ഇനിയൊരു ഹര്‍ത്തല്‍ വേണ്ടേ..വേണ്ട…

52

കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ ജനങ്ങളേറ്റവുമധികം സംസാരിച്ച വാക്കുകളിലൊന്ന് ഹര്‍ത്താലായിരുന്നു. യാത്രപോകാന്‍ തുടങങുമ്പോള്‍പോലും ആധി.. അങ്ങെത്തുമോ? തിരിച്ചുവരുമോ?
സ്വാതന്ത്ര്യസമരകാലത്ത് തീവ്രമായ പ്രതിഷേധത്തിന്റെ സൂചകമായി ആരംഭിച്ച ഈ സമരമുറ തീരെച്ചെറിയ കാര്യങ്ങളുടെ പേരില്‍പ്പോലും ഇന്ന് എടുത്തുപ്രയോഗിക്കുകയാണ്. പ്രതിഷേധത്തിന്റെ വിജയമാഘോഷിക്കുന്നവരൊന്നും അതുമൂലം ബുദ്ധിമുട്ടിയ ജനങ്ങളുടെ വിഷമങ്ങളെപ്പറ്റി ചിന്തിക്കാറില്ലെന്നതാണ് വാസ്തവം.
ഗാന്ധിജി ബ്രിട്ടീഷുകാരോടുളള സമരത്തിന്റെ ഭാഗമായി ആരംഭിച്ചതാണ് നിസഹരണം. ഇതുവഴി ഗുജറാത്തിലെ, ജനങ്ങള്‍ ബ്രിട്ടീഷ് ഗവണ്മെന്റിനോടുള്ള എതിര്‍പ്പ് സമാധാനപരമായ സമരമുറകളിലൂടെ വ്യക്തമാക്കുകയായിരുന്നു. അതായത് അതായതു സ്വന്തമായ ഓഫീസികളും വ്യവസായ സ്ഥാപനങ്ങളും അവര്‍ അടച്ചിട്ടു. അന്ന് തൊഴിലെടുക്കാന്‍ മടിച്ചു. ഏതായാലും ആ സമരമുറയില്‍ ബ്രിട്ടീഷുകാര്‍ അടിയറവ് പറഞ്ഞു. അങ്ങനെ ജനകീയമായി മാറിയൊരു സമരമുറഇന്ന് ജനജിവിതം തന്നെ സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് അധപതിച്ചിരിക്കുന്നു.
വെറും കടയടപ്പുസമരമായിരുന്നു ആദ്യകാലങ്ങളില്‍ ഹര്‍ത്താല്‍. എന്നാല്‍ പിന്നീടതിന് ഗതാഗതമുള്‍പ്പെടെ എല്ലാം നിശ്ചലമാക്കുന്ന ബന്ദിന്റെ പ്രതീതിയായി മാറി. പണ്ടുള്ളതിനെക്കാള്‍ വിദ്യാലയങ്ങളും സ്ഥാപനങ്ങളും പരീക്ഷകളും തൊഴില്‍മണ്ഡലങ്ങളും വര്‍ധിച്ച ഇക്കാലത്ത് ഓരോ ഹര്‍ത്താലും സമ്പദ്ഘടനയെയും സാമൂഹ്യജീവിതത്തെയുമാണ് ബാധിക്കുന്നത്. അനുകൂലികള്‍ക്കും എതിരാളികള്‍ക്കും ഹര്‍ത്താല്‍ പൊതുവെ സുഖപ്രദമായിരിക്കും. എന്നാല്‍ ദിവസക്കൂലിക്കാര്‍ക്ക് ഹര്‍ത്താല്‍ തൊഴില്‍നിഷേധമാണ്, യാത്രക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യനിഷേധമാണ്, രോഗികള്‍ക്ക് സൗഖ്യനിഷേധമാണ്.
ഇനി ദേശീയതലത്തില്‍ നടക്കുന്ന ഹര്‍ത്താലുകളെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കൂ. ഇത്തരം സമരങ്ങള്‍ കേരളത്തെ മാത്രമായിരിക്കും മിക്കവാറും ബാധിക്കുന്നത്.പല സംസ്ഥാനങ്ങളിലും ഹര്‍ത്താലിനെക്കുറിച്ച് അറിയാറുപോലുമില്ല.
ഇതിനോടകം എത്രയോ ഹര്‍ത്താലുകള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചു. ഇന്ധനവിലക്കും വിലവര്‍ധനവിനുമെതിരെയാണ് മിക്ക ഹര്‍ത്താലുകളും രൂപപ്പെട്ടത്.എന്നാല്‍ ഇതുരണ്ടും വര്‍ധിച്ചുവന്നതല്ലാതെ തെ ല്ലും കുറഞ്ഞിട്ടില്ല. അപ്പോള്‍പിന്നെ ഇത്തരം ഹര്‍ത്താലുകള്‍കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു. പ്രതികരിക്കുവാന്‍ വേറെ അനേകം വഴികള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ കോടികളുടെ നഷ്ടം വരുത്തുന്ന ഹര്‍ത്താലുകള്‍ ഉല്പാദനമേഖലയാകെ നിശ്ചലമാക്കുകയും വിലവര്‍ധനവിന് കാരണമാക്കി മാറ്റുകയുമല്ലേ ചെയ്യുന്നത്. കേരളത്തെ ബാധിച്ച ‘ഹര്‍ത്താല്‍ദുരിതം’ ഒരുപക്ഷേ ലോകത്ത് വേറെങ്ങും കാണാനില്ല. കാരണം അവിടെയൊക്കെ ജനജീവിതത്തിന് തടസം സൃഷ്ടിക്കാതെ സുഗമായിട്ടാണ് ഹര്‍ത്താലുകള്‍ നടത്തുന്നത്. ഏതാനും ചില ഉദാഹരണങ്ങള്‍ പരിശോധിക്കാം.

ആ പോരാട്ടങ്ങള്‍ ഫലംകണ്ടു.
ബ്രസീലില്‍ കുട്ടികള്‍ക്ക് നേരെ തുടര്‍ച്ചയായി അക്രമം ഉണ്ടായിത്തുടങ്ങി. ബ്രസീല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് 2014 മുതല്‍ 2018 വരെ 50,000 ല്‍ അധികം ലൈംഗിക കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അധികൃതരുടെ ശ്രദ്ധ പതിയുന്നതിന് ജനങ്ങള്‍ പുതിയൊരു സമരമുറ സ്വീകരിച്ചു.
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഇനി ഞങ്ങള്‍ക്ക് സഹിക്കാനാവില്ല എന്ന ആഹ്വാനവുമായി റിയോ ഡി പാസ് എന്ന സംഘടന കടല്‍തീരത്ത് വലിയൊരു പ്രതിഷേധമുയര്‍ത്തി.
സ്ത്രീകളുടെ വസ്ത്രങ്ങള്‍ ബീച്ചില്‍ നിരത്തിയതിനൊപ്പം 20 സ്ത്രീമുഖങ്ങളുടെ കരയുന്ന മുഖങ്ങളും വരച്ചുചേര്‍ത്തു.’ഞാന്‍ നിശ്ശബ്ദയാവില്ല’ എന്നായിരുന്നു അടിക്കുറിപ്പ്. ഏതായാലും ലോകമാധ്യമങ്ങളെല്ലാം ഈ നിശബ്ദ വിപ്ലവം ശ്രദ്ധിച്ചു. ഉടനടി പരിഹാരമുണ്ടായി. സര്‍ക്കാരും നീതിന്യായപീഠങ്ങളും ഉണര്‍ന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കര്‍ക്കശ ശിക്ഷ നല്‍കാന്‍ വ്യവസ്ഥയായി. ചുരുങ്ങിയനാളുകൊണ്ട് ബ്രസീലിനുണ്ടായ കരിനിഴല്‍ ഇല്ലാതായി.
ഓസ്‌ട്രേലിയയില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തില്‍ കൊല്ലപ്പെട്ടവരെ രാജ്യം ഓര്‍മ്മിക്കുന്നില്ലെന്നുള്ളതായിരുന്നു ജനങ്ങളില്‍ ഒരുവിഭാഗത്തിന്റെ നൊമ്പരം. അതൊടൊപ്പം ബ്രിട്ടീഷ് ഏകാധിപത്യഭരണത്തോടുള്ള പ്രതിഷേധവും ജനങ്ങള്‍ക്കിടയില്‍ ശക്തമായി. പക്ഷേ തങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാന്‍ അവര്‍ പലവഴികളും തേടി. എന്നാല്‍ ഒന്നും ഫലവത്തായില്ല. അപ്പോഴാണ് 73 കാരനായ മൈക്ക് പാര്‍ പുതിയൊരു തന്ത്രം ആവിഷ്‌കരിക്കുന്നത്. ഓസ്‌ട്രേലിയായിലെ തിരക്കുള്ള നാല്‍ക്കവലയുടെ മധ്യത്തിലെ കോണ്‍ക്രീറ്റ് ഇളക്കിമാറ്റി അദേഹം ഒരു ഗ്ലാസ് പേടകം സ്ഥാപിച്ചു. 17 മീറ്റര്‍ നീളമുള്ള പെട്ടിയില്‍ ഓക്‌സിജന്‍ കടത്തി വിട്ടാണ് അദ്ദേഹം നാലുദിവസം പെട്ടിയില്‍ കഴിഞ്ഞത്.
ഒരു കിടക്കയും കുറച്ച് കുടി വെള്ളവും ചിത്രം വരയ്ക്കുന്നതിനുള്ള ക്യാന്‍വാസും പെന്‍സിലും മാത്രമാണ് അദ്ദേഹം അപ്പോള്‍ കൈവശം വെച്ചിരുന്നത്. അറിയപ്പെടുന്ന ചിത്രകാരന്‍ കൂടിയായ അദേഹം ആ പെട്ടിയിലിരുന്ന് ചിത്രങ്ങള്‍ വരച്ചു. പുറത്ത് തന്റെ ഉപവാസത്തിന്റെ ലക്ഷ്യമെന്തെന്നും അദേഹം കുറിച്ചുവെച്ചു. ഏതായാലും അതുശരിക്കും ഏറ്റു. പോലീസും സര്‍ക്കാരും ഉണര്‍ന്നു. അദേഹത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നുള്ള വാക്ക് അധികൃതര്‍ നല്‍കി. ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയും മൈക്കിന് ലഭിച്ചു.
അധ്വാനത്തിന് ആവശ്യമായ പ്രതിഫലം കിട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ ജപ്പാനില്‍ ഒരുപറ്റംപേര്‍ കൂടുതല്‍ സമയം ജോലി ചെയത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു. രാവിലെ എട്ടിന് ജോലിക്ക് കയറേണ്ടിയിരുന്ന അവര്‍ രാവിലെ ആറുമണിക്ക് തന്നെ ജോലിക്കെത്തിയത് കമ്പനി ഉടമകളെ ഞെട്ടിച്ചുകളഞ്ഞു. അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടാന്‍ ആ സമരം ധാരാളമായിരുന്നു. ആമസോണ്‍ കാടുകള്‍ സംരക്ഷിക്കപ്പെടാന്‍ പരിസ്ഥിതി സ്‌നേഹികള്‍ നടത്തിയ സമരം ലോകശ്രദ്ധമുഴുവന്‍ പിടിച്ചുപറ്റി. ഒരുലക്ഷത്തോളം ഉറുമ്പുകളെ അണിനിരത്തിയാണ് അവര്‍ സമരം ചെയ്തത്. ശമ്പള വര്‍ദ്ധനവിനെ ചൊല്ലി റേഡിയോ പ്രവര്‍ത്തകര്‍ പാരിസില്‍ സമരം ചെയ്തത് മുഴുവന്‍ സമയം പാട്ട് മാത്രം സംപ്രേക്ഷണം ചെയ്തായിരുന്നു. 150 വര്‍ഷത്തോളം പഴക്കമുള്ള മരം മുറിക്കാതിരിക്കാന്‍ മരത്തിനുമുകളില്‍ താമസിച്ചാണ് യൂറോപ്പില്‍ ഒരുപറ്റം ആളുകള്‍ സമരം ചെയ്തത്. വായമൂടികെട്ടിയും കയ്യില്‍ കറുത്ത ചരട്ധരിച്ചും ജോലി ചെയ്ത് പ്രതിഷേധിക്കുന്ന രീതി വിദേശരാജ്യങ്ങളിലുണ്ട്. ഇത്തരം പ്രതിഷേധങ്ങളൊക്കെ നൂറുശതമാനം ഫലമണിഞ്ഞതായും നമുക്ക് കാണാം.

കര്‍ഷകരുടെ പ്രതിഷേധങ്ങള്‍
മഹാരാഷ്ട്രയിലെ പലഗ്രാമങ്ങളിലെയും സാധാരണ ജനങ്ങളുടെ മുഖ്യവരുമാനം ഉളളികൃഷിയില്‍നിന്നാണ്. ഇതിനായി ബാങ്ക് വായ്പഎടുത്തും ഇടനിലക്കാരനില്‍നിന്നും പണം വായ്പ എടുത്തുമാണ് പല കര്‍ഷകരും കൃഷിയിറക്കിയത്. എന്നാല്‍ കൃഷികഴിഞ്ഞ് വിളവെടുപ്പായപ്പോള്‍ കര്‍ഷകരുടെ സന്തോഷം ആവിയായിപ്പോയി. ഉള്ളി വിലയിലുണ്ടായ വന്‍വിലയിടിവാണ് അവരെ ഞെട്ടിച്ചുകളഞ്ഞത്. ഹര്‍ത്താല്‍ നടത്തിയാല്‍ ഭേഷായി.. ഒരുദിവസം കൂടി പട്ടിണികിടക്കാമെന്നല്ലാതെ കാര്യമായ ഒരുമാറ്റവും ഉണ്ടാകില്ല. അപ്പോള്‍ പിന്നെ കര്‍ഷകരുടെ വേദനയും നൊമ്പരവും അധികൃതരെ അറിയിക്കാനെന്താണ് വഴി? അപ്പോഴാണ് നാസിക്കില്‍ നിന്നുള്ള കര്‍ഷകനായ ചന്ദ്രകാന്ത് ദേശ്മുഖിന് വേറിട്ടൊരു ചിന്ത തോന്നുന്നത്.പാട്ടത്തിനെടുത്ത തോട്ടത്തില്‍ നിന്നും അയാള്‍ക്ക് ലഭിച്ചത് 545 കിലോഗ്രാം ഉള്ളിയായിരുന്നു. അതിന്റെ വില 216 രൂപ അയാളുടെ കയ്യിലിരുന്ന് വിയര്‍പ്പുകൊണ്ട് നനഞ്ഞു. ഒരു കുടുംബത്തെ മൂന്നുമാസം പട്ടിണികൂടാതെ നയിക്കാനുള്ള വിലയാണത്. ഉള്ളിയുമായി ദീര്‍ഘകാലം ഇടപെട്ട് കണ്ണീരുണങ്ങിപ്പോയ അയാളുടെ മിഴികള്‍ അന്ന് നനഞ്ഞൊഴുകി. കിട്ടിയപണം തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി മുഖ്യമന്ത്രിക്ക് തന്നെ മണിയോര്‍ഡര്‍ അയച്ചു. ഏതായാലും മാധ്യമശ്രദ്ധ കര്‍ഷകരുടെ നേരെ തിരിഞ്ഞു. അറിഞ്ഞുകേട്ടെത്തിയ ചാനലുകളോട് കര്‍ഷകര്‍ തങ്ങളുടെ ദുഃഖം വിവരിച്ചു. ”കിലോയ്ക്ക് 52 പൈസ നിരക്കിലാണത്രേ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ഉള്ളിക്ക് വില നിശ്ചയിക്കുന്നത്. ‘താമസിക്കുന്ന സ്ഥലത്ത് കടുത്ത വരള്‍ച്ച അനുഭവപ്പെടുകയാണ്. ഇനി ഉള്ളികൃഷിപോലും സാധ്യമാകുമെന്ന് തോന്നുന്നില്ല..” കര്‍ഷകരുടെ തേങ്ങള്‍ അധികൃതര്‍ കേട്ടു. അവരെടുത്ത ബാങ്ക്‌വായ്പകളോട് അവര്‍കനിവു കാട്ടി. പ്രതിഷേധത്തിന് ഫലമുണ്ടായെന്ന് സാരം.
പഞ്ചാബിലെ കര്‍ഷകര്‍ക്കുമുണ്ടായി ഇതുപോലൊരു അനുഭവം. അവരുടെ കാര്‍ഷികവിളകളില്‍ മുഖ്യം ഉരുളക്കിഴങ്ങാണല്ലോ. ഓരോ തവണയും കിഴങ്ങിന്റെ വിലയിടിഞ്ഞുവരുന്നത് കര്‍ഷകരെ ദുരിതത്തിലാഴ്ത്തി. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കിയെങ്കിലും കേന്ദ്രം കനിയാതെ പാവപ്പെട്ട കര്‍ഷകരുടെ ദുരിതപര്‍വ്വം മാറില്ലെന്നാണ് സംസ്ഥാനം പറഞ്ഞത്.
കേന്ദ്രത്തിന്റെ കര്‍ഷകരോടുള്ള അവഗണന അറിയിക്കാന്‍ രണ്ട് വഴികളാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ളത്. ഒന്നാമത്തേത് കേന്ദ്രമന്ത്രിമാരുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുക, രണ്ടാമത്തേത് പഞ്ചാബിലൂടെ കടന്നുപോകുന്ന തീവണ്ടികള്‍ ഒരുദിവസം നിശ്ചലമാക്കുക. പക്ഷേ ഈ രണ്ട്‌വഴികളിലൂടെയും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ലെന്ന് അവര്‍ക്ക് മനസിലായി. ജനപ്രതിനിധികളുടെ മുന്നില്‍ പ്രശ്‌നം അവതരിപ്പിച്ച കര്‍ഷരോട് ഇക്കാര്യം തങ്ങള്‍ ഗൗരവമായി കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കുമെന്ന് എം,പിമാര്‍ ഉറപ്പും നല്‍കി. കര്‍ഷകരുടെ ദുരിതം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എം.പി മാര്‍ സ്വീകരിച്ച നിലപാടാണ് അവരുടെ ദുരിതം ഭാരതത്തിന്റെ ശ്രദ്ധ നേടാനിടയാക്കിയത്. സുനില്‍ ജാഖര്‍, ഗുര്‍ജീത് സിങ് ഓജ്‌ല എന്നീ ജനപ്രതിനിധികള്‍ പാര്‍ലമെന്റിന് മുന്നിലുള്ള പുല്‍ത്തകിടിയിലിരുന്ന് കൂട്ടിയിട്ട ഉരുളക്കിഴങ്ങ് വിറ്റുതുടങ്ങി. അതോടെ മാധ്യമശ്രദ്ധ പാര്‍ലമെന്റിനകത്തല്ല, പുറത്തേക്കായി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചഎം.പിമാര്‍ കര്‍ഷകദുരിതം പറയാനുള്ള അവസരമായി അത് ഏറ്റെടുത്തു.
അസംസ്‌കൃതസാധനങ്ങള്‍ക്ക് വില കൂടിയതും കാര്‍ഷികവിളകള്‍ക്ക് വില ലഭിക്കാത്തതും മൂലം ആത്മഹത്യയല്ലാതെ കര്‍ഷകര്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് എം.പിമാര്‍ പറഞ്ഞത് കര്‍ഷകരുടെ ദുരിതങ്ങള്‍ എത്രയും വേഗം പരിഹരിക്കാനുളള നടപടിയായി.
തങ്ങളുടെ പരാതി ചെവികൊള്ളാത്ത സര്‍ക്കാരിനെതിരെ മഹാരാഷ്ട്രയിലെ ക്ഷീരകര്‍ഷകരുടെ സമരമാര്‍ഗവും ഏറെ ശ്രദ്ധേയമായി. അനുദിനം പാലിന് വിലകുറയുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ വേറിട്ട ഈ സമരരീതി സ്വീകരിച്ചത്. കാച്ചിയപാല്‍ സൗജന്യമായി ജനങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ടാണ് പാല്‍വിലയിടിവിനെതിരെ കര്‍ഷകര്‍ പ്രതിഷേധിച്ചത്. ഒരാഴ്ച മുഴുവന്‍ പാല്‍ സംഭരണ സൊസൈറ്റികള്‍ക്ക് പാല്‍ നല്‍കാതെ കര്‍ഷകര്‍ ഈ സമരരീതി തുടര്‍ന്നു.
ഒരു ലിറ്റര്‍ പാലിന് 50 രൂപയെങ്കിലും ലഭിച്ചാലേ മുന്നോട്ട് പോകാനാവൂ എന്നതായിരുന്നു കര്‍ഷകര്‍ ഈ സമരത്തിലൂടെ ഉയര്‍ത്തിയ മുദ്രാവാക്യം. ഒരു ലിറ്റര്‍ പാലിന്റെ ഉല്പാദന ചെലവ് 32 രൂപയോളം ചെലവുവരുന്നുണ്ട്. എന്നാല്‍ നിലവില്‍ പകുതി വിലപോലും പാലിന് ലഭിക്കുന്നില്ലത്രേ. ഈ വിലയ്ക്ക് പാല്‍ നല്‍കി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ക്ഷീര കര്‍ഷകര്‍ ഈ വേറിട്ട സമരരീതി തെരഞ്ഞെടുത്തത്. ഇതിനുമുമ്പൊരിക്കല്‍ പാല്‍വിലയിടിഞ്ഞപ്പോള്‍ ക്ഷീരകര്‍ഷര്‍ പാല്‍ ഒഴുക്കി കളഞ്ഞാണ് പ്രതിഷേധിച്ചത്. ഏതായാലും ഇത്തരം സമരമുറകള്‍ക്ക് ഫലമുണ്ടെന്നാണ് കര്‍ഷകരുടെ വാദം.
പണിമുടക്കുകള്‍ സാധാരണക്കാരന്റെ വയറ്റത്തടിക്കുന്നതാകാതെ കാലത്തിനൊത്ത് മാറുന്നതായിരിക്കണം.

ഈ സമരങ്ങളൊന്നും പാഴായിപ്പോകുന്നില്ല
രാജസ്ഥാനിലെ ജയ്പൂരില്‍ കര്‍ഷകര്‍ നടത്തിയ സമരത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളിലെല്ലാം വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ്. ഭവനപദ്ധതിക്കായി 2010-ല്‍ സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ ഈ ഭൂമിക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ വേറിട്ട രീതിയില്‍ സമരം തുടങ്ങിയത്.
ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഭൂമിസംബന്ധമായ മതിയായ രേഖകള്‍ ഇല്ല എന്നതായിരുന്നു സര്‍ക്കാര്‍ പറയുന്ന ന്യായം. യഥാര്‍ത്ഥത്തില്‍ നാട്ടുപ്രമാണികളില്‍ നിന്ന് പണം നല്‍കിയാണ് കര്‍ഷകര്‍ ഭൂമി വാങ്ങിയത്. പക്ഷേ ഈ ഭൂമിക്ക് മതിയായ രേഖകള്‍ അവര്‍ നല്‍കിയിരുന്നില്ല. സ്വാഭാവികമായും മതിയായ രേഖകള്‍ കൈവശമുള്ള ജന്മികള്‍ക്കായിരിക്കുമല്ലോ ഭൂമിയുടെ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യത. 18 കോളനികളിലായി 7000 പേരാണ് ഇവിടുത്തെ താമസക്കാര്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ വേറിട്ട സമരവുമായി മുന്നോട്ട് വന്നത്.
‘സമീന്‍ സമാധി സത്യാഗ്രഹയിന്‍’ എന്ന് പേരിട്ട ഈ സമരത്തില്‍ കുട്ടികള്‍ മുതല്‍ 90 വയസുവരെയുള്ളവര്‍വരെ പങ്കെടുത്തു. ജനത്തിരക്കില്ലാത്ത ഒരിടം നോക്കി ഭൂമികുഴിച്ച് മണ്ണില്‍ ശിരസ് മാത്രം പുറത്ത് കാണത്തക്കവിധം നില്‍ക്കുന്നതായിരുന്നു ഇവരുടെ സമരരീതി. ഏതായാലും ഈ സമരം സര്‍ക്കരിന്റെ കണ്ണുതുറന്നുവെന്ന് വേണം കരുതാന്‍.
നാട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ ഗതാഗതം തടയുന്നതാണല്ലോ നമ്മുടെ നാട്ടുനടപ്പ്. സ്വന്തംസ്ഥലത്തെ പ്രശ്‌നം തീര്‍ക്കാന്‍ യാതൊരു ബന്ധമില്ലാത്തവരെപ്പോലും ബന്ദികളാക്കുന്നു. തൊട്ടതിനുംപിടിച്ചതിനുമൊക്കെ ദേശീയപാത ഉപരോധിക്കുന്നത് ശീലമാക്കുന്നവര്‍ ബാംഗളൂരില്‍ നടന്ന സമരമുറകള്‍ ഒന്ന് കണ്ടു നോക്കണം. മഴയെത്തുടര്‍ന്ന് ബാംഗളൂരിലെ റോഡുകളില്‍ കുണ്ടും കുഴിയും വര്‍ധിച്ചപ്പോഴാണ് വേറിട്ട പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയത്. ബാംഗളൂര്‍ കാമരാജ് റോഡ് മനേക്ഷാ പരേഡ് ഗ്രൗണ്ടിനു സമീപമായിരുന്നു വ്യത്യസ്തമായ ഈ പ്രതിഷേധം നടന്നത്. യാത്രക്കാരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന റോഡിലെ മരണക്കുഴി അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു സമരക്കാരുടെ ലക്ഷ്യം.
നീലനിറമൊഴിച്ച റോഡിലെ വെള്ളത്തില്‍നിന്ന് കരയില്‍ വന്നിരിക്കുന്ന മത്സ്യകന്യകയെ സൃഷ്ടിച്ചുകൊണ്ടായിരുന്നു നാട്ടുകാരില്‍ ചിലര്‍ സമരം നടത്തിയത്. ബാദല്‍ നഞ്ചുണ്ടസ്വാമി എന്ന കലാകാരനും നടി സോനു ഗൗഡയും ഇതിന് നേതൃത്വം നല്‍കി. സോനു ഗൗഡ മത്സ്യകന്യകയായപ്പോള്‍ കാണികള്‍ ചുറ്റും കൂടി.
ഈ പ്രതിഷേധരീതി ഇഷ്ടപ്പെട്ടവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ അഭിനന്ദനം ചൊരിഞ്ഞപ്പോള്‍അധികൃതര്‍ കണ്ണുതുറന്നു. സമാനമായ രീതി തന്നെ സമീപ്രദേശത്തും ആളുകള്‍ സ്വീകരിച്ചു. റോഡിലെ കുഴികള്‍ക്കുചുറ്റും ചിത്രം വരച്ചും കുഴികളില്‍ പ്ലാസ്റ്റിക് മുതലയെ വെച്ചും ചെടിനട്ടും ജനം പ്രതിഷേധച്ചപ്പോള്‍ അതിനെല്ലാം വളരെ പെട്ടെന്ന് ഫലം ഉണ്ടായി. അതിനാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ അധികാരികളെ പ്രതിഷേധം അറിയിക്കാന്‍ നൂതനമാര്‍ഗങ്ങളാണ് ഇപ്പോള്‍ സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം സ്വീകരിക്കുന്നത്.
ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നതും വിലപിടിപ്പുള്ളതുമായ സമ്മാനങ്ങളാണല്ലോ വിവാഹത്തിന് എല്ലാവരും നല്‍കുന്നത്. അങ്ങനെയെങ്കില്‍ തമിഴ്‌നാട്ടിലെ ചിദംബരത്തിന് സമീപത്തുള്ള കുമരച്ചി ഗ്രാമത്തിലെ ഒരുകൂട്ടം യുവാക്കള്‍ നല്‍കിയ സമ്മാനം ആ ഗ്രാമത്തിലെ ഇലഞ്ചെഴിയന്‍- കനിമൊഴി ദമ്പതികള്‍ ജീവിതകാലം മുഴുവന്‍ മറക്കില്ല. അനിയന്ത്രിതമായ രീതിയില്‍ പെട്രോള്‍ വില ഉയര്‍ന്ന് 85രൂപക്ക് മേലെ എത്തിയ ദിനമാണ് യുവാക്കള്‍ ഈ വേറിട്ട സമര രീതി തെരഞ്ഞെടുത്തത്.
അവര്‍ നല്‍കിയ സമ്മാനവാര്‍ത്ത സോഷ്യല്‍ മീഡിയ വൈറലാക്കിയതോടെ ചാനലുകളിലും അന്ന് വാര്‍ത്തയായി.
യുവാക്കള്‍ വിവാഹവേദിയിലേക്ക് വന്നത് അഞ്ച് ലിറ്റര്‍ പെട്രോളും ഉയര്‍ത്തിയായിരുന്നു. ജനക്കൂട്ടം ഒന്ന് അമ്പരന്നു. എന്നാല്‍ യുവാക്കളുടെ നേതാവായി എത്തിയ പ്രഭു ഇത് ഞങ്ങളുടെ ഗ്രാമത്തില്‍ നിന്നും വരന് നല്‍കാനുളള ഏറ്റവും വലിയ സമ്മാനമാണിതെന്നായിരുന്നു. ഉയര്‍ന്ന കയ്യടിയോടെ ജനം ആ വാക്കുകള്‍ സ്വീകരിച്ചത്. തുടര്‍ന്ന് വരന്റെ ബൈക്കിലേക്ക് ആ പെട്രോള്‍ ഒഴിച്ചശേഷം അവര്‍മടങ്ങി.
ഇന്ധനത്തിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തെകുറിച്ച് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുക എന്നതായിരുന്നു യുവാക്കളുടെ ഇതിന് പിന്നിലെ ലക്ഷ്യം.
സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ തൃച്ചിയില്‍ കര്‍ഷകര്‍ എലിയെ കടിച്ചു പിടിച്ചു കൊണ്ടാണ് സമരം ചെയ്തതതും ദേശീയതലത്തില്‍ ശ്രദ്ധനേടുകയുണ്ടായി.

നമ്മുടെ നാട്ടിലുമുണ്ട് ഇത്തരം പ്രതിഷേധം
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പിടികൂടുന്ന മീനിന്റെ ഗുണനിലവാരം മോശമാണെന്നും ഇതില്‍ മായം കലര്‍ന്നിട്ടുണ്ടെന്നും ഈ മത്സ്യം കഴിച്ചാല്‍ ജനങ്ങള്‍ക്ക് വിവിധ രോഗങ്ങള്‍ വര്‍ധിക്കുമെ ന്നും പ്രചരണം ചൂടുപിടിച്ച കാലം. ഓളങ്ങളോട് മല്ലിട്ട് ആഴക്കടലില്‍ നിന്ന് പിടിച്ചുകൊണ്ടു വരുന്ന മത്സ്യത്തിന് വില്പനയില്ലെന്ന ചിന്ത തൊഴിലാളികളെ വേദനിപ്പിച്ചു.
ഇത്തരം വ്യാജപ്രചരണത്തിനെതിരെ പലകുറി ബോധവല്‍ക്കരണം നടന്നെങ്കിലും അതൊന്നും ഏശിയില്ല. അപ്പോഴാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ പ്രതിഷേധം മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയത്. കപ്പയും മീനും വേവിച്ചു കഴിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. സംസ്ഥാനത്ത് പലയിടങ്ങളിലും മായം കലര്‍ന്ന മത്സ്യം പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതിഷേധം. ഏതായാലും ഈ സമരമുറ ജനങ്ങള്‍ താല്പര്യത്തോടെ സ്വീകരിച്ചു. തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം വാങ്ങാന്‍ ഇപ്പോള്‍ കടപ്പുറത്ത് തിരക്കേറിയിരിക്കുന്നു.
ജല മലിനീകരണത്തിനെതിരെ പ്രതിഷേധവുമായി വന്നത് കൊച്ചിയിലെ കൊച്ചിയിലെ പെരുമ്പളം സ്വദേശി അര്‍ജുന്‍ സന്തോഷാണ് പെരുമ്പളം കായല്‍ മുതല്‍ മറൈന്‍ െ്രെഡവ് വരെ നിര്‍ത്താതെ ഇരുപതു കിലോമീറ്റര്‍ നീന്തിയാണ് തന്റെ നാടിന്റെ പ്രതിഷേധം അര്‍ജുന്‍ അറിയിച്ചത്. മറൈന്‍ െ്രെഡവ് ജെട്ടിയിലെത്തിയ അര്‍ജുനെ മന്ത്രി സി രവീന്ദ്രനാഥ് സ്വീകരിച്ചു. റോട്ടറി കൊച്ചിന്‍ മിഡ്ടൗണിന്റെ വേവ് എന്ന ജലസംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു അര്‍ജുന്റെ സാഹസിക നീന്തല്‍. നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന ജലമലിനീകണത്തിനെതിരെയുള്ള വേറിട്ട പ്രതിഷേധമായിരുന്നു അര്‍ജുന്റേത്. പെരുമ്പളത്ത് പാലം നിര്‍മ്മിക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം അര്‍ജുന്‍ പെരുമ്പളം കായലില്‍ നീന്തിയിരുന്നു. ആ പ്രതിഷേധം അധികൃതകരുടെ കണ്ണുതുറന്നതിനെത്തുടര്‍ന്നാണ് ഈ സമരരീതി തന്നെ വീണ്ടും അര്‍ജുന്‍ സ്വീകരിച്ചത്.
നീന്തല്‍ പരിശീലകനായ പെരുമ്പളം പനയ്ക്കല്‍ വീട്ടില്‍ ബീനയുടേയും മകനാണ് അര്‍ജുന്‍.
ഹര്‍ത്താലുകള്‍ ജനജീവിതം ദുസ്സഹമാക്കുന്നുവെന്നാരോപിച്ചാണ് തൃശൂര്‍ വൈലത്തൂര്‍ ഇടവകവികാരിയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ഡോ. ഡേവിസ് ചിറമേല്‍ പുതിയൊരു സമരകാഹളവുമായി രംഗത്ത് എത്തിയത്. മുക്കാലിയില്‍ കൈകാലുകള്‍ ബന്ധിച്ചാണ് അദേഹം തന്റെ പ്രതിഷേധം ലോകത്തെ അറിയിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ മാര്‍ഗമായ ഹര്‍ത്താല്‍ കാലഹരണപ്പെട്ട സമരമാര്‍ഗമാണെന്ന് പ്രഖ്യാ പിച്ചാണ് റവ. ഡോ.ഡേവീസ് ചിറമേലിന്റെ നേതൃത്വത്തില്‍ ഈ പ്ര തിഷേധപരിപാടി നടന്നത്.
ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഇത്തരം സമരമാര്‍ഗ ങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഫാ. ചിറമേല്‍ പറഞ്ഞു.
ഇതുപോലെ വേറിട്ട ഒരുപാട് സമരമാര്‍ഗങ്ങള്‍ കേരളത്തില്‍ പല സംഘടനകളും പ്രസ്ഥാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. അവയില്‍ പലതും ശ്രദ്ധേയമാവുകയും പരിഹാരമാവുകയും ചെയ്തിട്ടുണ്ട്. ഇടുക്കി വെണ്മണിയിലെ കര്‍ഷകര്‍ പട്ടയത്തിന് രക്തംചീന്തി കൊണ്ടാണ് സമരം ചെയ്തത്. വദ്ധിച്ചുവരുന്ന പാചകവാതക വില വര്‍ധനയ്‌ക്കെതിരെ തിരുവനന്തപുരം നഗരമധ്യത്തില്‍ അടുപ്പു കൂട്ടി നടത്തിയ പ്രതിഷേ ധവും ഗ്യാസ് സിലിണ്ടറിന് റീത്തു സമര്‍പ്പിച്ച് നടത്തിയ വീട്ടമ്മമാരു െസമരവും മാധ്യമശ്രദ്ധനേടി. കാസര്‍കോട് നിന്നുമെത്തിയ പൊതുപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ കരച്ചില്‍ സമരവും കടയില്‍ ഇരിക്കാന്‍ വേണ്ടിയുള്ള ജോലിക്കാരുടെ ഇരിക്കല്‍ സമരവും അവകാശങ്ങള്‍ക്കായി നടത്തിയ കലമുടക്കല്‍ സമരവും ജനങ്ങളെ ഏറെ സ്വാധീനിച്ചുവെന്ന് പറയാം. ഇതൊക്കെയും ഹര്‍ത്താലിന്റെ ബദല്‍ സമരമാര്‍ഗങ്ങള്‍ എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ ജനദ്രോഹ സമരരീതികള്‍ ഒഴിവാക്കി ജനശ്രദ്ധ സമരരീതി നടപ്പിലാക്കേണ്ട കാലമാണിത്. ഹര്‍ത്താല്‍ ജനദ്രോഹമാണ്.
അവകാശങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും പതിറ്റാണ്ടുകളായി വിവിധ സമര മാര്‍ഗ്ഗങ്ങളുണ്ട്. സംഘടനകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പണിമുടക്ക് നടത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്, പക്ഷെ ഇത്തരം പണിമുടക്കിലേക്ക് സാധാരണക്കാരനെക്കൂടി തള്ളിയിടുന്നതിന്റെ ഔചിത്യമെന്തെന്ന് ഒട്ടും മനസിലാകുന്നില്ല.

You might also like

Leave A Reply

Your email address will not be published.