പകര്‍ച്ചവ്യാധിയില്‍ നിന്ന് രക്ഷപെടാന്‍ കുതിരപ്പുറത്തേറി പറന്ന വക്കീലിന്റെ കഥ…

19

മരണാസന്നനായ വ്യക്തി വില്പത്രം തയ്യാറാക്കുവാന്‍ വേണ്ടി വക്കീലിനെ തിരക്കിട്ടു വിളിക്കുകയായിരുന്നു. വക്കീല്‍ വന്നു വില്പത്രം തയ്യാറാക്കിയപാടെ രോഗി മരണമടഞ്ഞു. സ്വതവേ പേടിത്തൊണ്ടനായ വക്കീലിന് ചെറിയൊരു ഉള്‍ക്കിടിലം! സമനില വീണ്ടെടുക്കാനായി അയാള്‍ പൈപ്പ് എടുത്തു കത്തിച്ച് പുകവലിച്ചുതുടങ്ങി. അപ്പോഴാണ് രോഗിയുടെ മരണകാരണം പരിചരിച്ചുകൊണ്ടിരുന്ന ഡോക്ടര്‍ വെളിപ്പെടുത്തുന്നത്. ടൗണില്‍ പരക്കെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധിമൂലമാണ് ഈ മരണം. രോഗലക്ഷണവും ഡോക്ടറില്‍നിന്നു വക്കീല്‍ മനസ്സിലാക്കി- വശങ്ങളില്‍ പൊള്ളുന്നതുപോലുള്ള അനുഭവമാണു തുടക്കം- പിന്നെ പനിയും. ഏറെത്താമസിക്കാതെ രോഗി മരിച്ചിരിക്കും.
അതുകേട്ടപാടെ വക്കീലിന്റെ സര്‍വ്വതാളവും തെറ്റി. അയാള്‍ അടിമുടി വിറച്ചു.എങ്ങനെയെങ്കിലും ആ രാത്രിയില്‍ത്തന്നെ ഓടി രക്ഷപെടണം! എന്താണു പോംവഴി…? മറ്റൊരുമാര്‍ഗ്ഗവുമില്ലാതെ വന്നപ്പോള്‍ അയാള്‍ അടുത്തുകണ്ട ഡോക്ടറുടെതന്നെ കുതിരയുടെപുറത്തു കയറി വീട്ടിലേക്കു പാഞ്ഞു. ഇടയ്ക്കുവച്ചുതന്നെ ഒരു സൈഡില്‍ തീപ്പൊള്ളല്‍ അനുഭവപ്പെട്ടുതുടങ്ങി! തന്റെ കഥ കഴിയാന്‍പോകുന്നുവെന്നു തീര്‍ച്ചപ്പെടുത്തിയ വക്കീല്‍ അതിവേഗം കുതിരയെ അടിച്ചുപായിച്ചു. പൊള്ളല്‍ വര്‍ദ്ധിച്ചു കൊണ്ടേയിരുന്നു. ഒരു വശം മുഴുവന്‍ വെന്തുരുകുന്നതായി അയാള്‍ക്കുതോന്നി. താന്‍ മരിക്കാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ അയാള്‍ വീട്ടിലെത്തിയ പാടെ മുറിയിലേക്കു മറിഞ്ഞുവീണു. ഓടിയെത്തിയ ഭാര്യ ‘മരിച്ചു കൊണ്ടിരുന്നവന്റെ’ വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റിയപ്പോഴാണ് പൊള്ളലിന്റെ രഹസ്യം പിടികിട്ടിയത്!
ഡോക്ടറില്‍നിന്നു പകര്‍ച്ചവ്യാധിയുടെ വിവരണം കേട്ടപ്പോഴേ അയാള്‍ സര്‍വ്വതും മറന്നുപോയിരുന്നു! തീകെടുത്താതെയാണ്, വലിച്ചുകൊണ്ടിരുന്ന പൈപ്പ് പോക്കറ്റിലേക്കു തിരുകിയത്. അത് അവിടെയെല്ലാം കത്തിപ്പടരുകയായിരുന്നു!.
”ദി നേര്‍വസ് ലോയര്‍” എന്നപേരില്‍ സുപ്രസിദ്ധ സാഹിത്യകാരനായ ഒ.ണ. ലോംഗ്‌ഫെല്ലോ (1807-1882) എഴുതിയ കഥയാണിത്.
നമ്മുടെയൊക്കെ പല ആകുലപ്പാടുകളുടെയും തുടക്കവും ഒടുക്കവും ഇങ്ങനെ തന്നെയാണെന്നാണ് ലോംഗ്‌ഫെല്ലോ പറഞ്ഞുവയ്ക്കുന്നത്. പല ശാരീരികരോഗങ്ങളും വെറും മാനസികവികല്പങ്ങളാണെന്നാണു ഭിഷഗ്വരന്മാരുടെയും അഭിപ്രായം. അവയെല്ലാം പഠിപ്പിച്ചുതരുന്നത് ഒരേയൊരു സത്യമാണ്. ജീവിതത്തെ അതാകുന്ന രീതിയില്‍ ഇത്തിരി ലാഘവമനോഭാവത്തോടെ സ്വീകരിച്ചേ തീരൂ. വക്കീലിന്റെ കക്ഷി മരിക്കാന്‍ കാരണം പകര്‍ച്ചവ്യാധിയാണെന്നതു ശരിയാണ്. എങ്കിലും, അതിന്റെ പേരില്‍ ജീവന്‍ പണയം വച്ചു പരക്കം പാഞ്ഞാല്‍ വേറൊരു പരകോടിയില്‍നിന്നായിരിക്കും അപകടം പിണയുക. വക്കീലിനെപ്പോലെ രോഗസാധ്യത ഉള്ളവരായിരുന്നു തൊട്ടടുത്തുണ്ടായിരുന്ന കുടുംബാംഗങ്ങളും ഡോക്ടറും. എങ്കിലും, അവരൊക്കെ പ്രതിസന്ധികളെ സമചിത്തതയോടെ സ്വീകരിക്കുവാന്‍ സന്നദ്ധത കാണിച്ചു. മരണവെപ്രാളം കാട്ടിയ വക്കീലിന്, അതു തന്നെ അപകടകാരണമായിത്തീരുകയും ചെയ്തു.

You might also like

Leave A Reply

Your email address will not be published.