ഭാഷപഠിപ്പിക്കാനും നാടകം കളിക്കാനും യന്തിരന്‍

37

റോബോട്ടുകള്‍ക്ക് കണക്കും സയന്‍സും ടെക്‌നോളജിയുമായിരുന്നു ഇഷ്ടം. എന്നാല്‍ ഇറ്റലിയിലെ സ്‌കൂളില്‍ കുട്ടികളെ എളുപ്പത്തില്‍ ഭാഷയും ഡ്രാമയും പഠിപ്പിക്കാന്‍ ആദ്യമായി റോബോട്ടുകളെ പ്രയോജനപ്പെടുത്തിയിരിക്കുന്നു. ഇറ്റലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടോ കോംപ്രെന്‍സീവോ സ്റ്ററ്റാലേ ടോസ്‌കാനി മിഡില്‍ സ്‌കൂളിലാണ് നാടകത്തില്‍ റോബോട്ടുകളെ മനുഷ്യന് പകരം നിയോഗിച്ചത്. ടെക്‌നിക്കല്‍ വിഷയങ്ങളില്‍ യന്തിരന്മാര്‍ അഗ്രഗണ്യന്മാരാണെങ്കിലും ഭാഷയും ഡ്രാമയും ക്രിയേറ്റീവായി പഠിപ്പിക്കുന്നതിന് എന്തുകൊണ്ട് റോബോട്ടുകളെ ഉപയോഗിച്ചുകൂടാ എന്ന ചിന്തയില്‍ നിന്നാണ് നൂതനമായ ഈ കണ്ടെത്തല്‍. അദ്ധ്യാപനത്തിന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയുവാനുള്ള താല്പര്യവും അല്പം വട്ടും കൂടിയാണ് തന്നെ ഇത്തരമൊരു പരീക്ഷണത്തിന് പ്രേരിപ്പിച്ചതെന്ന് ഇറ്റാലിയന്‍ ലിറ്ററേച്ചര്‍ ടീച്ചറും ഡിജിറ്റല്‍ ട്രെയിനിംഗ് മെത്തേഡ്‌സ് ട്രെയിനറുമായ ലൂക്ക റെയ്‌ന പറയുന്നു.

റോബോട്ടുകള്‍ക്ക് ഇനി നമ്മുടെ ജീവിതത്തില്‍ ഒരുപാട് സാന്നിധ്യമുണ്ടാകും. അതുകൊണ്ട് അവരുമായി ഇന്ററാക്റ്റ് ചെയ്യുന്നതിന് നമുക്ക് കൂടുതല്‍ പരിശീലനം ആവശ്യമാണെും ലൂക്ക റെയ്‌ന പറയുന്നു. സ്‌കൂളിലെ കുട്ടികള്‍ തന്നെയായിരുന്നു നാടകം എഴുതിയതും ഡയറക്ട് ചെയ്തതും ശബ്ദം നല്‍കിയതും എല്ലാം. അവരെഴുതിയ സ്‌ക്രിപ്റ്റ് റോബോട്ടുകള്‍ക്കായി പ്രത്യകം പ്രോഗ്രാം ചെയ്തു. നാലു മാസംകൊണ്ടാണ് നാടകം അരങ്ങിലെത്തിച്ചത്. ഒരു റോബോട്ടല്ല പല റോബോട്ടുകളെ ഉപയോഗിച്ചുകൊണ്ടുള്ള ഇതുപോലൊരു ഉദ്യമം ആദ്യമായിട്ടാണെന്നും പ്രോജക്റ്റിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരിലൊരാളായ അഞ്ചലെ ബ്രാവോ പറയുന്നു.

ഇറ്റിലിയിലെ സ്‌കൂളുകളില്‍ അദ്ധ്യാപനത്തിനായി റോബോട്ടുകളെ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ മുന്നേറുകയാണ്. റോബോട്ടിക്‌സും ക്രിയേറ്റീവ് ടീച്ചിംഗും ഒരുപോലെ വികസിപ്പിച്ചെടുക്കണമെന്നാണ് ബ്രാവോയുടെ അഭിപ്രായം. ടെക്‌നോളജി വളരെ സങ്കീര്‍ണമായതിനാല്‍ ഇത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും കുട്ടികള്‍ പറയുന്നത് റോബോട്ടുകള്‍ വന്നപ്പോള്‍ സ്‌കൂള്‍ കൂടുതല്‍ രസകരമായി എന്നാണ്.

പക്ഷേ, അദ്ധ്യാപനരംഗത്ത് ടെക്‌നോളജിയുടെ ഉപയോഗം കൂടിവരികയാണെങ്കിലും അദ്ധ്യാപനത്തിന് ടെക്‌നോളജി അനിവാര്യമല്ല എന്നാണ് റെയ്‌നയുടെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ, കണ്ടുമടുത്ത പാതകളില്‍ നിന്ന് വേറിട്ട് നടക്കുമ്പോഴാണല്ലോ മനുഷ്യന്റെ ജിജ്ഞാസ ഉണരുക.

You might also like

Leave A Reply

Your email address will not be published.