ആയിരം കൊക്കിനെ സൃഷ്ടിച്ചാല്‍ മരിക്കില്ലെന്ന് കരുതിയ പെണ്‍കുട്ടി

73

ജപ്പാനിലെ കുട്ടികളും മുതിര്‍ന്നവരും പറയാറുള്ളൊരു കഥയാണ് ‘സദാക്കോ’യുടേത്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന സദാക്കോ മികച്ച കായികതാരം കൂടിയായിരുന്നു. എല്ലാവര്‍ക്കും അവളോട് അതിരറ്റ വാത്സല്യമായിരുന്നു. എന്നാല്‍ പെട്ടെന്നാണ് അണുബോംബിന്റെ റേഡിയേഷന്‍ മൂലം ബ്ലഡ്കാന്‍സര്‍ അവളെ പിടികൂടിയത്. അതോടെ അവള്‍ മരണത്തിന്റെ ദിനങ്ങളെണ്ണി തുടങ്ങി. സദാക്കോ രോഗബാധിതയായി എന്നറിഞ്ഞതോടെ അവളുടെ സഹപാഠികള്‍ നടുങ്ങി. ഒരു ചിത്രശലഭം പോലെ ഒഴുകി നടന്ന അവളുടെ ജീവിതം അവരെ ആര്‍ഷിച്ചിരുന്നു.

അവളുടെ ഒരു സ്‌നേഹിത അപ്പോഴാണ് സമ്മാനമായികടലാസ് കൊണ്ട് നിര്‍മ്മിച്ച കൊക്ക് അവള്‍ക്കു നല്കിയത്. ”കൊക്കുകള്‍ വളരെ വര്‍ഷം കഴിഞ്ഞേ മരിക്കൂ….അതുകൊണ്ട് ആയിരം കൊക്കിനെ ഉണ്ടാക്കിനോക്ക്. നിനക്ക് രക്ഷപെടാന്‍ കഴിയും.”

കൂട്ടുകാരിയുടെ വാക്കുകള്‍ അണയാറായ ദീപത്തിന് പ്രത്യാശയായി. സദാക്കോ ഉണര്‍ന്നു. പിന്നെയവള്‍ ധൃതഗതിയില്‍ കടലാസ് കൊക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. 5, 10, 18, 36, 120 അവ വര്‍ദ്ധിച്ചുവന്നു. താന്‍ അനുനിമിഷം ഉന്മേഷവതിയായിത്തീരുന്നതായി അവള്‍ സ്വപ്‌നം കണ്ടു. ഓരോ ദിവസവും കടലാസുകൊണ്ട് കൊക്കിനെ നിര്‍മ്മിക്കുന്നതില്‍ മാത്രമായിരുന്നു അവളുടെ ശ്രദ്ധ. എന്നാല്‍ 700 എത്തുന്നതിനുമുമ്പേ ആ കുഞ്ഞു ജീവനെ ദൈവം തിരികെ വിളിച്ചു. അവളുടെ സഹപാഠികള്‍ സദാക്കോയുടെ പ്രവൃത്തി ഏറ്റെടുത്തു. അവര്‍ ബാക്കി കൊക്കുകള്‍ നിര്‍മ്മിച്ച് ആയിരം തികച്ചു. അവളുടെ മൃതദേഹത്തോടൊപ്പം ആ കൊക്കുകളെയും അവര്‍ അടക്കി. അങ്ങനെ മരണമില്ലാത്തവളായി സദാക്കോ ജനഹൃദയങ്ങളില്‍ ഇ ന്നും ജീവിക്കുന്നു. ജപ്പാനില്‍ സമാധാനസ്മാരകമായി അവളുടെ പ്രതിമയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ആ പ്രതിമയ്ക്ക് താഴെയായി ഇങ്ങനെയെഴുതിയിരിക്കുന്നു. ”വിശ്വം സമാധാനത്താല്‍ നിറയട്ടെ! ഇതാണ് ഞങ്ങളുടെ പ്രാര്‍ത്ഥനയും പ്രതീക്ഷയും.”

You might also like

Leave A Reply

Your email address will not be published.