ലൈഫ് ഓണ്‍ വീല്‍സ്

കുറവുകളെ തികവുകളാക്കി മാറ്റി സമൂഹമധ്യത്തില്‍  തലയുയര്‍ത്തി ജീവിക്കുന്ന രണ്ടു സഹോദരിമാര്‍

122

നിസ്സാരമായ ശാരീരിക ബലഹീനതകള്‍ക്കൊണ്ടുപോലും, തളരുകയും,  ജീവിതത്തെ തള്ളിപ്പറയുകയും ചെയ്യുന്ന അനേകായിരങ്ങള്‍ക്ക് നടുവില്‍ വ്യത്യസ്തരാകുന്ന രണ്ടു സഹോദരിമാരുണ്ട്. തങ്ങളുടെ കുറവുകളെ തികവുകളാക്കി മാറ്റി സമൂഹമധ്യത്തില്‍ തലയുയര്‍ത്തി ജീവിക്കുന്ന ജിമിയും സുമിയും. അവരെ ബാധിച്ചിരിക്കുന്ന, മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ശാരീരിക ബലഹീനതയുടെ അകമ്പടി കൂടാതെയാണ് ലോകം ഇന്ന് അവരെ വീക്ഷിക്കുന്നത്. ശാരീരികമായി ഏതെങ്കിലും കുറവുകള്‍ തങ്ങള്‍ക്കുെണ്ടന്ന് സ്വയം വിധിയെഴുതുവാന്‍ ഒരിക്കലും തയാറാകാത്ത കരുത്തേറിയ മനസ്സിന്റെ പിന്‍ബലത്തില്‍, ഇവര്‍  കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ അഭിമാനകരമാണ്.ഇന്ന് കോഴിക്കോട് ജെ ഡി റ്റി  ഇസ്ലാം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അധ്യാപകരായ ഈ പെണ്‍കുട്ടികള്‍, തങ്ങള്‍ പിന്നിട്ട വഴികളിലെ വെല്ലുവിളികളെക്കുറിച്ച് പങ്കുവയ്ക്കുന്നു.

പ്രതിസന്ധികളുടെ ആരംഭം

വയനാട് ജില്ലയിലെ കബനിഗിരിയില്‍,പാമ്പനാനിക്കല്‍ ജോണിന്റെയും മേരിയുടെയും മക്കളാണ് ജിമിയും സുമിയും. ഒരു സാധാരണ കര്‍ഷകകുടുംബം.മൂത്തമകളായ ജിമിക്ക് മൂന്നോ നാലോ വയസ്സ് പ്രായമുണ്ടായിരുന്ന കാലം മുതല്‍ ആ കൊച്ചുകുടുംബത്തില്‍ അല്‍പാല്‍പം അസ്വസ്ഥതകള്‍ മുളപൊട്ടിത്തുടങ്ങി. കാലുകള്‍ക്ക് സംഭവിക്കുന്ന ബലക്കുറവ് നിമിത്തം അവള്‍ ഇടയ്ക്കിടെ വീഴാനാരംഭിച്ചു. ഏറെ ഉല്ലാസവതിയായിരുന്ന ആ പെണ്‍കുട്ടി, ആര്‍ക്കും വിശദീകരണം നല്‍കാനില്ലാതിരുന്ന ഒരു അപൂര്‍വ രോഗത്തിന് കീഴ്‌പെട്ടുതുടങ്ങുകയായിരുന്നു. ഒരു കര്‍ഷകകുടുംബത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് കഴിയുന്ന എല്ലാ ചികില്‍സകളും അവര്‍ ചെയ്തു. എന്നാല്‍, കാലം കഴിയുംതോറും ജിമിയുടെ ബലഹീനതകള്‍ വര്‍ധിച്ചുവന്നു.മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന അപൂര്‍വവും, ചികില്‍സ ഇനിയും ലോകത്തെങ്ങും ലഭ്യമല്ലാത്തതുമായ രോഗമാണ് അവളെ ബാധിച്ചിരിക്കുന്നത് എന്ന് ഏറെ വൈകാതെ വ്യക്തമായി. ശരീരത്തിലെ മസിലുകള്‍ ക്ഷയിക്കുകയാണ് അതുമൂലം സംഭവിക്കുക. മിക്കവാറും കാലുകളില്‍ ആരംഭിക്കുന്ന ബലഹീനത, കാലക്രമേണ, ശരീരത്തിലെ മറ്റ് ഭാഗങ്ങളെയും ബാധിച്ചുതുടങ്ങും. ജിമിക്കും അത്തരത്തില്‍, നടക്കുവാനുള്ള ബുദ്ധിമുട്ടിലായിരുന്നു ആരംഭം. നടക്കുമ്പോള്‍ വീണു പോകുമായിരുന്ന അവസ്ഥയില്‍നിന്നും തീരെയും നടക്കാനാവാത്ത അവസ്ഥയിലേക്ക് പതിയെ അവള്‍ എത്തി. ക്രമേണ വീല്‍ചെയറില്‍ അഭയം തേടി. ആയുര്‍വേദവും അലോപ്പതിയും ഉള്‍പ്പെടെ പരിചയമുള്ള ചികില്‍സാവിധികളെല്ലാം പരീക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല.ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍, ജിമിയുടെ മൂന്നുവയസ്സ് ഇളയവളായ, അനുജത്തി സുമിയിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.

വെല്ലുവിളിയായ വിദ്യാഭ്യാസം

ഏറെ പരിമിതികള്‍ നിറഞ്ഞതായിരുന്നു ജിമിയുടെയും സുമിയുടെയും വിദ്യാഭ്യാസകാലം. സാധാരണ കര്‍ഷകര്‍ മാത്രമായിരുന്നെങ്കിലും, മാതാപിതാക്കളായ ജോണിന്റെയും മേരിയുടെയും അസാധാരണമായ ആത്മബലവും, അവര്‍ പകര്‍ന്നുനല്‍കിയ ബോധ്യങ്ങളും ജിമിയുടെയും സുമിയുടെയും വിജയങ്ങളുടെ അടിസ്ഥാനശിലകളായി മാറി. ജിമിക്ക് ഒരിക്കലും സ്‌കൂളില്‍ പോയി പഠിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. പക്ഷെ, ഓരോ ക്ലാസ്സിലെയും പാഠഭാഗങ്ങള്‍ വീട്ടില്‍ ചെന്ന് പറഞ്ഞുകൊടുക്കുന്നതിനായി ചിലര്‍ മുന്നോട്ടുവന്നു. അതൊരിക്കലും, മുന്‍പരിചയത്തിന്റെയോ,സ്വാധീനങ്ങളുടെയോ ഫലമായിട്ടായിരുന്നില്ല. മറിച്ച്, ഓരോ അവസരങ്ങളിലും ആവശ്യം കണ്ടറിഞ്ഞ് ദൂരെനിന്നുപോലും ചിലര്‍ സഹായത്തിനെത്തുകയായിരുന്നു. തുടക്കത്തില്‍ത്തന്നെ ഉണ്ടായ ഇത്തരം അനുഭവങ്ങള്‍ അവരെ ആത്മവിശ്വാസത്തില്‍ കൂടുതല്‍ ഉറപ്പിക്കുവാനും, സധൈര്യം മുന്നോട്ട് നീങ്ങുവാനുള്ള ആത്മബലം പകരുവാനും സഹായകമായി. സ്‌കൂള്‍ അധികൃതരുടെകൂടി സഹകരണത്തോടെ, പഠനം വീട്ടില്‍ത്തന്നെ ഒതുക്കുവാന്‍ കഴിഞ്ഞിരുന്നെങ്കിലും, പരീക്ഷകള്‍ എഴുതുവാനായി ഇരുവരെയും മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തിച്ചിരുന്നു. അന്നും, സ്‌കൂളില്‍ പോകാതെ വീട്ടിലിരുന്ന് പഠിച്ച്, ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് പതിവായി നേടിയിരുന്ന ഈ വിദ്യാര്‍ഥിനികള്‍ ഏവര്‍ക്കും ഒരത്ഭുതമായിരുന്നു.ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലം വന്നപ്പോള്‍ മുതല്‍ പഠനകാര്യങ്ങള്‍ അല്‍പം സങ്കീര്‍ണമായിത്തുടങ്ങി. ഐ ടി പാഠ്യവിഷയമായതും, അധ്യാപകരുടെ നിരന്തരശ്രദ്ധ വേണ്ടിവന്നതും, ആ പെണ്‍കുട്ടികളെയും മാതാപിതാക്കളെയും അല്‍പമൊന്ന് ആശങ്കയിലാഴ്ത്തി. എന്നാല്‍, അവിടെയും അവര്‍ തളര്‍ന്നില്ല. ഇത്തവണ സഹായത്തിനെത്തിയത് കബനിഗിരി നിര്‍മ്മലാ ഹൈസ്‌കൂളും അധ്യാപകരുമാണ്.സ്‌കൂളില്‍നിന്ന് അവര്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ അവര്‍ക്ക് നല്‍കി. അന്ന് ഹെഡ്മാസ്റ്റര്‍ ആയിരുന്ന വി. എസ് ചാക്കോ മാസ്റ്ററും, മധു മാസ്റ്ററുമെല്ലാം സദാ സഹായത്തിനെത്തിയിരുന്നുവെന്ന് അവര്‍ ഏറെ നന്ദിയോടെ ഓര്‍ക്കുന്നു. ഹയര്‍സെക്കന്‍ഡറി പഠനത്തിനായി മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും അകമഴിഞ്ഞ സഹായം നല്‍കിയതോടെ, സ്‌കൂള്‍ വിദ്യാഭ്യാസം ഏറ്റവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുവാന്‍ ആ സഹോദരിമാര്‍ക്ക് കഴിഞ്ഞു. എന്നാല്‍ വിദ്യാഭ്യാസ രംഗത്തെ യഥാര്‍ഥ പ്രതിസന്ധി അവരുടെ ജീവിതത്തില്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.നിരാശയുടെ നാളുകള്‍ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം ഉയര്‍ന്ന മാര്‍ക്ക് നേടി പൂര്‍ത്തിയാക്കിയ ജിമി, തുടര്‍വിദ്യാഭ്യാസത്തിന് ശ്രമിച്ചത് വയനാട്ടില്‍ത്തന്നെയുള്ള ഒരു കലാലയത്തിലാണ്. അവിടെ മെറിറ്റില്‍ ഒന്നാമതായിത്തന്നെ, ഡിഗ്രി കോഴ്‌സിന് പ്രവേശനം ലഭിച്ചുവെങ്കിലും, തുടര്‍ന്ന് ജിമിയുടെ അവസ്ഥ മനസ്സിലാക്കിയപ്പോള്‍ കോളേജ് അധികൃതര്‍ അവള്‍ക്ക് അവിടെ പഠിക്കുവാന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ െ്രെപവറ്റ് ആയി ഡിഗ്രിക്ക് രജിസ്റ്റര്‍ ചെയ്ത് അവള്‍ പഠനം ആരംഭിച്ചു. എന്നാല്‍, പരീക്ഷാക്കാലങ്ങളില്‍ സുഹൃത്തുക്കളുടെയോ, പരിചയക്കാരുടെയോ സഹായം ലഭിക്കാത്ത അപരിചിതമായ കോളേജുകളില്‍ പരീക്ഷയ്ക്കായി എത്തിപ്പെടേണ്ട സാഹചര്യങ്ങള്‍ വിഷമകരമായിരുന്നു. ഒന്നിനുപുറകെ ഒന്നായി ഏറെ തടസ്സങ്ങള്‍ ആ കാലത്ത് സംഭവിച്ചുകൊണ്ടിരുന്നത് ജിമിയെ കണ്ണീരിലാഴ്ത്തി. തന്റെ വലിയ സ്വപ്‌നങ്ങള്‍ പൂവണിയാതെ പോവുകയാണോ എന്ന് അവള്‍ സംശയിച്ച നാളുകള്‍.

ജെ ഡി റ്റി ഇസ്ലാം ഇടപെടുന്നു

2011 ല്‍, മാധ്യമങ്ങളില്‍ ഈ സഹോദരിമാരെക്കുറിച്ച് വന്ന വാര്‍ത്തകളാണ് ഇവര്‍ ജെ ഡി റ്റി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുവാന്‍ ഇടയാക്കിയത്. ജീവിതത്തില്‍ അതുവരെയും, ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ജിമിക്കും, ഏറെക്കുറെ സമാന പാതയില്‍ത്തന്നെ സഞ്ചരിച്ചെത്തിയ സുമിക്കും എല്ലാ അര്‍ഥത്തിലും പൂര്‍ണ്ണമനസ്സോടെ അഭയം നല്‍കുവാന്‍ ജെ ഡി റ്റി ഇസ്ലാം തയാറായി. അവരെ തങ്ങളുടെ കാംപസിലേക്ക് ക്ഷണിക്കുകയും, അവര്‍ക്ക് കൂടുതല്‍ താല്‍പര്യമുണ്ടായിരുന്ന, മള്‍ട്ടിമീഡിയ ബിരുദ കോഴ്‌സിന് ഇരുവര്‍ക്കും പ്രവേശനം നല്‍കുകയും ചെയ്തു. കുട്ടികള്‍ക്കുവേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും, മികച്ച താമസ, യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ, ഈ കാമ്പസില്‍ സൗജന്യമായിത്തന്നെ ഒരുക്കിയിരുന്നു.അവരുടെ സഹായത്തിനായി അമ്മ കൂടെയുണ്ടാകണം എന്ന് ചിന്തിച്ച മാനേജ്‌മെന്റ്, അമ്മ മേരിക്ക്, കോളേജിന്റെ ഹോസ്റ്റല്‍ വാര്‍ഡനായി ജോലിയും, മക്കള്‍ക്കൊപ്പം താമസിക്കുവാനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. അഭിമാനാര്‍ഹമായ വിജയത്തോടെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അവര്‍ പോസ്റ്റ് ഗ്രാജുവേഷനും അതേ കോളേില്‍നിന്ന് നേടിയെടുത്തശേഷം അവിടെത്തന്നെ അധ്യാപകരായി പ്രവേശിച്ചു. മികച്ച വിദ്യാര്‍ഥികള്‍ എന്ന അംഗീകാരം നേടിയെടുത്ത അവര്‍ അതേ കലാലയത്തില്‍ ചുരുങ്ങിയകാലംകൊണ്ട് മികച്ച അധ്യാപകര്‍ എന്ന സല്‍പ്പേരും നേടിയിരിക്കുന്നു.ഈ സഹോദരിമാരുടെ ജീവിതം തങ്ങള്‍ക്ക് ഏറെ ഉള്‍ക്കാഴ്ച പകര്‍ന്നു എന്ന് ജെ ഡി റ്റി ഇസ്ലാം സെക്രട്ടറി സി. പി. കുഞ്ഞുമുഹമ്മദ് പറയുന്നു. അവര്‍ നല്‍കിയ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട്, ഇത്തരത്തില്‍ ശാരീരിക വൈഷമ്യം അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള ഒരു പുതിയ കലാലയം കോഴിക്കോട്, വെള്ളിമാടുകുന്നിലുള്ള, ജെ ഡി റ്റി കാംപസ്സില്‍ ആരംഭിച്ചിട്ടുണ്ട്- ജെ ഡി റ്റി ഇസ്ലാം സ്‌പെഷ്യല്‍ സ്‌കൂള്‍. ഈ പുതിയ ഉദ്യമത്തില്‍ തങ്ങള്‍ക്ക് പ്രചോദനമായത് ജിമിയും സുമിയും ആണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

സമാനര്‍ക്കുവേണ്ടി

ഒരിക്കല്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി തളര്‍ത്തിയ ജീവിതങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുന്നതിനെക്കുറിച്ച് ജിമി ചിന്തിച്ചു. യാത്രചെയ്ത് പരസ്പരം കണ്ടുമുട്ടുക പ്രായോഗികമല്ലാത്തതിനാല്‍, മൊബൈല്‍ഫോണ്‍ ഉപകരണമായി മാറി. അങ്ങനെ ഇവര്‍ക്കിടയില്‍ ഒരു വാട്ട്‌സാപ്പ് കൂട്ടായ്മയ്ക്ക് തുടക്കമായി. അന്ന് ജിമി ആരംഭിച്ച വാട്ട്‌സാപ്പ് കൂട്ടായ്മയില്‍ ഇന്ന് നൂറിനടുത്ത് അംഗങ്ങളുണ്ട്. ഇനിയുമേറെ സഞ്ചരിക്കുവാനും, അനേകര്‍ക്ക് ജീവിതത്തില്‍ പ്രത്യാശ പകരുവാനും തങ്ങള്‍ക്ക് കഴിയും എന്നിവര്‍ വിശ്വസിക്കുന്നു.

വി.ടി

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like