തുമ്പയുടെ മണ്ണില്‍ വീണ വിത്തുകള്‍

സ്വന്തം രാജ്യത്തിനുവേണ്ടി ഉരുകിത്തീര്‍ന്നുകൊണ്ട് പ്രകാശം പരത്തുന്ന ഒരു പറ്റം ശാസ്ത്രജ്ഞരുടെ കഥ.

98

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന നൂറ്റിനാല് കൃത്രിമ ഉപഗ്രഹങ്ങള്‍ ഒറ്റ റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചതിൻ്റെ വാര്‍ത്തകള്‍ വായിച്ചുകൊണ്ടിരിക്കവേ മനസ്സ് ഓടിപ്പോയത് തുമ്പയിലേക്കാണ്- മേല്‍പ്പറഞ്ഞ സംഘടന, ഐ.എസ്. ആര്‍.ഒ യുടെ ആദ്യവിത്തുവീണ മണ്ണിലേക്ക്. വിത്തിട്ട വിക്രം സാരാഭായ് മുതല്‍ ഇന്ന് അവിടെ ഉയര്‍ന്നു നില്‍ക്കുന്ന റോക്കറ്റ് നിര്‍മ്മാണ വിഭാഗമായ വി.എസ്.എസ്. സി യുടെ ഡയറക്ടര്‍ വി.ശിവന്‍ വരെയുള്ളവര്‍ എനിക്ക് സുപരിചിതരാണ്, സാരാഭായിയുടെ പ്രധാന ശിഷ്യന്‍ ഡോ.എ.പി.ജെ അബ്ദുള്‍ കലാം മുതലുള്ളവരെ നേരിട്ടും അതിനും മുമ്പുള്ളവരെ പറഞ്ഞു കേട്ടും. ഇച്ഛാശക്തിയുടെ കവചമുള്ള ഒരുപിടി സ്വപ്‌നങ്ങള്‍ മാത്രമുണ്ടായിരുന്ന ഒരവസ്ഥയില്‍ നിന്ന് അമേരിക്കയ്ക്കും റഷ്യയ്ക്കും ജപ്പാനുമൊക്കെ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേ പിച്ചുകൊടുക്കാനുള്ള കാര്യശേഷിയിലേക്ക് അതെത്തിയത് എങ്ങനെയെന്നുള്ള ചിന്ത മിന്നല്‍പ്പിണര്‍പോലെ മനസ്സി ലൂടെ കടന്നുപോയി. വേദനാപൂര്‍ണ്ണമായ സ്വന്തം ത്യാഗത്തിനിടയിലും ചുറ്റുമുള്ള ജീവിതങ്ങളില്‍ പ്രകാശം പരത്തും എന്ന് ദൃഢനിശ്ചയം ചെയ്ത കുറെ മനുഷ്യരിലൂടെ എന്നായിരുന്നു അതിൻ്റെ ഉത്തരം.

ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തില്‍ അഹമ്മദാബാദിലെ വമ്പന്‍ വ്യവസായകുടുംബത്തില്‍ ജനിച്ച സാരാഭായിക്ക് സ്വാതന്ത്ര്യത്തിലേക്ക് പിച്ചവെച്ചു നടക്കുന്ന ദരിദ്ര രാജ്യത്തിൻ്റെ വികസന സ്വപ്‌നങ്ങളൊന്നും ഏറ്റെടുക്കേണ്ട ആവശ്യമില്ലായിരുന്നു. പൈതൃകമായികിട്ടിയ ടെക്‌സ്റ്റൈല്‍ ബിസിനസ്സ്, സ്വന്തം കഴിവിനാല്‍ പഠിച്ചെടുത്ത മോഡേണ്‍ ഫിസിക്‌സിലുള്ള ഗവേഷണ നേരമ്പോക്ക്, അത്രമാത്രം മതിയായിരുന്നു സന്തുഷ്ടമായൊരു ജീവിതം നയിക്കാന്‍. പക്ഷെ ആ മനുഷ്യന്‍ തൻ്റെ കുടുംബ ബിസിനസുകള്‍ പുതിയ ഉയരങ്ങളിലേക്ക് വികസിപ്പിച്ചു എന്നു മാത്രമല്ല, വിദേശത്തെ പഠനകാലത്തുണ്ടാക്കിയ ശാസ്ത്രലോകവുമായുള്ള ബന്ധങ്ങള്‍വെച്ച് ഇന്ത്യയില്‍ ബഹിരാകാശഗവേഷണത്തിന് ശക്തമായൊരു അടിത്തറ പാകുക കൂടി ചെയ്തു. പ്രധാനമായും സ്വന്തം പൈതൃക സ്വത്ത് ചെലവഴിച്ച് 1947 ല്‍ തുടങ്ങിയ ഫിസിക്കല്‍ റിസര്‍ച്ച് ലാബറട്ടറിയാണ് ഇന്നും ഇന്ത്യന്‍ ശാസ്ത്രത്തിൻ്റെ പിള്ളത്തൊട്ടില്‍. ഭൂമിയുടെ കാന്തിക മധ്യരേഖയിലുടനീളം അന്തരീക്ഷ ബഹിരാകാശ പഠനത്തിനുള്ള സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണികള്‍ സ്ഥാപിക്കാനുള്ള യു.എന്‍ നേതൃത്വത്തിൻ്റെ നീക്കം മനസ്സിലാക്കിയ അദ്ദേഹം ഇന്ത്യയ്ക്ക് അതിലുള്ള അവസരം മുതലാക്കാന്‍ സര്‍വ്വം മറന്ന് ചാടിയിറങ്ങി. അതാണ് അദ്ദേഹത്തെ തുമ്പയിലേക്ക് എത്തിച്ചത്. കുറച്ചുകൂടി നല്ലസ്ഥലം കൊല്ലം തീരത്തെ വെള്ളനാതുരുത്ത് ആയിരുന്നുവെങ്കിലും അതുപേക്ഷിച്ച് തുമ്പതന്നെ സ്വീകരിച്ചത് ഒരു തെറ്റിദ്ധാരണയിലൂടെ ആയിരുന്നു. ആ സ്ഥലപ്പേര് ഇംഗ്ലീഷിലെഴുതിയത് വെള്ളാനത്തുരുത്തെന്ന് തെറ്റായി വായിക്കുകയും അതിൻ്റെ വ്യംഗ്യാര്‍ത്ഥം ദുര്‍വ്യയമാണെന്ന് മനസ്സിലാക്കുകയും ചെയ്തതോടെയാണ് തുമ്പതന്നെ മതിയെന്ന് തീരുമാനിച്ചത്. പക്ഷെ അത് മറ്റൊരു മഹത്തായ ത്യാഗത്തിനും സാക്ഷ്യത്തിനും കളമൊരുക്കാനുള്ള അനിഷേധ്യമായ ദൈവിക ഇടപെടലായിരുന്നു. തുമ്പയില്‍ ഏറ്റവും അനുയോജ്യമായ ഭൂമിയില്‍ ഒരു ക്രൈസ്തവ ദൈവാലയവും മെത്രാൻ്റെ ഭവനവുമുണ്ടായിരുന്നു. വെറുമൊരു ദൈവാലയമല്ല ഇന്ത്യയില്‍ പ്രേഷിത പ്രവര്‍ത്തനം നടത്തിയ മഹാ വിശുദ്ധനും മഹാ പണ്ഡിതനുമായിരുന്ന ജസ്യൂട്ട് സന്യാസിവൈദികന്‍ ഫ്രാന്‍സീസ് സേവ്യര്‍ 1544 ല്‍ സ്ഥാപിച്ച ദൈവാലയം.ദക്ഷിണപൂര്‍വ്വ ഭാരതവും ബര്‍മ്മയും ശ്രീലങ്കയുമൊക്കെ കൊച്ചി രൂപതയുടെ കീഴിലായിരിക്കേ, മെത്രാന്‍ ദോം അബിലിയൂസിൻ്റെ തെക്കന്‍ മേഖലയിലേക്കുള്ള യാത്രയില്‍ ഇടത്താവളമായി നിര്‍മ്മിച്ച ഒരു ഭവനവും അവിടെയുണ്ടായിരുന്നു. രൂപതകളുടെ വിഭജനത്തിന് ശേഷം തിരുവനന്ത പുരത്ത് ലത്തീന്‍ രൂപതയുടെ അന്നത്തെ സഹായ മെത്രാന്‍ ഡോ. പീറ്റര്‍ ബര്‍ണാദ് പെരേരയാണ് അത് ഉപയോഗിച്ചിരുന്നത്. ഇടവക വികാരിയുടെ ഭവനവും അതുതന്നെ.

പ്രൊഫ. സാരാഭായി തിരുവനന്തപുരം ജില്ലാ കളക്ടര്‍ മാധവന്‍ നായര്‍ക്കും ഡോ. ചിറ്റ്‌നിസിനെപ്പോലുള്ള സീനിയര്‍ ശാസ്ത്രജ്ഞര്‍ക്കുമൊപ്പം അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ആ ദേശത്തിൻ്റെ സാമൂഹ്യാവസ്ഥ മനസ്സിലാക്കിയിരുന്നവര്‍ പറഞ്ഞത് വലിയ പ്രത്യാശയ്ക്ക് വഴിയില്ലെന്നായിരുന്നു. എന്നാല്‍ തന്നെ സന്ദര്‍ശിച്ചവരിലൂടെ രാജ്യം ഉന്നം വയ്ക്കുന്ന മഹത്തായ ലക്ഷ്യം മനസ്സിലാക്കിയ ഡോ. പെരേര, ഒരു ഞായറാഴ്ച പ്രസംഗത്തിൻ്റെ സാവകാശം ചോദിച്ചതേയുള്ളു! തിങ്കളാഴ്ചമുതല്‍ തങ്ങളുടെ പൂര്‍വ്വികരുടെ അസ്ഥികളടക്കം സകലതും പൊക്കിക്കൊണ്ട് സ്ഥലം വിടാന്‍ തുമ്പ സെന്റ് മേരീ മഗ്ദലേന്‍ ഇടവകക്കാര്‍ തയ്യാറായി. ഒരു രാജ്യത്തിനൊട്ടാകെ പ്രകാശം പരത്തിയ മനസ്സ്.
ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള തൻ്റെ യാത്രകള്‍ക്കിടയില്‍ ഇടയ്ക്കിടെ തുമ്പയിലെത്തുന്ന സാരാഭായ് അമേരിക്ക, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ചെറിയ സൗണ്ടിംഗ് റോക്കറ്റുകള്‍, കമ്പ്യൂട്ടറിൻ്റെ പ്രാഗ് രൂപം, ചെറുവിക്ഷേണികള്‍ ഒക്കെ അവിടെ സ്ഥാപിച്ചു. ഈ മനുഷ്യന്‍ തൻ്റെ സമയം എങ്ങനെ ഇതിനൊക്കെയായി വിഭജിച്ചു എന്ന് വിസ്മയത്തോടെ അദ്ദേഹത്തിൻ്റെ ഭാര്യയും പാലക്കാട് ജില്ലയിലെ ആനിക്കര സ്വദേശിനിയുമായ മൃണാളിനി സാരാഭായിയോട് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി എന്നെ ഫ്‌ളാറ്റാക്കി കളഞ്ഞു. തന്നോടൊപ്പം ദര്‍പ്പണ എന്ന ലോകപ്രസിദ്ധമായ കലാവിദ്യാലയം സ്ഥാപിക്കാനും താന്‍ നൃത്തവുമായി ഉലകം ചുറ്റുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കാ നും സര്‍വോപരി തന്നെ നിരന്തരം പ്രണയിച്ചുകൊണ്ടിരിക്കാനും ഭര്‍ത്താവിനു കഴിഞ്ഞു എന്നാണവര്‍ പറഞ്ഞത്. എന്തൊരു പ്രകാശം നിറഞ്ഞ മനസ്സ്!

പ്രൊഫ. സാരാഭായി 1971 ല്‍ തിരുവനന്തപുരത്ത് വെച്ച് മരിച്ചു. അന്നു വെളുപ്പിന് മൂന്ന് മണിവരെ അദ്ദേഹം ജോലി ചെയ്തിരുന്നു എന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തിയത്. സാരാഭായിയുടെ മാനസപുത്രന്‍ അവുള്‍ പക്കീര്‍ ജൈനുലബ്ദീന്‍ അബ്ദുള്‍ കലാമാണ് തുമ്പയില്‍ നിന്നും ഭാരതത്തിൻ്റെ ആദ്യ റോക്കറ്റായ എസ്.എല്‍.വി -3 യുടെ വിക്ഷേപണത്തിന് ചുക്കാന്‍ പിടിച്ചത്. ആ മനസ്സിലെ പ്രകാശം വായനക്കാര്‍ കണ്ടും കേട്ടുമൊക്കെ അറിഞ്ഞതായിരിക്കും എന്നുറപ്പുള്ളതുകൊണ്ട് ഞാന്‍ വിശദീകരിക്കുന്നില്ല. എങ്കിലും വ്യക്തിപരമായൊരു അനുഭവം കുറിച്ചില്ലെങ്കില്‍ അത് നന്ദികേടായിരിക്കും; എന്റേതല്ല കലാം സാറിൻ്റെ മുഖ്യ ശിക്ഷ്യന്‍ ജി. മാധവന്‍ നായരുടേതാണ്.എസ്.എല്‍.വി-3 യുടെ പണിയില്‍ അവരൊക്കെ ഒരു മനസ്സായി പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന കാലം. റോക്കറ്റിൻ്റെ ഗതി നിയന്ത്രിക്കുന്ന സുപ്രധാനമായൊരു ടെലി മെട്രി ടെലി കമാന്‍ഡ് സംവിധാനങ്ങളുടെ നിര്‍മ്മാണം നിര്‍ണായക മായൊരു ഘട്ടത്തെ അഭിമുഖീകരിക്കുന്നു. മാധവന്‍ നായരാണ് അതിൻ്റെ ചുമതലക്കാരന്‍. ഒരു ദിവസം രാവിലെ പത്ത് പത്തരയോടെ അദ്ദേഹത്തിൻ്റെ വീട്ടില്‍ നിന്നൊരു ഫോണ്‍ കോള്‍. മൂന്നരവയസ്സുകാരന്‍ മകന് പനികൂടുതല്‍. ഫിറ്റ്‌സ് വന്നിരിക്കുന്നു. ബാലാരിഷ്ടതകള്‍ വേണ്ടുവോളമുള്ളകുട്ടി. വിവരമറിഞ്ഞാല്‍ അച്ഛൻ്റെ മനസ്സുപതറും. സന്ദേശം കിട്ടുന്നത് പ്രൊജക്ട് ലീഡറായ കലാം സാറിൻ്റെ മേശപ്പുറത്തുള്ള ലാന്‍ഡ് ഫോണിലൂടെയാണ്. അദ്ദേഹം ഉടനെ കുട്ടിയെ ആശുപത്രിയിലാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തു. അന്ന് തുമ്പ ഇക്വിറ്റോറിയത്തില്‍ റോക്കറ്റ് ലോഞ്ചിംഗ് സ്‌റ്റേഷന്‍ (‘ടേള്‍സ്’: അതായിരുന്നു അന്നത്തെ പേര്) വകയായി ഉണ്ടായിരുന്ന ഏക ജീപ്പ് ശാസ്തമംഗലത്തേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും ഓടി. കുട്ടി എത്തുമ്പോഴെക്കും ഡോക്ടര്‍മാരും നഴ്‌സുമാരുമൊക്കെ തയ്യാര്‍. ആ സമയത്തെല്ലാം അദ്ദേഹത്തിൻ്റെ ഫോണ്‍ അവിരാമം പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. പിന്നെ നേരിട്ടുപോയി. അവസാനം ഡ്യൂട്ടിയുടെ അന്ത്യത്തില്‍ ശിഷ്യനോട് വിവരം പറയുമ്പോള്‍ കുട്ടി തികച്ചും നോര്‍മലായിരുന്നു. ഒരു വിതുമ്പലോടെ മാധവന്‍ നായര്‍ പലവട്ടം എന്നോടിത് പറഞ്ഞിട്ടുï്. ഇങ്ങനെയൊക്കെ ചെയ്തില്ലായിരുന്നുവെങ്കിലും കലാം സാറിൻ്റെ ശമ്പളമോ ആനുകൂല്യങ്ങളോ മുടങ്ങില്ലായിരുന്നു.

ഇന്ന് നൂറ്റിനാലുപഗ്രഹങ്ങളുമായി ബഹിരാകാശത്തിലേക്ക് കുതിച്ച ചന്ദ്രയാനുമായി പറന്ന പി.എസ്.എല്‍.വി. എന്ന വമ്പന്‍ റോക്കറ്റിൻ്റെ മുഖ്യശില്‍പ്പിയാണ് ഡോ.ജി. മാധവന്‍ നായര്‍. അദ്ദേഹം ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാനായിരിക്കെയാണ് ഭാരതത്തിൻ്റെ ത്രിവര്‍ണ്ണ പതാക ആലേഖനം ചെയ്ത ഒരു പേടകം താന്‍ നിര്‍മിച്ച പി.എസ്.എല്‍.വിയിലേറ്റി ചന്ദ്രനില്‍ ഇറക്കിയത്. പക്ഷെ ബാംഗ്ലൂരിലെ ഗവേഷണ ഭരണ തിരക്കുകളില്‍ നിന്നും ഇടയ്ക്കിടെ മുങ്ങി അദ്ദേഹവും ഡെപ്യൂട്ടി ഡയറക്ടറായ ഐ.എ.എസ്സുകാരന്‍ എസ്.കെ ദാസും ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് ജീപ്പിലും കാല്‍നടയായുമൊക്കെ പോകും. വിനോദയാത്രയ്ക്കല്ല, വെള്ളമോ വൈദ്യുതിയോ ഫോണോ ആശുപത്രിയോ ഒന്നുമില്ലാത്ത അവിടങ്ങളില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷകര്‍ക്ക് എന്ത് ചെയ്യാം എന്ന ത്വരയോടെയാണത്.ഹരിയാനയിലെ മുപ്പതിനായിരം കുഗ്രാമങ്ങളെ വിദ്യാഭ്യാസപ്രചരണാര്‍ത്ഥം പരസ്പരം ബന്ധിപ്പിച്ചതും കര്‍ണ്ണാടകയിലെ വിദൂര പിന്നാക്ക ഗ്രാമങ്ങളുടെ ജീവസ്രോതസ്സുകളായ കുളങ്ങളെ കണ്ടെത്തി ബഹിരാകാശത്തുനിന്നും മാപ്പ് ചെയ്ത് യോജിച്ച കൃഷിയും സാമൂഹ്യ വനവല്‍ക്കരണവും നടത്താന്‍ കളമൊരുക്കിയതും വയനാട്ടിലെ ഒരു കുഗ്രാമത്തില്‍ ഇന്ത്യയിലാദ്യത്തെ അത്യാധുനിക ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിച്ചതും ഉത്തരപൂര്‍വ്വ സംസ്ഥാനങ്ങളിലെയും ആന്‍ഡമാനിലെയുമൊക്കെ കൊച്ചു കൊച്ചു ക്ലിനിക്കുകളെ നാരായണ ഹൃദയാലയ, അമൃത തുടങ്ങിയ വന്‍ ആശുപത്രികളിലെ വിദഗ്ധരുമായി ബന്ധിപ്പിച്ചതുമൊക്കെ ഇത്തരം യാത്രകളിലാണ്. അവസാനം മൊബൈല്‍ ടവറുകളും റേഡിയേഷന്‍ ശല്യവുമില്ലാതെ ഏത് ഇന്ത്യന്‍ കുഗ്രാമങ്ങളിലും മൊബൈലുകളില്‍ വോയ്‌സ്, മള്‍ട്ടിമീഡിയ കണ്ടന്റ് നല്‍കാനുതകുന്നതുമായിരുന്ന ‘ദേവാസില്‍’ ആ മനുഷ്യന്‍ തട്ടിവീണു. ഇദ്ദേഹത്തിൻ്റെ കാലത്ത് ഐ.എസ്.ആര്‍.ഒ യില്‍ സര്‍ക്കാര്‍ നടത്തിയ നിക്ഷേപവും സമൂഹത്തിന് തിരിച്ച് കിട്ടിയ നേട്ടങ്ങളും മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വിലയിരുത്തിയപ്പോള്‍ കണ്ടത്, കൊടുത്തതിൻ്റെ മൂന്നിരട്ടി തിരിച്ച് കിട്ടി എന്നാണ്. ഈ വയ്യാവേലി ഒന്നുമില്ലാതെയും മാധവന്‍ നായര്‍ക്ക് അന്തസ്സായി റിട്ടയര്‍ ചെയ്യാമായിരുന്നു. പക്ഷെ ആന്‍ഡമാന്‍സിലെ ആദിവാസികുട്ടികളുടെയും ഒറീസ്സയിലെ ചികില്‍സാ ശേഷിയില്ലാത്ത പാവം കൃഷീവലന്മാരുടെയും മുഖങ്ങള്‍ പുഞ്ചിരിയുടെ പ്രകാശം പരത്തില്ലായിരുന്നു.ത്യാഗമാണ് ജീവിതത്തെ പ്രകാശപൂരിതമാക്കുന്നത്. അതു ലോകത്തിന് ആത്മബലിയിലൂടെ കാട്ടിതന്നത് ക്രിസ്തുവാണ്. അവൻ്റെ വഴിയെ നടന്നവളുടെ ആലയം തന്നെ ഇതിനൊക്കെ സാക്ഷിയായി.

You might also like

error: Content is protected !!