‍ ഓലയമ്പാടിയിലെ ഷിമയെ കണ്ടെത്തി. 2004 സെപ്റ്റംബര്‍ 14ന് വിവാഹവും നടന്നു. മധുവിധു തീരുംമുമ്പേ ഉള്‍ഫ തീവ്രവാദികള്‍ക്കെതിരെയുള്ള ഓപ്പറേഷനുവേണ്ടി തിരിച്ചുപോകേണ്ടിവന്നു. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞാണ് നീണ്ടൊരവധി എടുക്കുന്നത്.പീപ്പിള്‍ ലിബറേഷന്‍ ആര്‍മി (പി.എല്‍.ഐ) മണിപ്പൂരില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന കാലമായിരുന്നു അത്. ഇംഫാലിലെ എന്‍.എച്ച്. 56 വഴി അവര്‍ നുഴഞ്ഞുകയറ്റം നടത്തുന്നത് തടയാന്‍ 2006 ല്‍ അവിടേക്കായിരുന്നു അടുത്തയാത്ര. അരുണാചല്‍പ്രദേശിലെ ചൈനാ ബോര്‍ഡറായ തവാങ്ങിലായിരുന്നു ഞങ്ങള്‍. സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തിലാണ് ക്യാമ്പ്. ശ്വസിക്കാന്‍ ഓക്‌സിജന്‍ കിട്ടാന്‍ പോലും പ്രയാസം. നോക്കി നില്‍ക്കേ മഞ്ഞുവീഴ്ചയില്‍ ചുറ്റുപാടുകള്‍ മാഞ്ഞു പോകുന്നു.

സ്വപ്‌നവും യാഥാര്‍ഥ്യവും

അമ്മയുടെ സ്വപ്‌നമായിരുന്നു സ്വന്തമായി വാങ്ങിയ ഭൂമിയില്‍ ഒരുവീട്. അതിനുള്ള ശ്രമങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് നാട്ടില്‍ നിന്നും വസ്തു രജിസ്‌ട്രേഷൻ്റെ കാര്യവുമായി ബന്ധപ്പെട്ട് നാട്ടിലെത്താന്‍ ആവശ്യപ്പെടുന്നത്. വളരെ കഷ്ടപ്പെട്ട് ലീവ് സമ്പാദിച്ച് നാട്ടിലെത്തി.ആഴ്ചകളോളം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി. കാണേണ്ട ഉദ്യോഗസ്ഥരെയെല്ലാം കണ്ടു. എന്നാല്‍ അവരെല്ലാം തിരക്ക് ഭാവിച്ചു. അടുത്തടുത്ത മേശകളിലേക്ക് ഫയല്‍ വിട്ടു. ‘ഒരു ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ പിറ്റേന്ന് ഓഫ് കിട്ടുകയും സമയം നോക്കി മാത്രം ജോലി ചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സമയ പരിധിയില്ലാതെ രാജ്യം കാക്കുന്നവരുടെ കഷ്ടത അറിയില്ലല്ലോ? നിയമക്കുരുക്കുകള്‍ പിന്നെയും കുരുങ്ങുന്നതുകണ്ട് രജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാതെ ഞാന്‍ ജമ്മുവിലെ മീരാസാഹിബിലേക്ക് മടങ്ങി. അപ്പോഴേക്കും പാക്കിസ്ഥാന്‍ ബോര്‍ഡറിലേക്ക് കമ്പനി എത്തിയിരുന്നു. പുറംലോകവുമായി ബന്ധവുമില്ലാത്ത അതിര്‍ത്തിജീവിതം. അകത്തും പുറത്തും സംഘര്‍ഷം. ഇതെന്നെ ഒരുപാട് നൊമ്പരപ്പെടുത്തി.സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിലെ അംഗമായിരുന്നു ഞാന്‍. ഡല്‍ഹിയിലെ മാനസറിലായിരുന്നു പരിശീലനം. ”ജീവിക്കുക, അല്ലെങ്കില്‍ മരിക്കുക.” ഇതായിരുന്നു അന്ന് മുദ്രാവാക്യം. ഭീകരരോട് മുഖാമുഖം പോരാടാനുള്ള പരിശീലനമാണ് അവിടെ ലഭിച്ചത്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി യുദ്ധമുഖത്ത് സ്വയം തീരുമാനമെടുത്ത് പോരാടുക. നിമിഷങ്ങള്‍ക്കുപോലും ആയിരം ജീവൻ്റെ വിലയിടുന്ന യുദ്ധമുഖം. ഒരു കമാïോയുടെ ജീവിതത്തിന് അത് പുതിയ രൂപവും ഭാവവും പകര്‍ന്നു നല്കുന്നു.

മുംബൈ ഭീകരാക്രമണം

മുബൈയില്‍ ഭീകരാക്രമണം ആരംഭിച്ചപ്പോള്‍ 2008 നവംബര്‍ 26ന് ഡല്‍ഹിയില്‍നിന്നും വിമാനമാര്‍ഗം ഞങ്ങള്‍ അവിടെയെത്തി. മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്‍ കൂടെയുണ്ടായിരുന്നു. അദേഹം ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നു.”നമ്മുടെ മുന്നില്‍ പരാജയങ്ങളില്ല. എല്ലാം പോസിറ്റീവായി കാണുക…വിജയം മാത്രം ലക്ഷ്യം.” അദേഹം ഞങ്ങളോട് പറഞ്ഞു.27ന് പുലര്‍ച്ചെയാണ് ഞങ്ങള്‍ മുംബൈയിലെ താജിലെത്തുന്നത്. സെര്‍ച്ചിങ് ടീമിലായിരുന്നു ഞാന്‍. ഹോട്ടലിലെ മുറിക്കുള്ളില്‍ മൃതദേഹങ്ങള്‍ അവിടവിടെ ചിതറിക്കിടക്കുന്നത് കാണാം. ഞങ്ങള്‍ 60 പേരാണ് ഈ ടീമിലുളളത്. റൂമുകളിലേക്ക് ഞങ്ങളുടെ കനത്ത ബൂട്ടുകള്‍ പതിഞ്ഞതും ഭീകരരുടെ തോക്കുകള്‍ ശക്തമായി ഗര്‍ജിച്ചു. പിന്നീട് പന്ത്രണ്ടു മണിക്കൂര്‍ നീണ്ട പോരാട്ടമായിരുന്നു.ഞങ്ങളെ നയിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റെ നേതൃത്വത്തില്‍ ശക്തമായി ഭീകരരോട് പോരാടി. അപ്രതീക്ഷിതമായ ആക്രമണത്തിന് മുന്നില്‍ ഭീകരര്‍ വല്ലാതെ പതറി. എങ്കിലും താജിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാകുന്നതിനു തൊട്ടുമുമ്പ് ഭീകരരുടെ വെടിയേറ്റ് ഞങ്ങളുടെ മേജര്‍ ഉണ്ണികൃഷ്ണന്‍ സാര്‍ വീരമൃത്യു വരിച്ചു. ‘നമ്മുടെ മുന്നില്‍ പരാജയങ്ങളില്ല. എല്ലാം പോസിറ്റീവായി കാണുക.’എന്ന അദേഹത്തിൻ്റെ വാക്കുകളായിരുന്നു അപ്പോഴെൻ്റെ മനസില്‍.അവിടുത്തെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ഞങ്ങള്‍ ഭീകരരുടെ ആക്രമണം നടക്കുന്ന ഹോട്ടല്‍ ഓബ്‌റോയിലേക്കാണ് പോയത്. അകത്തളങ്ങളില്‍ പതുങ്ങിയിരുന്ന ഭീകരര്‍ ഞങ്ങളെ കണ്ടതും വെടിവെപ്പ് തുടങ്ങി. ഒരു ഭീകരനെ ഞാന്‍ വെടിവെച്ചിട്ടതും മറ്റൊരാള്‍ ഓടിവന്ന് എൻ്റെ തോക്കില്‍ പിടുത്തമിട്ടു. ഞാന്‍ തോക്കുവിട്ടു കൊടുത്ത് വേറൊരായൂധമെടുത്ത് ഫൈറ്റിംഗ് ആരംഭിച്ചു. യുദ്ധമുഖത്ത് ഇങ്ങനെ സ്വയം തീരുമാനമെടുത്ത് മുന്നേറേണ്ട സാഹചര്യങ്ങളുണ്ടാകാറുണ്ട്. നേരിട്ടുള്ള ഫൈറ്റില്‍ ഭീകരനില്‍ നിന്നും ഞാന്‍ തോക്ക് വീണ്ടെടുത്ത് അയാളെ വെടിവെച്ചതും അയാള്‍ അരയില്‍ സൂക്ഷിച്ചിരുന്ന ഗ്രനേഡ് എടുത്ത് എനിക്ക് നേരെ എറിഞ്ഞതും ഒരുമിച്ചാണ്.അതു നിലത്തുവീണാല്‍ ശരീരമാസകലം അതിൻ്റെ ചില്ലുകള്‍ ചിതറിത്തെറിക്കും. അനേകംപേര്‍ മരണത്തിലേക്ക് നീങ്ങും. എൻ്റെ മരണം ഉറപ്പായ നിമിഷം. ആ സമയത്ത് ഞാന്‍ തലയില്‍ ഫൈബര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. അയാള്‍ എറിഞ്ഞ ഗ്രാനേഡ് ഹെഡ് ചെയ്ത് തെറിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നിര്‍ഭാഗ്യവശാല്‍ അതെൻ്റെ തലയുടെ മുകളില്‍നിന്ന് പൊട്ടിത്തെറിച്ചു. അതിൻ്റെ ആഘാതത്തില്‍ എൻ്റെ ഹെല്‍മറ്റ് പൊട്ടി ഗ്രാനേഡിൻ്റെ ചീളുകള്‍ തലയ്ക്കുള്ളില്‍ ഇറങ്ങി.പിന്നെ എന്തു സംഭവിച്ചുവെന്ന് എനിക്ക് വ്യക്തതയില്ല.ഓര്‍മ മങ്ങിമങ്ങി ഇല്ലാതാകുമ്പോള്‍ ഞാന്‍ ആരുടേയോ തോളില്‍ കിടക്കുകയായിരുന്നു. രഹസ്യ ഇടനാഴിയിലൂടെ എന്നെ പുറത്തെത്തിച്ചപ്പോഴേക്കും എല്ലാ ഭീകരരെയും വധിക്കാന്‍ ഞങ്ങളുടെ കൂടെയുളള കമാണ്ടോകള്‍ക്ക് കഴിഞ്ഞിരുന്നു.

ആശുപത്രി വാസം

നാല് മാസം ഞാന്‍ ബോംബെയിലെ ആശുപത്രിയിലായിരുന്നു. ഗ്രനേഡിലെ മൂന്നു ചീളുകള്‍ എൻ്റെ ഹെല്‍മറ്റ് തകര്‍ത്ത് തലയോടില്‍ തുളച്ചു കയറിയിരുന്നു. രണ്ടു ചീളുകള്‍ സര്‍ജറിയിലൂടെ പുറത്തെടുത്തു. എന്നാല്‍ മൂന്നാമത്തെ ചീള് പുറത്തെടുക്കുന്നത് എൻ്റെ ജീവന് ആപത്താകുമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഓര്‍മ നഷ്ടപ്പെട്ട് ജീവച്ഛവമായിട്ടാണ് ഞാന്‍ നാട്ടിലെത്തുന്നത്. ഭാര്യയേയും ഒരു വയസുകാരനായ മകനേയും കണ്ടിട്ട് ആരെന്ന് പോലും മനസിലായില്ല.ഒന്നരമാസത്തിനുശേഷം ഡല്‍ഹിയിലെ ആര്‍മിയുടെ ആശുപത്രിയിലേക്ക് എന്നെ മാറ്റി. ഒന്നരവര്‍ഷത്തെ ഇടതടവില്ലാത്ത ചികിത്സ. എപ്പഴോ ഒരിക്കല്‍ മകന്‍ എന്നെ അച്ഛാ എന്നു വിളിച്ച ഓര്‍മയില്‍ ആദ്യമായി പ്രതികരിച്ചു. ചുണ്ടൊന്നനങ്ങി. എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞത് ഡോക്ടര്‍മാര്‍ക്ക് വലിയ പ്രതീക്ഷയായി. പക്ഷേ ഓര്‍മകളൊന്നും കൃത്യമായിരുന്നില്ല.വലതുകൈക്കും വലതുകാലിനും ഇന്നും ബലക്കുറവുണ്ട്. വലതു കൈ മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്നില്ല. കാലും അങ്ങനെ തന്നെ. എങ്കിലും മത്സരിച്ച് ജയിക്കാന്‍ ഇനിയും ചിലത് ബാക്കിയുണ്ടെന്ന തോന്നല്‍ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ചികിത്സകള്‍ തുടരുകയാണ്. എനിക്കേറെ ദുഃഖം ഉളവാക്കിയത് എന്നെ ചികിത്സിച്ച സ്വാമി നിര്‍മ്മലാനന്ദ ഗിരിയുടെ ആകസ്മിക മരണവാര്‍ത്തയായിരുന്നു. അദ്ദേഹത്തിൻ്റെ കൈപ്പുണ്യമേറ്റുവാങ്ങുവാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കോട്ടയ്ക്കല്‍ പി.കെ. വാരിയര്‍, ഡോ. വിജയന്‍ നങ്ങേലി എന്നിവരുടെ ചികിത്സകളും എന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. എല്ലാ കുറവുകളിലും എൻ്റെ ശക്തി കേന്ദ്രമായി നിന്നത് അമ്മയും ഭാര്യയുമാണ്.

മറക്കാനാവാത്ത ഓര്‍മ

ഞാന്‍ ഏറെ സ്‌നേഹിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണൻ്റെ രക്ഷിതാക്കള്‍ എന്നെ വീട്ടില്‍ വന്ന് കണ്ട ദിവസം ഓര്‍മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നു. അവരെന്നെ കാണുമ്പോഴൊക്കെ പറയുന്ന ഒരു കാര്യമുണ്ട് ”സന്ദീപിനെപ്പോലെ നീയും ഞങ്ങളുടെ മകനാണ്.” അതു കേള്‍ക്കുമ്പോള്‍ എൻ്റെ കണ്ണുകള്‍ ഈറനണിയും. എന്നെ മാത്രമല്ല എല്ലാസൈനികരെയും അവര്‍ മക്കളെപ്പോലെയാണ് കണ്ടത്. ഞാനെപ്പോഴും ചിന്തിക്കാറുണ്ട്, അവര്‍ക്ക് എങ്ങനെയാണ് ഇത്ര ധീരതയോടെ പെരുമാറാന്‍ കഴിയുന്നതെന്ന്? അതിന് ഞാന്‍ ഉത്തരവും കണ്ടെത്തി. ധീരരായ മാതാപിതാക്കള്‍ക്കുമാത്രമേ ധീരപുത്രന്മാര്‍ക്ക് ജന്മം കൊടുക്കാന്‍ സാധിക്കൂ.രാജ്യമെനിക്ക് ശൗര്യചക്ര പുരസ്‌കാരം നല്‍കിയത് മറക്കാനാവാത്ത അനുഭവമാണ്. 2009 ല്‍ ധീരതയ്ക്കുള്ള ശൗര്യചക്ര അവാര്‍ഡ് നല്കി രാഷ്ട്രം എന്നെ ആദരിച്ചു. അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് അവാര്‍ഡ് സമ്മാനിച്ചത്. അതേറ്റുവാങ്ങാനായി വീല്‍ചെയറിലാണ് ഞാന്‍ പോയത്. പഴയകാലത്തേക്കാള്‍ സൈന്യത്തെ ജനം സ്‌നേഹിക്കാനും ബഹുമാനിക്കാനും ഇന്ന് തുടങ്ങിയിരിക്കുന്നു. ഒരു സൈനിക നടപടിയുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ജമ്മുകാശ്മീരില്‍ പോയതോര്‍ക്കുന്നു.മടങ്ങി വരും വഴി ഗ്രാമവാസികള്‍ വാഹനം തടയുകയും നിങ്ങള്‍ ഇവിടെനിന്ന് പോകരുതെന്ന് കണ്ണീരോടെ അപേക്ഷിക്കുകയും ചെയ്തത് നല്ലൊരു ഓര്‍മയാണ്. അന്നാണ് സമാധാനത്തിനുവേണ്ടിയുളള ഞങ്ങളുടെ നിലപാടിനെ ജനം എത്രമാത്രം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ചിന്തിക്കുന്നത്.17വര്‍ഷം പട്ടാളത്തില്‍ സേവനം ചെയ്യുന്നൊരു സൈനികന്‍ മൂന്നരവര്‍ഷം മാത്രമേ നാട്ടിലെത്തുന്നുള്ളൂ.

വീട്ടുകാരെ കാണുന്നുളളൂ. ബാക്കി അത്രയും വര്‍ഷങ്ങള്‍ സ്വന്തം ജീവന്‍ കളയാന്‍ തയാറായി രാജ്യസേവനത്തില്‍ ഏര്‍പ്പെടുകയാണ്. അവന്‍ വീട്ടിലെ അതിഥിയും രാജ്യസമ്പത്തുമാണ്. അതുകൊണ്ടാണ് ഒരു സൈനികന്‍ വീരമൃത്യു വരിക്കുമ്പോള്‍ രാജ്യം ത്രിവര്‍ണ പതാക പുതപ്പിച്ച് അദേഹത്തെ ആദരിക്കുന്നത്. അവിടെയാണ് ഓരോ സൈനികനും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാകുന്നത്.’രാജ്യരക്ഷയ്ക്കുവേണ്ടിയുള്ള ആ യുദ്ധ മുഖങ്ങളിലേക്ക് മടങ്ങിവരണമെന്നാണ് ഇനിയുമെൻ്റെ ആഗ്രഹം. മത്സരിച്ച് നേടാന്‍ ജീവിതവഴിയില്‍ ഇനിയും ചിലതു ബാക്കി നില്‍ക്കുന്നു.’ മനീഷിൻ്റെ വാക്കുകളില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം.
(ഭാര്യ ഷീമ ജില്ലാ സൈനിക ക്ഷേമബോര്‍ഡില്‍ ഉദ്യോഗസ്ഥയാണ്. മകന്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി യദുകൃഷ്ണന്‍)

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like